/sathyam/media/media_files/2025/03/25/TG7HRLFNrtd0kBjqDG1b.jpg)
തിരുവനന്തപുരം: രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരെപ്പോലും പലപ്പോഴും അതിശയിപ്പിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് 'ടെലഗ്രാഗ്' മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാല്‍. നിലപാടുകളാണ് രാജഗോപാലിനെ വേറിട്ട് നിര്‍ത്തുന്നത്. ദിശമാറി സഞ്ചരിക്കുന്ന അധികാര വര്‍ഗത്തെയും വഴി തെറ്റുമ്പോള്‍ മാധ്യമങ്ങളെയും തുറന്നെതിര്‍ക്കാന്‍ ഒരു മടിയും കാണിച്ചിട്ടില്ലദ്ദേഹം.
രാജ്യത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രിവരെയും ആ വിമര്‍ശനത്തിന്‍റെ ചാട്ടുളി ഏറ്റവരാണ്. രാജഗോപാലിന്‍റെ വാക്കുകള്‍ ഇന്നത്തെ ഇന്ത്യയുടെ നേര്‍ക്കാഴ്ചയാണ്. 'സത്യം ഓണ്‍ലൈന്‍' പൊളിറ്റിക്കല്‍ എഡിറ്റര്‍ 'അരവിന്ദ് ബാബു' അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്‍റെ അവസാന ഭാഗം
ഒരു പത്രത്തിനും എല്ലാത്തിനെതിരെയും ഒരേപോലെ പോർമുഖം തുറക്കാൻ സാധിക്കില്ല. ഏറ്റവും അപകടകരമായ കാര്യം എന്താണോ അതിനെ നേരിടുകയെന്നതാണ് ചെയ്യേണ്ടത്. മാപ്ര എന്ന് ചീത്തയും വിളിക്കും. ആരുമില്ലെന്ന തോന്നലുണ്ടാവുമ്പോൾ എല്ലാവരും ഓടി പത്രങ്ങളുടെ അടുത്തേക്ക് വരുകയും ചെയ്യും. പത്രസമ്മേളനം വിളിക്കുന്നവർ തന്നെയാണ് പത്രക്കാരെല്ലാം കള്ളൻമാരാണെന്ന് പറയുന്നതും.
2002 ലെ ഗുജറാത്ത് കലാപത്തെപ്പറ്റി വിശ്വസിക്കാവുന്ന ഒരു വിശദീകരണം ഇപ്പൊഴും നരേന്ദ്രമോദി തന്നിട്ടില്ല. 56 ഇഞ്ച് നെഞ്ചളവും ഇത്രയും കഴിവും നിശ്ചയദാർഡ്യവുമുള്ള ശക്തനായ ഭരണാധികാരിക്കു കീഴിലാണ് ആ കലാപം നടന്നതെന്നോര്‍ക്കണം.
ഒരു ടെലിവിഷൻ കാഴ്ച്ചക്കാരനല്ല ഞാന്‍. അത് ടെലിവിഷൻ ജേർണലിസത്തിന്റെ കുഴപ്പമെന്നാണ് ഞാൻ കരുതുന്നത്. നമ്മുക്ക് വേണ്ടത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി കിട്ടുന്നുണ്ട്. എന്നാൽ എല്ലാം കിട്ടുന്നുണ്ടോയെന്ന ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. എങ്കിലും ഇനി ഭാവി ഓണ്‍ലൈന്‍ മീഡിയയ്ക്ക് തന്നെ
?. താങ്കൾ ഒരു ബി.ജെപി വിരുദ്ധനാണോ, അതോ കേന്ദ്രത്തിൽ നിലവിലുള്ള സർക്കാരിന്റെ നയനിലപാടുകളെ വിമർശിക്കുന്നയാളാണോ ? ഏത് ലേബലാവും താങ്കൾക്ക് കൂടുതൽ അനുയോജ്യമാവുക
എനിക്ക് ഒരിക്കലും ബി.ജെ.പി വിരുദ്ധതയില്ല. എന്റെ ചേട്ടൻ തിരുവനന്തപുരം എം.ജി കോളേജൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം എ.ബി.വി.പിക്കാരായിരുന്നു. അദ്ദേഹം സജീവ പ്രവർത്തകനായിരുന്നോ എന്ന് എനിക്ക് നിശ്ചയമില്ല. എന്റെ അച്ഛനും ആർ.എസ്.എസിനോട് അടുപ്പമുള്ളയാളായിരുന്നു. പി.പരമേശ്വരൻ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു.
