/sathyam/media/media_files/2025/03/22/HqoOVN07TgSNIndBdG1B.jpg)
രാജ്യത്തെ മാധ്യമ പ്രവര്‍ത്തന മേഖലയെ ഈ കാലഘട്ടത്തിലും 2014 നു മുന്‍പും പിന്‍പും എന്ന് വിശേഷിപ്പിക്കാന്‍ ധൈര്യം കാണിച്ച ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് 'ദ ടെലഗ്രാഫ്' മുന്‍ പത്രാധിപര്‍ ആര്‍ രാജഗോപാല്‍.
അന്തസുള്ള ഒരു 'എഡിറ്റര്‍' ആയിരിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെ, വിരമിക്കാന്‍ 4 വര്‍ഷങ്ങള്‍ കൂടി ശേഷിക്കെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പത്രാധിപരുടെ കസേരയില്‍ നിന്നും രാജിവച്ചിറങ്ങിയ പത്രാധിപരാണ് രാജഗോപാല്‍.
1996 ല്‍ തുടങ്ങി 30 വര്‍ഷക്കാലം ടെലഗ്രാഫില്‍ രാജഗോപാലിന്‍റെ കാലഘട്ടമായിരുന്നു. പക്ഷേ 2014 നു ശേഷം ഇനി എത്രകാലം ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം ഉണ്ടാകും എന്ന ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.
രാജ്യത്ത് മാധ്യമപ്രവര്‍ത്തനം നേരിടുന്ന അപചയത്തെക്കുറിച്ച് ആര്‍ രാജഗോപാല്‍ സത്യം ഓണ്‍ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ അരവിന്ദ് ബാബുവുമായി നടത്തിയ സംഭാഷണത്തിന്‍റെ ഒന്നാം ഭാഗം ...
?. പത്രാധിപർ എന്ന നിലയിൽ എക്കാലത്തും ടെലിഗ്രാഫിന്റെ ഉടമസ്ഥരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും എഡിറ്റോറിയൽ വിഷയങ്ങളിൽ അങ്ങനെ പ്രത്യേകമായ ഇടപെടൽ ഉണ്ടായരുന്നില്ലെന്നും താങ്കൾ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് താങ്കൾ എഡിറ്റർ അറ്റ് ലാർജ് പദവിയിലേക്ക് എത്തപ്പെട്ടത് ? താങ്കൾക്കെതിരെ രാജ്യം ഭരിക്കുന്നവരുടെ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് പുറത്തുള്ള റിപ്പോർട്ടുകൾ
അങ്ങനെ പലരും പറയുന്നുണ്ട്. പക്ഷേ എനിക്ക് തെളിവില്ലാതെ അങ്ങനെ പറയാനാവില്ല. അറിയാവുന്നത് മാത്രമാണ് പറയാനാവുക. മാനേജ്‌മെന്റ് എന്നോട് പറഞ്ഞത് ടെലിഗ്രാഫിന്റെ പ്രധാന വായനക്കാർക്ക് (കോർ റീഡർഷിപ്പിന്) എന്റെ എഡിറ്റോറിയൽ രീതിയോട് താൽപര്യമില്ല. അതിൽ അവർക്ക് വളരെ ഉത്കണ്ഠയുണ്ട് എന്നാണ്.
വാർത്തകൾ ഉച്ചത്തിൽ വിളിച്ചു പറയുന്ന എന്റെ രീതിയോട്, തലക്കെട്ടുകൾക്ക് ഉപയോഗിക്കുന്ന വാചകങ്ങളോട്, അതിന് വലിയ തരത്തിലുള്ള ഫോണ്ട് ഉപയോഗിക്കുന്നതിനോട് എപ്പോഴും ടെലിഗ്രാഫിനൊപ്പം നിന്നിട്ടുള്ള വായനക്കാർക്ക് എതിർപ്പുണ്ടെന്ന് എന്നോട് പല തവണ പറഞ്ഞിട്ടുണ്ട്.
ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളിൽ ഇങ്ങനെയാണ് പത്രപ്രവർത്തനം നടത്തേണ്ടത് എന്നാണ് ഞാൻ കരുതുന്നതെന്നായിരുന്നു എന്റെ എപ്പോഴുമുള്ള മറുപടി. മനേജ്‌മെന്റുമായി അങ്ങനെ വഴക്കോ പ്രശ്‌നങ്ങളോ ഒന്നുമില്ലായിരുന്നു. 2023 സെപ്റ്റംബർ അവസാനമാണ് എഡിറ്റർ സ്ഥാനത്ത് നിന്ന് എന്നെ നീക്കുന്നത്.
അതിന് രണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ ഞാനും മാനേജ്‌മെന്റുമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. കൊവിഡിന്റെ സമയമായതിനാൽ വർക്ക് ഫ്രം ഹോമായി ഞാൻ കേരളത്തിൽ ഇരുന്നാണ് അപ്പോൾ ജോലി ചെയ്തിരുന്നത്. പത്രത്തിന്റെ നിലവിലെ ശൈലി മാറ്റി കെട്ടിലും മട്ടിലും മാറ്റം വരുത്തി പുതുമ കൊണ്ട് വരുന്നതിനെപ്പറ്റിയായിരുന്നു ചർച്ച.
