Advertisment

ചെന്നിത്തല അവിടിരിക്കട്ടെ... മുല്ലപ്പള്ളി പുറത്തു പോകട്ടെ... ബൂത്ത് തലം മുതല്‍ കെപിസിസി വരെ  ഭാരവാഹികള്‍ കഴിഞ്ഞ 5 വര്‍ഷവും നിര്‍ജീവമായിരുന്നു. കെപിസിസി പ്രസിഡന്‍റിനെയും മിക്ക ഡിസിസി പ്രസിഡന്‍റുമാരെയും പ്രചരണ രംഗത്തുപോലും കാണാനായില്ല. ചുമതല നല്‍കിയ കെപിസിസി ഭാരവാഹികള്‍ മണ്ഡലങ്ങളില്‍ അതിഥി താരങ്ങളായി പോലും എത്തിയില്ല. 5 വര്‍ഷം പണിയെടുത്ത ഒരാള്‍ പ്രതിപക്ഷ നേതാവ് മാത്രം. ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന മുഴുവന്‍ ആരോപണങ്ങളിലും സര്‍ക്കാരിന് തിരുത്തല്‍ വേണ്ടിവന്നു. എന്നിട്ടും പാര്‍ട്ടി അത് ഏറ്റെടുത്തില്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തുടരണമെന്നാണ് കോണ്‍ഗ്രസില്‍ പൊതുവികാരം. മുല്ലപ്പള്ളിയേയും ഡിസിസി പ്രസിഡന്‍റുമാരെയും നീക്കണം. പണിയെടുത്തവര്‍ തുടരട്ടെ, അല്ലാത്തവരെ ഗ്രൂപ്പ് നോക്കാതെ പുറത്താക്കണമെന്ന് നേതാക്കള്‍ !

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലതന്നെ തുടരട്ടെയെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ മുന്‍തൂക്കമെന്ന് സൂചന. കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടിയിലും നേതൃതലത്തിലും ചെന്നിത്തലയ്ക്ക് പിന്തുണ വര്‍ധിക്കുകയാണ്.

അതേസമയം കോണ്‍ഗ്രസില്‍ ബൂത്ത് തലം മുതല്‍ കെപിസിസി വരെ അഴിച്ചുപണിയും നേതൃമാറ്റവും വേണമെന്ന കര്‍ശന നിലപാടാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും.

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവെന്ന് പേരെടുത്തിട്ടും രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാതിരുന്നത് പാര്‍ട്ടി സംവിധാനങ്ങളുടെ ദയനീയ പരാജയം ഒന്നുകൊണ്ടു മാത്രമായിരുന്നെന്നാണ് വിലയിരുത്തല്‍.

പ്രതിപക്ഷ നേതാവ് പറയുന്നതില്‍ നിന്നും വിപരീതമായതോ വ്യത്യസ്തമായതോ ആയ നിലപാട് പറയുന്നതിലായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ ശ്രദ്ധ.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഒരു ഡസനിലേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞുവെന്നത് നിസാരമായി തള്ളിക്കളയുന്നത് സര്‍ക്കാരിനെ ന്യായീകരിക്കുന്നതിന് തുല്യമാണെന്നാണ് എ ഗ്രൂപ്പ് നേതൃത്വത്തിന്‍റെ വരെ വിലയിരുത്തല്‍.

ചെന്നിത്തല കൊണ്ടുവന്ന ആരോപണങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി പുറത്തുവന്ന ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ അഴിമതി വരെയുള്ള ആരോപണങ്ങള്‍ ഒന്നിന് പുറകേ ഒന്നായി സര്‍ക്കാരിനു തിരുത്തേണ്ടി വന്നു.

കഴിഞ്ഞ 5 വര്‍ഷം പ്രതിപക്ഷം ഉയര്‍ത്തിയ ഒരു ആരോപണം പോലും തെളിയാതെ, സര്‍ക്കാരിന് തിരുത്തേണ്ടി വരാതെ പോയിട്ടില്ല. പിന്നെന്തിന് പ്രതിപക്ഷ നേതാവിനെ മാറ്റണമെന്നാണ് ചോദ്യം.

പാളിച്ചകള്‍ സംഭവിച്ചത് പാര്‍ട്ടി സംവിധാനത്തിനാണ്. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി മിഷനറി ചലിച്ചില്ല. നൂറുകണക്കിന് ഭാരവാഹികള്‍ ഡിസിസികളിലും കെപിസിസിയിലും ചുമതലയിലുണ്ടായിരുന്നിട്ടും സര്‍ക്കാരിനെതിരെ ഇവയൊന്നും ആയുധങ്ങളായി ഉപയോഗിക്കാന്‍ നടപടി ഉണ്ടായില്ല.

