Advertisment

കുഴല്‍കിണറിലൂടെ മാലിന്യം ഭൂമിക്കടിയിലേയ്ക്ക് ഊറ്റിക്കളഞ്ഞവരാണ് ബ്രൂവറി തുടങ്ങാന്‍ വരുന്നത്. അവരുടെ വക്താവായ മന്ത്രി രാജേഷിന്റെ ഇടപാടുകളില്‍ സുതാര്യതയല്ല, ദുരൂഹതയാണ്. രേഖകള്‍ പരിശോധിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു. ഡോ.സരിന് കാലുമാറാനായിരുന്നു വാശി, ജീവന്‍ അപകടത്തിലായപ്പോഴാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് - പാലക്കാടന്‍ വിവാദങ്ങളില്‍ വികെ ശ്രീകണ്ഠന്‍ എംപി - അഭിമുഖം

പഞ്ചാബിൽ ജലചൂഷണം നടത്തി അവിടുത്തെ ജലസ്രോതസുകൾ തകർത്തപ്പോൾ ജനങ്ങളുടെ പ്രക്ഷോഭം മുൻനിർത്തി അവിടുത്തെ സർക്കാരും മുഖ്യമന്ത്രിയും ഈ കമ്പനിയെ നിരോധിച്ചതാണ്.

New Update
vk sreekandan interview
Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: രാഷ്ട്രീയത്തില്‍ വിജയങ്ങളിലേയ്ക്ക് നടന്നുകയറിയവനാണ് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. 24 ദിവസങ്ങള്‍കൊണ്ട് ഒരു ജില്ലയില്‍ 421 കി. മീറ്റര്‍ പദയാത്ര നടത്തിയതിന്‍റെ പിറ്റേ ദിവസമാണ് ശ്രീകണ്ഠന്‍ പാലക്കാട് ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നത്. 

Advertisment

മുമ്പ് ഇടതുപക്ഷം 1 ലക്ഷത്തിലേറെ വോട്ടിന് ജയിച്ചിടത്ത് മാധ്യമങ്ങളുടെയും പാര്‍ട്ടിയുടെയും കണക്കുകള്‍ തെറ്റിച്ച് ശ്രീകണ്ഠന്‍ വിജയക്കൊടി പാറിച്ചു. പിന്നത്തെ വിജയം 6 ഇരട്ടി ഭൂരിപക്ഷത്തില്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു മാജിക് ആണ് വികെ ശ്രീകണ്ഠന്‍. അദ്ദേഹത്തിന്‍റെ മണ്ഡലത്തിലാണ് ബ്രൂവറി വിവാദം. 


സത്യം ഓണ്‍ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ അരവിന്ദ് ബാബുവുമായി നടത്തിയ അഭിമുഖത്തില്‍ പാലക്കാടന്‍ വിവാദങ്ങളില്‍ ശ്രീകണ്ഠന്‍ മനസ് തുറക്കുന്നു.

? പാലക്കാട്ട് ബ്രൂവറിക്ക് പിന്നിൽ അഴിമതിയുണ്ടെന്നാണ് യു.ഡി.എഫിന്റെയും സ്ഥലം എം.പിയെന്ന നിലയിൽ താങ്കളുടെയും ആരോപണം. വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നാണ് സർക്കാർ വാദം. സ്ഥലത്തെ ജനപ്രതിനിധി എന്ന നിലയിൽ നാട്ടിൽ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ശരിയാണോ

ശരിയാണ്. എലപ്പുള്ളി പഞ്ചായത്തിലെ ഭൂഗർഭ ജലത്തിന്റെ പരിധി താഴെയാണെന്നുള്ള പഠന റിപ്പോർട്ടുകൾ എല്ലാം മുമ്പിലുണ്ട്. കുടിവെള്ളത്തിനായി പതിനായിരക്കണക്കിന് ജനങ്ങൾ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്നു. 

vk sreekandan mp

ഒരു ജലവിതരണ പദ്ധതിയും നാളിതുവരെ അവിടെ തുടങ്ങാനായിട്ടില്ല. ഏകദേശം 500ഓളം കുഴൽക്കിണറുകളെയാണ് കുടിവെള്ളത്തിനായി ജനങ്ങൾ ആശ്രയിക്കുന്നത്. 


മഴക്കാലത്ത് പോലും കുടിവെള്ളം ടാങ്കർ ലോറിയിൽ വിതരണം ചെയ്യുന്ന സ്ഥലത്ത് വെള്ളം ഏറ്റവും പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവായി ഉപയോഗിക്കേണ്ട വ്യവസായം ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല. 


? ഭൂഗർഭജലമൂറ്റാതെ മറ്റ് പദ്ധതികളിൽ നിന്നും ജലമെത്തിക്കുമെന്ന് മന്ത്രി ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടല്ലോ

ഇതേ പഞ്ചായത്തിൽ സർക്കാരിന്റെ 104 ഏക്കർ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ചിറ്റൂർ ഷുഗേഴ്‌സ് 2000-2001 കാലഘട്ടത്തിൽ പൂട്ടിപ്പോയി. അസംസൃകത വസ്തുക്കളുടെ ലഭ്യതക്കുറവും ചാരായ നിരോധനവുമാണ് കമ്പനി പൂട്ടാൻ കാരണമായത്. 

അവിടെ മലബാർ ഡിസ്റ്റിലറീസ് എന്ന കമ്പനി ആരംഭിക്കുമെന്ന് 9 വർഷം മുമ്പ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇപ്പോൾ ഈ സ്ഥലവും കെട്ടിടവും കാട് പിടിച്ചു കിടക്കുകയാണ്. 

malabar distilaries

മുമ്പ് ഇവിടെ നിന്നും ഉൽപാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മലബാർ ബ്രാണ്ടി ഇന്നുവരെ ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് വർഷം മുമ്പ് ഈ ഫാക്ടറിയിലേക്ക് പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണെന്ന് കാട്ടി ബീവറേജ്‌സ് കോർപ്പറേഷൻ വാട്ടർ അതോറിറ്റിക്ക് 2 കോടി ഡിപ്പോസിറ്റ് തുകയടക്കം നൽകി അപേക്ഷിച്ചിരുന്നു. 


രണ്ട് വർഷമായിട്ടും വെള്ളമെത്തിക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ല. അതുപോലും നൽകാൻ കഴിയാത്ത പഞ്ചായത്തിലാണ് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റർ വെള്ളം ആവശ്യമുള്ള സ്വകാര്യ ബ്രൂവറിക്ക് അനുമതി നൽകിക്കൊണ്ട് സർക്കാർ തീരുമാനമെടുത്തത്. ഇത് വിചിത്രമാണ്. 


? ബ്രൂവറി വിഷയത്തിൽ സംസ്ഥാനത്തിന്റെ മദ്യനയം അട്ടിമറിച്ചുവെന്ന് പറയുന്നതിന്റെ സാംഗത്യമെന്താണ്

പുതുതായി ഡിസ്റ്റിലറിയും ബ്രൂവറിയും വേണ്ടെന്ന കേരള സർക്കാരിന്റെ മദ്യനയം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. 

ഈ കമ്പനിയുടെ വരവോടെയാണ് ആ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇതേ കമ്പനി ഡൽഹിയിലും പഞ്ചാബിലും മദ്യനയ കോഴക്കേസിലും ഭൂർഗഭജലമൂറ്റുന്നതിന്റെ പേരിലും പ്രതിക്കൂട്ടിലാണ്. 

അവർ 2022ൽ നൽകിയ അപേക്ഷ ഇതേ സർക്കാർ നിരസിച്ചതാണ്. 2023ൽ മദ്യനയം മാറ്റിയതിന്റെ പിന്നിൽ ഈ കമ്പനിയുടെ പ്രവർത്തനമുണ്ടെന്നുള്ളത് വ്യക്തമായിരിക്കുകയാണ്. 

vk sreekandan mp

മദ്യനയം മാറ്റിയാണ് കമ്പനിയിൽ നിന്നും വീണ്ടും അപേക്ഷ സ്വീകരിച്ചത്. എന്നാൽ മറ്റ് കമ്പനികളും സ്ഥാപനങ്ങളും ഇത് അറിഞ്ഞിട്ടില്ല. എക്‌സൈസ് വകുപ്പിൽ നടന്ന ചർച്ചയല്ലാതെ മറ്റൊരു വകുപ്പുമായും കൂടിയാലോചിച്ചിട്ടില്ലെന്ന് എൽ.ഡി.എഫിലെ മറ്റ് മന്ത്രിമാർ, പാർട്ടി പ്രതിനിധകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  


സംസ്ഥാനത്തെ മദ്യനയം മാറ്റുന്നതിൽ അവിഹിതമായി പങ്ക് വഹിച്ച ഈ കമ്പനിയും അവർക്ക് വേണ്ടി നിയമവിരുദ്ധമായി അനുമതി നൽകിയ എക്‌സൈസ് വകുപ്പും പ്രതിക്കൂട്ടിലാണ്. അതുകൊണ്ട് തന്നെയാണ് ഇതിന് പിന്നിൽ വൻതോതിലുള്ള അഴിമതി നടന്നുവെന്നുള്ള ആരോപണം ഇപ്പോഴും നിലനിൽക്കുന്നത്. 


