ഒറീസയില്‍ മിഷന്‍ മലയാളി ഉള്‍പ്പെടെയുള്ള വൈദികരെ ഈ നോമ്പുകാലത്ത് റോഡിലൂടെ വലിച്ചിഴച്ചായിരുന്നു പോലീസ് ക്രൂരത. അടികൊണ്ട് തളര്‍ന്ന് റോഡില്‍വീണ വൈദികനെ വീണ്ടും മര്‍ദിച്ചു. മതപരിവര്‍ത്തനം നടത്തിയെന്നും രാജ്യ വിരുദ്ധരെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം. 'സത്യം ഓണ്‍ലൈന്‍' അഭിമുഖത്തില്‍ പോലീസിന്‍റെ കൊടുംക്രൂരതകള്‍ തുറന്നുപറഞ്ഞു മര്‍ദനത്തിനിരയായ 'മലയാളി വൈദികന്‍ ഫാ.ജോഷി ജോര്‍ജ്'

ഞങ്ങൾ വൈദികരാണെന്നും പള്ളിയുടെ ചുമതല വഹിക്കുന്നവരാണെന്നും പറഞ്ഞതോടെ അവർ ഞങ്ങളെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. എന്തിനാണ് ഞങ്ങളെ അടിക്കുന്നതെന്ന് ഞങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. അവർ മറുപടിയൊന്നും പറയാതെ മർദ്ദനം തുടരുകയായിരുന്നു. 

New Update
fr. joshy george interview
Listen to this article
0.75x 1x 1.5x
00:00 / 00:00

ഭുവനേശ്വര്‍: ബിജെപി ഭരിക്കുന്ന  ഒഡീഷയിലെ ബെർഹാംപൂരിന് സമീപമുള്ള പിഡിയ എന്ന ഗ്രാമത്തിൽ മാര്‍ച്ച് 21 നു പൊലീസിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്ന ഫാ. ജോഷി ജോർജ് മനസ് തുറക്കുമ്പോൾ ഭീതിദമായ രംഗങ്ങളാണ് അദ്ദേഹത്തിന്റെ ഉള്ളില്‍ നിറയുന്നത്. 

Advertisment

കാര്യകാരണങ്ങളില്ലാതെ ഫാ. ജോഷിയെയും സഹവൈദികനായ ഫാ. ദയാനന്ദിനെയും അവരുടെ പള്ളിയിലെ ജോലിക്കാരെയും ഈ നോമ്പുകാലത്ത് പൊലീസ് തല്ലിച്ചതയക്കുകയായിരുന്നു. 

വൈദികരെ വഴിനീളെ അടിച്ചും റോഡിലൂടെ വലിച്ചിഴച്ചുമായിരുന്നു പോലീസ് ഭീകരത. ഫാ. ദയാനന്ദിന് നേർക്കുള്ള മർദ്ദനം അതിക്രൂരമായിരുന്നു. പുറത്തും തലയിലും കൈകാലുകളിലും അവർ മാറിമാറി മർദ്ദിച്ചു. 


മർദ്ദനമേറ്റ വൈദികന്‍ റോഡിൽ വീണു. എന്നിട്ടും പോലീസ് അദ്ദേഹത്തെ മർദ്ദിക്കുന്നുണ്ടായിരുന്നു ആദിവാസി ജനതയ്ക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരെ രാജ്യവിരുദ്ധരായും പാക്കിസ്ഥാനികളായും മുദ്രകുത്തിയായിരുന്നു പൊലീസിന്റെ ഭീകരമായ മർദ്ദനം.