ഞാൻ തന്നെ അത് ചെയ്യണമെന്ന തരത്തിലായിരുന്നു ചർച്ചകൾ ഉണ്ടായിരുന്നത്. എന്നാൽ ദിവസേനയുള്ള ജോലിക്കൊപ്പം അതുകൂടി ചെയ്യാനാവില്ലെന്നായിരുന്നു എന്റെ പക്ഷം. തന്നെയുമല്ല പത്രത്തിന്റെ രൂപഭാവങ്ങളിൽ മാറ്റം വരുത്താൻ അതിൽ പ്രാഗത്ഭ്യമുള്ളവരെ കൊണ്ടുവരണമെന്നും ഞാൻ അറിയിച്ചിരുന്നു.
അങ്ങനെ മാറ്റം വരുന്ന പത്രത്തിന്റെ പുതിയ ശൈലിയുമായി എനിക്ക് യോജിക്കാനാവുന്നില്ലെങ്കിൽ നിങ്ങൾ മറ്റാരെയെങ്കിലും കണ്ടെത്തിക്കോളൂയെന്നും ഞാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് നിങ്ങൾ തന്നെ ചെയ്താൽ മതിയെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ അത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയില്ല.
സെപ്റ്റംബർ അവസാനം എന്നോട് അവിടെ ചെല്ലാൻ പറഞ്ഞിരുന്നു. പത്രം പുനരാവിഷ്‌ക്കരിക്കാൻ (റീലോഞ്ച്) ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. അത് ഒരു പുതിയ എഡിറ്ററുടെ കീഴിൽ വേണമെന്നായിരുന്നു അവരറിയിച്ചത്. അത് ഞാൻ അംഗീകരിക്കുകയായിരുന്നു. ഇതായിരുന്നു സംഭവിച്ചത്. ഇതിന് പിന്നിൽ രാഷ്ട്രീയമായി എന്തെങ്കിലും സംഭവിച്ചിരുന്നോ എന്നതിന് എന്റെ പക്കൽ തെളിവുകളില്ല.
എന്റെ പത്രപ്രവർത്തന രീതിയിൽ വായനക്കാർ വളരെ പ്രക്ഷുബ്ധരായിരുന്നു എന്നാണ് എനിക്ക് ഫോണിലും നേരിട്ടും കിട്ടിയ പ്രതികരണങ്ങൾ. രാജ്യം നിലവിൽ കടന്നു പോകുന്ന സ്ഥിതിയിൽ വായനക്കാരെ സന്തോഷിപ്പിക്കുകയെന്നതല്ല ഒരു എഡിറ്റർ ചെയ്യേണ്ടതെന്നായിരുന്നു എന്റെ പക്ഷം.
എന്റെ തീരുമാനങ്ങളിൽ എനിക്ക് ഒരു തരത്തിലുള്ള ഖേദവുമില്ല. അതുകൊണ്ട് തന്നെ എനിക്ക് ഒരു രക്തസാക്ഷി പരിവേഷവും ഇല്ല. ചില എഡിറ്ററുമാരെ സർക്കാരിന്റെ സമ്മർദ്ദം മൂലമാണ് മാറ്റിയതെന്ന് പറയാറുണ്ട്. എന്റെ കാര്യത്തിൽ അതിന് തെളിവില്ല. അതില്ലാതെ സംസാരിച്ചിട്ട് കാര്യമില്ല.
?. ഏതെങ്കിലും റിപ്പോർട്ടിന്റെയോ തലക്കെട്ടിന്റെയോ പേരിൽ ജീവനോ തൊഴിലിനോ ഭീഷണി വന്നിട്ടുണ്ടോ ? ഉണ്ടെങ്കിൽ അത് ആരിൽ നിന്നായിരുന്നു
ജീവന് ഭീഷണി ഉണ്ടായിട്ടില്ല. ഫോൺ വിളിച്ച് പലരും പല കാര്യങ്ങളും പറയാറുണ്ട്. അത് ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി പുറത്ത് പോകുക എന്ന ശൈലിയായിരുന്നു എന്റേത്. ഒരുതവണ ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന ബബുൽ സുപ്രിയ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസഹമന്ത്രി സ്ഥാനമായിരുന്നു അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
2019 സെപ്റ്റംബറിൽ കൽക്കട്ടയിലെ ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിൽ മന്ത്രിയും കുട്ടികളുമായി പ്രശ്‌നമുണ്ടായി. ഉന്തും തള്ളും വരെയായി. ഗവർണര്‍ അവിടെ ചെന്നാണ് അദ്ദേഹത്തെ അന്ന് രക്ഷിച്ച് കൊണ്ട് പോയത്. മന്ത്രിയാണ് അവിടെ പ്രശ്‌നമുണ്ടാക്കിയതെന്നായിരുന്നു അന്ന് ഞങ്ങൾക്ക് കിട്ടിയ വിവരം.
വിദ്യാർത്ഥികൾ അദ്ദേഹത്തെ ഘരാവോ ചെയ്യുകയും മർദ്ദനത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുകയും ചെയ്തപ്പോഴാണ് ഇന്ന് ഉപരാഷ്ട്രപതിയായിരിക്കുന്ന അന്നത്തെ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ അവിടെയെത്തി അദ്ദേഹത്തെ രക്ഷിച്ചുകൊണ്ട് പോയത്. പക്ഷേ അതിന് ശേഷം പ്രശ്‌നമുണ്ടാക്കിയ ആൾ പെട്ടെന്ന് ഇരയായി മാറി. മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷാവസ്ഥയായിരുന്നു.
