/sathyam/media/media_files/2025/02/03/w0Oc31Xbx4BxJWyJlAfZ.jpg)
മദ്യനയമോ നയത്തിലെ മാറ്റമോ എൽ.ഡി.എഫ് ചർച്ച ചെയ്തിട്ടില്ല. എൽ.ഡി.എഫിൽ വന്ന ശേഷമാവണം നയങ്ങൾ ക്യാബിനറ്റിലെത്തേണ്ടത്. മദ്യനയത്തിലെ മാറ്റം കമ്പനി മുൻകൂട്ടി അറിഞ്ഞു കാണാം.
കേരളം നീങ്ങുന്നത് സാമൂഹ്യ അരാജകത്വത്തിലേക്ക്. ഭൂർഗഭ ജലമെടുക്കില്ലെന്ന് മന്ത്രി എൽ.ഡി.എഫിൽ വ്യക്തമാക്കട്ടെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം എൽ.ഡി.എഫ് വിലയിരുത്തിയിട്ടില്ല. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ഘടകകക്ഷികളെ മറക്കുന്നത് ശരിയല്ല.
ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആർ.ജെ.ഡിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ് ബ്രൂവറി അനുമതിയിലും ഇടതുമുന്നണിയിലെ സി.പി.എമ്മിന്റെ സമീപനങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളും ആര്‍ജെഡി നിലപാടുകളും വിശദീകരിക്കുകയാണ് സത്യം ഓണ്‍ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ അരവിന്ദ് ബാബുവിന് നല്‍കിയ അഭിമുഖത്തില്‍.
?. സംസ്ഥാനത്ത് പുതിയ ബ്രൂവറിക്കുള്ള അനുമതി നൽകിയത് എൽ.ഡി.എഫിൽ ആലോചിക്കാതെയാണെന്ന് ആർ.ജെ.ഡി പറയുന്നു. ഒരു ചർച്ചയുമില്ലാതെ ഏകപക്ഷീയമായി മുന്നണിയിൽ കാര്യങ്ങൾ അങ്ങനെ തീരുമാനിക്കാനാവുമോ
ഒരു നയം എൽ.ഡി.എഫിന്റേതായി വരണമെങ്കിൽ ആദ്യം മുന്നണി യോഗത്തിൽ അതിന്റെ കരട് അവതരിപ്പിക്കണം. അതിന്മേൽ മുന്നണിയിലെ 11 ഘടകകക്ഷികളും സ്വാഭാവികമായും അഭിപ്രായം പറയും. അങ്ങനെ വരുന്ന ഭേദഗതികളുടെ അടിസ്ഥാനത്തിൽ പാസാക്കപ്പെടുന്നതാണ് എൽ.ഡി.എഫ് നയമെന്ന് പറയുന്നത്.
അങ്ങനെ ഒരു എക്‌സൈസ് നയത്തിന്റെ കരടോ അന്തിമരേഖയോ എൽഡി.എഫിൽ വന്നിട്ടില്ല. അങ്ങനെ വന്നു എന്ന് പറയുന്ന രേഖകളെല്ലാം ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുള്ളതാണ്.
ഒരോ വർഷവും ഉദ്യോഗസ്ഥർ എക്‌സൈസ് നയം തയ്യാറാക്കും അത് എൽ.ഡി.എഫിൽ വരാതെ ക്യാബിനറ്റ് അംഗീകരിച്ചാൽ, മന്ത്രിതലത്തിൽ നടപ്പാക്കിയാൽ, എൽ.ഡി.എഫിന് അതിൽ ഉത്തരവാദിത്വമില്ല. മുന്നണിയിലെ ഘടകകക്ഷിയെന്ന നിലയിൽ ഞങ്ങൾക്കും ഉത്തരവാദിത്വമില്ല. അത് ഏത് നയമായാലും.
/sathyam/media/media_files/2025/02/03/QX23tGCDPpbfGi4JfLvb.jpg)
എല്ലാ തവണയും സർക്കാരുകൾ അധികാരത്തിൽ വരുമ്പോൾ 21 പ്രധാനപ്പെട്ട വകുപ്പുകളുടെ നയങ്ങൾ പ്രഖ്യാപിക്കാറുണ്ട്.
നയങ്ങൾ എഴുതിയവർ തന്നെ പിന്നീട് തുറന്ന് നോക്കാറില്ല. ഓരോ നയത്തിനെയും അടിസ്ഥാനപ്പെടുത്തി പദ്ധതികൾ വരുമ്പോഴാണ് ഇത് നയത്തിനനുസരിച്ചാണോ എന്ന് പിന്നീട് നോക്കുന്നത്.
ആ നിലയിലൊന്നും ഈ എക്‌സൈസ് നയം പരിശോധനയ്ക്ക് വിധേയമായിട്ടില്ല. അതുകൊണ്ടാണ് എൽ.ഡി.എഫ് ഇക്കാര്യം സമഗ്രമായി ചർച്ച ചെയ്യും വരെ ബ്രൂവറിക്കുള്ള അനുമതിയിൽ തുടർനടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
?. മദ്യനയം മാറിയതാണ് ബ്രൂവറിക്കുള്ള അനുമതി നൽകാൻ കാരണമെന്നാണ് ആർ.ജെ.ഡിയുടെ വാദം. എന്നാൽ 2023-24 കാലത്തെ മദ്യനയത്തിൽ സംസ്ഥാനത്ത് തന്നെ എക്‌സട്രാ ന്യൂട്രൽ ആൽക്കഹോൾ ഉൽപ്പാദിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുമെന്നും അതിന് തയ്യാറാകുന്ന ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും അനുമതി നൽകുമന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നയം മാറ്റം എൽ.ഡി.എഫിൽ ചർച്ച ചെയ്താണോ തീരുമാനമെടുത്തത് ? അപ്പോൾ നിലവിൽ എതിർക്കുന്നതിൽ അർത്ഥമുണ്ടോ
ഈ നയവും ചർച്ച ചെയ്തിട്ടില്ല. നയം മാറ്റവും ചർച്ച ചെയ്തിട്ടില്ല. ഓരോ വർഷത്തേക്കുമാണ് നയം രൂപീകരിക്കുന്നത്. മാർച്ച് 31 വരെയാണ് അതിന് കാലാവധി. ഇങ്ങനെയൊരു പ്രധാനപ്പെട്ട നയംമാറ്റം ഉണ്ടായിട്ടുണ്ടെന്നുള്ളത് എൽ.ഡി.എഫ് ഘടകകക്ഷികളോട് ഒറ്റയ്‌ക്കൊറ്റയ്‌ക്കോ കൂട്ടായോ ആലോചിച്ചിട്ടില്ല.