മന്ത്രിതന്നെ ദുരൂഹം

? മന്ത്രി എം.ബി രാജേഷും അദ്ദേഹത്തിന്റെ ബന്ധുവായ ഏരിയാ സെക്രട്ടറിയും മദ്യക്കമ്പനിയായ ഒയാസിസുമായി നേരത്തെ ചർച്ച നടത്തിയെന്ന താങ്കളുടെ ആരോപണത്തിന് എന്ത് വ്യക്തതയാണുള്ളത്

എഥനോൾ ഉൽപ്പാദിപ്പാക്കണമെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മദ്യനയം മാറ്റിയെന്ന് പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് മദ്യ ഉൽപാദനത്തിനുള്ള സ്പിരിറ്റ് എത്തിക്കുന്നതെന്ന് പറയുന്നത് ശരിയാണ്. 

അങ്ങനെയെങ്കിൽ നയം മാറ്റമുണ്ടാവുമ്പോൾ  എഥനോൾ ഉൽപാദനത്തിന് കമ്പനി തുടങ്ങാൻ നിക്ഷേപകരിൽ നിന്നും എന്ത് കൊണ്ട് പരസ്യമായി അപേക്ഷ സ്വീകരിച്ചില്ല ? ഇങ്ങനെ നയം മാറുമ്പോൾ ഒയാസിസിന് മാത്രം എവിടുന്ന് വിവരം കിട്ടി. 


2022ൽ അവർ നൽകിയ അപേക്ഷ നിരസിച്ചതിന് ശേഷം അവരുമായി സർക്കാരിന് വേണ്ടി എക്‌സൈസ് മന്ത്രിയോ അല്ലെങ്കിൽ ഉത്തരവാദിതവപ്പെട്ടവരോ എത്ര തവണ ചർച്ച നടത്തി. ആരുമറിയാതെ ഒരു കമ്പനി സ്ഥലമെടുക്കുകയും അപേക്ഷ നൽകുകയും ചെയ്യുന്നത് സംശയാസ്പദമാണ്. 


സ്വഭാവികമായിട്ടും ഇതിൽ ദുരൂഹതയുണ്ട്. മറ്റ് കമ്പനികൾക്കൊപ്പം അപേക്ഷ നൽകി ഈ കമ്പനിയെ തിരഞ്ഞെടുത്താൽ അത് മനസിലാകും. എന്നാൽ ഒരു കമ്പനിയും അപേക്ഷ പോലും കൊടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇവരുമായി ചർച്ച നടത്തിയതിന്റെ പിന്നിൽ അഴിമതിയല്ലാതെ മറ്റെന്ത്.

? ബ്രൂവറി തുടങ്ങാനെത്തിയ ഒയാസിസ് അഴിമതിയുടെ ഭാഗമാണെന്നാണ് താങ്കളുടെ ആരോപണം ? എന്നാൽ സ്വന്തം ഭൂമിയിൽ സ്വന്തം പണമുപയോഗിച്ച് ഒരാൾ വ്യവസായം തുടങ്ങുന്നതിന് ടെൻഡർ വിളിക്കേണ്ട സാഹചര്യം എന്താണെന്നാണ് മന്ത്രിയുടെ ചോദ്യം. ശരിയല്ലേ 

അത് ശരിയല്ല. ഇതൊരു സാധാരണ കമ്പനിയോ തൊഴിൽ സ്ഥാപനമോ അല്ല. മദ്യമാണ് ഉൽപാദിപ്പിക്കുന്നത്. മദ്യവിപണനവും വ്യാപനവും കുറയ്ക്കുമെന്ന ഈ സർക്കാരിന്റെ പ്രഖ്യാപിത നയത്തിലാണ് വെള്ളം ചേർത്തിട്ടുള്ളത്. 

mb rajesh-5

നയത്തിൽ നിന്ന് വ്യതിചലിച്ചാണ് മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. അവിടെ 104 ഏക്കർ സ്ഥലമുള്ള ഒരു സർക്കാർ സ്ഥാപനം വെറുതെ കിടക്കുകയാണ്. എന്ത് കൊണ്ടാണ് മലബാർ ഡിസ്റ്റിലറി പ്രവർത്തിക്കാതിരിക്കുന്നത് എന്നതിന് മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. 

കാട് പിടിച്ചു കിടക്കുന്ന സർക്കാർ സ്ഥാപനത്തെ നോക്കുകുത്തിയാക്കി അതേ പഞ്ചായത്തിൽ തന്നെ അതിനേക്കാൾ എത്രയോ ലക്ഷം ലിറ്റർ വെള്ളം ആവശ്യമുള്ള ഒരു മദ്യക്കമ്പനി തുടങ്ങാൻ എന്താണ് ഇത്ര താൽപര്യം ? 


കേരളത്തിൽ മദ്യവ്യാപനവും നിർമ്മാണവും ഒഴിവാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ആളുകളാണിത്. 28 ബാറുണ്ടായിരുന്നിടത്ത് ഇപ്പോൾ 956 ബാറുകളാണ് ഈ സർക്കാർ വന്നതിന് ശേഷമുള്ളത്. എല്ലാ പഞ്ചായത്തിലും മദ്യം സുലഭമായി ലഭിക്കുകയാണ്. 


സ്പിരിറ്റ് വാങ്ങുന്നതിലുള്ള വാഹന കടത്തുകൂലി കുറയുമെന്നാണ് സർക്കാർ വാദം. അങ്ങനെ കുറഞ്ഞാൽ തന്നെ അതിന്റെ ലാഭം സ്വകാര്യ കമ്പനിക്കാണ് ലഭിക്കുന്നത്. അല്ലാതെ സർക്കാരിനല്ല. 

ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടി കേരളത്തിലെ മദ്യനയം മാറ്റുകയും, സുതാര്യമല്ലാത്ത രീതിയിൽ അവർക്ക് അനുമതി നൽകുകയും ചെയ്ത രീതിയിൽ പ്രതിഷേധമുള്ള ഇടതുമുന്നണിയിലെ കക്ഷികളെ ആദ്യം ഇവർ ഇത് ബോധ്യപ്പെടുത്തട്ടെ.

ഏകപക്ഷീയമായി സി.പി.എമ്മും മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമെടുത്ത തീരുമാനമാണ്. ഇതിൽ സുതാര്യതയ്ക്ക് പകരം ദുരൂഹതയാണ് കൂടുതലുള്ളത്. 

ഒയാസിസ് എന്നാല്‍ അഴിമതി കമ്പനി

?  മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നും താങ്കൾ പറയുന്നു. അങ്ങനെ ഒരു മന്ത്രി വിചാരിച്ചാൽ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനാവും എന്ന് കരുതാനാവുമോ ? അത് മുഖ്യമന്ത്രിയെ ആക്ഷേപിക്കലല്ലേ


ഇപ്പോഴത്തെ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനാൻ എളുപ്പമാണെന്ന് സമീപകാല സംഭവവികാസങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരുപാട് അഴിമതി ആരോപണങ്ങളും സ്വർണ്ണ ഇടപാടുകളുമുണ്ടായി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ജയിലിനുള്ളിൽ കഴിയേണ്ട അവസ്ഥയുണ്ടായി. 


വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയറിയാതെ ഒരു ഉദ്യോഗസ്ഥന് പ്രവർത്തിക്കാമെന്നുവെച്ചാൽ ഈ എക്‌സൈസ് മന്ത്രിക്ക് അങ്ങനെ ചെയ്യാനാവില്ലെന്ന് എന്താണുറപ്പ്. ഡൽഹിയിലെ മദ്യനയമാറ്റ അഴിമതിക്കേസിൽപെട്ട് അവിടുത്തെ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രിയും ജയിലിൽ കിടന്നതിന് പിന്നിൽ ഇതേ കമ്പനിയാണ്. 

പഞ്ചാബിൽ ജലചൂഷണം നടത്തി അവിടുത്തെ ജലസ്രോതസുകൾ തകർത്തപ്പോൾ ജനങ്ങളുടെ പ്രക്ഷോഭം മുൻനിർത്തി അവിടുത്തെ സർക്കാരും മുഖ്യമന്ത്രിയും ഈ കമ്പനിയെ നിരോധിച്ചതാണ്. 


ഇങ്ങനെ മോശമായ പ്രതിച്ഛായയുള്ള കമ്പനി കേരളത്തിൽ വരുമ്പോൾ അവർക്ക് മാത്രം അനുമതി നൽകുന്നതിൽ സ്വകാര്യ ഗൂഡാലോചന നടന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ കമ്പനിയുമായി ചർച്ച നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് എക്‌സൈസ് മന്ത്രി മറുപടി പറയാത്തത്. 