രാവിലെ പ്രകോപനപരമായ പ്രസംഗം നടത്തി കാര്യങ്ങളെ സംഘർഷത്തിലേക്ക് എത്തിച്ച മന്ത്രി വൈകിട്ട് ഇരവാദവുമായി രംഗത്ത് വന്നു. അത് ശരിയായ നടപടിയല്ല എന്ന് തോന്നി. ബബുൽ എന്ന പേരിനൊപ്പം ഒരു 'എൽ' കൂടി ചേർത്ത് ബബുൾ (BABULL AT JU) എന്നാക്കിയായിരുന്നു അന്ന് തലക്കെട്ട് നിർമ്മിച്ചത്. അത് ഇദ്ദേഹത്തെ വളരെയധികം പ്രകോപിപ്പിച്ചു.
അത് പറഞ്ഞ് അദ്ദേഹം കേസ് കൊടുക്കുകയോ ആശയവിനിമയത്തിന് ശ്രമിക്കുകയോ ചെയ്തില്ല. മറിച്ച് അദ്ദേഹം ട്വിറ്ററിൽ ടെലിഗ്രാഫിനെതിരെ വ്യാജാേരാപണം ഉന്നയിച്ചു. അദ്ദേഹത്തെപ്പറ്റി വേറെ ഏതോ മാദ്ധ്യമങ്ങൾ എഴുതിയ വ്യാജവാർത്ത ടെലിഗ്രാഫിലാണ് വന്നതെന്ന തരത്തിലായിരുന്നു ആരോപണം. ഞങ്ങൾ അതേപ്പറ്റി വിശദമായി അന്വേഷിച്ചു.
അങ്ങനെ ഒരു വാർത്ത ഞങ്ങൾ ഓൺലൈനിലടക്കം എവിടെയും ചെയ്തിട്ടില്ലെന്നും വാർത്തയ്ക്ക് ഞങ്ങളുമായി യാതൊരു ബന്ധമില്ലെന്നും ബോധ്യപ്പെട്ടു. അതിന് ശേഷം അദ്ദേഹം ഞങ്ങളുടെ ചീഫ് റിപ്പോർട്ടറെ വിളിച്ച് എന്റെ നമ്പർ എടുത്തു. അദ്ദേഹത്തിന്റെ വിളി എത്തിയത് ലാന്റ് ലൈനിലാണ്.
അന്ന് എഡിറ്റ് മീറ്റിംഗ് തുടങ്ങുന്ന സമയമായിരുന്നു. എനിക്കൊപ്പം സഹപ്രവർത്തകരും മുറിയിലുണ്ടായിരുന്നു. ഫോണിലൂടെ എന്നെ മന്ത്രി ചീത്ത വിളിക്കുകയായിരുന്നു. ചീത്ത എന്ന് പറഞ്ഞാൽ പച്ച തെറി. മൂന്ന് തലമുറയ്ക്ക് മുമ്പുവരെ വിളിച്ചു. തൃണമൂൽ കോൺഗ്രസിൽ നിന്നും പണംവാങ്ങി ബി.ജെ.പിക്കെതിരെ വാർത്ത ചെയ്യുന്നുവെന്നായിരുന്നു പ്രധാന ആരോപണം.
മറ്റുള്ളവർക്ക് കേൾക്കാൻ പറ്റുന്നില്ലെങ്കിലും എന്റെ മുഖഭാവം കൊണ്ട് അവർക്ക് കാര്യങ്ങൾ മനസിലായിരുന്നു. ഫോൺ താഴെ വെച്ച ശേഷം അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു. അദ്ദേഹത്തെ വിളിച്ച് ഞാൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു അത്. അതുവെച്ച് പിറ്റേന്ന് മുഖപേജിൽ ഒരു വാർത്തയെഴുതി.
എന്റെ ഭാഗവും ഉൾപ്പെടുത്തി. വലിയ ചർച്ചാവിഷയമായിരുന്നു. ഞാൻ ചീത്ത വിളിച്ചുവെന്ന് പറഞ്ഞ് എന്റെ പേരിൽ കേസ് കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ആകാം എന്നും പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് ഒന്നുമുണ്ടായില്ല.
രസകരമായി സംഭവമുണ്ടായത് പിന്നീടാണ്. ഇദ്ദേഹത്തെ മോദി പിന്നീട് മന്ത്രിസഭയിൽ നിന്നും പുറത്താക്കി. അദ്ദേഹം നേരെ പോയി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഞാൻ തൃണമൂലിന്റെ കയ്യിൽ നിന്നും പണം പറ്റി എന്ന് ആരോപിച്ചയാൾ ഇപ്പോ തൃണമൂൽ സർക്കാരിലെ മന്ത്രിയാണ്. അദ്ദേഹം അന്ന് മത്സരിച്ചത് എന്റെ കൂടി നിയോജകമണ്ഡലത്തിലായിരുന്നു. ഭാഗ്യത്തിന് ആ സമയത്ത് ഞാൻ കേരളത്തിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്യേണ്ടി വന്നില്ല.
പ്രസ് കൗൺസിൽ പലതവണ തലക്കെട്ടുകളുടെ പേരിൽ എന്നെ താക്കീത് ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയെ ബഹുമാനിക്കുന്നില്ല, ഡൽഹി കലാപം നടന്നപ്പോൾ പത്രത്തിന്റെ തലക്കെട്ട് ഇട്ടത് ശരിയായ രീതിയിലായിരുന്നില്ല എന്നൊക്കെയായിരുന്നു വാദങ്ങൾ. അതിൽ എനിക്ക് ഒരു പ്രശ്‌നവുമില്ല.