?. മദ്യനയത്തിലെ മാറ്റം എൽ.ഡി.എഫിൽ ചർച്ചയ്ക്ക് വരാതിരുന്നത് എന്തുകൊണ്ടായിരിക്കും എന്നാണ് കരുതുന്നത്
എല്ലാ വർഷവും സ്വാഭാവികമായി ഉദ്യോഗസ്ഥ തലത്തിൽ പുതുക്കി പോവുകയാണ്. ഒരു വർഷവും എൽ.ഡി.എഫിൽ എക്‌സൈസ് നയം വെച്ചതായി ഓർക്കുന്നില്ല. നയത്തിൽ അടിസ്ഥാനപരമായ മാറ്റം വന്നപ്പോൾ അത് ഘടകകക്ഷികളോട് ആശയവിനിമയം നടത്തണമായിരുന്നു. അഭിപ്രായം ചോദിക്കണമായിരുന്നു.
/sathyam/media/media_files/2025/02/03/il1r4yN168TFcIlq2LJA.jpg)
ആ സമയത്ത് ചോദിച്ചില്ലെങ്കിൽ പോലും അതിന്റെ അടിസ്ഥാനത്തിൽ നയം നടപ്പാക്കാൻ തുടങ്ങുമ്പോഴെങ്കിലും ചെയ്യേണ്ടതായിരുന്നു. ഇങ്ങനെ ഒരു കമ്പനി വരുന്നത് സംബന്ധിച്ച് ചർച്ച നടത്തണമായിരുന്നു.
അത്തരം ചർച്ചയൊന്നുമില്ലാതെയാണ് ക്യാബിനറ്റിൽ ഇത് പോകുകയും പിന്നീട് മന്ത്രിതല തീരുമാനം ഉണ്ടാവുകയും ചെയ്തത്. ഒരു മുന്നണിയെന്നത് ഒരു പാർട്ടി മാത്രമാണെങ്കിൽ അവർക്ക് തന്നെ തീരുമാനിക്കാം.
11 രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുമ്പോൾ അവർക്കെല്ലാം അഭിപ്രായം പറയാൻ അവസരമുണ്ട്. ചിലർക്ക് നന്മ തിന്മകളും ചിലർക്ക് ഗുണദോഷങ്ങളും പറയാനാവും. അങ്ങനെ രൂപപ്പെടുന്ന നയം സർക്കാരിനും നല്ലതാണ്. ആ പ്രക്രിയയിലൂടെ ഒന്നും കടന്നു പോയിട്ടില്ല.
?. മുന്നണിയെന്ന നിലയിലുള്ള കക്ഷികളുടെ കൂട്ടുത്തരവാദിത്വം എൽ.ഡി.എഫിന് നഷ്ടമായെന്ന് കരുതാനാവുമോ
എൽ.ഡി.എഫിൽ വന്നതിന് ശേഷമായിരിക്കണം സർക്കാർ നയങ്ങൾ ക്യാബിനറ്റിൽ പോകേണ്ടത്. അല്ലാതെ ക്യാബിനറ്റ് അംഗീകരിച്ച ശേഷമല്ല മുന്നണിയിൽ വരേണ്ടത്. എൽ.ഡി.എഫ് ഭരണമുന്നണിയുടെ ഏകോപനസമിതിയാണ്.
/sathyam/media/media_files/2025/02/03/uwwPUfgRuZHNg5djTJkO.jpg)
അവരാണ് നയം തീരുമാനിക്കുന്നത്. ആ നയത്തിന്റെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയും ക്യാബിനറ്റും പ്രവർത്തിക്കേണ്ടത്. ഇത് അസന്നിഗ്ദ്ധമായി എൽ.ഡി.എഫ് മനസിലാക്കേണ്ട വസ്തുതയാണ്.
?. കുടിവെള്ള പ്രശ്‌നത്തിന്റെ പേരിൽ എൽ.ഡി.എഫിലെ മറ്റൊരു കക്ഷിയായ സി.പി.ഐയും ബ്രൂവറിക്കുള്ള അനുമതിയെ എതിർക്കുകയാണ്. ഇരുപാർട്ടികളും തമ്മിൽ ഇക്കാര്യത്തിൽ ആശയവിനിമയം നടന്നിട്ടുണ്ടോ
ആർ.ജെ.ഡിയുമായി ഒരു ആശയവിനിമയവും ഇക്കാര്യത്തിൽ സിപി.ഐ നടത്തിയിട്ടില്ല.
?. സി.പി.ഐയുടെ നാല് മന്ത്രിമാർ ഉൾപ്പെട്ട മന്ത്രിസഭാ യോഗത്തിലാണ് ബ്രൂവറിക്ക് അനുമതി നൽകിയത് ? മന്ത്രിമാരെ അവരുടെ സഹപ്രവർത്തകർ തെറ്റിദ്ധരിപ്പിച്ചുവെന്നാണോ മനസിലാക്കേണ്ടത്
സി.പി.ഐ സംസ്ഥാന കൗൺസിലും എക്‌സിക്യൂട്ടീവും കൂടി അവർ രൂപീകരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിലല്ലേ മന്ത്രിമാർ ക്യാബനറ്റിൽ പ്രതികരിക്കേണ്ടത്. അന്നത്തെ ക്യാബിനറ്റ് യോഗത്തിൽ മന്ത്രിമാരെടുത്ത നിലപാടെന്താണെന്ന് പുറത്ത് നിൽക്കുന്നവർക്ക് അറിയാൻ സാധിക്കില്ല.
/sathyam/media/media_files/2025/02/02/ojA899GSH1JHlWS3Gb6u.jpg)
?. 2022 ഡിസംബർ മുതൽ ഒയാസിസ് കമ്പനി എലപ്പുള്ളിയിൽ ഭൂമി വാങ്ങാനുള്ള നടപടിക്രമങ്ങൾ തുടങ്ങുകയും 2023 ജൂണിൽ ഭൂമി രജിസ്റ്റർ ചെയ്യുകയും ചെയ്തു. മദ്യ നയത്തിൽ മാറ്റം വരാൻ പോകുന്നുവെന്ന് കമ്പനി മുൻകൂട്ടി അറിഞ്ഞുവെന്നല്ലേ ഇത് കാണിക്കുന്നത്
കമ്പനി അറിഞ്ഞു കാണും. ഇന്ത്യയിലെ തന്നെ വലിയൊരു കമ്പനിയാണിത്. അവർക്ക് എല്ലായിടത്തും മാർക്കറ്റിംഗ് ഓഫീസേഴ്‌സ് ഉണ്ട്. തെക്കേ ഇന്ത്യയിൽ അവർ ഒരു യൂണിറ്റ് ആരംഭിക്കാൻ ആലോചിക്കുമ്പോൾ അതിനുള്ള മാർക്കറ്റിംഗ് ഗ്രൗണ്ട് വർക്ക് അവർ ചെയ്തിട്ടുണ്ട്.
