/sathyam/media/media_files/2025/09/22/10018_13_7_2025_19_40_17_4_jithu_joseph_04-2025-09-22-22-14-14.jpg)
ദൃശ്യം എന്ന ചിത്രത്തിലൂടെ ക്രൈം ഡ്രാമകളുടെ ചരിത്രം മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ജനപ്രിയ ത്രില്ലര്‍ ചലച്ചിത്രകാരന്റെ മിറാഷ് ഇപ്പോള്‍ സോണിലിവില്‍ സ്ട്രീമിംഗ് തുടരുകയാണ്. ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ മിറാഷ് തിയറ്ററുകളിലും ജനപ്രീതി പിടിച്ചുപറ്റിയ ചിത്രമായിരുന്നു.
കിഷ്‌കിന്ധാകാണ്ഡം എന്ന ബ്ലോക്ക് ബസ്റ്ററിനുശേഷം ആസിഫും അപര്‍ണയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 3-യുടെയും ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളാകുന്ന, റിലീസിന് ഒരുങ്ങുന്ന വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചു. ജീത്തു ജോസഫിന്റെ സംഭാഷണങ്ങള്‍-
* മോഹന്‍ലാല്‍-ജീത്തു കൂട്ടുകെട്ടിലെ ദൃശ്യം 3, ജോര്‍ജുകുട്ടിയുടെ കഥയുടെ പര്യവസാനമാണോ...
ദൃശ്യം 3, തീര്‍ച്ചയായും ഉപസംഹാരമായിരിക്കില്ല! ദൃശ്യം ചെയ്തപ്പോള്‍, ഒരു തുടര്‍ച്ചയെക്കുറിച്ച് ഞാന്‍ ഒരിക്കലും ആലോചിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ഭാഗത്തിനുള്ള ആശയം ഉദിച്ചപ്പോള്‍, അതു ചെയ്തു എന്നുമാത്രം. രണ്ടാമത്തെ ചിത്രത്തിനു ശേഷം, മൂന്നാം ഭാഗം സാധ്യമാണോ എന്ന് ഞാന്‍ ചിന്തിച്ചു... ഒടുവില്‍, ഒരു ത്രെഡ് കണ്ടെത്തി. ആദ്യ ചിത്രം ഒരു കുടുംബം അനുഭവിച്ച സംഭവമാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ജോര്‍ജുകുട്ടിയും കുടുംബവും എങ്ങനെ പരിണമിച്ചുവെന്ന് ദൃശ്യം രണ്ടാംഭാഗത്തില്‍ ചിത്രീകരിച്ചു.
ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍; ജോര്‍ജുകുട്ടി തെളിവുകള്‍ എങ്ങനെ മായ്ച്ചുകളഞ്ഞു എന്ന് നമുക്കറിയാം, അതിനുശേഷം അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്ന് ദൃശ്യം 3 - പര്യവേക്ഷണം ചെയ്യുന്നു. ഞാന്‍ ഓര്‍ഗാനിക് ആയി തോന്നുന്ന കഥകള്‍ മാത്രമേ എഴുതാറുള്ളൂ. ഈ ഭാഗത്തോടെ കഥ അവസാനിക്കുമോ എന്ന് എനിക്കറിയില്ല. പുതിയൊരു ആംഗിള്‍ ഉണ്ടായാല്‍ നാലാംഭാഗം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല, എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും മൂന്നാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ഇതുമാത്രമാണ് എനിക്കു പറയാന്‍ കഴിയുക.
ദൃശ്യം പുതിയ ഭാഗത്തിന്റെ സൂചനകളൊന്നും വെളിപ്പെടുത്താന്‍ കഴിയില്ല. സിനിമയുടെ റിലീസിനായി കാത്തിരിക്കൂ എന്നു മാത്രമാണ് എനിക്ക് പറയാനാകൂ. ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ മറ്റൊരു അധ്യായമാണ് ദൃശ്യം 3.
* ആദ്യം രൂപപ്പെട്ടത് ക്ലൈമാക്സ്... പിന്നീട് പൂര്‍ണ തിരക്കഥ
ക്ലൈമാക്സിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍, ലാലേട്ടനുമായി ചര്‍ച്ച ചെയ്തിരുന്നു. ആ പ്രത്യേക 'ആംഗിളില്‍' നിന്നാണ് ഞാന്‍ ആശയം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ അതു രസകരമായി തോന്നി. 'ആംഗിള്‍' ശക്തമായിരുന്നെങ്കിലും, ആ പോയിന്റിലെത്താന്‍ കഥ വികസിപ്പിക്കേണ്ടതുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
ഇതുമായി മുന്നോട്ടുപോകുമ്പോള്‍ ദൃശ്യം 2-ലേതുപോലുള്ള സങ്കീര്‍ണതകള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. പിന്നെ, അതിനെ മറികടക്കാനുള്ള ശ്രമമായി. ആ വെല്ലുവിളികളുടെ പരിഹാരം കണ്ടെത്തല്‍, മുഴുവന്‍ സിനിമയെയും രൂപപ്പെടുത്താന്‍ എന്നെ സഹായിച്ചു.
