/sathyam/media/media_files/2025/03/26/xLwqR98incMOL0PFBw53.jpg)
സിപിഐ നൂറാം വയസിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇക്കാലത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പാര്‍ട്ടിക്കാരില്‍ ഒരാളായ മുന്‍ മന്ത്രിയും എംപിയുമൊക്കെയായിരുന്ന കെഇ ഇസ്മായിലിനെ സ്വന്തം പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത് പുറത്തുനിര്‍ത്തിയിരിക്കുന്നത്. അതും പാര്‍ട്ടിക്കുവേണ്ടി ജീവിച്ചുമരിച്ച, ഒപ്പം പ്രവര്‍ത്തിച്ച സഖാവ് പി രാജു എക്സ് എംഎല്‍എ തന്നോടു പങ്കുവച്ച ദു:ഖം അദ്ദേഹത്തിന്റെ മരണശേഷം പുറത്തുപറഞ്ഞുവെന്ന 'മഹാ അപരാധത്തിന്‍റെ' പേരില്‍.
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംവിധാനം നിലവില്‍ വന്ന കാലംമുതല്‍ മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍നായര്‍ക്കൊപ്പം അതിന്‍റെ സ്ഥാപകനായിരുന്നു കെഇ ഇസ്മയില്‍. ആ മുന്നണിയില്‍ ഏറ്റവും ദീര്‍ഘകാലം അംഗമായിരുന്ന നേതാവും ഇസ്മയില്‍ മാത്രം.
1979 മുതല്‍ ഉണ്ടായിരുന്ന ഇടത് ഏകോപനസമിതിയില്‍ നിന്നും പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ അദ്ദേഹത്തെ ഒഴിവാക്കുന്നത് 4 വര്‍ഷം മുന്‍പാണ്, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ. അപ്പോഴും ഇപ്പോഴും അച്ചടക്കമുള്ള കമ്യൂണിസ്റ്റ് ആണ് അദ്ദേഹം. 'സത്യം ഓണ്‍ലൈന്‍' പൊളിറ്റിക്കല്‍ എഡിറ്റര്‍ 'അരവിന്ദ് ബാബു' കെഇ ഇസ്മയിലുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍
?. സി.പി.ഐക്ക് നൂറു വയസ് തികയുമ്പോൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭാവിയെപ്പറ്റി എന്താണ് പറയാനുള്ളത്. പ്രതീക്ഷയാണോ ? നിരാശയാണോ
ചില പ്രശ്‌നങ്ങൾ ഇപ്പോഴും ഉള്ളത് പോലെ തോന്നുന്നുണ്ട്. ജനങ്ങളെ മനസിലാക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല എന്നാണോ ? നമ്മളെ ജനങ്ങൾക്ക് മനസിലാവുന്നില്ല എന്നാണോ ?... എവിടെയോ ഒരു സ്‌പെല്ലിംഗ് മിസ്‌റ്റേക്ക് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷേ, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയ്ക്ക് പ്രതീക്ഷയല്ലാതെ നിരാശയുണ്ടാവാൻ പാടില്ലല്ലോ. നൂറുവർഷം തികയുന്ന സാഹചര്യത്തിൽ തിരിഞ്ഞു നോക്കുമ്പോൾ ഉത്കണ്ഠയുണ്ട്. ധാരാളം പ്രതീക്ഷകളുമുണ്ട്. എന്നാല്‍ ആവേശകരമായ പ്രതീക്ഷയൊന്നുമല്ല.
?. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിമർശനവും സ്വയം വിമർശനവും വേണ്ടരീതിയിൽ നടക്കുന്നില്ലെന്ന് തോന്നുന്നുണ്ടോ
പാർട്ടിയിൽ വിമർശനവും സ്വയം വിമർശനവും ഒരു കാലത്ത് നല്ല രീതിയിൽ നടന്നിരുന്നു. ഇന്നിപ്പോൾ അങ്ങനുണ്ട് എന്ന് തോന്നുന്നില്ല. വിമർശനങ്ങൾ ധാരാളമുണ്ട്. സ്വയം വിമർശനം കുറവാണ്. സ്വഭാവികമായും വിമർശനങ്ങൾ മാത്രമാവുകയും സ്വയം വിമർശനങ്ങൾ കുറയുകയും ചെയ്യുമ്പോൾ അതിന്റെ അപചയങ്ങൾ ഉണ്ടാവും.
?. സംസ്ഥാനത്തേക്കുള്ള സ്വകാര്യ സർവ്വകലാശാലകളുടെ കടന്നു വരവ് ഇടതുപക്ഷത്തിന്റെ നയംമാറ്റമെന്ന രീതിയിൽ വിശകലനം ചെയ്യപ്പെടുന്നുണ്ട്. ഇത് കാലാനുസൃതമായ മാറ്റമെന്ന് അങ്ങ് വിലയിരുത്തുന്നുണ്ടോ
കാലം മാറുന്നതിനനുസരിച്ച് ചില നിലപാടുകളും മറ്റുമൊക്കെ മാറ്റേണ്ടി വരും. എങ്കിലും അടിസ്ഥാനപരമായ കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവാൻ പാടില്ല.