പക്ഷേ ഇവിടെ പ്രശ്‌നം അതല്ല. ഇടതുമുന്നണി ഭരിക്കുമ്പോൾ കേവലം ഒരു കമ്പനി വന്ന് ഒരു ഫാക്ടറി പൊടുന്നനെ ആരംഭിക്കും മുമ്പ് ജനങ്ങളുടെ അഭിപ്രായം അറിയേണ്ടതല്ലേ. അതിന് ഗ്രാമസഭ വിളിച്ചു കൂട്ടണം, അവിടുത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിക്കണം.
കമ്പനി വരുന്നത് കൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നറിയാൻ പൊതുവായി അഭിപ്രായരൂപീകരണം നടത്തണം, മാലിന്യപ്രശ്‌നങ്ങൾ പഠിക്കണം, ഇതൊക്കെ വേണ്ടതാണ്.
/sathyam/media/media_files/2025/02/03/gXd9dqxDXjTetgAo1aPR.jpg)
മാലിന്യ പ്രശ്‌നങ്ങളുടെ പേരിൽ പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാർ ഈ കമ്പനി പൂട്ടിയതാണ്. ഇങ്ങനെയുള്ള പുതിയ ഫാക്ടറി വരുമ്പോൾ പ്രാഥമികമായ പഠനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതോ എല്ലാം സുഗമമെന്ന് ഉദ്യേഗസ്ഥതലത്തിൽ റിപ്പോർട്ട് മതിയോ.
?. കമ്പനി എലപ്പുള്ളി വില്ലേജിൽ വാങ്ങിയിരിക്കുന്നത് 24 ഏക്കർ സ്ഥലമാണ്. ഇതിൽ അഞ്ചേക്കർ നെൽകൃഷി ചെയ്യുന്ന ഭൂമിയാണ്. കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പ്രദേശത്ത് ഇങ്ങനെയൊരു പദ്ധതിക്ക് വേണ്ടി വയൽ നികത്തുന്നതിനെ ന്യായീകരിക്കാനാവുമോ
അത് നിയമപരമായി ശരിയല്ലായിരിക്കാം. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരാണ് തണ്ണീർത്തടനിയമം നടപ്പാക്കിയത്. അത് തണ്ണീർത്തടങ്ങളെയും വയലുകളെയും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ്. കാർഷിക ഭൂമി വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് നമ്മുടെ നയം.
?. സർക്കാർ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടിയാണെന്നും മറ്റൊരു കമ്പനിയും ഇതിനായി അപേക്ഷിച്ചിട്ടില്ലെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം
അത്തരം സാങ്കേതിക കാര്യങ്ങൾ ആർ.ജെ.ഡിക്ക് അറിയില്ല. ക്യാബിനറ്റിൽ പ്രാതിനിധ്യമില്ലാത്തത് കൊണ്ട് ഈ കമ്പനിയെ കുറിച്ചോ ഈ കമ്പനി വന്ന വഴിയെ കുറിച്ചോ ഞങ്ങൾക്ക് അറിയില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്നം ഇത്തരം കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല എന്നുള്ളതാണ്.
/sathyam/media/media_files/2025/01/04/PSufQetekLk9TTI5cjm6.jpg)
?. മദ്യവർജ്ജനത്തിലൂന്നിയ മദ്യനയമാണ് എൽ.ഡി.എഫിന്റേത്. സംസ്ഥാനത്ത് വർധിച്ചു വരുന്ന മദ്യാസക്തി കുറച്ച് കൊണ്ട് വരുന്നതിന് വീണ്ടും ബ്രൂവറികൾക്ക് അനുമതി നൽകുന്നത് നയവ്യതിയാനമെന്ന് കരുതാമോ
ഇതിനെ സമഗ്രതയിൽ വേണം കാണാൻ. കേരളം ഒരു സാമൂഹ്യ അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. കൊലപാതകങ്ങൾ, ഗുണ്ടാപ്രവർത്തനം, ബലാൽസംഗം എന്നീ വാർത്തകൾ കൊണ്ട് പത്രങ്ങൾ എല്ലാ ദിവസവും നിറയുകയാണ്.
ഇതിനെയെല്ലാം ത്വരിതപ്പെടുത്തുന്നത് മദ്യമാണ്. ഇപ്പോൾ മദ്യം അനായാസം ഒഴുകിക്കൊണ്ടിരിക്കുകയാണ്. മദ്യവർജ്ജനം ശക്തിപ്പെടുത്തി ജനങ്ങളെ ഇതിന്റെ ദോഷത്തിൽ നിന്നും വിമുക്തമാക്കണമെന്നാണ് എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളത്.
എന്നാൽ ഇപ്പോൾ കേരളത്തിൽ അനായാസം മദ്യം ലഭിക്കുന്നു. 750ഓളം ബിയർ-വൈൻ പാർലറുകളും ബെവ്‌കോ ഔട്ടലെറ്റുകളുമുണ്ട്. 250 ബാർ ഹോട്ടലുകളുണ്ട്. കൺസ്യൂമർ ഫെഡിന്റെ 48 മദ്യവിൽപ്പന ശാലകളുണ്ട്. ഓരോ ദിവസവും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ കേരള സമൂഹത്തെ മദ്യാസക്തിയിൽ നിന്നും മോചിപ്പിക്കാനായിട്ടുള്ള ശക്തമായ ഇടപെടലുകൾ ആവശ്യമാണ്. ഒരു രാഷ്ട്രത്തിനും ഒരു സംസ്ഥാനത്തിനും ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. അത് ഏർപ്പെടുത്താതെ മദ്യലഭ്യത അത്ര ഉദാരമാക്കുന്നത് ഭാവി തലമുറയോട് ചെയ്യുന്ന തെറ്റാണ്.
?. എൽ.ഡി.എഫ് മുന്നണി സംവിധാനമെന്നത് സർക്കാരിന് മുകളിലുള്ള രാഷ്ട്രീയ സംവിധാനമാണെന്നും അതിന്റെ ശബ്ദം കേൾക്കാനാവുന്നില്ലെന്നും സി.പി.ഐ നേതാവ് സി.ദിവാകരൻ വളരെ മുമ്പ് പറഞ്ഞിരുന്നു? നയപരമായ മാറ്റങ്ങൾ മുന്നണിയുടെ അനുമതിയില്ലാതെ തീരുമാനിക്കപ്പെടുന്ന രീതി ശരിയാണോ
എല്ലാ നയങ്ങളും മുന്നണിയിൽ വരണം. നയപരമായ പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്നതാണെങ്കിൽ ചെറിയ തീരുമാനങ്ങൾ പോലും എടുക്കും മുമ്പ് മുന്നണി ചർച്ച ചെയ്യണം.
