വീഡിയോ നീക്കം ചെയ്ത് ടിക് ടോക്; പ്രതിഷേധവുമായി വീഡിയോ ട്വീറ്റ് ചെയ്ത് സ്വവര്‍ഗ്ഗ ദമ്പതികൾ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, December 7, 2019

വാഷിങ്ടൺ: വെഡ്ഡിങ് ഫോട്ടോഷൂട്ടിലൂടെ ഇന്റർനെറ്റിന്റെ ഹൃദയം കവർ‌ന്ന സ്വവർഗ്ഗ ദമ്പതികളാണ് അമേരിക്കയിൽ നിന്നുള്ള സുന്ദസ് മാലിക്കും അഞ്ജലി ചക്ര‌യും.

പാകിസ്ഥാനിൽനിന്നുള്ള മുസ്‍ലിം ആർട്ടിസ്റ്റായ സുന്ദസിന്റെയും ഇന്ത്യൻ വംശജയായ അഞ്ജലി ചക്രയുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിലടക്കം ഏറെ ചർച്ചചെയ്തിരുന്നു. ഇപ്പോഴിതാ, ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ദമ്പതികൾ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്.

അടുത്തിടെ ഇരുവരും ഒന്നിച്ചെത്തിയ ഒരു വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ആപ്പിന്റെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ടിക് -ടോക് വീഡിയോ നീക്കം ചെയ്തതായി ദമ്പതികൾ അറിയിച്ചിരിക്കുകയാണ്. ടിക് ടോക് നീക്കം ചെയ്ത വീഡിയോ ഉൾപ്പടെ ട്വീറ്റ് ചെയ്ത് ഇരുവരും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

”മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച് ടിക് ടോക് ഈ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. സ്വവർഗ്ഗരതിയോടുള്ള പേടിയെക്കുറിച്ച് ആളുകൾ പറയുന്നത് ശരിയാണ്”- അഞ്ജലി ട്വീറ്റ് ചെയ്തു. വീഡിയോ നീക്കം ചെയ്തതിനെക്കുറിച്ച് ടിക് ടോക്കിന് വിശദീകരിക്കണമോ? എന്നും അഞ്ജലി ട്വീറ്റിലൂടെ ചോ​ദിച്ചു.

 

 

×