പക്ഷേ സാമൂഹ്യമായി മൊത്തത്തിലുണ്ടാവുന്ന വളർച്ചയുടെ ഒരു കാലഘട്ടങ്ങളിൽ യാന്ത്രികമായി മുമ്പ് പറഞ്ഞിരുന്നതാണ് എന്നത് കൊണ്ട് ഒരു കാര്യം അതേപടി പിന്തുടരേണ്ട കാര്യമൊന്നുമില്ല. ഇതുകൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുന്നുണ്ടോ എന്ന് സൂക്ഷമമായൊരു പഠനത്തിന് വിധേയമാക്കി കൊണ്ടേ പൂർണ്ണമായി അത് പറയാൻ കഴിയൂ.
?. പൊതുമേഖലയുടെ സംരക്ഷണമെന്ന ഇടതുനയത്തിന് സംസ്ഥാനത്ത് മാറ്റം സംഭവിച്ചുവെന്ന് പറയാനാവുമോ
ഇല്ല. ഇന്ന് ഇന്ത്യാരാജ്യത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ ഒരു സംസ്ഥാനം എന്ന നിലയിൽ നിലനിൽക്കാൻ ആവശ്യമായ സമീപനങ്ങളൊക്കെ ഈ സർക്കാർ സ്വീകരിക്കുന്നുണ്ട്. അത് ഇടതുപക്ഷത്തിന്റെ നയങ്ങളിൽ നിന്നും വ്യത്യസ്തമായ സമീപനമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.
?. സംസ്ഥാനത്ത് നിക്ഷേപം എത്തിക്കുന്നതിന്റെ ഭാഗമായി വൻകിട കോർപ്പറേറ്റുകളെയും കമ്പനികളെയും നാട്ടിലേക്ക് ക്ഷണിക്കുന്നതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്
ഓരോ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അത് പറയാനാവൂ. മന്ത്രിയായിരിക്കുന്ന കാലയളവിൽ വ്യവസായം കൊണ്ട് വരാൻ മുമ്പ് ടി.വി തോമസ് ജപ്പാനിൽ പോയത് അന്ന് മുന്നണിയിൽ വളരെ വലിയ ഒച്ചപ്പാടുണ്ടാക്കിയ വിഷയമാണ്.
അന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ പിന്നീട് വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ധാരാളം വിദേശ കമ്പനികൾ രാജ്യത്തും കേരളത്തിലും വന്നിട്ടുണ്ട്. ആര് വന്നാലും നമ്മുടെ നാട്ടിൽ എങ്ങനെയാണ് പ്രയോജനം ചെയ്യുന്നതെന്ന് നോക്കിയിട്ടല്ലാതെ അതിനെ കുറിച്ച് പറയാനാവില്ല. എല്ലാത്തിനെയും ഒന്നിച്ചു ഒരു തളപ്പ് കെട്ടി ആ രീതിയിൽ വിലയിരുത്താനാവില്ല.
?. ഇടതുപാർട്ടികളായ സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ലയനമെന്ന സങ്കൽപ്പത്തെ അങ്ങ് പിന്തുണയ്ക്കുന്നുണ്ടോ
ലയനമെന്ന സങ്കൽപ്പമല്ല, ദീർഘകാലമായുള്ള പാർട്ടി നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണമാണ്. ഇന്ത്യ പോലെയൊരു രാജ്യത്ത് ഇന്ന് നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകൾ ദിനംപ്രതി അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിനെ നേരിടാൻ തക്കതരത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ മേതതരത്വ പാർട്ടികളുടെ വിപുലമായ ഐക്യം അനിവാര്യമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ അടിസ്ഥാനപരമായ വ്യത്യാസങ്ങളൊന്നുമില്ലാതെ വളർന്ന് വന്നുകൊണ്ടിരിക്കുകയാണ്. അത്തരം സാഹചര്യത്തിൽ രണ്ടായി നിൽക്കേണ്ട കാര്യമില്ലാത്തത് കൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം ഈ കാലഘട്ടത്തിൽ ആവശ്യമാണ് എന്ന് ഞങ്ങൾ പറയാൻ കാര്യം.