/sathyam/media/media_files/2025/02/03/Olw4hMLknP5MkBOHXKMH.jpg)
വൈദ്യുതി ചാർജ്ജ് വർധന, ഓട്ടോ-ടാക്‌സി നിരക്ക് വർധന, വെള്ളക്കരം വർധന എന്നിവ മുന്നണിയിൽ ചർച്ച നടത്തിയിരുന്നു. ചർച്ചകളുടെ അടിസ്ഥാനത്തിൽ വെള്ളക്കരം അൽപ്പം കുറയ്ക്കുകയും ചെയ്തിരുന്നു. മുന്നണിയിൽ ചർച്ച ചെയ്താണല്ലോ നയം തീരുമാനിക്കുന്നത്. കൂട്ടായ ആലോചനയും തീരുമാനങ്ങളുമാണ് വേണ്ടത്.
?. പാലക്കാട് എലപ്പുള്ളിയിൽ കുടിവെള്ള പ്രശ്‌നമുണ്ടാവില്ലെന്നാണ് എക്‌സൈസ് മന്ത്രിയുടെ വിശദീകരണം. മലമ്പുഴ ഡാമിൽ നിന്നും പദ്ധതിയോട് അനുബന്ധിച്ച് നിർമ്മിക്കുന്ന മഴവെള്ള സംഭരണിയിൽ നിന്നും ബ്രൂവറിക്ക് വേണ്ട വെള്ളം കണ്ടെത്തുമെന്നാണ് അദ്ദേഹത്തിന്റെ വാദം ? ഇത് മുഖവിലയ്‌ക്കെടുക്കാനാവില്ലേ
മന്ത്രിയുടെ വാദം പൂർണ്ണമായും മുഖവിലയ്‌ക്കെടുത്താൽ തന്നെ പ്രശ്‌നത്തിന്റെ ഉള്ളടക്കം അതല്ലല്ലോ. ഇതാരുമായാണ് ചർച്ച ചെയ്തത്. അവിടുത്തെ ജനങ്ങളുമായി ചർച്ച ചെയ്തിട്ടുണ്ടോ ?
കൃഷിക്കാരുമായോ പഞ്ചായത്തുമായോ ചർച്ചയുണ്ടായോ ? പഞ്ചായത്തിന്റെ അനുമതി ലഭിച്ചോ ? പ്രശ്‌നം ചർച്ച ചെയ്യാൻ ഗ്രാമസഭ വിളിച്ചു ചേർത്തോ ? കൃഷിക്കാരുടെ യോഗം വിളിച്ചു കൂട്ടിയിരുന്നോ?. കമ്പനി പറയുന്നത് മാത്രം വിശ്വസിച്ചാൽ എങ്ങനെയാണ് അത് ഉൾക്കൊള്ളാനാവുക.
?. പദ്ധതിക്ക് വേണ്ടി ഭൂഗർഭജലം ഒരു തുള്ളി പോലും എടുക്കില്ലെന്നും മന്ത്രി ഉറപ്പ് പറയുന്നു ? കൊക്കോ കോള പ്ലാന്റ് പോലെയുള്ള വിഷയങ്ങൾ ഇതിലുണ്ടാവില്ലെന്നല്ലേ അദ്ദേഹം പറഞ്ഞ് വെയ്ക്കുന്നത്
ഇക്കാര്യം മന്ത്രി എൽ.ഡി.എഫിൽ വന്ന് പറയട്ടെ. മുന്നണിയോഗത്തിൽ ഇത് സമഗ്രമായി ചർച്ചയ്ക്ക് വയ്ക്കുമ്പോൾ മന്ത്രിക്ക് അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാൻ അവസരമുണ്ടല്ലോ.
/sathyam/media/media_files/CIz8tV6k9JjIV5PeDyFy.jpg)
കൊക്കോ കോള വരുമ്പോൾ ആയിരം പേർക്ക് തൊഴിൽ ലഭിക്കും, പ്രദേശത്ത് വികസനമുണ്ടാവും എന്നൊക്കെയുള്ളതായിരുന്നു ആലോചനകൾ. 500ഓളം പേർക്ക് ജോലിയും കിട്ടിയിരുന്നു.
പക്ഷേ കുറെ കഴിഞ്ഞപ്പോൾ ജലചൂഷണമുണ്ടായെന്ന് അവിടെയുള്ള ജനവിഭാഗങ്ങൾക്കിടയിൽ ശക്തമായ വികാരമുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങളാണല്ലോ സമരം മുന്നോട്ടു കൊണ്ടുപോയത്. സി.പി.എമ്മിന്റെ പാർട്ടി നേതൃത്വത്തിൽ, അന്ന് അവിടെ ഇപ്പോഴത്തെ മന്ത്രി കൃഷ്ണൻകുട്ടിയും കാര്യങ്ങൾ ചെയ്യുകയുണ്ടായി.
ലോകത്ത് എവിടെയെങ്കിലും കൊക്കോ കോള പ്ലാന്റ് ഉൽപ്പാദനം ആരംഭിച്ച ശേഷം പൂട്ടിയിട്ടുണ്ടെങ്കിൽ അത് അവിടെ മാത്രമാണ്. അത്ര ശക്തമായാണ് ഞങ്ങൾ അതിനെ കൈകാര്യം ചെയ്തത്.
അതുകൊണ്ട് ബ്രൂവറിയൊന്നും ഞങ്ങൾക്ക് ഒരു വിഷയമല്ല. എന്നാൽ അതല്ല ഇവിടുത്തെ പ്രശ്‌നം. ഒരു പദ്ധതി വരുമ്പോൾ ജനങ്ങളുമായും അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ചർച്ച ഉണ്ടാവണം.
?. ആര് എതിർത്താലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സ്‌സൈസ് മന്ത്രി എം.ബി രാജേഷും നിയമസഭയിലടക്കം പറഞ്ഞത് ? എതിർപ്പ് തുടരുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നുണ്ടോ ? മുന്നണിയെ നയിക്കുന്ന സി.പി.എം ഇതംഗീകരിക്കുമോ
എല്ലാ സമരങ്ങളും വിജയിക്കണമെന്ന് നിർബന്ധമില്ല. പക്ഷേ നമ്മുക്ക് ഉത്തമബോധ്യമുള്ള കാര്യങ്ങളെ നമ്മൾ എതിർത്തുകൊണ്ടിരിക്കണം. ആ എതിർപ്പിനെ അവഗണിച്ചും ചിലപ്പോൾ നടപ്പാക്കിയെന്നിരിക്കാം. പക്ഷേ നമ്മുടെ എതിർപ്പ് ബന്ധപ്പെട്ട സമിതികളിൽ ഉന്നയിച്ചിരിക്കും.
