/sathyam/media/media_files/2025/01/25/FBpWiGSXdPUOlBDs6bTx.jpg)
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌ക്കരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വാക്ക് പാലിച്ചില്ലെന്ന് റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മിറ്റി നേതാവും നിലവില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവുമായ ജോണി നെല്ലൂർ എക്സ് എംഎൽ.എ.
റേഷൻ കട നടത്തിക്കൊണ്ട് ഒരു വ്യാപാരിക്ക് ജീവിക്കാനാവാത്ത സാഹചര്യമാണെന്നും ചർച്ചയ്ക്ക് സമയം ചിലവഴിക്കാനില്ലാത്ത ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ആത്മാർത്ഥതയിൽ സംശയമുണ്ടെന്നും അദ്ദേഹം 'സത്യം ഓൺലൈനിന്' അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തുറന്നടിച്ചു.
അഭിമുഖത്തിന്റെ പൂർണ്ണ രൂപത്തിലേക്ക്:-
? റേഷൻ ഡീലേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ സമരത്തിന്റെ ആവശ്യകത എന്താണ്
വേതന പാക്കേജ് അംഗീകരിച്ചത് 2018 ലാണ്. അപ്പോഴും എല്ലാ സംഘടനകളും ചേർന്ന് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
750 രൂപ പോലും ഒരു ദിവസം ഇല്ലാത്ത സാഹചര്യമാണുള്ളത്. പുതിയ പദ്ധതിപ്രകാരം കമ്മീഷന് പുറമേ വേതനവും തുടങ്ങുകയാണല്ലോ.
അതുകൊണ്ട് ആറ് മാസം പരിശോധിച്ചശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പു കൊണ്ടാണ് അന്ന് പരിഷ്‌ക്കരിച്ച വേതന പാക്കേജ് വിയോജിപ്പോടെയാണെങ്കിലും അംഗീകരിച്ചത്. ഇപ്പോൾ 7 വർഷം കഴിഞ്ഞിട്ടും വേതന പാക്കേജ് പുന:പരിശോധിച്ചിട്ടില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനങ്ങൾ നൽകുകയും ഒറ്റയ്ക്കും കൂട്ടായും സമരം നടത്തുകയും ചെയ്തു. 2024 മാർച്ച് മുതലാണ് പ്രത്യക്ഷ സമരം തുടങ്ങിയത്. ഒരു ദിവസം കടകൾ അടച്ചിട്ടു. അതിന് പുറമേ ഞങ്ങൾ നടത്തിയ രാപ്പകൽ സമരത്തിൽ വിവിധ കക്ഷികളിൽപ്പെട്ട 28 എം.എൽ.എമാർ പങ്കെടുത്തു.
ഇന്നത്തെ എൽ.ഡി.എഫ് കൺവീനർ കൂടിയായ ടി.പി രാമകൃഷ്ണനാണ് അന്ന് ഞങ്ങളുടെ സമരം ഉദ്ഘാടനം ചെയ്തത്. ഇന്നും ഇത് പരിഹരിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കാൻ ബാദ്ധ്യതയില്ലാത്ത സർക്കാരാണോ ഇപ്പോഴുള്ളത്.
?. ഭക്ഷ്യമന്ത്രി ജി.ആർ അനിലിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നോ
നിരവധി തവണ കാര്യങ്ങൾ അറിയിച്ചിരുന്നു. ഒരു യോഗത്തിൽ ഞങ്ങൾ വല്ലാതെ ബഹളമുണ്ടാക്കിയപ്പോൾ വേതനക്കാര്യം പരിശോധിക്കാൻ ഒരു കമ്മീഷനെ വെച്ചിരുന്നു. അന്നത്തെ കൺട്രോളറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി 2024 മെയ് മാസത്തിൽ റിപ്പോർട്ട് കൊടുത്തതാണ്.
ഇതുവരെ സർക്കാർ ഞങ്ങൾക്കു റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുകയോ ചർച്ചയ്ക്ക് തയ്യാറാവുകയോ ചെയ്തില്ല. സെപ്റ്റംബർ 13ന് മന്ത്രി വിളിച്ച യോഗത്തിൽ റിപ്പോർട്ട് പഠിക്കുകയാണെന്നും ഓണത്തിന് ശേഷം ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ നാളിതുവരെ ഒന്നുമുണ്ടായിട്ടില്ല.
?. ഇക്കാര്യത്തിൽ ഭക്ഷ്യമന്ത്രി പരാജയമെന്ന് പറയാനാവുമോ
ഭക്ഷ്യമന്ത്രി നിസ്സഹായനാണ്. അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. പണമനുവദിക്കാൻ ധനവകുപ്പിനാണ് കഴിയുക.