അത് ആ രീതിയിൽ കാര്യങ്ങൾ സി.പി.എമ്മിന് കൂടി ബോധ്യമാവാത്തതുകൊണ്ട് ഞങ്ങൾ പറഞ്ഞതു നടക്കുന്നില്ല. അവർക്ക് കൂടി ബോധ്യമാവട്ടെ. ചെറിയ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ഒക്കെ കൂട്ടായ്മയിൽ പിന്നീട് ഉൾപ്പെടുത്താൻ കഴിയുന്നതാണ് എന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. അതുകൊണ്ട് പുനരേകീകരണമെന്നത് ഒരു മന്ത്രമായി ഉരുവിട്ട് കൊണ്ട് ഉടൻ വേണമെന്ന ആവശ്യം ഞങ്ങൾ ഉന്നയിക്കുന്നില്ല.
?. നിലവിൽ പാലക്കാട് സ്വകാര്യ കമ്പനിയുടെ ബ്രൂവറിക്കും ഡിസ്റ്റലിറിക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കുടിവെള്ള പ്രശ്നമടക്കം ഉന്നയിച്ച് സി.പി.ഐ അടക്കമുള്ള എൽ.ഡി.എഫിലെ കക്ഷികൾ എതിർത്തിട്ടും ബ്രൂവറി നടപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. ജില്ലക്കാരന്‍ കൂടിയായ അങ്ങയുടെ അഭിപ്രായം എന്താണ്
മുമ്പ് പാലക്കാട് കൊക്കോ കോള കമ്പനി വരികയും ജലം ധാരാളം ചൂഷണം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ പ്രതിസന്ധികളൊക്കെ നാട് അനുഭവിച്ചതാണ്. അതിന്റെ ഭയപ്പാട് പാലക്കാട് ജില്ലയിലെ ജനങ്ങൾക്കുണ്ട്.
ഇക്കാര്യത്തിൽ ജലമാണ് ഇവർക്ക് വേണ്ട പ്രധാന അസംസ്‌കൃത വസ്തു. അപ്പോൾ തീർച്ചയായും ജനങ്ങൾക്ക് ഭയമുണ്ടാവും. അതുകൊണ്ട് സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെടുന്നത് ജനങ്ങളുടെ ഭയാശങ്കകൾ ദൂരീകരിക്കണം.
ഇന്ന് കാണുന്ന അവസ്ഥയിൽ ജലം മലമ്പുഴയിൽ നിന്നായാലും ഗ്രൗണ്ട് വാട്ടറായാലും കൂടുതൽ നൽകേണ്ടി വരില്ല, അതിന്റെ പ്രശ്‌നങ്ങളുണ്ടാവില്ല എന്ന ഉത്തമ ബോധ്യം ജനങ്ങൾക്കുണ്ടാക്കി കൊണ്ട് മാത്രമേ അതിനൊരു പരിഹാരമുണ്ടാക്കാനാവൂ എന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. ഒരു വ്യവസായവും കേരളത്തിൽ വരരുതെന്നുള്ള അഭിപ്രായമില്ല. ജനങ്ങളുടെ ആശങ്കകൾ നിലനിർത്തി കൊണ്ട് മുന്നോട്ട് പോകാനാവില്ല.
?. ഒരു കാലത്ത് എൽ.ഡി.എഫിൽ തിരുത്തൽ ശക്തിയെന്ന പ്രതിച്ഛായ സി.പി.ഐക്കുണ്ടായിരുന്നു. ഇന്നത് തിരുമ്മൽ ശക്തിയെന്ന് മാധ്യമങ്ങൾ പോലും ആക്ഷേപിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള കാലഘട്ടത്തിൽ ആർക്കും അങ്ങനെ പറയാനാവുമല്ലോ. അതൊക്കെ ഓരോരുത്തരുടെ ഭാവനാവിലാസമാണ്. അതിനെ നമ്മളൊന്നും അംഗീകരിക്കുന്നില്ല. സ്വീകരിക്കുന്നുമില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കാലഘട്ടത്തിൽ തീർച്ചയായും ഇടതുപക്ഷ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ തിരുത്തൽ ശക്തിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും ആ നില തുടരുന്നുണ്ടെന്നു തന്നെയാണ് എന്റെ വിലയിരുത്തൽ.
?. സർക്കാരിനെ നിയന്ത്രിക്കുന്ന ഒരു സംവിധാനമെന്ന നിലയിൽ അങ്ങ് എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്
കേരളത്തിൽ എൽ.ഡി.എഫ് രൂപീകരിച്ചതു മുതൽ അതിൽ ഒരംഗമായിരുന്നു ഞാൻ. 1979 ലെ പി.കെ.വി സർക്കാർ രാജിവെച്ച് പുതിയ മുന്നണി സംവിധാനമുണ്ടായ കാലത്ത് തുടക്കം മുതൽ ഉണ്ടായിരുന്ന ഒരാളാണ് ഞാൻ. അന്ന് ഞാനും പി.കെ.വിയും വെളിയം ഭാർഗവനുമാണ് കമ്മിറ്റിക്ക് സ്ഥിരമായി പൊയ്‌ക്കൊണ്ടിരുന്നത്. ഇടയ്ക്ക് പി.എസ് ശ്രീനിവാസനും വരും.