?. പദ്ധതിക്കുവേണ്ടി തെലുങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകൾ കെ.കവിത സംസ്ഥാനത്തെത്തി സർക്കാരുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു
/sathyam/media/media_files/2025/01/30/ViMno8RKj8M49aAuSS12.jpg)
എന്തിനും ഏതിനും അഴിമതിയാരോപണം ഉന്നയിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇവിടെ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ഒരു വിഷയമല്ലിത്. ഇവിടെ നയമാണ് പ്രശ്‌നം.
?. ബ്രൂവറി അനുമതി ചർച്ച ചെയ്യാൻ മുന്നണി യോഗം വിളിക്കണമെന്നാണ് ആർ.ജെ.ഡിയുടെ ആവശ്യം. ഇതു സംബന്ധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടോ? പ്രതികരണം ലഭിച്ചിട്ടുണ്ടോ
എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണന് മുന്നണിയിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉടൻ കത്ത് നൽകും.
?. ഐ.ടി രംഗത്തും ടൂറിസം രംഗത്തും സംസ്ഥാനം കാഴ്ച്ചവെയ്ക്കുന്ന മികച്ച പ്രകടനം വ്യാവസായിക രംഗത്തില്ലാത്തത് ഇത്തരം രാഷ്ട്രീയമായ എതിർപ്പുകൾ കൊണ്ടാണെന്നതാണ് മറുവാദം ? അതിനെ എങ്ങനെ കാണുന്നു
കേരളത്തിൽ വ്യവസായങ്ങൾ വരുന്നതിന് ഒട്ടേറെ പരിമിതികളുണ്ട്. സംസ്ഥാനത്ത് ജനസാന്ദ്രത വളരെ കൂടുതലാണ്. ഇവിടെ മലിനീകരണമുണ്ടാക്കുന്ന കെമിക്കൽ വ്യവസായങ്ങൾ ഒട്ടും സാധ്യമാവില്ല.
എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരും അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. വൻ മാലിന്യങ്ങൾ ഉണ്ടാവുന്ന വ്യവസായവും ഇവിടെ തുടങ്ങാനാവില്ല.
/sathyam/media/media_files/2025/02/03/X2VhkWTlmpBdYFggdNnA.jpg)
നമ്മുടെ തദ്ദേശ തൊഴിലിനെ നശിപ്പിക്കാത്തതും പ്രകൃതിയെ നശിപ്പിക്കാത്തതും നമ്മുടെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാത്തതുമായ വ്യവസായം തുടാങ്ങാമെന്നാണ് എൽ.ഡി.എഫാണെങ്കിലും യു.ഡി.എഫാണെങ്കിലും കൊണ്ടു വന്നിട്ടുള്ള ധാരണ. ഐ.ടി, ടൂറിസം എന്നിങ്ങനെയുള്ള വ്യവസായങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.
അതേസമയം പുതുതായി വരുന്ന സ്ഥാപനങ്ങൾ യഥാർത്ഥ നിക്ഷേപമേഖലയിൽ വേണം നിക്ഷേപമിറക്കാൻ. മദ്യം പോലെയുള്ള മേഖലയിലല്ല നിക്ഷേപമിറക്കേണ്ടത്. കാർ നിർമ്മാണ ഫാക്ടറി, 600 കിലോമീറ്റർ തീരദേശമുള്ള കേരളത്തിൽ കപ്പൽ നിർമ്മാണ ശാല, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയിൽ നിക്ഷേപിക്കാത്തത് എന്തുകൊണ്ടാണ്.
സംസ്ഥാനത്ത് തോട്ടങ്ങൾ നാനാവിധമായി കിടക്കുകയാണ്. അവിടെ നിക്ഷേപിക്കാനാവുമല്ലോ. അപ്പോൾ പെട്ടെന്ന് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന മദ്യം പോലെയുള്ളമേഖലകളിലേക്ക് വരാനാണ് കേരളത്തിൽ കുത്തകകൾക്ക് താൽപര്യം.
?. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലാണ് മുന്നണിക്ക് ജയിക്കാൻ കഴിഞ്ഞത് ? സംസ്ഥാനത്തെ ഭരണവിരുദ്ധവികാരമാണ് കാരണമെന്ന് കരുതുന്നുണ്ടോ
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് സി.പി.എം കേന്ദ്രക്കമ്മിറ്റിയുടെ വിലയിരുത്തൽ പുറത്ത് വന്നിട്ടുണ്ട്. കേന്ദ്രത്തിലെ ഇന്ത്യാമുന്നണിയെ നയിക്കുന്നത് കോൺഗ്രസായിരുന്നു. അതുകൊണ്ടാണ് ബി.ജെ.പി വിരുദ്ധർ അവർക്ക് വോട്ട് ചെയ്തത്.
അത് ഇടതുപക്ഷത്തോടുള്ള എതിർപ്പ് കൊണ്ടല്ലെന്നതാണ് ആദ്യ നിഗമനം. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ വളരെയധികം ഞെരുക്കി. സാമൂഹ്യ ക്ഷേമപെൻഷെൻ പോലും കൃത്യമായി കൊടുക്കാനാവാത്ത വിധം ഒരു ഞെരുക്കം മന:പൂർവ്വം സൃഷ്ടിക്കുകയുണ്ടായി എന്നതാണ് രണ്ടാമതായി പറഞ്ഞിട്ടുള്ളത്.
കേരളത്തിൽ വർഗീയധ്രുവീകരണത്തിന് ബി.ജെ.പി ശ്രമിച്ചതിന്റെ ഫലമാണ് തൃശ്ശൂരിലുണ്ടായിട്ടുള്ള ജയമെന്നതാണ് മൂന്നാമത്തെ കാരണം.
നാലാമത്തേത് വളരെ ശ്രദ്ധേയമാണ്. പാർട്ടി നേതൃത്വമിടപെട്ട് ഭരണം നടത്തുന്ന പഞ്ചായത്തുകളിലെയും കോപ്പറേറ്റീവ് സൊസൈറ്റികളിലെയും അഴിമതികൾ ജനങ്ങളെ വളരെ വെറുപ്പിച്ചു. ഇങ്ങനെ ഒട്ടേറെ കാരണങ്ങൾ ഒരുമിച്ച് വന്നപ്പോഴാണ് പരാജയമുണ്ടായത്.
?. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളും തൽസ്ഥിതി നിലനിർത്തിയെങ്കിലും ചേലക്കരയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ലഭിച്ച വോട്ടിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ വിരുദ്ധവികാരം തുടരുന്നുവെന്ന് പറയാനാവുമോ
ഉപതിരഞ്ഞെടുപ്പുകളിൽ സർക്കാർ വിരുദ്ധ വികാരമാകണമെന്നില്ല. ഈ സമയത്ത് പ്രാദേശികമായ വികാരങ്ങളും സ്ഥാനാർത്ഥികളുടെ ഗുണമേന്മയുമാണ് പരിശോധിക്കപ്പെടുക.
ചേലക്കരയിൽ വന്ന ഭൂരിപക്ഷത്തിന്റെ കുറവ് സംസ്ഥാന സർക്കാരിനോടുള്ള അതൃപ്തിയാവണമെന്നില്ല. പ്രാദേശികമായിട്ടുള്ള ജനങ്ങളുടെ വിലയിരുത്തലാണ്.
?. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് എന്ന ആവശ്യം ആർ.ജെ.ഡി മുന്നോട്ട് വെച്ചിരുന്നു. എന്നാൽ നിരാകരിക്കപ്പെട്ടു. രാജ്യസഭാംഗത്വവും ഇപ്പോഴില്ല. മുന്നണി തീരുമാനം നീതിയുക്തമെന്ന് കരുതാനാവുമോ
ഞങ്ങൾ പാർലമെന്റ് സീറ്റ് ചോദിച്ചത് വെറുതെ ചോദിക്കാനായല്ല. 1952ൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുതൽ ഞങ്ങൾ മത്സരരംഗത്തുണ്ട്. ആ സമയത്ത് എല്ലാ പാർട്ടികളൊന്നും സംസ്ഥാനത്ത് നിന്ന് പാർലമെന്റിലേക്ക് മത്സരിക്കുന്നില്ല.
/sathyam/media/post_attachments/WF0UgVy5vkh0Ohd1ofxA.jpg)
നാലോ അഞ്ചോ പാർട്ടികളാണ് പാർലമെന്റിലേക്ക് അന്ന് മത്സരിക്കുക. 2009ൽ മാത്രമാണ് ഞങ്ങൾ മത്സരിക്കാതിരുന്നത്. വീരേന്ദ്രകുമാറിന് 67000 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന സീറ്റ് നിഷേധിച്ചപ്പോഴാണ് അന്ന് മത്സരിക്കാൻ സാധിക്കാതിരുന്നത്. അന്ന് മുന്നണി വിടുകയും ചെയ്തു.
2017ൽ ഞങ്ങൾ മുന്നണിയിൽ തിരിച്ചെത്തിയപ്പോൾ ലോക്‌സഭാ സീറ്റ് നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയും ചെയ്തതാണ്. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് തിരിച്ചു തരുമെന്നും മുന്നണി നേതൃത്വം പറഞ്ഞിരുന്നു. അത് പാലിക്കപ്പെട്ടില്ല.
എല്ലാ കാലത്തും ഞങ്ങൾക്ക് രാജ്യസഭയിൽ അംഗത്വമുണ്ടായിരുന്നു. അവിടെയും സീറ്റ് ലഭിച്ചില്ല. ഈ രണ്ടിടത്തും അംഗത്വമില്ലാതെ ഒരു ദേശീയ രാഷ്ട്രീയപാർട്ടി എങ്ങനെ അവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കും.
പ്രാതിനിധ്യമാണ് രാഷ്ട്രീയപാർട്ടികൾക്ക് ഏറ്റവും പ്രധാനപ്പെട്ടത്. മാത്രമല്ല എല്ലാ പാർട്ടികളെയും ഉൾക്കൊള്ളിച്ച് വേണം മുന്നണി സംവിധാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ടാണ് എൽ.ഡി.എഫ് നേടിയത്. 38 ശതമാനം യു.ഡി.എഫിനും. ഏഴ് ശതമാനം വോട്ടിന്റെ വ്യത്യാസമാണുള്ളത്. ആകെയുള്ള 45 ശതമാനം എൽ.ഡി.എഫ് വോട്ടിൽ 25 ശതമാനം വോട്ട് സി.പി.എമ്മിന്റേതാണ്.
ബാക്കിയുള്ള 20 ശതമാനം വോട്ടും ഘടകകക്ഷികൾക്ക് അവകാശപ്പെട്ടതാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ചെറുതും വലുതുമായ എല്ലാ കക്ഷികളുടെയും ശക്തി സമാഹരിച്ചുകൊണ്ടാണ്.
കുറ്റ്യാടിയിൽ ഞങ്ങൾക്ക് 5000 വോട്ടുണ്ട്. അവിടെ സി.പി.എം ജയിച്ചത് 1000ത്തിൽ താഴേ വോട്ടുകൾക്കാണ്. കൊയിലാണ്ടിയിലും 5000 വോട്ടുകളുണ്ട്. അവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചത് 1200 വോട്ടുകൾക്കാണ്. തിരുവമ്പാടിയിൽ 5000ത്തിൽപ്പരം വോട്ടുകളുണ്ട്. അവിടെയും മുന്നണി ജയിച്ചത് ചെറിയ വോട്ടുകൾക്കാണ്.
ഞങ്ങൾ മത്സരിക്കാത്ത പല മണ്ഡലങ്ങളിലും ഞങ്ങളുടെ വോട്ട് കൊണ്ട് മുന്നണി ജയിച്ചിട്ടുണ്ട്. അങ്ങനെ പലകക്ഷികളുടെയും സഹായം കൊണ്ടാണ് ഒരു മുന്നണി അധികാരത്തിൽ വരുന്നത്. പക്ഷേ അധികാരത്തിൽ എത്തിക്കഴിയുമ്പോൾ അവരെ മറക്കുന്നത് ശരിയല്ല.
?. ഒറ്റകക്ഷിയുള്ള എല്ലാവർക്കും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചു. ആർ.ജെ.ഡിക്ക് മാത്രം ലഭിച്ചില്ല. മുന്നണിയിൽ അർഹമായ സ്ഥാനമില്ലെന്നും കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നും പരാതിയുണ്ടോ
ഇനി ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നാണ് തൃശ്ശൂരിൽ ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഞങ്ങൾ ഉന്നയിക്കേണ്ട വേദികളിൽ അതൊക്കെ ഉന്നയിച്ച് കഴിഞ്ഞിട്ടുണ്ട്.
