വടക്കാഞ്ചേരി: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വടക്കാഞ്ചേരിയില്‍ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് ലൈഫ് മിഷനു വേണ്ടി നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്‍റെ ഗുണനിലവാരം നേരിട്ട് പരിശോധിക്കണമെന്നും ഭൂരഹിതരും ഭവനരഹിതരുമായ 140 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും ജീവിക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിച്ച് ഈ കെട്ടിട സമുച്ചയത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് അനില്‍ അക്കര പരാതി നല്‍കിയത്. പ്രധാനമായും ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ 17 അപാകതകളാണ് മനുഷ്യാവകാശ കമ്മീഷനുള്ള പരാതിയില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.
/sathyam/media/post_attachments/JsrebRT1JEI2nexhqJOs.jpg)
തൃശ്ശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരി വില്ലേജില്‍ വടക്കാഞ്ചേരി നഗരസഭയില്‍ ഏകദേശം 1.5 ഹെക്ടര്‍ സ്ഥലത്ത് സംസ്ഥാന ലൈഫ് മിഷന്‍ 20 കോടി രൂപ സ്‌പോണ്‍സര്‍ ഷിപ്പിലൂടെ സമാഹരിച്ച് നാല് ടവറുകളിലായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന 140 കുടുംബങ്ങള്‍ക്കായുള്ള ഭവനസമുച്ചയവും ഹെല്‍ത്ത് സെന്ററും യാതൊരു ഗുണനിലവാര മില്ലാത്തതും ഭാവിയില്‍ ഈ കുടുംബങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നതുമാണ്. ഈ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷനും യു.എ.ഇ റെഡ് ക്രസന്റ് എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
കെട്ടിടം നിര്‍മ്മിക്കുന്ന യൂണിടാക്, സെയിന്‍ വെഞ്ച്വേഴ്‌സ് എന്നീ കമ്പനികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിര്‍മ്മാണ ലൈസന്‍സ് ഇല്ല. ലൈഫ് മിഷന് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പ്രത്യേക മാര്‍ഗ്ഗരേഖകള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇവിടെ ഇതെല്ലാം പൂര്‍ണ്ണമായും ലംഘിച്ചാണ് കെട്ടിട നിര്‍മ്മാണം നടത്തുന്നത്. ധാരണാപത്ര മനുസരിച്ച് ഏര്‍പ്പെടേണ്ട ഉപകരാര്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ല.
സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണ ചട്ടമായ കേരള മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ്(കെഎംബിആര്‍) ഇവിടെ പാലിക്കപ്പെടുന്നില്ല. ലൈഫ് മിഷന് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവനുസരിച്ച് അംഗീകാരമുള്ള പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റിനെയോ(പിഎംസി) തദ്ദേശസ്വയംഭരണ വകുപ്പോ ആണ് കെട്ടിട്ടങ്ങള്‍ക്ക് പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ ഉണ്ടാക്കേണ്ടത്.
ഈ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ (സിഇ) റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധിച്ച് സാങ്കേതികാനുമതി നല്‍കണം. എന്നാല്‍ 140 കുടുംബങ്ങളിലായി ആയിരത്തോളം ആളുകള്‍ക്ക് പാര്‍ക്കാനുള്ള ഒരു ലക്ഷം ചതുരശ്രയടി വരുന്ന ഈ നിര്‍മ്മിതിക്ക് സര്‍ക്കാര്‍ അംഗീകാരമുള്ള പ്ലാനോ എസ്റ്റിമേറ്റോ ഇല്ല എന്നത് സത്യത്തില്‍ അത്ഭുതപ്പെടുത്തുന്നതാണ്.
സാങ്കേതികാനുമതി ഇല്ലാതെ ഈ നിര്‍മ്മാണം കരാര്‍ കമ്പനി നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. ഈ കെട്ടിടനിര്‍മ്മാണം യാതൊരു ഗുണനിലവാരമില്ലാത്തതും ഏതു നിമിഷവും തകരാവുന്നതുമാണ്. 2018 ആഗസ്റ്റ് 16 ന് ഉരുള്‍പ്പൊട്ടലുണ്ടായ കുറാഞ്ചേരിയില്‍ നിന്നും നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള മലനിരകളിലെ ഒരു കിടങ്ങിലാണ് ഈ പദ്ധതി പ്രദേശം. അതിനാല്‍ തന്നെ റവന്യു, പരിസ്ഥിതി വകുപ്പിന്റെ പ്രത്യേക അനുമതി നിര്‍മ്മാണത്തിന് ആവശ്യമാണ്. ഈ അനുമതികള്‍ കരാറുകാരന്‍ ലഭ്യമാക്കിയിട്ടില്ല.
ഈ നിര്‍മ്മിതിക്ക് നിയമാനുസരണം മുന്‍കൂര്‍ ഫയര്‍ ആന്റ് സേഫ്റ്റി അനുമതി വാങ്ങിയിട്ടില്ല. ഈ കെട്ടിട സമുച്ചയത്തില്‍ താമസിക്കാനെത്തുന്ന ആയിരത്തോളം പേര്‍ക്കുള്ള കുടിവെള്ളം ഉറപ്പുവരുത്തിയിട്ടില്ല. പ്രധാന മുനിസിപ്പല്‍ റോഡില്‍ നിന്നും പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പലയിടത്തും 3.5 മീറ്ററില്‍ താഴെയാണ്. കെട്ടിട നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരത്തിലല്ല. കമ്പി, സിമന്റ്, മണല്‍ എന്നീ നിര്‍മ്മാണവസ്തുക്കള്‍ ഗുണനിലവാരമില്ലാത്തതും നിശ്ചിത അളവിലും ഉപയോഗിക്കുന്നില്ല.
ഇതോടൊപ്പം നിര്‍മ്മിക്കുന്ന ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന് ആരോഗ്യവകുപ്പിന്റെ അനുമതിയില്ല. കേരള മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ നിയമം, ഭൂപതിവ് ചട്ടങ്ങളുടെ ലംഘനം നടത്തി മരം മുറിക്കുകയും, മണ്ണ് ഖനനം നടത്തുകയും ചെയ്തു.
ഈ ഭവന സമുച്ചയത്തിന് അംഗീകൃത സ്ട്രക്ച്ചറല്‍ എഞ്ചിനീയറുടെ സ്ട്രക്ച്ചര്‍ ഡിസൈനുണ്ടോ എന്നത് സംശയമാണ്. ഭൂരഹിതരും ഭവനരഹിതരുമായ 140 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും നേരിട്ട് സ്ഥലപരിശോധന നടത്തിയാല്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നുള്ള അനില്‍ അക്കരയുടെ വാദം അംഗീകരിച്ചാണ് മനുഷ്യാവകാശകമ്മീഷന്‍ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us