ഞാനും അദ്ദേഹത്തെ അങ്ങനെയാണ് കാണുന്നത്. ഇതിന് മുമ്പ് എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ ഇവിടെ ഉണ്ടായിരുന്നല്ലോ. തീർച്ചയായും അവരെ വിമർശിക്കുമായിരുന്നു. 2014ന് ശേഷം ഇവിടെയുണ്ടായ പ്രശ്‌നം ബി.ജെ.പിയല്ല, മറ്റൊന്നാണ്.
ഇടതുപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും നിലവിൽ ഇവിടെ ഒരു ഫാസിസ്റ്റ് ഭരണമാണുള്ളത്. ഫാസിസ്റ്റ് എന്നത് യൂറോപ്യൻ വിവരണമാണ്. അങ്ങനെയൊന്നും പറയേണ്ട കാര്യവുമില്ല. തികഞ്ഞ വർഗീയതയുള്ള വിഭാഗീയമായ സർക്കാരാണ് ഭരിക്കുന്നത്. ആ വർഗീയതയെയാണ് ഞാൻ എതിർക്കുന്നത്.
2002ലെ ഗുജറാത്ത് കലാപങ്ങൾക്ക് ശേഷം അതെപ്പറ്റി വിശ്വസിക്കാവുന്ന ഒരു വിശദീകരണം നരേന്ദ്രമോദി തന്നിട്ടില്ല. ഇപ്പോൾ മൻമോഹൻ സിംഗാണ് ഗുജറാത്തിലെ ഭരണാധികാരിയെന്ന് ഇരിക്കട്ടെ. ഒട്ടും കഴിവില്ലാത്ത റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കുന്ന ഭരണാധികാരി എന്നായിരുന്നല്ലോ അദ്ദേഹത്തെക്കുറിച്ചുള്ള വിമർശനം.
അങ്ങനെയൊരാളുടെ ഭരണത്തിൻ കീഴിലാണ് കലാപം ഉണ്ടായതെങ്കിൽ നമ്മുക്ക് അത് മനസിലാക്കാം. പക്ഷേ ഇവിടെ നരേന്ദ്രമോദിയെപ്പോലെ 56 ഇഞ്ച് നെഞ്ചളവും ഇത്രയും കഴിവും നിശ്ചയദാർഡ്യവുമുള്ള ശക്തനായ ഭരണാധികാരിയുടെ ഭരണത്തിൻ കീഴിൽ ഗുജാറാത്ത് കലാപം ഉണ്ടായെങ്കിൽ അദ്ദേഹം വിശദീകരണം തരേണ്ടതല്ലേ.
മോദി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ കൊടുത്ത വിശദീകരണം ഇതിന് മുമ്പ് 250 കലാപങ്ങൾ നടന്നിട്ടുണ്ടെന്നാണ്. എന്നാൽ 251-ാമത്തെ കലാപം തടയാൻ പറ്റുന്നില്ലെങ്കിൽ അദ്ദേഹവും മുമ്പ് ഭരിച്ചിരുന്നവരുമായി എന്താണ് വ്യത്യാസമുള്ളത്.
കഴിഞ്ഞ ദിവസം കൊടുത്ത വിശദീകരണം സംബന്ധിച്ച് ഒരു പത്രങ്ങൾ പോലും ഇക്കാര്യം ചോദിച്ചിട്ടില്ല. എല്ലാ മുഖ്യധാരാ പത്രങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2002 ലെ കലാപം നടന്നു. അതിന് ശേഷം 2014 ഏറ്റവും അനുകൂലമായ ജനവിധി കിട്ടിയപ്പോൾ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും കൂടി ഒന്നിച്ചു കൊണ്ടുപോകാനുള്ള അവസരം അദ്ദേഹം കളഞ്ഞ് കുളിച്ചു.
2019ൽ വീണ്ടും സർക്കാർ വന്നപ്പോഴും അദ്ദേഹത്തിന് ഇതിനുളള സുവർണ്ണാവസരമായിരുന്നു. അതും കളഞ്ഞുകുളിച്ചു. അതിന് ശേഷം 2024 ൽ ജനങ്ങൾ അദ്ദേഹത്തെ തിരുത്തുകയായിരുന്നു. ജനവിധി മുന്നറിയിപ്പാണ്.
എന്തൊക്കെ രീതിയിൽ അതിനെ വിശദീകരിച്ചാലും ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാരാണിത്. അതിൽ നിന്നും പാഠങ്ങൾ പഠിച്ച് തിരുത്താത്ത സർക്കാരിന്റെ നടപടിയെ പത്രങ്ങള്‍ എതിർക്കുകയാണ് വേണ്ടതെന്നാണ് എന്റെ പക്ഷം.