സ്ഥാനമാനങ്ങളെ ചൊല്ലി ഒരു കാര്യങ്ങളും ഇനി സംസാരിക്കേണ്ടതില്ലെന്നും നയങ്ങളുടെ കാര്യം മാത്രം സംസാരിച്ചാൽ മതിയെന്നുമാണ് കമ്മിറ്റിയുടെ തീരുമാനം. കാരണം രാജ്യത്ത് സോഷ്യലിസ്റ്റുകൾ ആകെ അധികാരത്തിലിരുന്നത് അഞ്ച് വർഷമാണ്.
മൊറാർജി, വി.പി സിംഗ്, ദേവഗൗഡ, ചന്ദ്രശേഖർ, ഗുജ്‌റാൾ എന്നിവരുടേതടക്കമാണിത്. എന്നും പ്രതിപക്ഷത്തിരിക്കാനാണ് ജനം ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്. അപ്പോൾ അധികാരത്തിന്റെ പേരിൽ ഇനി സംസാരിക്കേണ്ടതില്ല.
എന്നാൽ നയങ്ങളുടെ കാര്യത്തിൽ ഇനി ശക്തമായി ഉറച്ച് നിൽക്കുകയെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണങ്ങളെല്ലാം പുറത്ത് വരുന്നത്.
?. സർക്കാർ വിരുദ്ധ വികാരം മാറ്റാനുള്ള തിരുത്തൽ നടപടികൾക്ക് എൽ.ഡി.എഫ് തുടക്കമിട്ടോ? തദ്ദേശത്തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചു വരവ് പ്രതീക്ഷിക്കുന്നുണ്ടോ
സി.പി.എമ്മിന്റെ സമ്മേളനങ്ങളിൽ ഇക്കാര്യങ്ങളൊക്കെ ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. എന്നാൽ എൽ.ഡി.എഫിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. അങ്ങനെ ഒരു ചർച്ച വേണമെന്ന് ഞാൻ എൽ.ഡി.എഫിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
?. ആർ.ജെ.ഡി- ജെ.ഡി.എസ് ലയനം അജൻഡയിലുണ്ടോ
ആർ.ജെ.ഡി- ജെ.ഡി.എസ് ലയനം നല്ലതായിരുന്നു. തീയ്യതി വരെ തീരുമാനിച്ചതാണ്. അപ്പോഴാണ് ദേവഗൗഡാജി എൻ.ഡി.എ മുന്നണിയിലേക്ക് മാറിയത്. ഒരു കാരണവശാലും എൻ.ഡി.എ മുന്നണിയുമായും ബി.ജെ.പിയുമായും ചേർന്ന് പ്രവർത്തിക്കുന്ന പാരമ്പര്യമല്ല ഞങ്ങൾക്കുള്ളത്.
/sathyam/media/media_files/2025/02/03/KLbj0PhbOy0X77psJRRY.jpg)
മകനെ മുഖ്യമന്ത്രിയാക്കാൻ അദ്ദേഹം ബി.ജെ.പിയോട് ചേർന്നപ്പോഴാണ് ഞങ്ങൾ ബന്ധം വിച്ഛേദിച്ചത്. പിന്നീട് സോഷ്യലിസ്റ്റ് ജനത രൂപീകരിച്ചെങ്കിലും ദേശീയ തലത്തിൽ ബന്ധം വേണമെന്ന ആവശ്യം പാർട്ടിയിലുയർന്നു. അങ്ങനെയാണ് ബിഹാറിൽ നീതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവുമായി യോജിച്ചത്.
അധികം കഴിയും മുമ്പ് നീതിഷും ബി.ജെ.പിയിൽ പോയി. അന്ന് തന്നെ ആ ബന്ധവും അവസാനിപ്പിച്ചു. രണ്ട് പാർട്ടിയിലും ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഞാൻ അപ്പോഴപ്പോൾ രാജി നൽകിയിരുന്നു.
വീരേന്ദ്രകുമാർ, അലി അൻവർ, ശരത് യാദവ് എന്നീ മൂന്ന് എം.പിമാരാണ് അന്ന് ഞങ്ങൾക്കുണ്ടായിരുന്നത്. മൂന്ന് പേരുടെയും എം.പി സ്ഥാനം നഷ്ടപ്പെട്ടു. ബി.ജെ.പിക്കെതിരെ ഒട്ടനവധി പാർട്ടികൾ സംസാരിക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ഞങ്ങൾക്കാണ്.
പിന്നീട് ബി.ജെ.പിയുമായി ഒരിക്കലും ബന്ധപ്പെടാനിടയില്ലാത്ത രാഷ്ട്രീയ കക്ഷിയിൽ ചേരണമെന്ന തീരുമാനമാണ് എടുത്തത്. അങ്ങനെയാണ് ലാലുപ്രസാദ് യാദവ് നയിക്കുന്ന രാഷ്ട്രീയ ജനതാദളിൽ ചേർന്ന് പ്രവർത്തിക്കുകയാണ്.
നിലവിൽ ഇടത് സർക്കാരിൽ ജെ.ഡി.എസിന് പ്രാതിനിധ്യമുണ്ട്. അവരുടെ കൂടി അധ്യക്ഷനായ ദേവഗൗഡയാണ് ബി.ജെ.പിക്കൊപ്പം പോയത്. ഒരു പുതിയ പാർട്ടി രൂപീകരിക്കാനോ ഇതുവരെ ഒരു സ്വതന്ത്ര നിലപാടെടുക്കാനോ അവർക്ക് കഴിയാത്തത് എന്തായിരിക്കും.
മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ അഭി്രപായം പറയാറില്ല. അവർ എത്രയും വേഗം ഈ അനിശ്ചിതത്വം അവസാനിപ്പിക്കുന്നത് എൽ.ഡി.എഫിന് നല്ലതായിരിക്കും.
പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം കേന്ദ്രേനതൃത്വം ബി.ജെ.പിയിലും സംസ്ഥാന നേതൃത്വം എൽ.ഡി.എഫിലുമായിരിക്കുന്ന രാഷ്ട്രീയപാർട്ടി ഇവിടെ ഉണ്ടെന്നതാണ്. അവർ ഈ ആക്ഷേപം നിരന്തരമായി ഉന്നയിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ അവ്യക്തത എത്രയും പെട്ടെന്ന് മാറ്റുന്നത് ആ പാർട്ടിക്കും എൽ.ഡി.എഫിനും ഒരുപോലെ നല്ലതാണ്
?. മൂന്നാം ഇടത് സർക്കാർ വരുമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം ? ഇക്കാര്യത്തിൽ ആർ.ജെ.ഡിയുടെ നിരീക്ഷണമെന്താണ്
മൂന്നാം എൽ.ഡി.എഫ് സർക്കാർ വരുന്നതിനുള്ള സാഹചര്യങ്ങൾ നിലവിലുണ്ട്. കാരണം ഈ സർക്കാർ നടത്തിയ മൂലധന നിക്ഷേപങ്ങൾ സാമൂഹ്യ ക്ഷേമ്രപവർത്തനങ്ങൾ, ഒരു രൂപയ്ക്ക് 30 കിലോ അരി, സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ മേഖലയിലെ മുന്നേറ്റം, നല്ല റോഡുകൾ, അടിസ്ഥാന വികസന സൗകര്യങ്ങൾ, നാലരലക്ഷത്തോളം വീടുകൾ എന്നിവ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നതാണ്.
