തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ അഴിമതി പുറത്ത് വന്നതോടെ മുഖം രക്ഷിക്കാനുള്ള മാര്‍ഗ്ഗം തേടി മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെയും, കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയും വിദേശ രാജ്യത്തെ സംഘടനയില്‍ നിന്ന് പണം സ്വീകരിച്ചത് തുടക്കം മുതലേ വിവാദമായിരുന്നു. അതിലുപരി ഏകപക്ഷീയമായി തയ്യാറാക്കിയ ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതിന്റെ രേഖകളും പുറത്ത് വന്നിരുന്നു.
/sathyam/media/post_attachments/rxJ09aOoaa9nSUed3ykc.jpg)
വേണ്ടത്ര ആലോചനയോ പരിശോധനയോ കൂടാതെയാണ് യുഎഇ ആസ്ഥാനമായ റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ കരാറിലെത്തിയത്. നിയമവകുപ്പിന്റെയോ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയോ കൃത്യമായ അനുമതിയോ പരിശോധനയോ കൂടാതെയാണ് കരട് ധാരണാപത്രം ഒപ്പുവെച്ചത്. അതുകൊണ്ട് തന്നെ കെട്ടിട നിര്‍മ്മാണത്തില്‍ സ്വപ്‌ന സുരേഷും കൂട്ടരും കമ്മീഷന്‍ വാങ്ങിയെന്ന് ആരോപണത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷന്‍ വിവാദത്തില്‍ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചത്. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കില്‍ക്കൂടി ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളില്‍ നിന്നും മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചത്.
വടക്കാഞ്ചേരിയിലെ ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. ലൈഫ്മിഷന്‍ സി.ഇ.ഒ യു.വി.ജോസാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നത്. ധാരാണാപത്രം തയ്യാറാക്കിക്കൊണ്ടുവന്നത് റെഡ്ക്രസന്റാണ്.
ഏകപക്ഷീയമായി റെഡ്ക്രസന്റ് തയ്യാറാക്കിയ ധാരണാപത്രം നടപടിക്രമം പാലിക്കാതെ തിടുക്കത്തില്‍ ഒപ്പിടുകയാണ് ഉണ്ടായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അത് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിപ്പിച്ചത്. തദ്ദേശഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീനും സമാനമായ രീതിയില്‍ ഫയലുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം എല്ലാം കയ്യോടെ പിടികൂടിയപ്പോള്‍ പിടിച്ചുനില്‍ക്കാനുളള അവസാനത്തെ ശ്രമമായിട്ടാണ് മുഖ്യമന്ത്രിയുടെ നടപടിയെ കാണുന്നതെന്ന് എംഎല്‍എ അനില്‍ അക്കര പറഞ്ഞു. ഫയല്‍ വിളിപ്പിച്ച് ഇത് എങ്ങനെയെങ്കിലും അട്ടിമറിക്കാനുളള അവസാനത്തെ ശ്രമം നടത്തുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്ന് അനില്‍ അക്കര പറഞ്ഞു.
ഹാബിറ്റാറ്റിനെ മറയാക്കി ശിവശങ്കറും സ്വപ്നയും നടത്തിയ തട്ടിപ്പാണ്. മന്ത്രിയെ രക്ഷപ്പെടുത്താനുളള അവസാനത്തെ ശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തദ്ദേശഭരണ വകുപ്പ് അറിഞ്ഞിട്ടില്ല, മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലഎന്നെല്ലാം ഇപ്പോള്‍ പറയുന്നത് ശുദ്ധകളവാണെന്നും അദ്ദേഹം ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us