?. മാനേജ്മെന്‍റ് വിമര്‍ശിച്ചിരുന്നു എന്നാണല്ലോ പറഞ്ഞത്. മുമ്പ് എടുത്ത എഡിറ്റോറിയൽ തീരുമാനങ്ങളിൽ ഏതെങ്കിലും തെറ്റിപ്പോയി എന്ന് തോന്നിയിരുന്നോ
ഒരിക്കലുമില്ല. അവ പൂർണ്ണമായും ശരിയായിരുന്നു എന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്. എന്നാൽ ചില വാർത്തകൾ വേണ്ട രീതിയിൽ അതിന്റെ പ്രാധാന്യത്തോടെ കൊടുക്കാൻ സാധിച്ചിട്ടില്ല. ഉദാഹരണത്തിന് ഡൽഹിയിലെ നിർഭയ വിഷയം. ആദ്യ നാളുകളിൽ ഒരു കൽക്കത്ത പത്രമെന്ന നിലയിൽ, അത് ഡൽഹി വാർത്തയെന്ന നിലയിലാണ് ഞങ്ങൾ അതിനെ കണ്ടത്.
അതിന്റെ പേരിൽ പിന്നീട് ഒരുപാട് വിമർശനം നേരിടേണ്ടി വന്നു. അന്ന് യു.പി.എയാണ് ഭരിക്കുന്നത്. ആദ്യം അവിടെ ജനങ്ങളുടെ ന്യായമായ രോഷമായിരുന്നു പ്രകടമായിരുന്നത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതിലും രാഷ്ട്രീയം കലർന്നു. വർഗീയ ശക്തികൾ അതിൽ നുഴഞ്ഞു കയറി. അതുകൊണ്ടാണ് അന്ന് പിന്നോട്ട് വലിഞ്ഞത്. അത് തെറ്റായെന്ന് എനിക്ക് തോന്നുന്നില്ല.
പക്ഷേ ആ തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നു. രാജ്യത്തിന്റെ സ്വത്തായ പൗരയെ ഹീനകൃത്യത്തിന് വിധേയമാക്കുമ്പോൾ ഉണ്ടാവുന്ന ജനരോഷത്താൽ എത്ര രാഷ്ട്രീയം കലർന്നാലും അത് കൊടുക്കേണ്ടതായിരുന്നു. അതിനെ പൂർണ്ണമായും എനിക്ക് ന്യായീകരിക്കാനാവില്ല. അത് എഡിറ്റോറിയൽ തീരുമാനമായിരുന്നില്ല. പക്ഷേ വാർത്ത എങ്ങനെ നൽകണമെന്നത് സംബന്ധിച്ചുള്ള തീരുമാനമായിരുന്നു.
2014 അർണബ് ഗോസ്വാമി രാഹുൽ ഗാന്ധിയുമായി അഭിമുഖം നടത്തിയിരുന്നു. അങ്ങനെ ഒരു അഭിമുഖം രാഹുൽ ഗാന്ധി കൊടുക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
അഭിമുഖത്തിന് ശേഷമുള്ള ഞങ്ങളുടെ റിപ്പോർട്ട് രാഹുൽ ഗാന്ധിയെ നിശിതമായി വിമർശിച്ചും കളിയാക്കി കൊണ്ടുമായിരുന്നു. അത് പിന്നീട് രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ വളർച്ച നോക്കുമ്പോൾ അദ്ദേഹത്തോട് നീതി കാട്ടിയില്ല എന്ന ഒരു തോന്നലുണ്ട്.
?. തലക്കെട്ടുകളിലൂടെയുള്ള പ്രസിദ്ധിയാണ് ടെലിഗ്രാഫിന്റെ പ്രത്യേകത. ഭൂരിഭാഗം സമയങ്ങളിലും നിശിത വിമർശനമായിരിക്കും. തലക്കെട്ടുകളിലൂടെ വാർത്ത വായിക്കാനുള്ള ജിജ്ഞാസ കൂട്ടുകയാണോ അതോ വിമർശനത്തിന്റെ മൂർച്ച ഏറ്റവും വർധിപ്പിക്കുകയാണോ ലക്ഷ്യം വെച്ചിരുന്നത്
രണ്ട് കാര്യങ്ങളുണ്ട് അതിൽ. ഒന്ന് ഞങ്ങളുടെ നിസ്സഹായതയിൽ നിന്നു കൂടിയാണ് തലക്കെട്ടുകളുടെ ഉത്ഭവം. ടെലിഗ്രാഫിന്റെ ഒരു പോരായ്മയായി ഞാനുൾപ്പെടെയുള്ളവർ കാണുന്നത്, ഞങ്ങൾ അധികം സ്‌റ്റോറികൾ ഒന്നും ബ്രേക്ക് ചെയ്യാറില്ല എന്നതാണ്. അതിനുള്ള സ്രോതസുകൾ ഉണ്ടായിരുന്നില്ല.