ഇന്ന് ഇവരൊക്ക മൺമറഞ്ഞു. അതത് കാലഘട്ടത്തിലുണ്ടായിരുന്ന പാർട്ടി സെക്രട്ടറിമാർക്കൊപ്പം ഞാനും അതിൽ ഉണ്ടായിരുന്നു. മൂന്നാല് കൊല്ലമായിട്ട് എൽ.ഡി.എഫിൽ ഞാൻ പങ്കെടുക്കുന്നില്ല. അതൊരു പ്രത്യേക സാഹചര്യത്തിൽ കാനം രാജേന്ദ്രന്റെ കാലത്ത് പാർട്ടിയിൽ ചർച്ച ചെയ്ത് എന്നെ ഒഴിവാക്കിയതാണ്.
അതുവരെ ഞാൻ തുടർച്ചയായി ഉണ്ടായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് സമയാസമയങ്ങളിൽ നേതൃത്വം കൊടുക്കുന്ന ജോലി എൽ.ഡി.എഫ് വളരെ സജീവമായി നിർവ്വഹിച്ചിരുന്നു. ഇപ്പോൾ അത് ഔപചാരികതയിലേക്ക് ചുരുങ്ങി.
ഞാൻ ഉള്ള കാലത്ത് എല്ലാ പ്രശ്‌നങ്ങളും എൽ.ഡി.എഫിൽ ചർച്ചയ്ക്ക് വരുമായിരുന്നു. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങനെ ചർച്ചകൾ നടത്തിയിട്ട് അത് എൽ.ഡി.എഫിൽ ഉന്നയിച്ച് അത് മുന്നണിയുടെ അഭിപ്രായമായി മാറ്റിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.
അങ്ങനെ പലപ്പോഴും വേണ്ടിവരും. സി.പി.ഐയും സി.പി.എമ്മും തമ്മിലാണ് ചില പ്രശ്‌നങ്ങളിൽ തർക്കമെങ്കിൽ അത് ചർച്ച ചെയ്ത് പരിഹാമുണ്ടാക്കി യോഗത്തിൽ കൊണ്ട് വരുമായിരുന്നു. മറ്റ് കക്ഷികളുമായാണ് പ്രശ്‌നമെങ്കിൽ അവരുമായി പ്രാഥമിക ചർച്ചകൾക്ക് ശേഷം അത് മുന്നണിയിൽ എത്തിക്കുമായിരുന്നു.
ഇന്ന് പൊതുവേ കാണുന്നത് ഔപചാരികമായ കൂടലും പിരിയലും മാത്രമാണ്. ഞാൻ ഇപ്പോൾ അംഗമല്ലാത്തത് കൊണ്ട് തന്നെ എൽ.ഡി.എഫിന്റെ പ്രവർത്തനം ഫലപ്രദമായി നടക്കുന്നുണ്ടോ എന്ന് എനിക്ക് വിലയിരുത്താൻ കഴിയില്ല.
?. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ സിപി.ഐയുടെ വി.എസ് സുനൽകുമാറിന്റെ പരാജയം എങ്ങനെ സംഭവിച്ചുവെന്നാണ് താങ്കൾ കരുതുന്നത്
പാർട്ടിയുടെ ഉന്നത കമ്മിറ്റികളിലൊന്നും ഞാനിപ്പോഴില്ല. അവർ ചർച്ച ചെയ്ത് വിലയിരുത്തിയത് എന്താണെന്നും എനിക്ക് അറിയില്ല. എങ്കിലും പ്രാഥമികമായി പരിശോധിക്കുമ്പോഴുള്ള വിലയിരുത്തൽ കോൺഗ്രസിന്റെ വോട്ട് പ്രകടമായി കുറഞ്ഞിട്ടുണ്ടെന്നതാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രാദേശികമായി ലഭിച്ചുകൊണ്ടിരുന്ന വോട്ട് കുറയുകയും ആ വോട്ട് ബി.ജെ.പിക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ്- ബി.ജെ.പി ഡീലായി മാത്രമേ നമ്മുക്ക് അതിനെ കാണാൻ കഴിയൂ.
അതിനകത്തുള്ള അന്തർധാരകൾ എന്തായിരുന്നുവെന്നത് സൂക്ഷ്മമായ പഠനം നടത്തി മാത്രമേ പറയാനാവൂ. അങ്ങനെയുള്ള പരിശോധനയും പഠനവും കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം എനിക്കറിയില്ല.