* മോഹന്‍ലാല്‍ എന്ന വിസ്മയ നടനോടൊപ്പമുള്ള സഞ്ചാരങ്ങള്‍...
എനിക്കു മാത്രമല്ല, ലാലേട്ടന്റെ കൂടെ പ്രവര്‍ത്തിച്ച എല്ലാ സംവിധായകര്‍ക്കും ജീവിതകാലം മുഴുവന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കും. കാരണം അദ്ദേഹം അസാധാരണ കഴിവുള്ള, സ്വാഭാവിക നടനാണ്. കഴിവിനപ്പുറം, നടനും സംവിധായകനും ഇടയില്‍ ഒരു ബന്ധം ഉണ്ടായിരിക്കണം. ലാലേട്ടന്‍ സംവിധായകന്റെ നടനാണ്.
/sathyam/media/post_attachments/content/dam/week/news/entertainment/images/2021/2/16/jeethu-joseph-795321.jpg)
അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ മടികാണിക്കാറില്ല. പക്ഷേ ആത്യന്തികമായി എഴുത്തുകാരനെയും സംവിധായകനെയും ആ മഹാനടന്‍ ബഹുമാനിക്കുന്നു. ലാലേട്ടന്‍ സംവിധായകനായി സ്വയം സമര്‍പ്പണം നടത്തുന്ന നടനാണ്. അത്തരമൊരു നടനെ ലഭിക്കുന്നത് അനുഗ്രഹമാണ്. അതുകൊണ്ടാണ് ബോളിവുഡിലെയും മറ്റു വ്യവസായങ്ങളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത്.
* ബിജു മേനോന്‍-ജോജു ജോര്‍ജ് ടീമിന്റെ വലതു വശത്തെ കള്ളന്‍- ഉടന്‍ തിയറ്ററുകളില്‍...
വലതു വശത്തെ കള്ളന്‍, മിറാഷില്‍നിന്ന് വ്യത്യസ്തമായി, വളരെ വൈകാരികമായ ത്രില്ലറാണ്. ഞാന്‍ ഓരോ സിനിമയെയും വ്യത്യസ്തമായി സമീപിക്കുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ പോലും! എപ്പോഴും, പുതിയ എന്തെങ്കിലും കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. തീര്‍ച്ചയായും എന്റെ ചിത്രങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമായ കാഴ്ചയുടെ ലോകമായിരിക്കും വലതു വശത്തെ കള്ളന്‍. ചിത്രത്തിന്റെ തിരക്കഥ ഡിനു തോമസ് ഈലന്‍ ആണ് ഒരുക്കിയിരിക്കുന്നത്. കൂദാശ എന്ന ജനപ്രിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഡിനു.
* മിറാഷും ആസിഫും അപര്‍ണയും...
മിറാഷ്, യുവതാരങ്ങള്‍ക്കൊപ്പമുള്ള മികച്ച അനുഭവമായിരുന്നു. നേരത്തെ, രണ്ടുപേരുടെയും കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതും സംതൃപ്തി നല്‍കുന്നതായിരുന്നു. കാരണം, അവര്‍ സംവിധായകരുടെ അഭിനേതാക്കളാണ്. ആസിഫ് ആയാലും അപര്‍ണ ആയാലും, അവര്‍ രണ്ടുപേരും വളരെ കഴിവുള്ളവരാണ്. കഥാപാത്രങ്ങളെ മനസിലാക്കാനും അതിനനുസരിച്ച് പെര്‍ഫോം ചെയ്യാനും കഴിവുള്ളവര്‍. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളില്‍ അവരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. അതു ചിത്രത്തെ മികച്ചതാക്കി മാറ്റുകയും ചെയ്തു.
* ട്വിസ്റ്റുകളുടെ പേരില്‍ മിറാഷിന് വന്‍ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു...
മിറാഷ് ഒരു പരീക്ഷണാത്മക സിനിമയാണ്. ഈ സിനിമ നിര്‍മിക്കാന്‍ ഞാനും നിര്‍മാതാക്കളും തീരുമാനിച്ചപ്പോള്‍, അതില്‍ ഒരു അപകടസാധ്യതയുണ്ടെന്ന് പൂര്‍ണമായി ബോധ്യമുണ്ടായിരുന്നു. ബോളിവുഡില്‍ നിര്‍മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ലണ്ടനില്‍ ചിത്രീകരിക്കാനായിരുന്നു തീരുമാനം. അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. തുടക്കത്തില്‍, മനോജ് ഖത്രിയും ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിരവധി ബോളിവുഡ് നടിമാര്‍ നായികാ വേഷം ചെയ്യാന്‍ താാറായെങ്കിലും, നടന്മാര്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു.