എവിടെവെച്ച് ചർച്ച നടന്നെുവെന്നും ആരൊക്കെ പങ്കെടുത്തെന്നും മന്ത്രി പറയട്ടെ. ഇവർ ആകാശത്ത് നിന്നും പൊട്ടി വീണതല്ലല്ലോ. 

കുഴല്‍കിണറിലൂടെ മാലിന്യം ഒഴുക്കിയ കമ്പനി

? 600 കോടിയുടെ പദ്ധതി നടപ്പിലായാൽ 1500 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് മന്ത്രി പറയുന്നത്. 44 ഡിസ്റ്റിലറികളാണ് കർണാടകയിലുള്ളതെന്നും കേരളത്തിന്റെയ്രത മഴ ലഭിക്കുന്ന സ്ഥലമല്ല അതെന്നും അദ്ദേഹം പറയുന്നുണ്ട്. കേരളത്തിന് ആവശ്യമുള്ള സ്പിരിറ്റ് ഇവിടെ ഉത്പാദിപ്പിക്കാനുള്ള സാഹചര്യമുള്ളപ്പോൾ അത് വേണ്ട എന്ന് പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. ന്യായമല്ലേ ആ ചോദ്യം

ഇതിന് മുടന്തൻ ന്യായമെന്നേ പറയാനാവൂ. കർണാടകയിൽ വർഷങ്ങളായി ഡിസ്റ്റിലറിയുണ്ട്. കർണാടകയിലെ സ്വകാര്യ ലോബിക്ക് വേണ്ടിയാണ് ഞങ്ങൾ ഇതിനെ എതിർക്കുന്നതെന്നാണ് മന്ത്രി ചോദിക്കുന്നത്. 

അങ്ങനെയെങ്കിൽ മറുചോദ്യമുള്ളത് ഇൻഡോറിലെ സ്വകാര്യ ലോബിക്ക് വേണ്ടിയല്ലേ മന്ത്രി നിലകൊള്ളുന്നത് എന്നാണ്. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും സ്പിരിറ്റ് വാങ്ങണമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. 

mb rajesh Untitleddow

കഴിഞ്ഞ 9 വർഷമായി ഭരിക്കുന്ന സർക്കാരിനും ഇതേ എക്‌സൈസ് മന്ത്രിക്കും ഇതെല്ലാം തീരുമാനിക്കാവുന്ന കാര്യമാണ്. അതിൽ കോൺഗ്രസിനും യു.ഡി.എഫിനുമുള്ള റോൾ എന്താണ്. 


600 കോടി രൂപ നിക്ഷേപിക്കാൻ വരുന്നുവെന്ന് പറഞ്ഞ് ഈ കമ്പനിയെ വെള്ളപൂശുകയും വാഴ്ത്തിപ്പാടുകയുമാണ് ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഒരു മദ്യക്കമ്പനിക്ക് വേണ്ടി നിലകൊള്ളുന്നത്. 


ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഈ കമ്പനിയുടെ ഒരു ഡയറക്ടറുടെ 118 കോടി രുപ ഇ.ഡി കണ്ടുകെട്ടി എന്നറിയാത്തയാളാണോ ഈ മന്ത്രി. അഴിമതിക്കേസിൽ അന്വേഷണം നേരിട്ട് ഈ കമ്പനിയിലെ പലരും ജയിലിൽ കിടന്നിട്ടുള്ളവരാണ്. 

പഞ്ചാബിൽ നാലഞ്ച് കിലോമീറ്റർ ഭൂഗർഭജലം വറ്റിച്ചുവെന്ന് മാത്രമല്ല ഇവരുടെ മാലിന്യം മുഴുവൻ കുഴൽക്കിണർ ഉപയോഗിച്ച് ഭൂമിക്കടിയിലേക്ക് താഴ്ത്തിയതിനെ തുടർന്നാണ് ജനരോഷം ഉയർന്നത്. അങ്ങനെ രാഷ്ട്രീയം മറന്ന് ജനങ്ങൾ പ്രക്ഷോഭം തുടങ്ങിയതോടെയാണ് കമ്പനിക്ക് അവിടെ അനുമതി നിഷേധിച്ചതും പൂട്ടിയതും.


ഇതേ ജില്ലയിൽ ദേശീയ വ്യവസായ ഇടനാഴി വഴി പുതുശേരിയിൽ ഒരു ക്ലസ്റ്റർ വരുന്നുണ്ട്. 10000 കോടിയാണ് മുതൽമുടക്ക്. അതിൽ 60 ശതമാനം കേന്ദ്ര സർക്കാരാണ് നൽകുന്നത്. സ്ഥലമെടുക്കുന്നത് സംസ്ഥാന സർക്കാരാണ്. അതിന്റെ നടപടികൾ പൂർത്തിയായിവരികയാണ്. 


നിരവധി മൾട്ടി നാഷണൽ കമ്പനികളാണ് വരുന്നത്. തുടക്കത്തിൽ 25000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ഈ പദ്ധതി 50000 പേർക്കാണ് നേരിട്ടും അല്ലാതെയും തൊഴിൽ കൊടുക്കാൻ ആരംഭിക്കുന്നത്. അപ്പോൾ വൻകിട തൊഴിൽദാന പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. തൊഴിലിനാണെങ്കിൽ അത്തരം പദ്ധതികൾ സർക്കാരിന് ധാരാളം തുടങ്ങാമല്ലോ.

bru

മദ്യം വിറ്റ് കേരളത്തിന് തൊഴിൽ സാധ്യതകൾ ഉണ്ടാവുമെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. ഇത് പഴയ കേരളമല്ല. യുവാക്കൾക്കൊക്കെ മദ്യ ഉപയോഗത്തെപ്പറ്റിയും അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും നല്ല ധാരണയുണ്ട്. 


ഒരു കാരണവശാലും കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലത്ത് ഇതുപോലെ ഭൂർഗഭജലമൂറ്റുന്ന ഒരു കമ്പിനിയും എലപ്പുള്ളിയിൽ വേണ്ട. അതിലൂടെ ലഭിക്കുന്ന തൊഴിലും ഇവിടെ വേണ്ട. തൊഴിലുണ്ടാക്കാനും നിക്ഷേപം കൊണ്ട് വരാനും മറ്റ് നൂറായിരം കാര്യങ്ങളുണ്ട്. 


രേഖകള്‍ പരിശോധിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു

? പദ്ധതിയെപ്പറ്റി യു.ഡി.എഫ് ഭരണത്തിലുള്ള പഞ്ചായത്ത് അറിഞ്ഞില്ലെന്നാണ് പ്രസിഡന്റ് രേവതി ബാബു പറഞ്ഞത്. എന്നാൽ ഈ പ്ലാന്റ് വരുന്ന സ്ഥലത്തെപ്പറ്റി കെ.എസ്.ഐ.ഡി.സി പഞ്ചായത്തിനോട് അഭിപ്രായം തേടിയതിന് രേഖയു ണ്ടെന്നാണ് മന്ത്രിയുടെ വാദം. ഇതിൽ ആരാണ് വസ്തുതാ വിരുദ്ധമായി പറയുന്നത്

മന്ത്രി കമ്പനിക്ക്  വേണ്ടി വിടുവായിത്തം അടിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ പക്കലുള്ള രേഖ പരിശോധിക്കാൻ മന്ത്രി തയ്യാറുണ്ടെങ്കിൽ വരാം. ഞാൻ വെല്ലുവിളിക്കുകയാണ്. 

പഞ്ചായത്തിനോട് കെ.എസ്.ഐ.ഡി.സി ചോദിച്ചത് അവിടെ വ്യവസായം വരുന്നത് കൊണ്ട് കുഴപ്പമുണ്ടോയെന്ന കാര്യങ്ങളാണ്. 


അവിടെ വ്യവസായശാലകളുണ്ട്. പക്ഷേ ഇതുപോലെയൊരു മദ്യക്കമ്പനിയാണ്, വെള്ളമൂറ്റുന്ന കമ്പനിയാണ്, ഒരു ദിവസം പത്ത് ദശലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ട്, സ്പിരിറ്റും എഥനോളും ഉൽപ്പാദിപ്പിക്കാനാണ് എന്ന് ഏത് കെ.എസ്.ഐ.ഡി.സിയാണ് പറഞ്ഞത്. അതിന് തെളിവ് കൊണ്ടുവരട്ടെ. 