?. ഒരു സമ്മേളനകാലം കൂടിയെത്തുമ്പോൾ സി.പി.ഐയുടെ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മുതിർന്ന നേതാവായ അങ്ങ് ഇപ്പോൾ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സസ്പെൻഷനിലാണ്. എന്ത് തോന്നുന്നു
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സസ്‌പെൻഷനിലാണ് എന്ന് ആരാണ് പറഞ്ഞത് ? ഞാനിതുവരെ ഒരു പാർട്ടി വിരുദ്ധ പ്രവർത്തനവും എന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല.
ജീവിതകാലം മുഴുവൻ പാർട്ടിക്കാരനാണ്. പാർട്ടിക്കാരനായി തന്നെ മരിക്കുകയും ചെയ്യും. എന്റെ പേരിൽ ഒരു നടപടി എടുത്തിട്ടുണ്ട് എന്നത് വസ്തുതയാണ്. അത് പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണെന്ന് ആര് പറഞ്ഞു.
?. ആത്കഥ എഴുതാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വസ്തുതാപരമായി കഥ പുറത്തുവരുമ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ പാർട്ടിക്ക് ക്ഷീണം ചെയ്യില്ലേ
കമ്മ്യൂണിസ്റ്റ് പാർട്ടിക്കു ക്ഷീണം വരുന്നതൊന്നും എന്റെ ആത്മകഥയിൽ ഉണ്ടാവില്ല. ഞാൻ പത്തെഴുപത് കൊല്ലമായി കമ്മ്യൂണിസ്റ്റ് പ്രവർത്തകനാണ്. കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കുന്നയാളാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായിട്ടുള്ള നിലപാടൊന്നും എന്റെ ആത്മകഥയിൽ ഉണ്ടാവാൻ പോകുന്നില്ല.
?. ആത്മകഥ എപ്പോഴാണ് എഴുതി തുടങ്ങുന്നത്. എന്താവും പുസ്തകത്തിന്റെ പേര്
എഴുതി തുടങ്ങിയിട്ട് കുറച്ച് നാളായിട്ടുണ്ട്. എന്നാലും പുറത്ത് വരാൻ സമയമെടുക്കും. പുസ്തകത്തിന്റെ പേര് തീരുമാനിച്ച് കഴിഞ്ഞിട്ടില്ല.
?. പി. രാജുവിന്റെ കാര്യത്തിൽ അങ്ങ് പറഞ്ഞത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ ? അത് പരസ്യമായി പറയാതെ പാർട്ടി ഫോറത്തിൽ ഉന്നയിക്കാതിരുന്നത് തെറ്റല്ലേ
എന്റെ ദീർഘകാലമായുള്ള സുഹൃത്തും സഹ്രപവർത്തകനുമാണ് രാജു. 55 കൊല്ലമായി അടുത്ത സുഹൃത്ത് ബന്ധം പുലർത്തുന്ന സഖാവാണ്. അദ്ദേഹം 73-ാം വയസിലാണ് മരിച്ചത്. രോഗബാധിതനായിരുന്നു. പലപ്പോഴും ഞാൻ ആശുപത്രിയിലും വീട്ടിലുമായി അദ്ദേഹത്തെ പോയി കാണാറുണ്ടായിരുന്നു.
പത്ത് കൊല്ലം അദ്ദേഹം എം.എൽ.എയായിരുന്നു. ഞാൻ ആ സമയത്ത് മന്ത്രിയുമായിരുന്നു. പത്ത് കൊല്ലം മുമ്പ് കുറെ നാൾ മോസ്‌കോയിൽ ഞങ്ങളൊരുമിച്ച് കുറച്ച് മാസങ്ങളുണ്ടായിരുന്നു. ഒന്നിച്ച് പല യാത്രകളിലൂടെയും മറ്റ് പല ജീവിതാനുഭവങ്ങളിലൂടെയും കൂടുതൽ അടുപ്പം പുലർത്തുന്നവരുമായിരുന്നു.
പാർട്ടിയിൽ ഉന്നത സ്ഥാനമൊക്കെ അലങ്കരിച്ച ശേഷം ഒന്നുമല്ലാതായി മരിക്കേണ്ടി വരുമല്ലോ എന്ന് അദ്ദേഹം മരിക്കുന്നതിന് മുമ്പും പറഞ്ഞിരുന്നു. അങ്ങനെ ഒരു ദു:ഖം സഖാവിനുണ്ടായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ ഞാൻ ഫേസ്ബുക്കിലിട്ട കുറിപ്പിലും ഞാനത് പറഞ്ഞിട്ടുണ്ട്.