പലപ്പോഴും ഈ പത്രം വേറിട്ട് നിന്നത് കൽക്കത്ത നഗരത്തെ കുറിച്ചുള്ള കവറേജിലായിരുന്നു. ദേശീയ തലത്തിൽ രാഷ്ട്രീയ വാർത്തകൾ ബ്രേക്ക് ചെയ്യുന്നത് കുറവായിരുന്നു. കൂടുതലും രാഷ്ട്രീയ വിശകലനങ്ങളാണ് ആളുകൾ പ്രതീക്ഷിച്ചിരുന്നത്.
അതുകൊണ്ട് തന്നെ ആളുകൾ ശ്രദ്ധിക്കുന്നില്ലെന്ന വിലയിരുത്തലുമുണ്ടായിരുന്നു. അതുമാത്രമല്ല 2001 കാലഘട്ടത്തിൽ ടൈംസ് ഓഫ് ഇന്ത്യ കൽക്കത്തയിൽ എഡിഷീൻ തുടങ്ങുകയും ചെയ്തു. ലേഔട്ടും അച്ചടിയും കൊണ്ട് വേറിട്ട ചാരുത എപ്പോഴും ടെലിഗ്രാഫിന് ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയും കെട്ടിലും മട്ടിലും മികച്ച് നിന്നു.
അങ്ങനെയിരിക്കെ വായനക്കാരുടെ ഇടയിൽ നമ്മൾ നടത്തിയ സർവ്വേയിലൂടെ ഒരു കാര്യം മനസിലായി. അവർ വായിച്ച വാർത്ത ഏത് പത്രത്തിലാണെന്ന് പലർക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. രണ്ട് പത്രവും വരുത്തുന്നവരായിരുന്നു വായനക്കാർ. എല്ലാ പത്രങ്ങളുടെയും മുഖപേജ് ഒരുപോലെയിരിക്കും. മലയാളത്തിലും ഈ കുഴപ്പമുണ്ട്.
അന്ന് പത്രങ്ങൾക്ക് ഉണ്ടായിരുന്ന ഈ പ്രതിസന്ധി മറികടക്കാനാണ് തലക്കെട്ടുകൾ വേറിട്ടതാക്കാൻ തീരുമാനിച്ചത്. തലക്കെട്ടുകളിലൂടെ വായനക്കാരുമായി ആശയവിനിമയം നടത്താൻ കഴിയുമെന്നായിരുന്നു വിലയിരുത്തല്‍.
ഇംഗ്ലീഷ് പത്രങ്ങളെ കുറിച്ച് സാധാരണ നിലയിൽ രാഷ്ട്രീയക്കാർ അലോസരപ്പെടാറില്ല. വളരെ കുറഞ്ഞ ശതമാനം ആളുകളിലേക്കാണ് ഇത് എത്തുന്നത്. പക്ഷേ നിലവിലെ മോദി ഭരണത്തെയടക്കം വിമർശിച്ചുകൊണ്ടുള്ള ഈ തലക്കെട്ടുകൾ പത്രത്തിന്റെ പേജടക്കം, പല ഹിന്ദി വെബ്‌സൈറ്റുകളും അവരുടെ യൂട്യൂബ് ചാനലുകളിൽ കാണിച്ചത് അവർക്ക് പ്രശ്‌നമായി.
ടെലിഗ്രാഫിന്റെ മാത്രമല്ല പല പത്രങ്ങളുടെ പേജുകളും ഇങ്ങനെ കാണിച്ചിരുന്നു. അവർ അതിനെ കാഴ്ച്ചക്കാർക്ക് ലളിതമായി വിവരിച്ച് കൊടുക്കാൻ തുടങ്ങിയതോടെയാണ് പല ഭരണാധികാരികൾക്കും തലക്കെട്ട് അലോസരം സൃഷ്ടിച്ചത്.
?. സത്യാനന്തരകാലമെന്നാണ് ഈ കാലത്തെ ചില രാഷ്ട്രീയനേതാക്കളും മാദ്ധ്യമപ്രവർത്തകരും വിളിക്കുന്നത്. എന്താണ് ഈ സത്യാനന്തരകാലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് എത്രമാത്രം ശരിയായ ഒരു പ്രസ്താവനയാണ്
ഇന്ന് നമുക്കിടയിലുള്ള ഒരു പ്രശ്‌നത്തെ ഉയർത്തിക്കാട്ടാനായി ആ വാക്ക് സഹായിച്ചിട്ടുണ്ടെങ്കിൽ അത് നല്ലത് തന്നെയാണ്. പക്ഷേ ഈ കാലത്തെ അങ്ങനെ അടയാളപ്പെടുത്തുന്നത് ശരിയാണോ എന്നത് എനിക്കറിയില്ല. നുണപ്രചാരണം എപ്പോഴുമുണ്ടായിട്ടുണ്ട്. വളരെ സങ്കീർണ്ണമായ ഒരു വിഷയമാണിത്. സത്യത്തിന് ശേഷമുള്ള കാലം എന്നാണ് അതിനെ ഞാൻ മനസിലാക്കുന്നത്.
പത്രക്കാരനെന്ന നിലയിൽ പറയുകയാണെങ്കിൽ, ഒരു സംഭവമുണ്ടായ ശേഷം ആറോ, ഏഴോ മണിക്കൂറാണ് ഒരു വാർത്ത തയ്യാറാക്കാൻ നമ്മുക്ക് ലഭിക്കുന്നത്. ഇനി രാവിലെ സംഭവിച്ചാൽ പോലും ഏറ്റവും കൂടുതൽ 12 മണിക്കൂർ ലഭിക്കുമായിരിക്കും. അതിനുള്ളിൽ കാര്യങ്ങൾ മനസിലാക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഈ സമയത്തിനുള്ളിൽ സത്യം കണ്ടെത്താനോ പറയാനോ പര്യാപ്തമല്ല. സത്യത്തിന് പല വശങ്ങളുമുണ്ട്.