?. റിപ്പോർട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി നിങ്ങൾക്ക് വിവരമുണ്ടോ
കൃത്യമായ വിവരങ്ങളില്ല. എന്നാൽ ഇപ്പോഴുള്ള വേതനം അപര്യാപ്തമാണെന്ന് അതിൽ പറഞ്ഞതായാണ് ഞങ്ങളുടെ ധാരണ.
ഏറ്റവും ചുരുങ്ങിയത് 25 ശതമാനത്തിന്റെ വർധനയാണ് മൂന്നംഗ സമിതി നിർദ്ദേശിച്ചിട്ടുള്ളതെന്നാണ് ഞങ്ങൾക്ക് സർക്കാരിലെ പലരിൽ നിന്നും അറിയാൻ കഴിഞ്ഞത്. സർക്കാരിന്റെ കൈയ്യിലാണ് റിപ്പോർട്ടുള്ളത് അവർ അത് പുറത്ത് വിടാൻ തയ്യാറാവണം.
?. നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്മീഷൻ വർധന ഇപ്പോൾ പ്രായോഗികമാണോ
എന്നാണ് സർക്കാരിന് സാമ്പത്തിക ഞെരുക്കം തുടങ്ങിയത്. ഞങ്ങൾ ആവശ്യം ഉന്നയിച്ചത് ഏഴ് വർഷങ്ങൾക്ക് മുമ്പാണ്. റേഷൻ കടയുടമകൾക്ക് തുച്ഛമായ വരുമാനമാണുള്ളത്. 25000 രൂപയിൽ താഴെ മാത്രം പ്രതിമാസ വരുമാനമുള്ള 8600 ഓളം റേഷൻ വ്യാപാരികളുണ്ട്.
ഈ തുക ലഭിക്കുമ്പോൾ സെയിൽസ്മാൻമാരുടെ ശമ്പളം കൊടുക്കണം. കടവാടക കൊടുക്കണം, വൈദ്യുതി ചാർജ്ജ് നൽകണം. ഇതെല്ലാം കഴിഞ്ഞ് പരമാവധി 7000 രൂപയാണ് റേഷൻ വ്യാപാരിക്ക് ലഭിക്കുന്നത്. ജീവിക്കാനാവാത്ത അവസ്ഥയാണ്.
മുഖ്യമന്ത്രിയുടെ നവകേരളസദസിൽ 140 മണ്ഡലങ്ങളിലും ഈ വിഷയം ചൂണ്ടിക്കാട്ടി ഞങ്ങളുടെ ഭാരവാഹികൾ നിവേദനം നൽകി. 50 തവണയെങ്കിലും മുഖ്യമന്ത്രിയെ നേരിട്ട് ഞാൻ കണ്ടിട്ടുണ്ട്. ഒരു രീതിയിലും ഒരു ചർച്ചയ്ക്ക് പോലും തയ്യാറായില്ല.
?. സമരത്തിനിറങ്ങിയാൽ സാധാരണക്കാരെ അത് ബാധിക്കില്ലേ
സാധാരണക്കാരെ ബാധിക്കുമെന്നത് ശരിയാണ്. റേഷൻ കടകളിൽ സാധനങ്ങൾ നൽകുന്ന കരാറുകാർ ജനുവരി ഒന്നു മുതൽ സമരത്തിലാണ്.
ഇപ്പോൾ 45 മുതൽ 50 ശതമാനം വരെയുള്ള കടകളിൽ റേഷൻ സാധനങ്ങൾ തീർന്നിരിക്കുകയാണ്. അവിടെ കട തുറന്നാലും കൊടുക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.
ഞങ്ങൾ കടയടയ്ക്കുന്നത് മനസില്ലാമനസോടെയാണ്. ജനങ്ങളാണ് ഞങ്ങളുടെ യജമാനൻമാർ. അവരെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല.
പക്ഷേ നിർവാഹമില്ലെങ്കിൽ നീതിമാൻ എന്ത് ചെയ്യും. ഞങ്ങൾക്കും ജീവിക്കേണ്ടേ ? 95 ലക്ഷം കാർഡുടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന ഞങ്ങൾ പട്ടിണി കിടക്കണമെന്നാണോ സർക്കാർ പറയുന്നത്.?