?. സി.പി.ഐയിൽ എന്ന് മുതലാണ് വിഭാഗീയ പ്രശ്നങ്ങൾ ഉരണ്ട് കൂടാൻ തുടങ്ങിയത്. മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി അങ്ങേയ്ക്കുള്ള ആശയപരമായ ഭിന്നത പാർട്ടിക്ക് ദോഷം ചെയ്തില്ലേ
കമ്മ്യൂണിസ്റ്റ് പാർട്ടിയിലങ്ങനെ വിഭാഗീയതയും കാര്യങ്ങളുമൊന്നുമില്ല. എന്റെ സഹപ്രവർത്തകൻ തന്നെയായിരുന്നു കാനം രാജേന്ദ്രൻ. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോയവർ തന്നെയാണ്.
ചില കാര്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായിരുന്നുവെന്നല്ലാതെ അതിനെ വിഭാഗീയതയെന്നൊന്നും പറഞ്ഞു കൂടാ. അതൊന്നും ഒരു തുറന്ന ചർച്ചയ്ക്ക് വിധേയമാക്കാൻ ഞാനിപ്പോൾ തയ്യാറാകുന്നില്ല.
?. സംസ്ഥാനത്ത് ഉണ്ടാകുന്ന ലഹരി വ്യാപാരത്തിന് പൊളിറ്റിക്കൽ പാട്രണേജ് ഉണ്ടെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം. ഇങ്ങനെ ഒരു രാഷ്ട്രീയ പിന്തുണ ഉണ്ടെന്ന് അങ്ങ് കരുതുന്നുണ്ടോ
ലഹരി വ്യാപനം കർശനമായി അടിച്ചമർേത്തണ്ടതാണ്. നമ്മുടെ ഭാവി തലമുറയെയും സമൂഹത്തെയാകെയും ഗ്രസിക്കുന്ന നിലയിലേക്ക് അത് വളർന്ന് വന്നിട്ടുണ്ട്. ആരൊക്കെയാണ് അതിന് പിന്നിലുള്ളതെന്ന് ഇപ്പോൾ നമ്മുക്കറിയില്ല. ഇനി ആരുണ്ടെങ്കിലും അത് അടിച്ചമർത്തണം.
വലിയ അപകടമായി, ആപത്തായി അത് വളർന്ന് വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചെറിയ കുട്ടികളിലൂടെ എന്തെല്ലാം അപകടങ്ങളാണ് അത് ക്ഷണിച്ചു വരുത്തുന്നതെന്ന് ദിവസേന പത്രങ്ങളിലൂടെ കാണാൻ കഴിയുന്നുണ്ട്.
അച്ഛനും അമ്മയും ഭയപ്പാടൊടെയാണ് മക്കളെ സമീപിക്കുന്നത്. ആ നിലയിലേക്ക് അത് വളർന്നിട്ടുണ്ട്. മയക്ക് മരുന്നിന്റെ അടിമയായി തീർന്നാൽ എന്താണ് സംഭവിക്കുകയെന്ന് പറയാൻ കഴിയില്ല.
വഴിയിൽ വെച്ച് ഉണ്ടാകുന്ന വർത്തമാനത്തിൽ പോലും മറുപടിയായി കത്തിയെടുത്ത് കുത്തുകയാണ്. അതൊക്കെ മയക്ക് മരുന്നിന്റെ സ്വാനീനം കൊണ്ടാണ്. അത് ആരുടെയെങ്കിലും തലയിൽ വെച്ച് കെട്ടാൻ ആരെങ്കിലും ശ്രമിച്ചാൽ അതിന് വലിയ അർത്ഥമൊന്നുമില്ല.
എല്ലാവരും കൂടി ചേർന്ന് മയക്ക് മരുന്നിൽ നിന്നും പുതുതലമുറയെയും നാടിനെയും രക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തങ്ങൾ നടത്തുന്നതിലാണ് ഊന്നൽ കൊടുക്കേണ്ടത്.
?. സംസ്ഥാനത്തെ ആശമാർ വേതന വർധനവിനായി നടത്തുന്ന സമരത്തിനെതിരെ നിശിത വിമർശനമാണ് ഇടതുമുന്നണി ഉന്നയിക്കുന്നത്. അങ്ങയുടെ നിലപാട് വ്യക്തമാക്കാമോ
പൊതുവേ ഏത് സമരത്തോടും ഞങ്ങൾ ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നവരാണ്. ആശമാർ ഒരു ചെറിയ വരുമാനം കൊണ്ട് ജീവിക്കുന്നവരാണെന്നത് സത്യം തന്നെയാണ്. അവർക്ക് വരുമാനവും ആനുകൂല്യങ്ങളും കൂടുതൽ വേണ്ടതാണ്.
പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകുന്നില്ല. ആ സാഹചര്യത്തിൽ കേരള സർക്കാരിനെതിരായ ഒരു സമരമായി അതിനെ വളർത്തിക്കൊണ്ട് വരാൻ ശ്രമിക്കുകയാണ്.