രണ്ടാമത്തെ ദിവസം വരുമ്പോഴേക്കും തലേന്നത്തെ സത്യമായിരിക്കണമെന്നില്ല അപ്പോഴത്തെ സത്യം. ഒരു വാർത്ത കേൾക്കുമ്പോൾ നമ്മുക്കുള്ളിൽ രാഷ്ട്രീയമായി അന്തർലീനമായുള്ള ഒരു പക്ഷപാതമുണ്ട്. അത് ഇടതുപക്ഷത്തിനെതിരാവാം, ബി.ജെ.പിക്കെതിരാവാം, കോൺഗ്രസിനുമെതിരാവാം.
ബി.ജെ.പിക്കെതിരെ ഒരു വാർത്ത പെട്ടെന്ന് കേൾക്കുമ്പോൾ അത് ശരിയാണെന്ന് ആദ്യം തന്നെ ഞാൻ വിശ്വസിക്കുന്നത് ഇതുകൊണ്ടാണ്. ഇത് ഒരു വലിയ പ്രശ്‌നമാണ്. ഇത് മന:പൂർവ്വം ചെയ്യുന്നതാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നാൽ ഈ പക്ഷപാതിത്വം മാറ്റിവെച്ച് പത്രപ്രവർത്തനം നടത്തണം.
നമ്മുക്ക് ഒരു കാര്യം അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയുന്ന ശൈലി ഏതെങ്കിലും പത്രത്തിൽ കണ്ടിട്ടുണ്ടോ ? ഒരു പത്രപ്രവർത്തകനെ സംബന്ധിച്ച് അയാളുടെ സ്വാഭാവിക പരിമിതികളില്‍ നിന്നു നോക്കിയാൽ 98 ശതമാനം കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കില്ല. അവനവൻ കൈകാര്യം ചെയ്യുന്ന ബീറ്റിനെ കുറിച്ച് തന്നെ പൂർണ്ണമായി അറിവുണ്ടാവണമെന്നില്ല.
അത് എവിടെയെങ്കിലുമൊക്കെ അംഗീകരിക്കാൻ തയ്യാറാവണം. അറിയില്ല എന്ന് വായനക്കാരോട് പറയുന്നത് വലിയ കാര്യമാണ്. ഒരു ആരോപണം ഉന്നയിക്കപ്പെട്ടാൽ അത് ആരോപണമാണെന്നും ഇതുവരെ അതിനെ സാധൂകരിക്കുന്ന തെളിവ് കൊണ്ടുവന്നിട്ടില്ലെന്നും അത് കൊണ്ട് ഈ വാർത്തയിൽ ഞങ്ങൾക്ക് തീർച്ചയില്ലെന്നും പറയാനാവണം. അതിനുള്ള ആർജ്ജവം പത്രങ്ങൾ കാണിക്കണം.
സത്യം മാത്രമേ പത്രമാദ്ധ്യമങ്ങൾ പറയാവൂ എന്ന വാദം പ്രായോഗികമല്ല. കാരണം ഒരു വാർത്തയെ സംബന്ധിച്ച് എന്താണ് സത്യം എന്നത് മനസിലാക്കാൻ ഏറെ സമയമെടുക്കും. വാർത്തയുടെ സത്യങ്ങൾ മാറിക്കൊണ്ടിരിക്കും. അങ്ങനെ വസ്തുത കണ്ടെത്താൻ ഏറെ സമയമെടുക്കും. അത് ചരിത്രത്തിന്റെ ഭാഗമാവും.
?. ഗൗരവമായി പത്രപ്രവർത്തനം നടത്തുന്ന ഒരാളെ അവരുടെ വ്യക്തിപരമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ സ്വാധീനിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ
അങ്ങനെ സ്വാധീനിക്കാൻ പാടില്ല എന്നതാണ് അനുയോജ്യമായ സാഹചര്യം. പക്ഷേ അങ്ങനെ സ്വാധീനക്കുന്നുണ്ട്. എന്റെ വ്യക്തിപരമായ രാഷ്ട്രീയം എന്റെ പത്രപ്രവർത്തനത്തെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ സ്വാധീനിക്കാത്തവരുമുണ്ട്. ടെലിഗ്രാഫിന്റെ മുൻ എഡിറ്ററും എന്റെ ഉപദേശകനും കൂടിയായിരുന്ന ദീപായാൻ ചാറ്റർജിയെപ്പറ്റി ഞാൻ ഇപ്പോൾ ഒരു പരമ്പര എഴുതിക്കൊണ്ടിരിക്കുകയാണ്. നാല് ഭാഗങ്ങളായി.
അദ്ദേഹം ഒരു ഇടത് അനുഭാവിയായിരുന്നു. പക്ഷേ അദ്ദേഹം ഇറക്കുന്ന പത്രത്തിന്റെ ഒരു എഡീഷൻ പോലും വായിച്ചാൽ അങ്ങനെ ഒരു അനുഭാവം നമ്മുക്ക് കാണാൻ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന് അത് വേർതിരിച്ച് നിർത്താൻ കഴിഞ്ഞിരുന്നു. പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. അന്ന് കാലം വേറെയായിരുന്നു. 2014ന് മുമ്പ്.
