ഡൽഹി: കൊറോണ വൈറസ് പിടിപെട്ടവരിൽ വെന്റിലേറ്റർ സൗകര്യം വേണ്ടി വന്നത് നൂറിൽ താഴെ പേർക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം. ആശുപത്രികളിൽ ചികിത്സയിൽ ഉണ്ടായിരുന്ന 21,632 പേരിൽ എൺപത് പേർക്ക് മാത്രമേ വെന്റിലേറ്റർ ആവശ്യമായിരുന്നുള്ളുവെന്ന് തിങ്കളാഴ്ചത്തെ കണക്കിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) 2.17 ശതമാനം പേരെ പ്രവേശിപ്പിച്ചതായും 0.36 ശതമാനം പേരെ വെന്റിലേറ്ററുകളിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
/sathyam/media/post_attachments/k3DP3XChPJ2pXCGWOxJ3.jpg)
'എല്ലാ ദിവസവും 10-15 പേർക്ക് വെന്റിലേറ്ററുകൾ ആവശ്യമാണ്. ഇപ്പോൾ, രാജ്യത്തുടനീളം എൺപതോളം ആളുകൾ വെന്റിലേറ്ററുകളിലുണ്ട്', ഒരു ഉദ്യോഗസ്ഥൻ പറയുന്നു. കൊറോണ ചികിത്സയ്ക്കായി ഏകദേശം 15,000 വെന്റിലേറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ പകുതിയും സ്വകാര്യ മേഖലയിൽ നിന്നുള്ളവയാണ്. വെന്റിലേറ്ററുകളുട അഭാവവും അത് ഉപയോഗിക്കാൻ പരിശീലനം ലഭിച്ച ഡോക്ടർമാരുടെ കുറവും ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ചില സംസ്ഥാനങ്ങൾ കൊറോണക്കെതിരെ പ്ലാസ്മ തെറാപ്പിയും പരീക്ഷിക്കുന്നുണ്ട്. എന്നാൽ പ്ലാസ്മ തെറാപ്പി രോഗം ഭേദമാക്കിയതായി തെളിവില്ലെന്ന് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച്ച വ്യക്തമാക്കി. ശരിയായ പ്രോട്ടോക്കോൾ പാലിക്കാതെ, അനുമതി ലഭിക്കാതെ ഈ ചികിത്സാരീതി സ്വീകരിക്കുന്നതിനെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.