ആശാ വർക്കറുമാരിൽ ചെറിയ വിഭാഗം മാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നത്. വലിയ വിഭാഗം സമരത്തിന് പുറത്താണുള്ളത്. എല്ലാവരെയും ബാധിക്കുന്ന രീതിയിൽ ആനുകുല്യങ്ങൾ കൊടുക്കാൻ കഴിയുമോ എന്ന നിലയിൽ സർക്കാർ പരിശോധിച്ച് ന്യായമായ പരിഹാരമുണ്ടാക്കണം. ഒരു സമരത്തെയും കണ്ണടച്ച് എതിർക്കാനും അംഗീകരിക്കാനുമുള്ള നിലപാടൊന്നും ഞങ്ങൾ സ്വീകരിക്കുന്നില്ല.
?. പി.എസ്.സി അംഗങ്ങൾക്ക് ശമ്പളം വലിയ തോതിൽ വർദ്ധിപ്പിച്ചു. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്ക് യാത്രാബത്തയിൽ വൻവർദ്ധന നൽകി. എന്നാൽ സി.ഐ.ടി.യു അടക്കമുള്ള സംഘടനകൾ ആശമാർക്കെതിരെ അധിക്ഷേപകരമായ പരാമർശമാണ് നടത്തുന്നത്. വേതനം കൂട്ടി ചോദിച്ച് സമരം ചെയ്യുമ്പോൾ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മര്യാദയാണോ
ഒറ്റപ്പെട്ട അത്തരം പരാമർശങ്ങളെ വലിയ വിഷയമാക്കി മാറ്റാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പം. അങ്ങനെ പറയുന്നവർ അത് പറയട്ടെ. അത് മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമെന്താണ്.
?. സംഘപരിവാർ സ്പോർൺസേർഡ് സമരമാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ
ഇപ്പോൾ എസ്.യു.സി.ഐക്കാരാണ് സമരത്തിന്റെ ലീഡർഷിപ്പിലുള്ളതെന്നാണ് ഞാൻ മനസിലാക്കുന്നത്. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയടക്കം പലരും അവിടെ പോയിട്ടുണ്ടാവും. മന്ത്രി ആ നിലവാരത്തിൽ വേണം അവരെ കാണാനും ബന്ധപ്പെടാനും. അവസരം കിട്ടുമ്പോൾ സമരത്തെ രാഷ്ട്രീയ ആയുധമാക്കാൻ പാടില്ല.
?. കേന്ദ്ര നിലപാടിനെ ആശമാർ വിമർശിക്കുന്നില്ല എന്നതാണ് പൊതുവേ ഇടതുകക്ഷികളിൽ നിന്നുയരുന്ന വിമർശനം. സമരത്തെ പ്രതിേരാധിക്കാൻ ഇത് പര്യാപ്തമാണോ
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്ന കാര്യം അംഗീകരിക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയത്തിലൂടെ എന്ത് പറഞ്ഞാലും ഈ സമൂഹം അവരെ അംഗീകരിക്കില്ല. കാരണം നൂറ് അനുഭവങ്ങൾ കേരളത്തിലെ ജനങ്ങളുടെ മുമ്പിലുണ്ട്. വയനാട് ദുരന്തമുണ്ടായിട്ട് നയാപൈസ സഹായം ചെയ്യാത്തവരാണ് അവർ.
സംഭവമുണ്ടായി മൂന്നാല് ദിവസത്തിന് ശേഷം പ്രധാനമന്ത്രി നേരിട്ട് ഇവിടെ സന്ദർശിച്ചതാണ്. മന:സാക്ഷിയുള്ളവരാണെങ്കിൽ എന്തെങ്കിലും പ്രതികരിക്കും. ഇത്തരം സംഭവങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു പാട് സഹായങ്ങൾ വാരിക്കോരി കൊടുക്കുേമ്പാഴും കേരളത്തെ അതിൽ ഉൾപ്പെടുത്തിയില്ല.
?. സി.പി.ഐ ഭരിക്കുന്ന വകുപ്പുകളുടെ പ്രവർത്തനത്തെ പാർട്ടി മുൻ അസി. സെക്രട്ടറി കൂടിയായ അങ്ങ് എങ്ങനെ വിലയിരുത്തുന്നു
ഈ വകുപ്പുകൾ പല കാലങ്ങളിലും ഞങ്ങളൊക്കെ ഭരിച്ചിരുന്നതാണ്. ഞങ്ങളുടെ പാർട്ടി തന്നെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. പിന്നെ ഓരോ ആളുകളെ തമ്മിൽ തുലനം ചെയ്ത് പറയുമ്പോഴാണ് അത് മോശമാണ്, ഇത് മോശമാണ് എന്നൊക്കെ പറയുന്നത്.
