പള്ളി പൊളിച്ചപ്പോള്‍ ഉണ്ടാകാത്ത പ്രകോപനം പുതിയ ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ ലീഗിനുണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശരായി ! സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പ്രിയങ്കയുടെ വാക്കുകള്‍ തള്ളിയ ലീഗിന്‍റെ നീക്കം യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, August 5, 2020

കോഴിക്കോട്:  രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചുകൊണ്ടുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വാക്കുകളും അതിന് എഐസിസി നല്‍കിയ പിന്തുണയും മുസ്ലിം സമുദായം അടക്കമുള്ള മത ന്യൂനപക്ഷങ്ങളെ ചൊടിപ്പിച്ചു എന്നത് സത്യമാണ്.

പക്ഷെ അതിന്‍റെ പേരില്‍ മുസ്ലിം ലീഗ് അടക്കമുള്ള ന്യൂനപക്ഷ സംഘടനകള്‍ കോണ്‍ഗ്രസുമായി പിണങ്ങി പിരിയും എന്ന നിരീക്ഷണങ്ങള്‍ അസ്ഥാനത്തായിരിക്കുകയാണ്.

അതിന്‍റെ കാരണം ഒന്നുമാത്രമാണ്, കോണ്‍ഗ്രസിന്‍റേത് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രതികരണമാണെന്ന് അവരും തിരിച്ചറിഞ്ഞിരിക്കുന്നു.

രാഷ്ട്രീയമായി തിരിച്ചുകയറണമെങ്കില്‍ കോണ്‍ഗ്രസിനു മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ല എന്നതാണ് സത്യം.

മുസ്ലിം ലീഗ് നേതൃയോഗം അടിയന്തിരമായി ചേര്‍ന്നപ്പോഴും ചിലരെങ്കിലും കരുതി ലീഗ് യുഡിഎഫിലും യുപിഎയിലും കലാപക്കൊടി ഉയര്‍ത്തുമെന്ന്. എന്നാല്‍ ലീഗിന്‍റെ ചരിത്രം അറിയുന്നവര്‍ അങ്ങനെ കരുതില്ല.

കാരണം ബാബറി മസ്‌ജിദ് തകർന്നു വീണപ്പോൾ സംയമനം പാലിച്ച പാർട്ടിയാണ് ലീഗ്. അപ്പോൾ സുപ്രീം കോടതി വിധി പ്രകാരം അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ അവർ സംയമനം ലംഘിക്കുമെന്ന് കരുതിയവര്‍ക്കാണ് തെറ്റിയത്. ആ അന്തസ് കൈവിടാതെയാണ് ലീഗ് നേതൃത്വം ഇന്ന് പ്രതികരിച്ചത്.

സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്നായിരുന്നു ലീഗ് പ്രതികരിച്ചത്. പള്ളി പൊളിച്ചപ്പോള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത കാണിച്ച പഴയ കാലം ഓര്‍മ്മപ്പെടുത്തിക്കൊണ്ടുതന്നെ പുതിയ സാഹചര്യത്തിലും അതേ നിലപാട് തുടരുമെന്നായിരുന്നു ലീഗിന്‍റെ പ്രതികരണം.

അതേസമയം പ്രയങ്കാ ഗാന്ധിയുടെ പ്രതികരണം അനവസരത്തിലാണെന്ന് പറഞ്ഞുകൊണ്ട് അണികളുടെ രോഷത്തിനൊപ്പം നില്‍ക്കാനും നേതൃത്വം ശ്രദ്ധിച്ചു.

ലീഗിന്‍റെ സംയമനം പാലിച്ചുള്ള പ്രതികരണത്തില്‍ ഏറ്റവും ആശ്വാസം കോണ്‍ഗ്രസിനായിരുന്നു. സാഹചര്യം മുതലെടുത്ത് ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മില്‍ തെറ്റിക്കാനായിരുന്നു സിപിഎം നീക്കം.

ലീഗ് അണികളുടെയും മുസ്ലിം സമൂഹത്തിന്‍റെയും മനസ് പിടിക്കാനും സിപിഎം ശ്രമിക്കും. എന്നാല്‍ സുപ്രീം കോടതിയുടെ അയോധ്യാ വിധിയെ സ്വാഗതം ചെയ്ത സിപിഎമ്മിന് അതിനു വിരുദ്ധമായ നിലപാട് രാഷ്ട്രീയമായി വിശദീകരിക്കാന്‍ കഴിയുകയുമില്ല.

×