ലൈഫ് മിഷന്‍ അഴിമതിയില്‍ ചോദ്യം ചെയ്യാനുള്ള പട്ടികയില്‍ മന്ത്രിമാര്‍ മുതല്‍ മന്ത്രി പുത്രന്‍ വരെ ! കേസെടുത്തതിന് പിന്നാലെ എറണാകുളത്തും തൃശൂരും ലൈഫ് മിഷനിലും യൂണിടാക്കിലും റെയ്ഡുമായി സിബിഐ ! വിജിലന്‍സ് വഴി തെളിവു നശിപ്പിക്കാന്‍ സാവകാശം കിട്ടില്ല. കാശ് അടിച്ചുമാറ്റിയ വഴികളന്വേഷിക്കാന്‍ സിബിഐ വന്നതോടെ തലവേദന സര്‍ക്കാരിന് തന്നെ ! ചോദ്യം ചെയ്യാമെന്ന പൂതി മനസ്സിലല്ല ഓഫീസില്‍ വച്ചുതന്നെ നടന്നേക്കും

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, September 25, 2020

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടിലെ അഴിമതി അന്വേഷിക്കാന്‍ സിബിഐ എത്തിയതോടെ അതു ഏറെ പ്രതിസന്ധിയിലാക്കുക സംസ്ഥാന സര്‍ക്കാരിനെയാകും. വരും ദിവസങ്ങളില്‍ തന്നെ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതോടെ സര്‍ക്കാരിലെ പല ഉന്നതരും സിബിഐ ഓഫീസിലേക്കു ചോദ്യം ചെയ്യലിനടക്കം എത്തേണ്ടി വരുമെന്നാണ് സൂചന.

അടുത്ത ദിവസം തന്നെ ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റുമായി നടത്തിയ ഇടപാടുകളുടെ വിശദാംശത്തിനായി സിബിഐ സെക്രട്ടറിയേറ്റിലെത്തും. ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെയും സിബിഐ ചോദ്യം ചെയ്യും. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്‌നയേയും കൂട്ടു പ്രതികളെയും സിബിഐ ചോദ്യം ചെയ്യും.

ഇതിനു പിന്നാലെയാകും ലൈഫ് മിഷന്‍ വൈസ്‌ചെയര്‍മാന്‍ കൂടിയായ തദ്ദേശ മന്ത്രി എസി മൊയ്തീന്റെ മൊഴി രേഖപ്പടുത്തുക. നേരത്തെ സ്വപ്‌നയുടെ ഇടപെടലിലൂടെ ലൈഫ് മിഷന്റെ ഇടപാടില്‍ നിര്‍മ്മാണം നടത്തിയിരുന്ന യൂണിടാക്ക് കമ്പനി 4.25 കോടി രൂപ കമ്മീഷനായി വിവിധ ഉന്നതര്‍ക്ക് കൈമാറിയതായി കണ്ടെത്തിയിരുന്നു. 20 കോടി രൂപയുടെ നിര്‍മ്മാണ കരാര്‍ നല്‍കിയതില്‍ അഞ്ചിലൊന്നു തുക കമ്മീഷന്‍ നല്‍കിയതിലെ അസ്വഭാവികതയും അന്വേഷിക്കുന്നുണ്ട്.

ഈ തുകയില്‍ ഒരു കോടി രൂപ കമ്മീഷനായി ഒരു മന്ത്രിപുത്രന് നല്‍കിയതായി സ്വപ്ന മൊഴി നല്‍കിയിരുന്നു. ഇതും സിബിഐ അന്വേഷണ വിധേയമാക്കും. ഇതിനു പുറമെ ലൈഫ്മിഷന്‍ ഇടപാടില്‍ 4.25 കോടി രൂപ അഴിമതി നടന്നിട്ടുണ്ടെന്ന് പരസ്യമായി സമ്മതിച്ച ധനകാര്യമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും സിബിഐക്ക് മുമ്പിലെത്തേണ്ടിവരും.

നിലവില്‍ എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനമാണ് സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ ഈ കേസിന്റെ അന്വേഷണത്തിനിടെ ലഭിക്കുന്ന മറ്റു തെളിവുകള്‍ വച്ച് സിബിഐക്ക് കൂടുതല്‍ അന്വേഷണത്തിന് കഴിയും. ഷെഡ്യൂള്‍ഡ് കേസുകള്‍ മാത്രം അന്വേഷിക്കാനാവുന്ന എന്‍ഐഎയുടെ പരിമിതി സിബിഐക്ക് ഇല്ല എന്നതാണ് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കും.

നേരത്തെതന്നെ പല കേന്ദ്ര ഏജന്‍സികളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പല കേസുകളും അന്വേഷിക്കുന്നുണ്ട്. ഇതിനു പുറകെയാണ് സിബിഐ കൂടി എത്തുന്നത്.

×