അത്തരം പ്രതിപക്ഷ വിഷയങ്ങള്‍ ഏറ്റെടുക്കേണ്ടത് കോണ്‍ഗ്രസിന്‍റെ കടമയല്ലെന്ന തരത്തിലാണ് കെപിസിസി നേതൃത്വം പെരുമാറിയത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് തുടരുകയും പാര്‍ട്ടി അടിമുടി അഴിച്ചുപണിയുകയും വേണമെന്നാണ് ആവശ്യം.

മുഴുവന്‍ ഡിസിസികളും പിരിച്ചുവിടുക, കെപിസിസി പ്രസിഡന്‍റ് മുതല്‍ ജംബോ കമ്മിറ്റികള്‍ വരെ പിരിച്ചുവിട്ട് പുനസംഘടിപ്പിക്കുക, പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രം ചുമതല നല്‍കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളത്.

എഐസിസി നിയോഗിച്ച നിരീക്ഷകര്‍ 3 മാസമായി നാടും കുടുംബവും ഉപേക്ഷിച്ച് കേരളത്തില്‍ വന്ന് തമ്പടിച്ചു പ്രവര്‍ത്തിച്ചു. പക്ഷേ മണ്ഡലങ്ങളുടെ ചുമതലയുണ്ടായിരുന്ന കെപിസിസി ഭാരവാഹികള്‍ പലരും അതോടെ മണ്ഡലങ്ങളില്‍ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല.

ചിലര്‍ മണ്ഡലങ്ങളിലെത്തി ബ്ലോക്ക് പ്രസിഡന്‍റുമാരെ വിളിച്ചു വരുത്തി നിര്‍ദ്ദേശങ്ങള്‍ എഴുതി അയക്കാന്‍ പറഞ്ഞിട്ട് മടങ്ങിപ്പോയി. പകുതിയിലേറെ പേര്‍ക്കും ചുമതലയുള്ള മണ്ഡലങ്ങളില്‍ അതിഥി താരങ്ങളാകാന്‍ പോലും കഴിഞ്ഞില്ല.

മിക്ക ഡിസിസികളും അമ്പേ പരാജയമായിരുന്നു. കോട്ടയത്ത് ഉള്‍പ്പെടെ സീറ്റ് ലഭിക്കാതിരുന്ന ഡിസിസി പ്രസിഡന്‍റുമാര്‍ പ്രചരണ രംഗത്തുനിന്നും വിട്ടുനിന്നു. കെപിസിസി തലത്തിലോ ഡിസിസി തലത്തിലോ പ്രചരണം ഏകോപിപ്പിക്കാന്‍ നടപടിയുണ്ടായില്ല.

അത്തരം നേതാക്കളെയാണ് മാറ്റിനിര്‍ത്തേണ്ടതെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. അതിനുപകരം പണിയെടുത്ത നേതാക്കളെ മാറ്റിനിര്‍ത്തിയതുകൊണ്ട് എന്ത് പ്രയോജനമെന്നാണ് നേതാക്കളുടെ ചോദ്യം.

യുഡിഎഫിലെ ഘടകകക്ഷി നേതാക്കള്‍ക്കും ചെന്നിത്തല മാറിന്നതനോട് താല്‍പര്യമില്ല. ചെന്നിത്തല കഴിഞ്ഞാല്‍ പരിഗണനയിലുള്ള പേരുകള്‍ വി ഡി സതീശന്‍റെയും പിടി തോമസിന്‍റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെയുമാണ്. എതിരാളികളുമായി സന്ധി ചെയ്യാത്ത തോമസിന് പക്ഷെ മുന്നണിയെ ഒന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള തന്ത്രജ്ഞതയുണ്ടോ എന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ട്.

മറ്റൊന്ന് തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കുന്നതിന്‍റെ സാമ്പത്തിക പരിമിതികളാണ്. പാര്‍ട്ടി ചാനലും പത്രവും ഗവേഷണ കേന്ദ്രവുമൊക്കെ വര്‍ഷങ്ങളായി മുന്നോട്ടു കൊണ്ടുപോകുന്നത് രമേശ് ചെന്നിത്തലയുടെ പിന്‍ബലത്തിലാണ്.

പരിഗണിക്കപ്പെടുന്ന മറ്റ് നേതാക്കള്‍ക്ക് അത്തരം ചുമതലകള്‍ കൂടി മുന്നോട്ടു കൊണ്ടുപോകാനുള്ള ശേഷിയില്ല. ആ സാഹചര്യത്തില്‍ ചെന്നിത്തല നേതൃസ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

trivandrum news
Advertisment