?. നിലവിലെ ബി.ജെ.പി ഭരണത്തിൻ കീഴിൽ വർഗീയത പടരുന്നു, മാദ്ധ്യമ സ്വാതന്ത്ര്യം കുറയുന്നു, എന്നൊക്കെ താങ്കളടക്കം വാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സി.പി.എം അവരുടെ നയരേഖയിൽ ഈ സർക്കാർ ഫാസിസ്റ്റല്ല എന്നാണ് പറയുന്നത്. എന്താണ് താങ്കളുടെ അഭിപ്രായം
ഫാസിസ്‌റ്റെന്ന യുറോപ്യൻ വിശദീകരണത്തിലേക്ക് പോകുമ്പോൾ അതിന് ചില നിബന്ധനകളുണ്ടെന്ന വാദമാണ് വരുന്നത്. ഉദാഹരണത്തിന് പറയുന്നത് ഇന്ത്യയിൽ ഇപ്പോഴും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതുകൊണ്ട് ഈ സർക്കാരിനെ ഫാസിസ്‌റ്റെന്ന് പറയാനാവില്ല എന്നാണ്. ഈ നടക്കുന്ന തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിതിയുക്തവുമാണെന്ന് പറയാനാവുമോ ?
ഞാൻ ഇ.വി.എമ്മുകളുടെ കാര്യത്തിലേക്കല്ല പോകുന്നത്. ഇലക്ട്രൽ ബോണ്ടുകളുടെ കാര്യത്തിൽ ഭരണഘടനയ്ക്ക് എതിരാണ് ഇക്കാര്യം എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. പക്ഷേ അതേ കോടതിയിൽ നിന്നു തന്നെ പുറത്തുവന്ന വിധിന്യായത്തിൽ ബോണ്ടിലൂടെ സമാഹരിച്ച പണം സർക്കാർ കണ്ടുകെട്ടാൻ പറഞ്ഞില്ല.
തെറ്റ് ചെയ്തതിന് ശിക്ഷയല്ല, പകരം പ്രതിഫലം ലഭിക്കുകയാണുണ്ടായത്. ബി.ജെ.പിക്കടക്കം എല്ലാ പാർട്ടികൾക്കും കിട്ടിയ തുക കണക്കിലെടുത്താൽ ഇവിടെ സ്വതന്ത്രമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് എങ്ങനെ പറയാനാവും.
അതു പോലെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ ചില ചെയ്തികൾ കാണുമ്പോൾ സംശയമുണ്ടാകുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്ന സമിതിയിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ മാറ്റി.
ഇപ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷനേതാവുമാണ് തീരുമാനിക്കുന്നത്. സർക്കാരിന് തിരഞ്ഞെടുപ്പ് സമിതിയിൽ മുൻതൂക്കമുണ്ട്. ഇതൊരു പ്രഹസനമായി മാറുകയാണ്.
ഫാദർ സ്റ്റാൻ സ്വാമിയെ ജയിലിട്ടു കൊന്നത് ഒരു സർക്കാരാണ്. അത് ഫാസിസ്റ്റാണോ അല്ലയോ എന്നറിയില്ല. പക്ഷേ അദ്ദേഹം മരിച്ചുവെന്നത് സത്യമല്ലേ. മുഹമ്മദ്ദ് അഖ്‌ലക്കിന്റെ വീട്ടിൽ കയറി അദ്ദേഹത്തെ വധിച്ചു. അത് ചെയ്തത് ഫാസിസ്റ്റാണോ അല്ലയോ എന്ന കാര്യം മുൻനിർത്തി അവരുടെ കുടുംബത്തിന് ആശ്വാസം നൽകാനാവുമോ.
ഫാസിസ്റ്റാണോ അല്ലയോ എന്ന ചർച്ച തന്നെ ഇങ്ങനെയുള്ള മരണങ്ങളെ കൂടി ആക്ഷേപിക്കുകയാണ്. ഞാൻ ഇടതുപക്ഷത്തിനെയും ഇടതുപക്ഷത്തിനെ വിമർശിക്കുന്നവരെയും കുറ്റം പറയുന്നില്ല. ഇങ്ങനെ അനാവശ്യമായ ഒരു ചർച്ച കൊണ്ടു വന്നിട്ട് അതിൽ നിന്ന് നമ്മള്‍ എന്താണ് നേടിയത്. ഫാസിസ്റ്റല്ല എന്ന് പറഞ്ഞാൽ നരേന്ദ്രമോദി സർക്കാരിനെ സഹിക്കാൻ എളുപ്പമാകുമോ. ഇത് ഏറ്റവും വിഭാഗീയമായ വെറുപ്പിന്റെ സർക്കാരാണ്.