? ഒയാസിസ് കമ്പനിക്ക് സ്ഥലമെടുത്ത് നൽകിയത് കോൺ്രഗസിന്റെ ബ്ലോക്ക് അംഗമാണെന്നും ആരോപണമുണ്ട്. പിന്നെ എന്തിനാണ് ഇരട്ടത്താപ്പെന്നും എം.ബി രാജേഷ് ചോദിക്കുന്നുണ്ട്

അതാണ് പുതിയ വിചിത്രമായ ന്യായവാദം. 2022ൽ നടന്ന ഭൂമിയിടപാട്. ആർക്കറിയാം അവിടെ മദ്യക്കമ്പനിയാണ് വരുന്നതെന്ന് മന്ത്രിക്ക് അറിയുമായിരുന്നിരിക്കാം. അവിടെ സ്ഥലം വാങ്ങാൻ ആരെങ്കിലും വരുമ്പോൾ ആ സ്ഥലം കാണിച്ചുകൊടുത്ത് ഇടപാട് നടത്തിയാൽ എന്താണ് ഇരട്ടത്താപ്പ്. 

ബ്ലോക്ക് പഞ്ചായത്തംഗമല്ല, ഒരു പഞ്ചായത്തംഗം 50 സെന്റ് ഭൂമിയാണ് വാങ്ങിക്കൊടുക്കാൻ ഇടനിലനിന്നത്. 24 ഏക്കറാണ് അവിടെ കമ്പനി കൈവശപ്പെടുത്തിയത്. അതിൽ ആറേക്കർ കൃഷി ഭൂമിയാണ്. ഈ കൃഷിഭൂമി ഉൾപ്പെട്ട സ്ഥലത്തിന് എങ്ങനെ മന്ത്രിസഭ അനുമതി നൽകും. അത് അഴിമതിയല്ലേ. 


കേരളത്തിലെ ഭൂപരിഷ്‌ക്കരണ നിയമം ഈ കമ്പനിക്ക് ബാധകമല്ലേ. 15 ഏക്കർ സ്ഥലമാണ് ഒരു കമ്പനിക്ക് കൈവശം വെയ്ക്കാവുന്നത്. എങ്ങനെ 24 ഏക്കറിന് സർക്കാർ അനുമതി നൽകി. പച്ചയായ അഴിമതിയല്ലേ. കൃഷിഭൂമി തരംമാറ്റാതെ എങ്ങനെ വ്യവസായം തുടങ്ങാനാവും. അവിടെ എങ്ങനെ മഴവെള്ള സംഭരണിയുണ്ടാക്കാനാവും. അതിന് ആദ്യം മന്ത്രി മറുപടി പറയണം. 


മന്ത്രി മദ്യക്കമ്പനി വക്താവ്

? മലമ്പുഴയിൽ നിന്നും കിൻഫ്രയിലേക്ക് നൽകുന്ന വെള്ളത്തിന്റെ ഇരുപതിൽ ഒന്നാണ് കമ്പനി പൂർണ്ണതോതിൽ പ്രവർത്തിക്കുമ്പോൾ ആവശ്യമായി വരികയുള്ളു എന്നാണ് വാദം. ഇത് അംഗീകരിക്കുന്നുണ്ടോ

ഇതാരാണ് പറയുന്നത്. ആരുടെ കൈയ്യിലാണ് ഇത്ര ആധികാരികമായ രേഖയുള്ളത്. ഈ കമ്പനി ഉപയോഗിക്കാൻ പോകുന്ന വെള്ളത്തിന്റെ കണക്ക് ഇവരുടെ കൈയ്യിലുണ്ടോ ? എങ്കിൽ അത് കാണിക്കട്ടെ. 

bruvery property

കമ്പനിയുടെ ഏതെങ്കിലും ഒരു പ്രതിനിധി ഇത്തരം വാദമുഖവുമായി എത്തിയിട്ടുണ്ടോ. ഈ കമ്പനിക്ക് വേണ്ടി വക്കാലത്ത് പൂർണ്ണമായി ഏറ്റെടുത്ത മന്ത്രി എം.ബി രാജേഷാണ് ഈ പച്ച നുണ പറയുന്നത്. 

കിൻഫ്രയിലേക്ക് 10 എം.എൽ.ടി വെള്ളം നൽകാൻ പത്ത് വർഷം മുമ്പുള്ള ധാരണ ഇതുവരെ നടപ്പിലാക്കിയിട്ടുണ്ടോ ? നിരവധി വ്യവസായ ശാലകളുണ്ട് അവിടെ. 


600 കോടിയും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്ത ആളുകൾ എത്ര വെള്ളമുപയോഗിക്കും, എന്തെല്ലാം ഉൽപ്പാദിപ്പിക്കും എന്നുള്ളത് പരസ്യമായി പറയട്ടെ. അതിന് എത്ര വെള്ളം ആവശ്യമുണ്ടെന്ന് പറയട്ടെ. അതെങ്ങനെ നൽകുമെന്ന് സർക്കാരും പറയട്ടെ. ഇപ്പോ മലമ്പുഴയിലെ വെള്ളത്തിന്മേലാണ് കഴുകൻ കണ്ണുകൾ വീണിരിക്കുന്നത്.


അവിടെ വെള്ളമില്ലാത്തത് കൊണ്ടാണ് ഇതേ എലപ്പുള്ളിയിൽ രണ്ട് പൂവൽ കൃഷി ചെയ്തിരുന്നവർ ഒരു പൂവൽ നെൽകൃഷിയിലേക്ക് ചുരുങ്ങിയത്. കൃഷി മന്ത്രിയോട് അന്വേഷിക്കട്ടെ. അവിടെ പണിക്ക് ആളില്ലാഞ്ഞിട്ടല്ല. ആഗ്രഹവും ഇല്ലാഞ്ഞിട്ടല്ല. വെള്ളം കിട്ടാത്തതുകൊണ്ടാണ്.  

elapplly paddy

മലമ്പുഴയിൽ വെള്ളമില്ലാത്തതിന്റെ പേരിൽ വാളയാർ ഡാമിൽ നിന്നും വെള്ളം കൊടുക്കാൻ പറ്റാത്തതിന്റെ പേരിൽ ഇപ്പോൾ തന്നെ നെല്ല് ഉണങ്ങിക്കൊണ്ടിരിക്കുകയാണ്. 


അങ്ങനെ വരൾച്ചയുള്ള ഒരു പ്രദേശത്ത് മലമ്പുഴയിലെ ജലം സ്വകാര്യ കമ്പനിക്ക് ഔദാര്യത്തിൽ കൊടുക്കാനുള്ളതല്ല. കൃഷിക്കും കുടിവെള്ളത്തിനുമായാണ് മലമ്പുഴ ഡാം സ്ഥാപിച്ചത്. അതുപോലും കൃത്യമായി നൽകാനാവുന്നില്ല. 


? പാലക്കാട് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഒയാസിസ് കമ്പിനിയിൽ നിന്നും ലഭിച്ച പണം ഉപയോഗപ്പെടുത്തിയെന്ന് അവിടെ നിന്നും വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു ? എൽ.ഡി.എഫ് പണത്തിന്റെ സ്രോതസിൽ അങ്ങേയ്ക്ക് സംശയമുണ്ടോ

ഞാൻ അത്തരത്തിൽ ഒരു ആരോപണം പറഞ്ഞിട്ടില്ല. മാത്രമല്ല ഈ കമ്പനിയുമായി വർഷങ്ങളായി ഇവർക്ക് ബന്ധമുണ്ട്. ചിലപ്പോൾ അങ്ങനെ സംഭവിച്ചിരിക്കാം. അതിന്റെ കൂടുതൽ കാര്യങ്ങൾ എനിക്കറിയില്ല. 

നീലപ്പെട്ടിയുമില്ല, ഒരു ചുക്കുമില്ല

? പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രവർത്തനം നിയന്ത്രിച്ച ആളുകളിൽ പ്രധാനിയായിരുന്നു താങ്കൾ ? അവിടെയുണ്ടായ നീല പെട്ടി വിവാദം കേരളരാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പണമില്ലാതെ ഇലക്ഷൻ പ്രചാരണം സാധ്യമല്ലെന്ന് എല്ലാവർക്കും അറിയാം. സത്യത്തിൽ എന്താണ് സംഭവിച്ചത്. താങ്കൾക്ക് മനസറിവില്ലാത്ത ഇടപാട് അവിടെ നടന്നോ


അവിടെ ഒരു ചുക്കും സംഭവിച്ചിട്ടില്ല. വെറും പുകമറ മാത്രമായിരുന്നുവെന്ന് 48 മണിക്കൂറിനുള്ളിൽ ജനത്തിന് മനസിലായി. ഒരു നീലപ്പെട്ടിയുമില്ല ഒരു പണവുമില്ല. അത് ബി.ജെ.പിയും സി.പിഎമ്മും ചേർന്ന് നടത്തിയ രാഷ്ട്രീയ അവിശുദ്ധ നാടകമായിരുന്നു. 


18000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഈ നാടകക്കമ്പനിയെ പൊളിക്കാൻ ജനങ്ങൾ തീരുമാനിച്ചു. അങ്ങനെയുണ്ടാക്കിയ പുകമറയൊന്നും കേരളത്തിൽ നടക്കില്ല. സുതാര്യമായി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്നവരാണ് ഞങ്ങൾ കോൺഗ്രസിന്‍റെ നേതാക്കൾ. 