എന്തൊക്കെ കുറ്റം പറഞ്ഞാലും ജനാധിപത്യത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇടതുപക്ഷവും കോൺഗ്രസും വർഗീയ ശക്തികളല്ല. പക്ഷേ ഒരു വർഗീയ ശക്തി ഭരിക്കുന്ന സമയത്ത്, രാജ്യം ഒരു പ്രതിസന്ധിയെ നേരിടുന്ന സമയത്ത് നമ്മൾ പഠിച്ച പല പാഠങ്ങളൊക്കെ മറന്നിട്ട് ചിലപ്പോൾ നമ്മുക്കുള്ളിൽ അന്തർലീനമായ രാഷ്ട്രീയ പക്ഷപാതിത്വം പ്രതിഫലിപ്പിക്കേണ്ടി വരും.
വർഗീയത ശരിയല്ല എന്ന് ഞാൻ എന്റെ പത്രത്തിൽ എഴുതുന്നത് എന്റെ രാഷ്ട്രീയ വിശ്വാസം കൊണ്ടാണ്. ഒരു മുസ്ലീമിനെ കഴിച്ച ഭക്ഷണത്തിന്റെ പേരിൽ തച്ച് കൊല്ലുമ്പോൾ, ആ പ്രത്യേക സ്ഥലത്ത് അങ്ങനെ ഭക്ഷണം കഴിക്കാൻ പാടില്ല, അതുകൊണ്ട് ഇതിൽ വലിയ ഞെട്ടൽ ഉണ്ടാവേണ്ട കാര്യമില്ല എന്ന് പറയുന്നത് എന്റെ രാഷ്ട്രീയമോ എന്നെ പഠിപ്പിച്ച രാഷ്ട്രീയമോ അല്ല. അതൊരിക്കലും അംഗീകരിക്കാനും പറ്റില്ല. ആ രാഷ്ട്രീയം പ്രതിഫലിക്കാതെ നമ്മൾ എങ്ങനെ റിപ്പോർട്ടുകൾ തയ്യാറാക്കുമെന്ന ചോദ്യവുമുണ്ട്.
?. രാജ്യത്ത് പത്രസ്വാതന്ത്ര്യം പൊതുവേ കുറഞ്ഞുവരുന്നുവെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ ധൈര്യമുള്ള പത്രമുതലാളിമാരും എഡിറ്ററുമാരും കുറഞ്ഞ് വരുന്നു എന്ന് തിരുത്തിപ്പറയേണ്ടതല്ലേ ? ഇന്ന് ഗൗരവതരമായ മാദ്ധ്യമപ്രവർത്തനം രാജ്യത്തുണ്ടോ
മാദ്ധ്യമം എന്ന് പറഞ്ഞാൽ എന്തിനെയാണ് ഉദ്ദേശിക്കുന്നത്. പത്രവും ടെലിവിഷനുമുണ്ട്. ഉത്തരേന്ത്യയിലെ കാര്യമെടുത്താൽ പത്രവും ടെലിവിഷനും ഇപ്പോൾ സർക്കാരിനെ വിമർശിക്കാറില്ല. അത് ധൈര്യക്കുറവാണെന്ന് എനിക്ക് തോന്നുന്നില്ല. അത് അവരുടെ നിക്ഷിപ്ത താൽപര്യം കൊണ്ട് കൂടിയാവാം.
അത് ധൈര്യക്കുറവായി കണക്കാക്കാനാവില്ല. ഇനി ധൈര്യക്കുറവുണ്ടെങ്കിൽ അവർക്ക് എന്തോ ഒളിക്കാനുണ്ട് എന്ന് വിലയിരുത്തിയാൽ മതി. ഇത് വർഗപരവും ജാതിപരവുമാണ്. നൂറു വർഷം പഴക്കമുള്ള പത്രങ്ങളിൽ മുമ്പ് ഇതില്ലേ എന്ന് അപ്പോൾ ചോദ്യം വരാം. അന്ന് അതിന് വളക്കൂറുള്ള ഒരു മണ്ണുണ്ടായിരുന്നില്ല.
2014ന് ശേഷം വർഗീയതയ്ക്കും മറ്റ് കാര്യങ്ങൾക്കും കുടുതൽ പ്രാധാന്യം വരുന്നു. മുമ്പ് ആരാധനാലയങ്ങളുടെ പരിപാടികളുടെ ചെറിയ ഫോട്ടോയും ഒരു ക്യാപ്ഷനും കൊടുത്താൽ തീർന്നു. ഇപ്പോൾ നടക്കുന്നത് എന്താണ്. പല ആചാരങ്ങളുടെയും പടങ്ങളും റിപ്പോർട്ടുകൾക്കുമായി രണ്ടിലധികം പേജുകൾ മാറ്റിവെയ്ക്കുന്നു. 20 വർഷത്തിനിടെയാണ് ഇത്തരം മാറ്റങ്ങളുണ്ടായത്.