അടിയേറ്റ സഹവൈദികൻ ഗുരുതര പരിക്കുകളുമായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്ന് കൂടി പറയുമ്പോഴാണ് മർദ്ദനത്തിന്റെ ഭീകരത വെളിച്ചത്ത് വരുന്നത്.

bhuvaneswar

സത്യം ഓൺലൈൻ പൊളിറ്റിക്കൽ എഡിറ്റർ 'അരവിന്ദ് ബാബു'വിന് പൊലീസ് മർദ്ദനമേറ്റ 'ഫാ ജോഷി ജോർജ്' അനുവദിച്ച അഭിമുഖത്തിൽ നിന്നും

?. ഒറീസയില്‍ ജീവകാരുണ്യ, പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട താങ്കള്‍ക്ക് ക്രൂര മര്‍ദ്ദനമാണ് പൊലീസില്‍നിന്നും നേരിടേണ്ടി വന്നതെന്ന് കേള്‍ക്കുന്നു. വാർത്ത ശരിയാണോ ? എന്തായിരുന്നു സംഭവം 

വാർത്ത ശരിയാണ്. ഇവിടെ അടുത്തുള്ള പിഡിയ എന്ന ഗ്രാമത്തിൽ കഞ്ചാവ് വ്യാപകമായി ആദിവാസികൾ കൃഷി ചെയ്യുന്നുണ്ടെന്ന് പരാതികൾ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 21 ന് വെളുപ്പിനെ ഇവരെ തിരഞ്ഞ് വന്ന പൊലീസ് ഗ്രാമത്തിൽ വ്യാപകമായ അക്രമം നടത്തി. ചിലയിടത്തും നിന്നും കഞ്ചാവ് പിടിച്ചെടുത്തു.

ആളുകളെ ഉപദ്രവിച്ചപ്പോൾ അവർ പൊലീസിനെതിരെ തിരിഞ്ഞു. അങ്ങനെ പ്രശ്‌നം രൂക്ഷമായി. പൊലീസുകാർ കീഴ്‌പ്പെടുത്തിയ കുറെപേരെ സമീപ ഗ്രാമമായ ജൂബയിലുള്ളവർ ആദിവാസികൾ വണ്ടി തടഞ്ഞ് മോചിപ്പിച്ചുവെന്നാണ് ഞാൻ അറിഞ്ഞത്. 


സംഭവങ്ങളുമായി ബന്ധപ്പെട്ട് പള്ളിക്കോ വൈദികർക്കോ പള്ളിയിലെ മറ്റ് ജോലിക്കാർക്കോ അന്തേവാസികൾക്കോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. പക്ഷേ പിറ്റേന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 300 ഓളം പേരടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടേയ്ക്ക് എത്തിയത്. 


അവരിൽ പത്തോളം പേർ 'ഔവർ ലേഡി ഓഫ് ലൂർദ്ദ്' എന്ന ഞങ്ങളുടെ പള്ളിയിലേക്കും വന്നു. പള്ളിയിൽ ശുചീകരണ ജോലിയിൽ ഏർപ്പെട്ട പെൺകുട്ടികളെയാണ് അവർ ആദ്യം മർദ്ദിച്ചത്. 

bhuvaneswar-2

അവർ കരഞ്ഞുകൊണ്ട് അച്ചൻമാർ താമസിക്കുന്നയിടത്തേക്ക് വന്നു. ഞാനും എന്റെ സഹ വൈദികനായ ദയാനുന്ദുമുണ്ടായിരുന്നു. അവർ വരുന്നത് കണ്ട് ഞങ്ങൾ വീടിന് പുറത്തിറങ്ങി. അപ്പോഴേക്കും പൊലീസുകാരുമെത്തി. ഞങ്ങൾ ആരാണെന്ന് അവർ ചോദിച്ചു.

ഞങ്ങൾ വൈദികരാണെന്നും പള്ളിയുടെ ചുമതല വഹിക്കുന്നവരാണെന്നും പറഞ്ഞതോടെ അവർ ഞങ്ങളെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. എന്തിനാണ് ഞങ്ങളെ അടിക്കുന്നതെന്ന് ഞങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. അവർ മറുപടിയൊന്നും പറയാതെ മർദ്ദനം തുടരുകയായിരുന്നു. 