/sathyam/media/media_files/d5TMMvJV2s0PM5xfhohC.jpg)
കേന്ദ്ര ബജറ്റിൽ സർക്കാരിന്റെ വാർഷിക സാമ്പത്തിക വളർച്ച 6.5 ശതമാനമാണ്. ഈ ഞെരുക്കത്തിനിടയിലും സംസ്ഥാനത്തിന്റെ വളർച്ച 12 ശതമാനമാണ്. എല്ലാ സാഹചര്യങ്ങളും അനുകൂലമാണ്. എന്നാൽ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് അവരുടെ പൂർണ്ണ സഹകരണത്തിലൂടെ ഒറ്റക്കൊട്ടായി പരിശ്രമിച്ചാൽ തിരിച്ചു വരാൻ സാധിക്കും.
ഇ.എം.എസിന്റെ കാലഘട്ടത്തിൽ പോലും സി.പി.എം 12-13 ലോക്‌സഭാ സീറ്റുകളിൽ കൂടുതൽ മത്സരിക്കാറില്ലായിരുന്നു. അന്ന് ഞങ്ങളെ പോലെയുള്ള ഘടകകക്ഷികൾക്ക് സ്ഥാനങ്ങൾ നൽകുമായിരുന്നു.
നിയമസഭയിൽ സി.പി.എം 71 സീറ്റുകളിൽ കൂടുതൽ മത്സരിക്കാറില്ലായിരുന്നു. കഴിഞ്ഞ തവണ സി.പി.എം മത്സരിച്ചത് 91 സീറ്റുകളിലാണ്. എൽ.ഡി.എഫ് ഘടകകക്ഷികൾ കൂടിയപ്പോഴും സി.പി.എം മത്സരിക്കുന്ന സീറ്റുകൾ വർധിക്കുകയാണ് ചെയ്തത്.
ഘടകകക്ഷികളുടെ ശക്തിക്കനുസരിച്ച് നീതിപൂർവ്വമായി സീറ്റ് വിതരണം നടത്തുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്താൽ ഈ മുന്നണിക്ക് വീണ്ടും തിരിച്ചുവരാനാവും.
?. നിലവിൽ പല വിഷയങ്ങളിലും വിയോജിപ്പുകളുണ്ട് ? പാർട്ടി മുന്നണി മാറ്റത്തെപ്പറ്റി ആലോചിക്കുമോ
ഇല്ല. ഞങ്ങളാകെ ഒരിക്കൽ മാത്രമല്ലേ മുന്നണി മാറിയിട്ടുള്ളൂ. 1965ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടാവുന്നത്. അന്ന് സി.പി.എമ്മിന്റെ പ്രവർത്തകരെയും നേതാക്കളെയുമെല്ലാം ചൈനാ ചാരൻമാർ എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. വിചാരണ കൂടാതെ തടങ്കലിൽ പാർപ്പിച്ചു.
അന്ന് സി.പി.എം നേതാക്കളുടെ ജയിൽ മോചനത്തിന് വേണ്ടി പ്രചാരണം നടത്തിയത് സോഷ്യലിസ്റ്റുകളാണ്. അരങ്ങിൽ ശ്രീധരൻ, വിശ്വംഭരൻ, ചന്ദ്രശേഖരൻ, വീരേന്ദ്രകുമാർ എന്നിവരൊക്കെ രംഗത്തിറങ്ങി. സി.പി.എമ്മുമായി അന്നുണ്ടായ ഐക്യമാണ്. 1975ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും ഇവരെല്ലാം ജയിൽവാസമനുഭവിച്ചത് ഒരുമിച്ചായിരുന്നു.
ഇപ്പോൾ എൽ.ഡിഎഫിലുള്ള ഘടകകക്ഷികളെല്ലാം തന്നെ അടിയന്തിരാവസ്ഥയ്ക്ക് ശേഷം മുന്നണിയില്‍ എത്തിയവരാണ്. അപ്പോൾ രണ്ട് പാർട്ടികൾ മാത്രമാണ് അന്നുണ്ടായിരുന്നത്. അത് സി.പി.എമ്മും സോഷ്യലിസ്റ്റ് പാർട്ടിയുമായിരുന്നു.
1973ൽ ഡൽഹിയിൽ അവർ യോഗം ചേർന്നു. രാജ്യത്ത് വളർന്ന് വരുന്ന മുതലാളിത്തത്തിനെതിരെ ഒരു മുന്നണി ആവശ്യമാശണന്ന് അവർ പറഞ്ഞു. അങ്ങനെ രൂപീകരിച്ചതാണ് ഇടതുമുന്നണി.
മുന്നണിയുടെ കൺവീനർ സ്ഥാനത്ത് സി.പി.എമ്മായിരുന്നില്ല മറിച്ച് ഞങ്ങളായിരുന്നു ഉണ്ടായിരുന്നത്. പി.വിശ്വംഭരനായിരുന്നു ആദ്യ എൽ.ഡി.എഫ് കൺവീനർ. രണ്ടാമത് വീരേന്ദ്രകുമാറും. മുന്നണി രാഷ്ട്രീയത്തിൽ സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിച്ച പാർട്ടിയാണ് ഞങ്ങളുടേത്.
ഇടക്കാലത്ത് കോഴിക്കോട് സീറ്റ് നിഷേധിച്ചപ്പോൾ മാ്രതമാണ് മുന്നണി മാറ്റമുണ്ടായത്. അതുകൊണ്ട് മുന്നണിമാറ്റമെന്നുള്ള കാര്യം ഇപ്പോൾ ചർച്ചയിലില്ല. അങ്ങനെ പാർട്ടി ചിന്തിച്ചിട്ടുമില്ല. ഇനി സ്ഥാനമാനങ്ങളും ചോദിക്കില്ല. പക്ഷേ നയപരമായ കാര്യങ്ങളിൽ ഇനി ഞങ്ങൾ വിട്ടുവീഴ്ച്ചയ്ക്കില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us