രണ്ട് ദിവസം മുമ്പ് ഗുജറാത്തിലെ 'വൻതാര' എന്ന് പറഞ്ഞ റിലയൻസിന്റെ വന്യമൃഗങ്ങളെ പാർപ്പിക്കുന്ന കേന്ദ്രത്തെപ്പറ്റി അന്വേഷണം വേണമെന്ന് സൗത്ത് ആഫ്രിക്കയിലെ വന്യമൃഗസ്‌നേഹികളുടെ ഗ്രൂപ്പിന്റെ ഒരു പ്രസ്താവന വന്നിരുന്നു. ഇന്ത്യയിലെ മിക്ക പത്രങ്ങളും പ്രസിദ്ധീകരിച്ചില്ല. ടെലിഗ്രാഫ് ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പ്രസിദ്ധീകരിച്ച ഓൺലൈനുകളിൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ വാർത്ത പിൻവലിച്ചു.
എന്നാൽ 'നോർത്ത് ഈസ്റ്റ് നൗ' അടക്കം രണ്ട് പത്രങ്ങൾ ഇത് നിലനിർത്തി. ടെലിഗ്രാഫ് അടക്കം രണ്ട് പത്രങ്ങൾ ഇത് മാറ്റിയതിനെ തുടർന്ന് മറ്റൊരു കാര്യമുണ്ടായി. ഇങ്ങനെ മൂന്ന് വെബ്‌സൈറ്റുകൾ ഈ വാർത്ത പിൻവലിച്ചതിനാൽ തന്നെ ഞങ്ങൾ വീണ്ടും ഈ വാർത്ത നൽകുന്നുവെന്ന് പറഞ്ഞ് ഓൺലൈൻ മാദ്ധ്യമമായ വയറിന്റെ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ ഇക്കാര്യം ട്വീറ്റ് ചെയ്തു. അങ്ങനെയും പത്രപ്രവർത്തനം നടക്കുന്നുണ്ട്.
രവീഷ് കുമാർ വളരെ ഭംഗിയായി കാര്യങ്ങൾ ചെയ്യുന്നയാളാണ്. അപ്പോൾ മാദ്ധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ഒരാൾ ദിവസം അഞ്ച് പത്രങ്ങളിൽ കൂടുതലൊന്നും വായിക്കുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് പത്രങ്ങളിൽ ഏതിനെയാണ് വിമർശിക്കുന്നത് എന്ന് പേരെടുത്ത് പറയണമെന്നാണ് എന്റെ പക്ഷം.
?. മാദ്ധ്യമ മുതലാളിമാരുടെ മറ്റ് കച്ചവട താൽപര്യങ്ങൾ മാദ്ധ്യമങ്ങളുടെ സ്വതന്ത്രവും സുതാര്യവുമായ നടത്തിപ്പിന് വിഘാതമാവുമെന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്. അവരുടെ ചില താൽപര്യങ്ങളുടെ പേരിൽ അവർ ഭരണവർഗത്തെ പിന്തുണയ്ക്കുകയാണോ അതോ സർക്കാരുകൾ പത്രമുതലാളിമാരെ കൂച്ചുവിലങ്ങിട്ട് നിർത്തുകയാണോ
രണ്ടുമുണ്ട്. ബി.ജെ.പിക്ക് മുമ്പ് രണ്ടാമത്തെ കാര്യമാണ് നടന്നുകൊണ്ടിരുന്നത്. കൂച്ചുവിലങ്ങിനെക്കാൾ സർക്കാരിനുള്ള പിന്തുണ നൽകാൻ മടിയില്ലെന്നതാണ് വസ്തുത. വലതുപക്ഷാഭിമുഖ്യമുള്ളവരാണ് ഭൂരിഭാഗം പത്രമുതലാളിമാരും. ഇടതുപക്ഷനയങ്ങളിൽ മാറ്റം വന്നതോടെ അവരെ പിന്തുണയ്ക്കുന്നതിലും അവർക്ക് കുഴപ്പമുണ്ടാവില്ല. എന്നാൽ അത് ഒരിക്കലും ശരിയല്ല.
പ്രധാന പ്രതിപക്ഷമായി നിലകൊള്ളേണ്ടത് മാദ്ധ്യമങ്ങളാണ്. ഭരണകൂടത്തിന് അവരുടേതായ സംവിധാനങ്ങളുണ്ട്. പ്രതിപക്ഷത്തിന് അതില്ല. പ്രതിപക്ഷത്തെ പിന്തുണയ്ക്കണമെന്നല്ല ഞാൻ പറയുന്നത്, പക്ഷേ അവരുടെ റോൾ പത്രമാദ്ധ്യമങ്ങൾ വഹിക്കണം.
പലപ്പോഴും ഭരണപക്ഷ പിന്തുണയാണ് എളുപ്പം. ഇന്ത്യയിൽ എപ്പോഴും വൻകിട പത്രങ്ങളെല്ലാം പാർട്ട് ഓഫ് ദ എസ്റ്റാബ്ലിഷ്‌മെന്റ് എന്ന തരത്തിലാണ് പോകുന്നത്. 2014ന് ശേഷം വർഗീയതയെ എങ്ങനെ വിമർശിക്കാതിരിക്കാം എന്നത് ഒരു പുതിയ പ്രതിഭാസമാണ്.
അത് മുമ്പ് പറഞ്ഞത് പോലെ ന്യൂസ് റൂമുകളിൽ വർഗാധിപത്യവും ജാതി ആധിപത്യവും തലപൊക്കി വരുന്നുവെന്നതാണ്. വളരെ വ്യക്തമായി അതിനെ കാണേണ്ടതുണ്ട്. ഇന്ന് മതപരമായ കാര്യങ്ങളുടെ അതിപ്രസരം മാദ്ധ്യമങ്ങളിലുമുണ്ട്.
തുടരും...