അങ്ങനെ ഒരു ആരോപണം കൊണ്ടുവന്നപ്പോൾ തെളിയിക്കേണ്ടത് ഭരണകക്ഷിയായിരുന്നു. ഇവിടെ പൊലീസും ക്രൈംബ്രാഞ്ചും ഇനി കേന്ദ്രം ഭരിക്കുന്ന ഇ.ഡിയും സി.ബി.ഐയുമുണ്ടായിരുന്നല്ലോ. വന്ന് അന്വേഷിക്കാമായിരുന്നല്ലോ. 

ആരോപണത്തിൽ ഒരു കഴമ്പുമില്ല എന്ന് കണ്ടെത്തിയത് കൊണ്ടാണ് കേരള പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. അത് ഒരു രാത്രി നാടകമായിരുന്നുവെന്ന് പൊലീസിനും സർക്കാരിനും ജനങ്ങൾക്കും ഒരു പോലെ മനസിലായി. 

? പാലക്കാട് മണ്ഡലത്തിൽ ആദ്യമുണ്ടായത് നോമിനി വിവാദമാണ്. തിരഞ്ഞെടുപ്പിൽ ഉടനീളം അത് ചർച്ചയാവുകയും ചെയ്തു. താങ്കളുടെ ഉൾപ്പെടെ അഭിപ്രായങ്ങൾ എന്താണെന്ന് അന്ന് പുറത്തുവരികയും ചെയ്തു. യഥാർത്ഥത്തിൽ, പത്തനംതിട്ടയിൽ നിന്നും ജൂനിയറായ ഒരാളെയായിരുന്നോ അവിടെ പരിഗണിക്കേണ്ടിയിരുന്നത്. അന്ന്  പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നോ

ഇന്ത്യൻ നാഷണൽ കോൺ്രഗസില്‍ സർവ്വസ്വതന്ത്ര അഭിപ്രായത്തിനുള്ള സാഹചര്യമുണ്ട്. മറ്റ് പാർട്ടികളെ പോലെയല്ല. തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. 


അന്തിമമായി എ.ഐ.സി.സി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നെ ചർച്ചകൾക്കൊന്നും പ്രസക്തിയില്ല. അഭിപ്രായ്രപകടനം നടത്താൻ പാർട്ടിക്കുള്ളിൽ എല്ലാവർക്കും അവകാശമുണ്ട്. തീരുമാനം വന്നാൽ അത് ഒറ്റക്കെട്ടായി അനുസരിക്കും. അതിനുവേണ്ടി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പാണ് അവിടെ നടന്നത്.


? മണ്ഡലത്തിൽ കെ.മുരളീധരനെ പരിഗണിച്ചിരുന്നുവെന്ന ഒരു വിവാദവും അത് സംബന്ധിച്ച കത്തും പുറത്ത് വന്നിരുന്നു. മുരളീധരൻ മത്സരിക്കാൻ തയ്യാറായിരുന്നോ ? അദ്ദേഹവുമായി ആരെങ്കിലും ആശയവിനിമയം നടത്തിയിരുന്നോ

ഇതെല്ലാം അടഞ്ഞ അദ്ധ്യായമാണ്. ചർച്ചകൾ പലതും നടന്നിട്ടുണ്ട്. അതൊന്നും പാർട്ടിക്ക് ദോഷകരമായിരുന്നില്ല.  

തുളസി ചേലക്കരയില്‍ മല്‍സരിക്കാന്‍ ശ്രമിച്ചിട്ടില്ല

? ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് ഒരു ഓളമായിരുന്നെങ്കിൽ ചേലക്കരയിൽ കോൺഗ്രസിന്റെ പ്രവർത്തനം ചിട്ടയോടെയായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നിട്ടും അവിടെ വിജയമുണ്ടായില്ല ? പിഴച്ചത് സ്ഥാനാർത്ഥി നിർണ്ണയത്തിലാണോ ? കെ.എ തുളസി ഉൾപ്പെടെയുള്ള പേരുകൾ അവിടെ ഉയർന്നുവന്നതാണല്ലോ 

എന്റെ ഭാര്യയുടെ പേര് അവിടെ ഉയർന്നതായി അറിവില്ല. പത്രങ്ങളിലൊക്കെ അങ്ങനെ വന്നിരുന്നു. എന്നാൽ സ്ഥാനാർത്ഥിയെ തീരുമാനിക്കും മുമ്പ് പല പേരുകളും ഉയർന്നു വരും. കൂടെ കെ.എ തുളസിയുടെ പേര് വന്നത് എന്റെ ഭാര്യയായത് കൊണ്ടല്ല. അവർ കെ.പി.സി.സി ജനറൽ സെക്രട്ടറിയും രണ്ട് തവണ തിരഞ്ഞെടുപ്പിൽ അവിടെ മത്സരിച്ചയാളുമാണ്. സ്വാഭാവികമായും പേര് വരും. 

vk sreekandan ka thulasi

പാലക്കാട് മുരളീധരന്റെയും പേര് വന്നു. അവസാനം കോൺഗ്രസ് ഹൈക്കമാന്റാണ് തീരുമാനിച്ചത്. ചേലക്കര കഴിഞ്ഞ 30 വർഷമായി എൽ.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ്. സ്വാഭാവികമായും അവർക്ക് രാഷ്ട്രീയമായി മേൽക്കെയുണ്ട്. 

സരിന്‍ ആയാറാം ഗയാറാം നേതാവ്

? നിർണായകമായ ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഡോ.പി സരിൻ എന്ന യൂത്ത് കോൺഗ്രസ് നേതാവ് സി.പി.എമ്മിനൊപ്പം ചേർന്നത് ? ജില്ലയിൽ നിന്നും സരിനേപ്പോലൊരാളെ നഷ്ടപ്പെടുത്താൻ പാടുണ്ടായിരുന്നോ ? കൊള്ളാവുന്ന ഒരു പ്രൊഫഷൻ രാജിവച്ച് പാർട്ടിയിലെത്തിയ സരിനെ കളഞ്ഞിട്ടാണ് നിങ്ങൾ ആർ.എസ്.എസ് പക്ഷത്തു നിന്നും സന്ദീപ് വാരിയരെ എടുക്കുന്നത്. ഇതൊക്കെ പാർട്ടിക്ക് ഗുണകരമാകുമോ

ഓരോ കാലഘട്ടത്തിലും ഓരോ സംഭവവികാസമുണ്ടാകും. ഡോ.സരിനെ പത്രലോകമറിയുന്നത് യൂത്ത് കോൺഗ്രസ് ഭാരവാഹിയാക്കിയതിന് ശേഷമാണ്. ആദ്യഘട്ടത്തിൽ ഒറ്റപ്പാലം അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തോറ്റു. 

p sarin-2

തൊട്ടടുത്ത് വരുന്ന തിരഞ്ഞെടുപ്പിൽ പാലക്കാടുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചതാണ്. അദ്ദേഹത്തിന് മത്സരിച്ചേ പറ്റൂ, കാല് മാറിയേ പറ്റൂ എന്ന രീതിയിൽ കൊണ്ട് പിടിച്ച് നടക്കുകയായിരുന്നു. 


ആദ്യം ബി.ജെ.പിയെ സമീപിച്ചു. രണ്ടാമത് സി.പി.എമ്മിനെയും സമീപിച്ചു. നാണവും മാനവുമില്ലാത്ത സി.പി.എമ്മുകാർ പാർട്ടിയിൽ അംഗത്വം പോലുമില്ലാത്തയാളെ ചിഹ്നം ഒളിപ്പിച്ച് വെച്ച് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങി.  


സരിന്റെ കാല് മാറ്റവും കൂറു മാറ്റവും പ്രോത്സാഹിപ്പിച്ച സി.പിഎമ്മിന് കിട്ടിയ കനത്ത തിരിച്ചടിയാണ് തിരെഞ്ഞടുപ്പ് ഫലം. ഇതു പോലെ ആയാറാം ഗയാറാം മാരെ കേരളത്തിൽ സൃഷ്ടിക്കാൻ ശ്രമിച്ചാൽ അത് വിലപ്പോവില്ലെന്ന മറുപടി കൂടിയാണ് സി.പി.എമ്മിന് ലഭിച്ചത്. 