?. കേരളത്തിലെ മാദ്ധ്യമപ്രവർത്തകരെ പ്രധാനമായും സി.പി.എമ്മുകാർ 'മാപ്ര' എന്ന ചുരുക്കപ്പേരിലാണ് വിളിക്കുന്നത്. മുഖ്യധാരാ മാദ്ധ്യമങ്ങളെല്ലാം വ്യാജവാർത്താ നിർമാതാക്കളാണെന്നും നിരന്തരം പറയുന്നു. അടിയന്തിരാവസ്ഥക്കാലത്ത് കോൺഗ്രസ് മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. ജനാധിപത്യ രാജ്യത്ത് അതിരുകടന്ന അധികാരപ്രയോഗം ബി.ജെ.പി മാത്രമല്ല എല്ലാ പാർട്ടികളും നടത്തുന്നില്ലേ
ഉണ്ട്. എല്ലാക്കാലത്തും എല്ലാവരും നടത്തുണ്ട്. ഇപ്പോൾ ഇടതുപക്ഷത്തിന് അത് കേരളത്തിൽ മാത്രമാണ് നടത്താൻ പറ്റുക. കോൺഗ്രസിന് എത്ര സംസ്ഥാനങ്ങളിൽ ഇത് ചെയ്യാൻ ഇപ്പോൾ പറ്റും. രാജ്യം ഭരിക്കുന്നത് അതീവ പ്രഹരശേഷിയുള്ള മോദി സർക്കാരാണ്.
ഇത് കോൺഗ്രസിനും ഇടതുപക്ഷത്തിനുമില്ല. ഒരു എലിയും ആനയും നമ്മളെ ആക്രമിക്കാൻ വന്നാൽ നേരിടേണ്ടത് ആനയെ തന്നെയാണ്. ഇപ്പോൾ തെലുങ്കാനയിൽ പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാര്യങ്ങൾ അങ്ങനെ ഉണ്ടാകുന്നുണ്ട്. ഇല്ലെന്നല്ല. അതും എതിർക്കപ്പെടേണ്ടതാണ്.
പക്ഷേ നമ്മൾ എന്തിനോടാണ് യുദ്ധം ചെയ്യുന്നതെന്ന വ്യക്തമായ കാഴ്ച്ചപ്പാട് വേണം. ഒരു ബജറ്റിലൂടെ എല്ലാ വിഭാഗങ്ങൾക്കും എല്ലാം നൽകാൻ ഒരു സർക്കാരിനും സാധിക്കില്ല.
എന്നു പറഞ്ഞത് പോലെ ഒരു പത്രത്തിനും എല്ലാത്തിനെതിരെയും ഒരേപോലെ പോർമുഖം തുറക്കാൻ സാധിക്കില്ല. ഏറ്റവും അപകടകരമായ കാര്യം എന്താണോ അതിനെ നേരിടുകയെന്നതാണ് ചെയ്യേണ്ടത്.
?. ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നീക്കത്തിലേക്കുള്ള മുന്നൊരുക്കങ്ങൾ രാജ്യത്ത് നടക്കുകയാണ്. എൻ.ഡി.എയ്ക്ക് ബദലായി രൂപീകരിക്കപ്പെട്ട ഇന്ത്യാ സഖ്യത്തിൽ ഇപ്പോഴും കല്ലുകടിയാണ്. ഈ അവസരത്തിൽ കോൺഗ്രസിന്റെ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടോ
കോൺഗ്രസോ, ഇന്ത്യാസഖ്യത്തിലെ ഏതെങ്കിലും മറ്റ് കക്ഷികളുടെ നേതൃത്വത്തിലോ ഏത് സർക്കാർ വരുന്നതിലും കുഴപ്പമില്ല. എൻ.ഡി.എയിൽ കല്ലുകടിയില്ല എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. രണ്ട് പേരാണ് തീരുമാനമെടുക്കുന്നത്.
പാർട്ടി അധ്യക്ഷനായ ശേഷം ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ബി.ജെ.പിയിൽ പ്രസിഡണ്ട് എടുത്ത് നടപ്പാക്കിയ ഒരു തീരുമാനം പറയാനാവുമോ. എന്റെ ജനാധിപത്യ സങ്കൽപ്പത്തിൽ പാർട്ടികൾ തമ്മിൽ എപ്പോഴും കലഹിക്കുകയും അത് ജനങ്ങൾ അറിയുകയും വേണം. മതേതരത്വത്തിൽ അധിഷ്ഠിതമായ ഒരു മുന്നണിയാണത്. അതിന് കേഡർ സ്വഭാവമൊന്നുമില്ലല്ലോ.
