ദുബായ് : റെഡ് ക്രസൻ്റ് അതോറിറ്റി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പാർപ്പിട സമുച്ചയത്തിന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇടനിലക്കാരിയായി നിന്നതിന് ഒരു കോടി രൂപ കമ്മീഷൻ വാങ്ങിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ ആരോപണം.
/sathyam/media/post_attachments/8iyvkgs8WIAjwjGrtmMf.jpg)
ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം തിരക്കിട്ടു നടത്തിയതിനു പിന്നിൽ മന്ത്രിസഭയിലെ ഉന്നതൻ്റെ സമ്മർദ്ദമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. നിർമാണഘട്ടങ്ങളിൽ മന്ത്രി പലതവണ സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തിയിരുന്നു. നഗരസഭാ അധികൃതരും ഒപ്പമുണ്ടായിരുന്നെങ്കിലും സംഭവം വിവാദമായതോടെ ഒന്നും അറിഞ്ഞില്ലെന്നാണ് വാദം.
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം നിർമാണത്തിലുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ പ്രവൃത്തികൾ സജീവമായിരുന്നെങ്കിലും വിവാദം ഉടലെടുത്തതോടെ നിർത്തിവച്ചു. സിപിഐ നേതാവിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് നഗരസഭ ഫ്ലാറ്റ് നിർമാണത്തിനായി വാങ്ങിയത്. കൗൺസിൽ യോഗങ്ങളിലൊന്നും നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അജൻഡയായില്ല.
നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കവേ സാമ്പത്തിക ഉറവിടം തേടിയവർക്കൊക്കെ സ്പോൺസറുടെ മികവെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ പണം വന്ന വഴി വിവാദമാവുകയും അഴിമതി ആരോപണം ഉയരുകയും ചെയ്തതോടെ നഗരസഭയും കൈമലർത്തി.
എത്രയും വേഗത്തിൽ നിർമാണം പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശം നൽകിയ മന്ത്രിസഭയിലെ അംഗം നിയമവകുപ്പിൻ്റെ എതിർപ്പ് മറികടന്നാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. നിർമാണ കരാർ ലഭിക്കുന്നതിന് ഒരു കോടി രൂപ സ്വപ്നയ്ക്ക് കമ്മീഷൻ നൽകിയെന്ന് ആരോപിക്കപ്പെടുന്ന യൂണീടാക് ഉടമ സന്തോഷ് ഈപ്പൻ്റെ മൊഴി കഴിഞ്ഞ ദിവസം എൻഐഎ രേഖപ്പെടുത്തിയിരുന്നു.
സ്വപ്നയടക്കമുള്ള പ്രതികളിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങൾ എൻഐഎ കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക കുറ്റാന്വേഷണത്തിന് കൈമാറിയിട്ടുണ്ട്. വിദേശനാണ്യ വിനിമയ ചട്ടലംഘനം ഉൾപ്പടെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് വിവാദ ഫ്ലാറ്റ് നിർമാണത്തിലൂടെ നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us