സന്ദീപ് കൊലക്കളത്തിൽ നിന്നും രക്ഷപെട്ടയാൾ

? പ്രചാരണ വേളയിലാണ് ബിജെ.പിയിൽ നിന്നും സന്ദീപ് വാര്യരെ കോൺ്രഗസിനു വീണു കിട്ടുന്നത് ? സന്ദീപുമായി ആദ്യം ആശയവിനിമയം തുടങ്ങിവെയ്ക്കുന്നത് താങ്കളാണെന്ന് കേട്ടിരുന്നു ? എന്തൊക്കെയായിരുന്നു ഓഫറുകൾ 

സന്ദീപ് വാര്യരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ബി.ജെ.പിയുടെ ശക്തനായ പ്രവർത്തകനായിരുന്നു. കേരളത്തിലെ ബി.ജെ.പിയുടെ വക്താക്കളിൽ ഒരാളായിരുന്നു. പാർട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടി അങ്ങേയറ്റം വരെ വാദിച്ച് തീവ്രമായി നിലകൊണ്ടയാളാണ്. 

sandeep warrier1

അദ്ദേഹം പാർട്ടി വിട്ടതിന് പിന്നിൽ വളരെ ഗുരുതരമായ ഒരു സാഹചര്യമുണ്ട്. പല കാരണവശാലും സന്ദീപ് വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. 

അത് മറച്ച് വെച്ച് സന്ദീപ് വാര്യരെ പോലും അറിയിക്കാതെ ജീവന് ഭീഷണിയുള്ള സ്ഥലത്തേക്ക് അദ്ദേഹത്തെ വിടുകയാണ് ചെയ്തത്. ജീവൻ പോയാൽ പൊയ്‌ക്കോട്ടെ എന്ന് തീരുമാനിക്കുന്ന നേതൃത്വത്തിന് കീഴിൽ എത്രനാൾ അദ്ദേഹത്തിന് തുടരാനാവും.  


ഒരു സംരക്ഷണവുമില്ലാതെ ആ പാർട്ടി അനാഥമാക്കുമെന്ന് കണ്ടപ്പോൾ അദ്ദേഹമെടുത്ത തീരുമാനമായിരുന്നു ഈ നയസമീപനവും വർഗീയതയും ശരിയല്ല എന്നത്. അതുകൊണ്ട് മതേതരത്വവും ജനാധിപത്യവുമുള്ള കോൺഗ്രസിൽ ചേരണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അദ്ദേഹം വന്നു ഞങ്ങൾ സ്വീകരിച്ചു. 


? ഏതെങ്കിലും സാഹചര്യങ്ങളിൽ സന്ദീപിനെപ്പോലെ പാർട്ടിയിൽ എത്തുന്നവരെ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പരാജയമാണ് എന്നൊരു ആക്ഷേപം ഉണ്ടല്ലോ. മുൻ എംപിമാരായ അബ്ദുള്ളക്കുട്ടി, ഡോ . മനോജ്, എസ് ശിവരാമൻ, റാന്നി എം എൽ എ പ്രമോദ് നാരായണൻ.. ഒക്കെ ഉദാഹരണങ്ങളാണ്. ഇവരെല്ലാം ഒടുവിൽ കോൺഗ്രസിന് പുറത്തു ചാടി  ഒടുവിൽ ഇവരെപ്പോലെ സന്ദീപും മടങ്ങിപ്പോകേണ്ടി വരുമോ 

കേരള രാഷ്ട്രീയത്തിൽ എത്രപേർ സി.പി.എം വിട്ട് വന്നിട്ടുണ്ട്, എത്രപേരെ കോൺഗ്രസ് സംരക്ഷിച്ചിട്ടുണ്ട്. കോൺഗ്രസ് വിട്ട് പോയ എത്ര പേരെ സി.പി.എമ്മിന് സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. സമീപകാലത്ത് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ എത്തിയവരുടെ പൊടിപോലും കണ്ടുപിടിക്കാനില്ല. 

ഞനവരുടെ പേര് പറഞ്ഞ് ആക്ഷേപിക്കാൻ തയ്യാറാകുന്നില്ല. ആ ഒരു സ്ഥിതി കോൺഗ്രസിൽ ഉണ്ടാവില്ല. ഇവിടെ അടിയുറച്ച് കോൺഗ്രസുകാരനായി നിന്നാൽ അവർക്കെല്ലാം ഇടമുണ്ട്. അവരെയെല്ലാം സംരക്ഷിക്കും അംഗീകരിക്കും. അവർക്ക് അർഹമായ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഇനിയും കൊടുക്കുക തന്നെ ചെയ്യും. 

മാധ്യമങ്ങള്‍ എന്നെ തോല്‍പിച്ചു !

? പാലക്കാട് നിന്നും താങ്കൾ ആദ്യ തവണ മത്സരിക്കുമ്പോൾ മാദ്ധ്യമങ്ങളും ഇടതുപക്ഷവും സ്വന്തം പാർട്ടിപോലും അങ്ങ് പരാജയപ്പെടുമെന്ന് പരസ്യമായി പറഞ്ഞു. ഏഷ്യാനെറ്റ്, മാതൃഭൂമി സർവേകളിൽ മൂന്നാം സ്ഥാനത്ത് എന്നായിരുന്നു പ്രവചനം 


എനിക്ക് എന്റെ പാർട്ടിയെക്കുറിച്ചും പ്രവർത്തകരെ കുറിച്ചും നല്ല വിശ്വാസമുണ്ട്. ഏറെ അഭിമാനവുമുണ്ട്.  ആ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും സ്ഥാനാർത്ഥിയായ ഞാനും തോൽക്കുമെന്ന് വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. പക്ഷേ പാർട്ടിക്കാരാരും തോൽക്കുമെന്ന് പറഞ്ഞിട്ടില്ല. 


അവിടെ ഇടതുപക്ഷത്തിന്റെ സ്വാധീനമുള്ള സ്ഥലമായത് കൊണ്ട് സംശയമാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. അത് സ്വാഭാവികമായ പ്രതികരണമായിരുന്നു. അല്ലാതെ ഞാനും യു.ഡി.എഫും കോൺഗ്രസും തോൽക്കണമെന്ന ആഗ്രഹത്തോടെ ഒറ്റയാൾ പോലും അങ്ങനെ പറഞ്ഞിട്ടില്ല. 

vk sreekandan-2

പാർട്ടി ഫോറത്തിൽ ചർച്ച ചെയ്യുമ്പോൾ കഴിഞ്ഞ തവണ ഒരുലക്ഷത്തിഅയ്യായിരത്തിന് എൽ.ഡി.എഫ് ജയിച്ച മണ്ഡലം കണ്ണുമടച്ച് കോൺഗ്രസ് ജയിക്കുമെന്ന് പറയാനാവില്ലല്ലോ. സ്വാഭാവികമായും നേതാക്കൾക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. പക്ഷേ പ്രവർത്തകർക്ക് അതുണ്ടായിരുന്നില്ല. 


അവർ രാവും പകലും അത്യദ്ധ്വാനം ചെയ്തു. മിക്ക ചാനലുകാരും യു.ഡി.എഫ് മൂന്നാം സ്ഥാനത്താവുമെന്ന് വ്യാപക പ്രചാരണം നടത്തിയിട്ട് പോലും ഞങ്ങളുടെ പ്രവർത്തകരാരും നിരാശരായിട്ടില്ല. പ്രവർത്തിക്കാതെ ഇരുന്നുമില്ല. അവർ കുറച്ച് കൂടി സജീവമായി പ്രവർത്തിച്ചു. 


അതുകൊണ്ട് തന്നെ 23 വർഷത്തെ ചരിത്രം തിരുത്തി വിജയിക്കാനും കഴിഞ്ഞു. അത് പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ്. 2019ലെ എൽ.ഡി.എഫിന്റെ ഏറ്റവും വലിയ അപചയമാണ് പാലക്കാട്ടെ തോൽവി.

? ഇത്തവണ എം.പിയെന്ന നിലയിലുള്ള അങ്ങയുടെ ചിട്ടയായ പ്രവർത്തനം ഫലം കണ്ടു ? ഭൂരിപക്ഷം 75000 ത്തിൽപരമായി. അപ്പോഴും പാലക്കാട് ആദ്യം ലോട്ടറി അടിച്ചതാണെന്നും ഇക്കുറി കൈവിട്ടു പോകുമെന്നും പറഞ്ഞവർ ഏറെയാണ്. എന്തൊക്കെയായിരുന്നു ഇത്തവണ വെല്ലുവിളികൾ

ഇത്തവണയും ചില ചാനലുകൾ പാലക്കാട് സി.പി.എം കോട്ടയാണെന്നും തിരിച്ചു പിടിക്കുമെന്നും പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സി.പി.എം ഭൂതല പാർട്ടിയായി മാറിയെന്ന് പറഞ്ഞത് അവരുടെ സ്ഥാനാർത്ഥിയും പൊളിറ്റ് ബ്യൂറോ അംഗവുമായ എ. വിജയരാഘവനായിരുന്നു. 

അദ്ദേഹത്തോട് ചോദിച്ചാൽ പാർട്ടിയുടെ അവിടുത്തെ സ്ഥിതിയെന്താണെന്ന് മനസിലാക്കാനാവും. കോൺഗ്രസിന് ഒരു കുഴപ്പവുമില്ല. വളരെ ശക്തമായി പ്രവർത്തിച്ചു മുന്നേറുകയാണ് ഉണ്ടായത്. 