2024 ല്‍ ആരും പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നത്. ഇന്ത്യൻ ജനാധിപത്യം എപ്പോഴും നമ്മളെ അതിശയിപ്പിച്ചിട്ടുണ്ട്. 1977 ൽ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയ്ക്ക് ശേഷം നമ്മൾ എപ്പോഴും പരിഹസിക്കുന്ന വിദ്യാഭ്യാസമില്ലാത്ത ഉത്തർ പ്രദേശാണ് രക്ഷയ്‌ക്കെത്തിയത്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും അവർ വീണ്ടും രക്ഷകരായി. അതേസമയം സമ്പൂർണ്ണ രാഷ്ട്രീയ വിദ്യാഭ്യാസമുണ്ടെന്ന് കരുതപ്പെടുന്ന കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്നാണ് സുരേഷ് ഗോപി ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.പിയിൽ മുഴുവൻ പര്യടനം നടത്തിയാളാണ് ഞാൻ.
പണക്കൊഴുപ്പിൽ നമ്മൾ തന്നെ തെറ്റിദ്ധരിക്കപ്പെട്ട് പോയി. ബി.ജെ.പി പൂർവ്വാധികം ശക്തിയായി തിരിച്ചു വരുമെന്നായിരുന്നു എന്റെ വിലയിരുത്തൽ. ഇത്രയും വൈവിധ്യപൂർണമായ സ്ഥലത്ത് ഒരു തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ അത് അപ്രായോഗികമാണ്. നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ ഇന്ത്യൻ ജനാധിപത്യം പ്രതികരിക്കും.
?. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട് തമിഴ് പ്രസിദ്ധീകരണമായ വികടനിൽ ഉൾപ്പെട്ട കാർട്ടൂൺ വിവാദമാവുകയും അവരുടെ വെബ്‌സൈറ്റ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്യുകയുമുണ്ടായി. എന്നിട്ടും രാജ്യത്തെയോ കേരളത്തിലെയോ മാധ്യമങ്ങളിൽ പലരും അതറിഞ്ഞ മട്ട് കാണിച്ചില്ല. മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടും മാധ്യമ സമൂഹം ഒത്തൊരുമയോടെ പ്രതിഷേധിക്കാത്തതിന്റെ കാരണമെന്താവും
അത് എപ്പോഴും അങ്ങനെ തന്നെയാണ്. പത്ര മുതലാളിമാർ തമ്മിൽ നല്ല സൗഹൃദത്തിലാണ്. എന്നാൽ തൊഴിലാളികൾ കീരിയും പാമ്പും പോലെയാണ്. പത്രങ്ങളുടെ വിലകൂട്ടുന്നത് ശ്രദ്ധിച്ചാൽ മതി. രണ്ട് ഘട്ടങ്ങളിലാണ് ആകെ പത്രസമൂഹം ഒരുമിച്ച് നിന്നത്. ഒന്ന് നരസിംഹറാവുവിന്റെ കാലത്ത് രാജ്യവ്യാപകമായി നടന്ന സമരത്തിൽ എല്ലാവരും ഒരുമിച്ചു നിന്നു.
രാജീവ് ഗാന്ധിയുടെ കാലത്ത് വന്ന അപകീർത്തിപ്പെടുത്തൽ (ഡീഫേമേഷൻ) ബില്ലിന്റെ കാര്യത്തിലും ഒത്തൊരുമയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇവരാരും സർക്കാരിനെതിരെ ഒന്നും പറയുന്നില്ല. ഇങ്ങനെ കൊണ്ടുപോയാൽ പത്രം പൂട്ടിപ്പോവില്ലെന്ന് അവർക്ക് അറിയാം. പത്രപ്രവർത്തനത്തെകുറിച്ചും പത്രക്കാരെക്കുറിച്ചും അങ്ങനെ ആർക്കും ഒരു പരിഗണയൊന്നുമില്ല.
മാപ്ര എന്ന് ചീത്ത വിളിക്കും. ആരുമില്ലെന്ന തോന്നലുണ്ടാവുമ്പോൾ സാധാരണ ജനങ്ങളടക്കം എല്ലാവരും ഓടി പത്രങ്ങളുടെ അടുത്തേക്ക് വരും. പത്രസമ്മേളനം വിളിക്കുന്നവർ തന്നെയാണ് പത്രക്കാരെല്ലാം കള്ളൻമാരാണെന്ന് പറയുന്നതും.
അവർ ആരെയെങ്കിലും വിമർശിക്കുന്നുണ്ടെങ്കിൽ അത് പേരെടുത്ത് വിമർശിക്കണം. മാദ്ധ്യമങ്ങൾ എന്ന് പറഞ്ഞ് കാടടച്ച് വെടിവെയ്ക്കരുത്. വ്യക്തമായി മാധ്യമ സ്ഥാപനത്തിന്റെ പേരെടുത്ത് പറയണം. മാധ്യമങ്ങൾ എന്ന് പറയുമ്പോൾ ഒരു ലക്ഷത്തിലധികം പബ്‌ളീഷേഴ്‌സ് ഇവിടെയുണ്ട്.
?. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ന്യൂസ് റൂമുകൾ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിൽ അല്ലെങ്കിൽ കാഴ്ച്ചപ്പാടിൽ വന്നിരിക്കുന്ന മൂല്യശോഷണം പത്രപ്രവർത്തനത്തിന്റെ അന്ത:സത്തയെ ബാധിച്ചിട്ടില്ലേ
പല ന്യൂസ്‌റൂമുകളും അരാഷ്ട്രീയമായി മാറുന്നുവെന്നാണ് ഞാൻ കരുതുന്നത്. അതിവിടെ മാത്രമല്ല പൊതുജീവിതത്തിലടക്കം എല്ലായിടത്തും സംഭവിച്ചിട്ടുണ്ട്. അത് 90 കൾക്ക് ശേഷമുണ്ടായ മാറ്റമാണ്. ആ സമയത്ത് രാഷ്ട്രീയമില്ലാത്ത കോളേജുകൾ നല്ലതാണെന്ന കാഴ്പ്പാടായിരുന്നു മാതാപിതാക്കൾക്കുണ്ടായിരുന്നത്. ഇപ്പോഴും കെ.എസ്.യുവും എസ്.എഫ്.ഐയും ഒക്കെയുണ്ടെങ്കിലും അവർ കക്ഷി രാഷ്ട്രീയത്തിനതീതമായി എത്രമാത്രം രാഷ്ട്രീയം പറയുന്നുണ്ടെന്ന് അറിയാനാവുന്നില്ല.
അന്ന് അരാഷ്ട്രീയമായ ക്യാമ്പസുകളിൽ പഠിച്ചവരാണ് ഇന്ന് ഇന്ത്യൻ ന്യൂസ് റൂമുകളുടെ തലപ്പത്തിരിക്കുന്ന പലരും. ഇവർ കൊഴിഞ്ഞ് പോയിക്കഴിഞ്ഞ് വരുന്നവർ വളരെ നല്ല പത്രപ്രവർത്തകരായിരിക്കും. അവരെ പ്രവർത്തിക്കാൻ മുതലാളിമാർ അനുവദിച്ചാൽ വലിയ മാറ്റമാവും സംഭവിക്കാൻ പോകുന്നത്.
?. വസ്തുതാപരമായി തെറ്റായ വാർത്തയും വ്യാജ വാർത്തയും തമ്മിൽ വേർതിരിക്കുന്നതിൽ ഉണ്ടാവുന്ന പിശക് തെറ്റിദ്ധരിക്കപ്പെടുന്ന പതിവുണ്ട്. ഇതേ ചൊല്ലി പലരും മാദ്ധ്യമ വിമർശനം നടത്താറുണ്ട്. അത് തിരുത്തപ്പെടേണ്ടതല്ലേ
ഇത് വളരെ സങ്കീർണ്ണവും പ്രധാനപ്പെട്ടതുമായ കാര്യമാണ്. മന:പൂർവ്വമല്ലാതെ തെറ്റ് വരുന്നതും തെറ്റാണെന്ന് അറിഞ്ഞിട്ടും മറച്ച്‌വെച്ച് വാർത്ത കൊടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പലപ്പോഴും പല രാഷ്ട്രീയ നേതാക്കളും ഇതിനെ രണ്ടും ഒന്നായാണ് കാണുന്നത്. ഇതിനെ എളുപ്പം നേരിടാനാവും.
ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിൽ ഒരു സ്ത്രീയെപ്പറ്റി ഒരു വാർത്ത വന്നു. പിന്നീട് അത് പൂർണ്ണമായും ശരിയല്ലെന്ന് തെളിഞ്ഞു. റിപ്പോർട്ടർ വാർത്ത ഫയൽ ചെയ്താൽ എഡിറ്റർക്ക് മുമ്പിൽ രണ്ട് ഓപ്ഷനുകളുണ്ട്. ഒന്ന് സ്‌റ്റോറി പിടിച്ചുവെച്ച ശേഷം വീണ്ടും സ്ഥിരീകരണം നടത്തണം. രണ്ട് സ്‌റ്റോറി അതേപടി നൽകുക.
നമ്മുടെ ഉള്ളിൽ ഒരു രാഷ്ട്രീയ പക്ഷപാതിത്വമുണ്ട്. അതാണ് ഇവിടെ കുഴപ്പമുണ്ടാക്കിയത്. സർക്കാരിനെയും പെൻഷനെയും വിമർശിച്ചപ്പോൾ അവരെ പൊളിച്ചുകാട്ടണമെന്ന ദേശാഭിമാനിയിലെ ജീവനക്കാരുടെ മനസിലെ രാഷ്ട്രീയ പക്ഷപാതിത്വം കുഴപ്പം ചെയ്തു.