കഥാപാത്രങ്ങളിലൂടെയോ, സാഹചര്യങ്ങളിലൂടെയോ അല്ലാതെ മറ്റാരും കാണാത്ത ഒരു രണ്ടാം മുഖം നമുക്കെല്ലാവര്‍ക്കുമുണ്ട്. ഈ സിനിമയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് അതാണ്. ചിതത്തിന്റെ ടാഗ് ലൈനും അതാണ് പറയാന്‍ ശ്രമിച്ചത്. ഒരു മരീചിക പോലെ... നമ്മള്‍ കഥാപാത്രങ്ങളോട് അടുക്കുമ്പോള്‍, അവ മാറിക്കൊണ്ടേയിരിക്കുന്നു.
സിനിമയിലെ ഓരോ പ്രധാന കഥാപാത്രവും രൂപാന്തരപ്പെടുമ്പോള്‍, ഈ മാറ്റങ്ങള്‍ സ്വാഭാവികമായും ട്വിസ്റ്റുകളായി പരിണമിച്ചു. എന്റേതായി ഒരു സിനിമ പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. കഥ പ്രവചനാതീതമാണെന്ന് പലരും പറഞ്ഞു. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയാമായിരുന്നു. ചില കാര്യങ്ങള്‍ പ്രവചനാതീതമാണെന്ന് പൂര്‍ണ ബോധ്യവുമുണ്ടായിരുന്നു. ക്ലൈമാക്സിലായിരുന്നു ഞങ്ങളുടെ തികഞ്ഞ ശ്രദ്ധ. യഥാര്‍ഥ വിമര്‍ശനങ്ങളെ ഞാന്‍ എപ്പോഴും ഗൗരവമായി കാണുന്നു. പലരോടും ഞാന്‍ അഭിപ്രായം ചോദിച്ചു. പലരും 'അത് പ്രവചനാതീതമായിരുന്നു' എന്നു പറഞ്ഞു.
* ക്ലൈമാക്സ്... പല ബോളിവുഡ് നടന്മാരെയും മാറ്റിച്ചിന്തിച്ചു
പ്രമുഖ ബോളിവുഡ് നടന്മാര്‍ മിറാഷിനെ നിരസിച്ചതിന്റെ കാരണം ക്ലൈമാക്സ് ആണ്. നായകന് നെഗറ്റീവ് ടച്ച് ഉള്ളതുകൊണ്ടാണ് പലരും അഭിനയിക്കാന്‍ വിസമ്മതിച്ചത്. സാധാരണയായി, ഒരു നായകനെ നെഗറ്റീവ് ആയി കാണിക്കുമ്പോള്‍, ആ കഥാപാത്രത്തെ വെള്ളപൂശുകയോ, അയാളുടെ പ്രവൃത്തികളെ ന്യായീകരിക്കുകയോ ചെയ്യാറുണ്ട്. മിറാഷില്‍ അങ്ങനെ ചെയ്തില്ല, അയാള്‍ തീര്‍ത്തും ഒരു വില്ലന്‍ മാത്രമാണ്. സൃഷ്ടിപരമായ വിമര്‍ശനങ്ങളെ ഞാന്‍ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ സ്വീകരിക്കാറുണ്ട്. എന്റെ വരുംകാല സിനിമകളില്‍ ഞാന്‍ ശ്രദ്ധിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.
/sathyam/media/post_attachments/articles/2021q2/Jeethu_Joseph_I_don_OTTplay_interviews_cover_image_1_138-772347.jpeg)
എനിക്ക് പകരം എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ആരെങ്കിലും മിറാഷ് സംവിധാനം ചെയ്തിരുന്നെങ്കില്‍, സ്വീകരണം വ്യത്യസ്തമാകുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പേര് പ്രതീക്ഷകള്‍ നിറഞ്ഞതായതിനാല്‍, സിനിമ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. പക്ഷേ എനിക്ക് ആ വെല്ലുവിളികള്‍ ഇഷ്ടമാണ്. തുടര്‍ച്ചയായ വിജയം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പരാജയങ്ങള്‍ ചലച്ചിത്രജീവിതത്തിന്റെ ഭാഗമാണ്. മിറാഷില്‍, ഓരോ കഥാപാത്രത്തിനും ഒന്നിലധികം തലങ്ങളുണ്ടായിരുന്നു, അത് സ്വാഭാവികമായും നിരവധി ട്വിസ്റ്റുകളിലേക്ക് നയിച്ചു. അവയൊന്നും വെറുതെ ചേര്‍ത്തതല്ല.
മിറാഷിനെക്കുറിച്ച് മറ്റൊരു കാര്യം, കഥാപാത്രങ്ങളില്‍ വൈകാരികമായ ആഴം വളരെ കുറവാണ് എന്നതാണ്. വൈകാരികതലങ്ങളുള്ള ഒരേയൊരു കഥാപാത്രം അപര്‍ണ ബാലമുരളിയുടേതാണ്. പക്ഷേ അതുപോലും അവസാനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us