പാലക്കാടിനെ രക്ഷിച്ചത് 'ജയ് ഹൊ'

? വി.കെ ശ്രീകണ്ഠൻ എന്ന ഡി.സി.സി അദ്ധ്യക്ഷന്റെ അതിലുമേറെ ശ്രീകണ്ഠൻ എന്ന കോൺഗ്രസ് നേതാവിന്റെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു 'ജയ് ഹൊ' പദയാത്ര ? എന്താണ് അങ്ങനെയൊരു പദയാത്ര സംഘടിപ്പിക്കാനുള്ള കാരണം

പാർട്ടി ജനങ്ങളിലേക്കും പ്രവർത്തകരിലേക്കും ഇറങ്ങുകയെന്ന ലക്ഷ്യം വെച്ചാണ് അത് സംഘടിപ്പിച്ചത്. 

vk sreekandan jaijo yathra

അതിന്റെ കാരണം കേന്ദ്രത്തിലെ ബി.ജെ.പിയുടെ ജനവിരുദ്ധനയങ്ങളും സംസ്ഥാനത്ത് ഭരണത്തിലുള്ള ഇടതുപക്ഷ ഭരണത്തിലെ പ്രയാസങ്ങളും ജനങ്ങൾ അഭിമുഖീകരിക്കുമ്പോൾ അവർക്ക് താങ്ങായി തണലായി ഒരു അത്താണിയായി കോൺഗ്രസുണ്ടെന്ന സന്ദേശം അവരിലേക്ക് നേരിട്ട് എത്തിക്കാനുമാണ് പദയാത്ര നടത്തിയത്. 


ഒരുമാസക്കാലം നീണ്ടു നിന്ന 421 കിലോമീറ്റർ പദയാത്രയാണ് 21 വർഷത്തന് ശേഷം കോൺഗ്രസിനെ വീണ്ടും അവിടെ വിജയിക്കാൻ സാഹചര്യമുണ്ടാക്കിയത്. 


അത് നിലനിൽത്തിയത് രാഷ്ട്രീയത്തിനതീതമായി ഇടപഴകി പ്രവർത്തിച്ചതു കൊണ്ട് കൂടിയാണ്. കഴിഞ്ഞ തവണ ആറിരട്ടി ഭൂരിപക്ഷത്തിന് കോൺഗ്രസ് ജയിക്കാനുള്ള സാഹചര്യം ഈയൊരു ബന്ധമാണ്. 

? ആദ്യമായി പാർട്ടി തന്നത് നിയമസഭ സീറ്റാണ്. പക്ഷേ എംപി ആയി. ഇനിയും നിയമസഭയിൽ മത്സരിക്കണമെന്ന് തോന്നിയിട്ടില്ലേ ? ഏതെങ്കിലും ഘട്ടത്തിൽ അങ്ങനെ ഒരാവശ്യം പാർട്ടി നേതൃത്വത്തോട് ഉന്നയിച്ചിരുന്നോ

ആദ്യമായി ഞാൻ നിയമസഭയിലല്ല നഗരസഭയിലാണ് മത്സരിച്ചത്. തുടർച്ചയായി നാല് തവണ ഷൊർണ്ണൂർ നഗരസഭയിൽ മത്സരിച്ച് ജയിച്ചയാളാണ് ഞാൻ. പിന്നീട് നിയമസഭാ സീറ്റ് നൽകിയെങ്കിലും എനിക്ക് ജയിക്കാൻ കഴിഞ്ഞില്ല. പിന്നീട് രണ്ട് തവണ ലോക്‌സഭാംഗമായി.


ഇനി പാർട്ടിയാണ് ഞാൻ മത്സരിക്കണമോയെന്നും അത് എവിടെ വേണമെന്നും തീരുമാനിക്കേണ്ടത്. പാർട്ടി പറഞ്ഞാൽ വേണമെങ്കിൽ മത്സരിക്കും ഇനി മത്സരിക്കേണ്ടെന്ന് പറഞ്ഞാൽ ഒരു കാരണവശാലും മത്സരിക്കുകയുമില്ല. 


? അങ്ങ് എം.പിയായിരിക്കുന്ന ജില്ലയിൽ യു.ഡി.എഫ് ആകെ ജയിച്ചിരിക്കുന്നത് രണ്ട് സീറ്റിലാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു കോട്ടയെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നയിടത്ത് കൂടുതൽ സീറ്റുകൾ നേടുമോ. പഴയ ചിറ്റൂർ, കൊല്ലങ്കോട്, തൃത്താല, പട്ടാമ്പി ഒക്കെ തിരിച്ചു പിടിക്കുമോ

നിലവിൽ രണ്ട് സീറ്റുകളുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. അതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമാക്കും. 

പാലക്കാട് തിരുത്തും, ജയിക്കും

? പാലക്കാട് മണ്ഡലം ബി.ജെ.പിയുടെ ശക്തി കേന്ദ്രം കൂടിയായാണ് അറിയപ്പെടുന്നത്. അവരാണ് കോർപ്പറേഷൻ ഭരണവും കൈയ്യാളുന്നത്. നിയമസഭയിലും ലോക്‌സഭയിലും ജയിക്കുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് നഗരസഭയിൽ പരാജയപ്പെടുന്നത്

നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങളും പടലപിണക്കങ്ങളുമൊക്കെ ഒരു പരിധി വരെ തോൽവിക്ക് കാരണമായിട്ടുണ്ട്. 


ഇത്തവണ ആ കുറവുകളും തെറ്റുകളുമൊക്കെ തിരുത്തി ശക്തമായി നന്നായി പ്രവർത്തിച്ച് നഗരസഭാ ഭരണവും യു.ഡി.എഫ് പിടിക്കും. നഷ്ടപെട്ട നഗരസഭാ ഭരണം തിരിച്ചു പിടിക്കുകയെന്നുള്ളത് ഞങ്ങളുടെ പ്രാധനപ്പെട്ട ലക്ഷ്യമാണ്. അതിന് വേണ്ടിയുള്ള പ്രവർത്തനത്തിലാണ് ഇപ്പോഴുള്ളത്. 


തൃശൂര്‍ ഡിസിസി ചുമതല എന്‍റെ ഇഷ്ടപ്രകാരമല്ല

? മുമ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷപദവി കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടയാളാണ് താങ്കൾ. ഗ്രൂപ്പായിരുന്നോ അതിന് കാരണമായത് ? പദവി നഷ്ടം താങ്കൾക്ക് വിഷമമുണ്ടാക്കിയിരുന്നോ ? അന്ന് താങ്കൾക്ക് പകരം പ്രസിഡണ്ട് ആയ ആൾ ഇപ്പോൾ സി.പി.എമ്മിലാണ്

ഓരോ കാലഘട്ടത്തിൽ പാർട്ടിയെടുക്കുന്ന ഓരോ തീരുമാനങ്ങളാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാവണം എന്ന് തീരുമാനിച്ച് പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നില്ല ഞാൻ. സംസ്ഥാന പ്രസിഡന്റ് ആകാതിരുന്നത് കൊണ്ട് അന്ന് പാർട്ടി എന്നെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാക്കി. 


സ്വാഭാവികമായും എന്ത് സ്ഥാനം കിട്ടിയാലും എന്തെല്ലാം ഉത്തരവാദിത്വം ഏൽപ്പിച്ചാലും ആത്മാർത്ഥമായി പ്രവർത്തിക്കുകയെന്നതാണ് എന്റെ രീതി. ഞാൻ പാലക്കാട് ഡി.സി.സി പ്രസിഡന്റായി നാലരവർഷം പ്രവർത്തിച്ചയാളാണ്. 


എട്ട് മാസം മുമ്പ് തൃശ്ശൂർ ഡി.സി.സി അദ്ധ്യക്ഷന്റെ ചുമതല നൽകിയപ്പോൾ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. പാലക്കാട് എം.പി എന്ന നിലയിൽ പ്രവർത്തിക്കേണ്ട സാഹചര്യങ്ങളുണ്ട്. 

vk sreekandan-3

പക്ഷേ പാർട്ടിയാണ് തീരുമാനിക്കുന്നതെന്നുള്ളത് കൊണ്ട് തൃശ്ശൂർ ഡി.സി.സി അദ്ധ്യക്ഷന്റെ ചുമതല ഞാൻ ഏറ്റെടുക്കുകയായരുന്നു. ഇന്നാണ് ചുമതല ജോസഫ് ടാജറ്റിന് കൈമാറുന്നത്. എട്ട് മാസക്കാലം ഡി.സി.സി അദ്ധ്യക്ഷനായിരുന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല. 