അങ്ങനെ ഒരു വിലയിരുത്തൽ ഞാൻ നടത്തിയിട്ടില്ല. പാർട്ടി നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്തെങ്കിലും ന്യൂനതകളോ കുറവുകളോ ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് അത് നികത്തി മുന്നോട്ട് പോവുകയും ചെയ്യും. വ്യാപകമായ വിമർശനമൊന്നും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
?. അടുത്ത തവണയും പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടത് മന്ത്രിസഭ അധികാരത്തിൽ വരുമെന്ന് കരുതുന്നുണ്ടോ
ഞാൻ കരുതുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയൊക്കെ ഉണ്ടാകുമ്പോഴും ജനങ്ങളുടെ കാര്യങ്ങൾ നിർവ്വഹിച്ച് കൊണ്ട് വികസന കാര്യങ്ങളിൽ പ്രത്യേക താൽപര്യമെടുത്ത് സർക്കാർ മുന്നോട്ട് പോകുന്നുണ്ട്.
സാധാരണ ജനങ്ങളെയും പാവപ്പെട്ടവനെയും ചേർത്ത് പിടിച്ച് സാമ്പത്തിക പരിമിതികളിൽ നിന്നുകൊണ്ട് തന്നെ അടിത്തട്ടിൽ കിടക്കുന്നവന്റെ പ്രശ്‌നങ്ങൾ കൂടി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. കേന്ദ്ര വിഹിതം കൃത്യമായി ലഭിച്ചിരുന്നുെവങ്കിൽ ഈ രാജ്യത്തെ ഒന്നാംകിട സംസ്ഥാനമായി മാറ്റാൻ നമ്മുക്ക് കഴിഞ്ഞേനെ.
ഇപ്പോഴും ചില മേഖലകളിൽ നമ്മൾ ഒന്നാമത് തന്നെയാണ് നിൽക്കുന്നത്. അങ്ങനെയൊരു അവസ്ഥയിലേക്ക് കൊണ്ട് പോയത് പിണറായി സർക്കാർ തന്നെയാണെന്നതിൽ എന്താണ് സംശയം. അതുകൊണ്ട് തീർച്ചയായും മൂന്നാം പിണറായി സർക്കാരിന്റെ വരവുണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
?. സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായ മുന്നേറ്റത്തെ അങ്ങ് എങ്ങനെ വിലയിരുത്തുന്നു
ബി.ജെ.പിക്ക് ഇപ്പോഴും സംസ്ഥാനത്തെ നിയമസഭയിൽ കൃത്യമായൊരു പ്രാതിനിധ്യം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു തവണ ജയിച്ചു. അത് നിലനിർത്താൻ സാധിച്ചില്ല. ഇപ്പോൾ ഒരു പാർലമെന്റ് സീറ്റിലും ജയിച്ചു. അതുകൊണ്ട് ബി.ജെ.പിയുടെ രാഷ്ട്രീയം കേരളജനത അംഗീകരിച്ച് അവർക്ക് കൂടുതൽ സീറ്റുണ്ടാകുമെന്ന രാഷ്ട്രീയ സാഹചര്യമൊന്നും നിലവിലില്ല.
ഈ അവസരത്തെയും സാധ്യതകളെയും പ്രയോജനപ്പെടുത്താൻ വഴിവെച്ച് കൊടുക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നത് കോൺഗ്രസാണ്. ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷിയാണ് അവരെങ്കിലും അവരെടുക്കുന്ന അവസരവാദപരമായ നിലപാടുകളാണ് ബി.ജെ.പിയെ നിലനിർത്തുന്നതിലും തിരിച്ചു വരുന്നതിലും സഹായകരമായ അവസ്ഥയുണ്ടാക്കുന്നത്.
?. രാജ്യത്ത് ഒരു ബിജെ.പി ഇതര സർക്കാർ എന്നത് വിദൂര സ്വപ്നമായി അവശേഷിക്കുമോ
ബി.ജെ.പി ഇതര സർക്കാർ വിദൂര സ്വപ്‌നമല്ല. യാഥാർത്ഥ്യമാവാൻ പോകുന്ന ഒന്നാണ്. അനുഭവങ്ങളിലൂടെ പഠിക്കുന്ന പാർട്ടികൾ എല്ലാവരും അവരുടെ നിലനിൽപ്പിന് അനുസരിച്ച് വിട്ടുവീഴ്ച്ച ചെയ്ത് പരസ്പര ധാരണയോടു കൂടി മുന്നോട്ട് പോകാൻ തയ്യാറായാൽ ഇന്ത്യാ രാജ്യത്ത് ഒരു പ്രയാസവുമില്ലാതെ ബി.ജെ.പിയെ പരാജയപ്പെടുത്തി ജനാധിപത്യ മതേരത്വ കക്ഷികൾക്ക് ഈ സ്ഥാനം വഹിക്കാൻ കഴിയുമെന്ന് തന്നെയാണ് എന്റെ ബോധ്യം.