എഡിറ്റേഴ്‌സും റിപ്പോർട്ടേഴ്‌സുമായിട്ടുള്ള ബന്ധം വളരെ പാവനമാണെന്നാണ് വിലയിരുത്തൽ. ഓരോ റിപ്പോർട്ടറുമാരെക്കുറിച്ചും നമ്മുക്ക് ധാരണകളുണ്ട്. അങ്ങനെ വിശ്വാസ്യതയുള്ള ഒരു റിപ്പോർട്ടറായിരിക്കാം അത്. അങ്ങനെയാവാം ആ വാർത്ത എഡിറ്റർ എടുത്തത്. എനിക്കിതിനെ വ്യാജ വാർത്തയെന്ന് ഇപ്പോഴും പറയാനാവില്ല. കാരണം മന:പൂർവ്വം കള്ളമെഴുതിയാൽ മാത്രമാണ് അത് വ്യാജ വാർത്തയാവുന്നത്.
ഇതിനെ നേരിടാനുള്ള ഒറ്റവഴിയേ മാദ്ധ്യമങ്ങൾക്ക് മുന്നിലുള്ളൂ. തെറ്റ് പറ്റുമ്പോൾ അതേ ഇടത്ത് നിരുപാധികമായി തിരുത്ത് നൽകണം. ഖേദമല്ല. മാപ്പ് അപേക്ഷിക്കണം. എങ്ങനെയാണ് തെറ്റിയതെന്ന് കാര്യകാരണസഹിതം വായനക്കാരോട് പങ്കുവെയ്ക്കണം. അങ്ങനെ ചെയ്താൽ ഇവരെ വിശ്വസിക്കാൻ കൊള്ളാവുന്ന പത്രമെന്ന് വായനക്കാർ വിലയിരുത്തും. ഇതിൽ കൂടി മാത്രമേ പത്രങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനാവൂ.
?. പത്രത്തിൽ നിന്നും ടെലിവിഷൻ ജേർണലിസത്തിലേക്കും അവിടെ നിന്നും ഓൺലൈനിലേക്കും കടന്ന മാദ്ധ്യമപ്രവർത്തനം നിലവിൽ എ.ഐ കാലത്ത് എത്തിനിൽക്കുകയാണ്. ഇതിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായി ഭരണവർഗത്തിൽ നിന്നും മാദ്ധ്യമങ്ങൾക്ക് ഭീഷണികൾ ഏറിവരികയാണ്. രാജ്യത്ത് കാലങ്ങളായി പിന്തുടരുന്ന മാദ്ധ്യമപ്രവർത്തന രീതിയിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് തോന്നലുണ്ടോ
അത് തീർച്ചയായും. മുമ്പ് 20 വർഷത്തിലൊരിക്കലായിരുന്നു അത് സംഭവിച്ചിരുന്നതെങ്കിൽ ഇനി അത് 5 വർഷത്തിലൊരിക്കലായി മാറും. മലയാളം ജേർണലിസത്തിൽ ഞാൻ കാണുന്ന ഏറ്റവും വലിയ കുഴപ്പം ഭാഷയാണ്.
19 -ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചരുന്ന ഭാഷയാണ് ഇപ്പോഴുമുള്ളത്. പത്രഭാഷ എന്ന് പറഞ്ഞാൽ തന്നെ ചിരിവരും. പത്രങ്ങളിൽ മാത്രമല്ല ടെിലിവിഷൻ, ഓൺലൈൻ തുടങ്ങി എല്ലാ രംഗങ്ങളിലും പൊളിച്ചെഴുത്ത് ആവശ്യമാണ്.
?. പലപ്പോഴും പത്രങ്ങൾക്ക് സ്ഥലപരിമിതി വലിയ പ്രശ്‌നമാണ്. എന്നാൽ ഈ പരിമിതി തീർത്തുമില്ലാത്ത ഓൺലൈൻ ജേർണലിസത്തിന്റെ ഭാവി എന്തായിരിക്കും
ഒരിക്കലും നിരാകരിക്കാൻ പറ്റാത്ത ഒരു സ്ഥാനം ഇപ്പോഴേ ഓൺലൈനുകൾക്കുണ്ട്. പക്ഷേ സാമ്പത്തികമായി കൃത്യമായ ഒരു മോഡൽ ഇതുവരെ അതിന് ഉണ്ടാക്കാൻ പറ്റിയിട്ടില്ല. ഞാൻ ഓൺലൈൻ രംഗത്ത് ജോലി ചെയ്തിട്ടില്ലാത്തതിനാൽ തന്നെ അതിന്റെ എല്ലാവശങ്ങളെക്കുറിച്ചും എനിക്കറിയില്ല.