? തൃശ്ശൂർ ജില്ലയിലെ മൂപ്പിളമ തർക്കങ്ങൾ അവസാനിച്ചുവെന്ന് കരുതാനാവുമോ ? ഒരിക്കൽ യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായിരുന്ന തൃശ്ശൂരിൽ ഒരു തിരിച്ചു വരവിന് സാധ്യത കാണുന്നുണ്ടോ

തീർച്ചയായും. തൃശ്ശൂർ യു.ഡി.എഫിന്റെ ഒരു ശക്തികേന്ദ്രമാണ്. ഇടക്കാലത്ത് സംഭവിച്ച സംഘടനാ വീഴ്ച്ചകളുടെയും വേണ്ടത്ര ഏകോപനമില്ലായ്മയുടെയും കുറവാണ് കഴിഞ്ഞ തവണയൊക്കെ സീറ്റ് നഷ്ടപ്പെട്ടത്. അതൊക്കെ മാറ്റി ഇത്തവണ മികച്ച മുന്നേറ്റം കോൺഗ്രസിനും യു.ഡി.എഫിനും ജില്ലയിലുണ്ടാവും. 

? പാർട്ടി പുന:സംഘടന കൃത്യമായി നടക്കാത്തത് സംഘടനാ പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലേ ? പാലക്കാട്ടെ പല നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് പ്രവർത്തനം ഇല്ലാതായില്ലേ

കോൺഗ്രസിലെ പുന:സംഘടനയെ മറ്റ് പാർട്ടികളുടേത് പോലെ കാണരുത്. ഓരോ സാഹചര്യവും സന്ദർഭവും മനസിലാക്കി വളരെ കൂട്ടായ ആലോചനകളും ചർച്ചകളുമൊക്കെ നടന്നാലാണ് പുന:സംഘടനയെന്ന് പറയുന്ന പ്രക്രിയ പൂർത്തീകരിക്കാനാവുക. 

ഇപ്പോൾ ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പലയിടത്തും പൊട്ടിത്തെറിയാണ്. പാലക്കാട് സംഘടനാ രംഗത്ത് തീരെ അഭിപ്രായമില്ലാത്ത വ്യക്തിയെയാണ് ജില്ലാ പ്രസിഡന്റാക്കിയത്. ഏറ്റവും കുറവ് വോട്ട് കിട്ടിയതും ഇദ്ദേഹത്തിനായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. 


വിചിത്രമായ തീരുമാനങ്ങളെടുക്കുന്ന ബി.ജെ.പിക്കും ഏകപക്ഷീയമായി ഭാരവാഹികളെ തീരുമാനിച്ച് പ്രഖ്യാപിക്കുന്ന സ.പി.എമ്മിന്റെ നയവും കോൺഗ്രസിൽ നിന്നും വ്യത്യസ്തമാണ്. കോൺഗ്രസിൽ എല്ലാവരുമായും ആലോചിച്ചും ചർച്ചകൾ നടത്തിയിട്ടുമാണ് പുന:സംഘടന നടക്കുക. എല്ലാവരെയും വിശ്വാസത്തിലെടുത്തും ഉൾക്കൊണ്ടും ആർക്കും പരിക്കില്ലാതെ പുന:സംഘടന പൂർത്തിയാക്കും. 


കൂടിയാലോചനകളിലൂടെയും സമവായത്തിലൂടെയുമാണ് പാർട്ടിയിൽ സ്ഥാനമാനങ്ങൾ നിശ്ചയിക്കുക. അതിന്റെ ഒരു കാലതാമസമുണ്ടാവും. 

ആ ഗ്രൂപ്പല്ല ഇപ്പോള്‍

? സംസ്ഥാന കോൺഗ്രസിൽ ഇപ്പോൾ ഗ്രൂപ്പില്ലെന്നാണ് പറയുന്നത് ? നേതാക്കൾ തമ്മിലുള്ള എകോപനത്തിലും പാർട്ടിയുടെ സംഘടനാ തലത്തിലും ഇത് ഗുണകരമായ മാറ്റം സൃഷ്ടിച്ചിട്ടുണ്ടോ ? താഴേത്തട്ടിൽ പ്രവർത്തനം കാര്യക്ഷമമാണോ

പാർട്ടിയിൽ പഴയതു പോലെ ഒരു തരത്തിലുമുള്ള ഗ്രൂപ്പ് തീവ്രതയുമില്ല. വ്യത്യസ്തമായ ചില അഭിപ്രായങ്ങളുള്ളവരെ ഗ്രൂപ്പായി ചിത്രീകരിക്കുകയാണ്. നേതാക്കൻമാരോട് ആഭിമുഖ്യവും അടുപ്പവുമുള്ളവരെ ആ ഗ്രൂപ്പുകാരായി മുദ്രകുത്തുകയാണ്. 

പക്ഷേ ആത്യന്തികമായി എല്ലാ നേതാക്കൻമാരും പ്രവർത്തകരും പാർട്ടിക്ക് വഴങ്ങി പ്രവർത്തിക്കുന്ന സ്ഥിതിയാണുള്ളത്. വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസമൊന്നും നിലവിൽ കേരളത്തിലെ കോൺഗ്രസിലില്ല. 

? യു.പി സ്‌കൂൾ പഠനകാലത്ത് ഗണേശ് ഗിരി സ്‌കൂളിൽ നിന്നും കെ.എസ്.യു കൊടിപിടിച്ചു തുടങ്ങിയ വ്യക്തിയാണ് താങ്കൾ. ഒരു കാലത്ത് പഠനത്തിനപ്പുറം രാഷ്ട്രീയത്തിന്നായിരുന്നു പ്രാധാന്യം നൽകിയതെന്നും കേട്ടിട്ടുണ്ട്. അന്നൊക്കെ താങ്കളുടെ മാതാപിതാക്കളുടെ പിന്തുണ ലഭിച്ചിരുന്നോ 

അച്ഛനും അമ്മയ്ക്കും രാഷ്ട്രീയത്തിനോട് അങ്ങനെ താൽപര്യമുണ്ടായിരുന്നില്ല. സാധാരണ കുടുംബമായിരുന്നു. മക്കളൊക്ക നന്നായി വളരണമെന്ന നിർബന്ധമുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ വലിയ ആളാകണമെന്നൊന്നും അവർ ആഗ്രഹിച്ചിട്ടില്ല. 

അവർക്ക് രാഷ്ട്രീയം ഒട്ടും ഇഷ്ടമല്ലായിരുന്നു. പിന്നെ സ്വാഭാവികമായി എന്റെ നിർബന്ധത്തിന് വഴങ്ങി അവർ അനുകൂലിക്കുകയാണ് ചെയ്തിട്ടുള്ളത്. അവർക്ക് മറ്റാഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്റെ വഴിയിതാണെന്ന് കണ്ടപ്പോൾ സ്വാഭാവികമായി മൗനാനുവാദം തരുകയും പിന്തുണ നൽകുകയും ചെയ്തു. 

അല്ലാതെ അവർക്ക് ഇതിലൊരു റോളുമില്ല. സ്വാഭാവികമായും തിരഞ്ഞെടുപ്പിൽ നിന്ന് ജയിക്കുമ്പോൾ സന്തോഷവും എല്ലാവരുമായി ഇടപഴകുമ്പോഴുള്ള സൗഹൃദവും ഉണ്ടാവുമ്പോൾ അവർക്ക് വലിയ സന്തോഷമായിരുന്നു. 

തുളസി മല്‍സരിക്കുമോ ? പാര്‍ട്ടി പറയും 

? താങ്കൾ മത്സരിക്കും മുമ്പേ ലോക്‌സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും മത്സരിച്ച ആളാണ് ഡോ. കെ എ തുളസി ടീച്ചർ. പക്ഷേ അവർക്കൊരു ജനപ്രതിനിധിയാകാൻ കഴിഞ്ഞില്ല. തുളസി ടീച്ചർ ഇനിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരീക്ഷണത്തിനിറങ്ങുമോ


ഞാൻ വിവാഹം കഴിക്കും മുമ്പ് തന്നെ അവർ അസംബ്ലിയിലും പാർലമെന്റിലുമൊക്കെ മത്സരിച്ചയാളാണ്. അവർക്ക് അവരുടേതായ ഇടമുണ്ട്. അതുകൊണ്ടാണ് പാർട്ടി അവരെ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയാക്കിയിരിക്കുന്നത്. 


k.a thulasi teacher

ഇനി നാളെ പാർട്ടി ഭാരവാഹിയാകണോ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്നൊക്കെ അന്തിമമായി തീരുമാനിക്കേണ്ടത് പാർട്ടിയാണ്. അക്കാര്യത്തിലൊന്നും എന്റേതായ ഒരഭിപ്രായത്തിന് പ്രസക്തിയില്ല. 

അവർ പ്രവർത്തിച്ചാൽ അതിനുള്ള അംഗീകാരം അവർക്ക് കിട്ടും. ഏത് ഖേലയിൽ അവർ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയായിരിക്കും. അതിൽ നമ്മുക്ക് ഒരു നിർബന്ധ ബുദ്ധിയുമില്ല.

Advertisment