?. റേഷൻ ഡീലേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുമായി നടത്തിയ ചർച്ച പരാജയമാവാൻ കാരണമെന്താണ്
വേതനവിഷയം ചർച്ച ചെയ്യുകയില്ല എന്ന് പറഞ്ഞതാണ് കാര്യം. കേന്ദ്രം നേരിട്ട് ജനങ്ങളിലേക്ക് റേഷൻ എത്തിക്കുന്ന പദ്ധതി നടപ്പാക്കരുതെന്ന ആവശ്യം മാത്രമാണ് സർക്കാർ അംഗീകരിക്കാമെന്ന് ഏറ്റത്.
60 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന റേഷൻ വ്യാപാരികൾക്ക് മറ്റൊരു തൊഴിൽ മാർഗമില്ല, വരുമാനമില്ല. അവരോട് അനുഭാവപൂർണ്ണമായ നടപടിക്ക് സർക്കാർ തയ്യാറായേ മതിയാവൂ.
?. ചർച്ചയിൽ ധനമന്ത്രി രണ്ട് മിനിറ്റ് മാത്രമേ പങ്കെടുത്തുള്ളൂ എന്ന് പറയുന്നതിൽ വസ്തുതയുണ്ടോ
തീർച്ചയായും ഉണ്ട്. നിയമസഭയിൽ റേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ജി. സ്റ്റീഫൻ എം.എൽ.എ കൊണ്ടുവന്ന സബ്മിഷന്റെ മറുപടിയിൽ ധനമന്ത്രിമായുമായി കൂടിചേർന്ന് ചർച്ച നടത്തി വിഷയം പരിഹരിക്കാമെന്ന നിലപാടാണ് ഭക്ഷ്യമന്ത്രി സ്വീകരിച്ചത്.
ഇത്രയും പ്രധാനമായ കാര്യത്തിൽ ഓൺലൈൻ മീറ്റിംഗാണ് വിളിച്ചത്. ആ തീരുമാനം തന്നെ തെറ്റായിരുന്നു. എന്തായാലും സമരം ഒഴിവാക്കാൻ മാർഗങ്ങളുണ്ടോയെന്നറിയാൻ ഞങ്ങൾ പങ്കെടുത്തു. പണമില്ലെന്ന കാര്യം ഭക്ഷ്യമന്ത്രി ചർച്ചയിൽ ആവർത്തിച്ചുകൊണ്ടേയിരുന്നു.
ധനമന്ത്രിയാകട്ടെ യോഗത്തിൽ അഞ്ച് മിനിറ്റിൽ താഴേയാണ് ചിലവഴിച്ചത്. സാമ്പത്തികമായ വലിയ ബുദ്ധിമുട്ടള്ളതുകൊണ്ട് നിങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ശേഷം അദ്ദേഹം പോയി.
ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ഞങ്ങൾക്ക് വേണ്ടി അഞ്ച് മിനിറ്റ് പോലും ചിലവഴിക്കാനാവാത്ത ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെയും സർക്കാരിന്റെയും ആത്മാർത്ഥതയിൽ ഞങ്ങൾക്ക് സംശയമുണ്ട്.
?. സർക്കാരിനും മന്ത്രിക്കും നിങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തത് കടുംപിടുത്തം കൊണ്ടാണോ
യാതൊരു സംശയവുമില്ല. ഞങ്ങളുടെ ഡിമാന്റ് അംഗീകരിക്കാൻ ആവശ്യപ്പെട്ടു. ബജറ്റിന് ശേഷം പുതുക്കിയ വേതനം തന്നു തുടങ്ങിയാൽ മതിയെന്ന നിർദ്ദേശവും ഞങ്ങൾ മുന്നോട്ട് വെച്ചു. അത് അംഗീകരിക്കാൻ മാത്രമല്ല ചർച്ചയ്ക്ക് പോലും തയ്യാറല്ലെന്നാണ് സർക്കാരിന്റെ വാദം.
?. വീണ്ടും ചർച്ചകൾക്കുള്ള സാദ്ധ്യതയുണ്ടോ
തീർച്ചയായും. സർക്കാരിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലിന് അൽപം കൂടി സമയമെടുത്ത് മുഖാമുഖമിരുന്ന് ചർച്ച ചെയ്യണം. ബജറ്റ് തിരക്കുകളാണെങ്കിൽ ഞങ്ങൾ രാത്രിയിലും, ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണ്.
അല്ലാതെ ചർച്ച ചെയ്ത് തീരുമാനമുണ്ടാവില്ല എന്ന മുൻവിധിയോടെ ഞങ്ങളെ ചർച്ചയ്ക്ക് വിളിച്ചാൽ അത് ഞങ്ങളെ കളിയാക്കുന്നതിന് തുല്യമല്ലേ ? സർക്കാർ വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാവണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് ഇപ്പോത്തെ സമരം.