പല ഓൺലൈൻ മാദ്ധ്യമങ്ങളും അവരുടെ വിവരങ്ങൾ പരസ്പരം പങ്കുവെയ്ക്കുന്നുണ്ട്. അത് തന്നെയാണ് യഥാർത്ഥത്തിൽ മുന്നോട്ട് പോകാനുള്ള വഴി. ഓൺലൈൻ വായിക്കുന്നവർ പോലും അതിനെ അനുബന്ധമായാണ് (Supplementary) കണക്കാക്കിയിട്ടുള്ളത്.
നമ്മുക്ക് വേണ്ടത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി അവിടെ കിട്ടുന്നുണ്ട്. എന്നാൽ എല്ലാം കിട്ടുന്നുണ്ടോയെന്ന ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. എന്നിരുന്നാലും ഭാവി തീർച്ചയായും ഓൺലൈൻ തന്നെയാണ്.
?. മാധ്യമങ്ങളുടെ വിശ്വാസ്യത ചോർത്തിക്കളയുന്നതിൽ ടെലിവിഷൻ ജേർണലിസത്തിലെ മത്സരാധിഷ്ഠിത പ്രവണത ആക്കം കൂട്ടിയിട്ടുണ്ടെന്ന് പറഞ്ഞാൽ നിഷേധിക്കാനാവുമോ
ഞാൻ ടെലിവിഷൻ കാണാറില്ല. എനിക്ക് വ്യക്തമായ മറുപടി പറയാനുമാവില്ല. എന്നെ ഒരു ടെലിവിഷൻ കാഴ്ച്ചക്കാരനാക്കാത്തത് ടെലിവിഷൻ ജേർണലിസത്തിന്റെ കുഴപ്പമെന്നാണ് ഞാൻ കരുതുന്നത്. ടെലിവിഷൻ കാണാത്തതുകൊണ്ട് ഞാൻ ഒന്നും മിസ് ചെയ്യുന്നുമില്ല. അതുകൊണ്ട് അതിനെ കുറിച്ച് പറയാൻ ഞാനാളല്ല.
?. ഇപ്പോൾ ടെലിഗ്രാഫിന്റെ എഡിറ്റർ അറ്റ് ലാർജ് പദവി രാജിവെച്ചു. ഇനി എന്തൊക്കെയാണ് ഭാവി പരിപാടികൾ
എനിക്കങ്ങനെ പരിപാടികളൊന്നുമില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരു ജേർണലിസ്റ്റ് ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്നത് സാധിക്കുമോ എന്ന് പോലും അറിയില്ലായിരുന്നു. അന്ന് പ്രസ്‌ക്ലബ്ബിൽ മാത്രമേ ഒരു കോഴ്‌സുള്ളൂ. അതുകൊണ്ട് ദേശീയ പത്രങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുമെന്ന് ഒരു കാരണവശാലും ചിന്തിച്ചിരുന്നില്ല.
ഇവിടെ തന്നെയാണ് ഞാൻ പഠിച്ചതും. പക്ഷേ ഞാൻ എക്കണോമിക്ക് ടൈംസ്, ഇന്ത്യാ ടുഡേ, ബിസിനസ് സ്റ്റാൻഡാർഡ്, ടെലിഗ്രാഫ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1996 ലാണ് ടെലിഗ്രാഫിൽ ഞാൻ കയറുന്നത്. ഏതാണ്ട് 29 വർഷം അവിടെ ജോലി ചെയ്തു. അത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു.
2007 മുതൽ ഞാൻ ന്യൂസ് ഓപ്പറേഷൻസിന്റെ ചുമതലയായിരുന്നു. 2016 ലാണ് ഞാൻ എഡിറ്ററാവുന്നത്. ഒരു വർഷം പോലും അത് നീണ്ട് നിൽക്കുമെന്ന് വിചാരിച്ചതല്ല. കാരണം എന്റെ ശൈലിയും പത്രവുമായി ഒത്തു പോകുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
ഏതാണ്ട് ഏഴ് വർഷം അതങ്ങനെ പോയി. ഇനിയിപ്പോൾ ചോദിക്കാൻ ഒന്നുമില്ല. ജേർണലിസത്തിൽ ചെയ്യാനുള്ളതെല്ലാം ഞാൻ ചെയ്തുവെന്നാണ് കരുതുന്നത്. ഇനി വന്നാൽ അത് ആവർത്തനമായിരിക്കും. അതുകൊണ്ട് ഞാൻ ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നേയില്ല.