അവർ ഇവിടെനിന്നും അടിച്ചും വലിച്ചിഴച്ചും കഴിഞ്ഞ ദിവസം ആളുകൾ പൊലീസിനെ തടഞ്ഞ ഗ്രാമത്തിലേക്കാണ് ഞങ്ങളെ കൊണ്ടു പോയത്. വഴിനീളെ കടുത്ത മർദ്ദനമാണ് നടന്നത്. ദയാനന്ദിന് നേർക്കുള്ള മർദ്ദനം അതിക്രൂരമായിരുന്നു. പുറത്തും തലയിലും കൈകാലുകളിലും അവർ മാറിമാറി മർദ്ദിച്ചു. ഒരു ഘട്ടത്തിൽ മർദ്ദനമേറ്റ ദയാനന്ദ് റോഡിൽ വീണു. അവിടെയെത്തിയ ശേഷവും ഓരോ പൊലീസുകാർ വരുമ്പോഴും അദ്ദേഹത്തെ മർദ്ദിക്കുന്നുണ്ടായിരുന്നു.


ഇതിനിടെ പള്ളിയിൽ പാചകം ചെയ്യുന്ന പ്രായമായ സ്ത്രീ, എന്തിനാണ് ഇങ്ങനെ വൈദികരെ മർദ്ദിക്കുന്നതെന്ന് പൊലീസുകാരോട് ചോദിച്ചു. അവരെയും ഭീകര മർദ്ദനത്തിന് വിധേയമാക്കുകയും പിടിച്ചുകൊണ്ട് പോവുകയും ചെയ്തു. 

fr. joshy george

ദയാനന്ദ് അച്ചനെയും ഇവരെയും കുറെ ഗ്രാമവാസികളെയും അവർ പൊലീസ് വാഹനത്തിൽ കയറ്റി ഇരുത്തിയിരുന്നു. വാഹനത്തിൽ കുട്ടികളുമുണ്ടായിരുന്നു. അവരെയടക്കം പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു. 


പിന്നീട് അവർ പോകാൻ തുടങ്ങിയപ്പോൾ സ്ത്രീകൾ അടക്കമുള്ളവരെ ഇറക്കി വിട്ടു. അപ്പോഴും ദയാനന്ദ് അച്ചൻ അവരുടെ കസ്റ്റഡിയിലായിരുന്നു. കുറച്ച് ദൂരം കൊണ്ട് പോയ ശേഷം അച്ചനെ അവർ വഴിയിൽ ഇറക്കിവിടുകയായിരുന്നു. 


അടികൊണ്ട് അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ തലയ്ക്കും തോളെല്ലിനും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇപ്പോൾ ബെർഹാംപൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

 ?. ആളുകൾ നോക്കി നിൽക്കുമ്പോഴാണോ പൊലീസ് വലിച്ചിഴച്ചത് ? അവിടെയുള്ള നാട്ടുകാർ ഇടപെട്ട് പൊലീസിനെ തടയാൻ ശ്രമിച്ചോ 

ഞങ്ങളെ ഗ്രാമത്തില്‍ കൊണ്ട് ചെല്ലുമ്പോൾ പൊലീസ് ആക്രമണം ഭയന്ന് അവിടെയുള്ളവരിൽ ഭൂരിഭാഗവും ഗ്രാമം വിട്ട് എങ്ങോട്ടോ പോയിരുന്നു. അവിടെയുള്ള വീടുകളിൽ പ്രായമായ കുറച്ച് സ്ത്രീകൾ മാത്രമായിരുന്നു അവശേഷിച്ചത്.


വഴി നീളെ മർദ്ദനത്തിന് വിധേയമാക്കിയ ഞങ്ങളെ അവിടെ എത്തിച്ച ശേഷം വളരെ ക്രൂരമായ ആരോപണമാണ് പൊലീസ് ഉന്നയിച്ചത്. നിങ്ങൾ പാക്കിസ്ഥാനികളാണെന്നും നിങ്ങൾ ഇവിടെ ചെയ്യുന്നത് മതപരിവർത്തനമാണെന്നും പറഞ്ഞായിരുന്നു പിന്നീടുള്ള മർദ്ദനം. 


അമേരിക്കയിൽ നിന്നും നിങ്ങൾക്ക് കണക്കില്ലാതെ പണം വരുന്നുണ്ട്. ഇവിടെയുള്ള ആൾക്കാരെ നിങ്ങൾ വഴിതെറ്റിക്കുകയാണെന്നുമുള്ള കാര്യങ്ങൾ പറഞ്ഞ് ഭീകരമായി അധിക്ഷേപം ചൊരിയുകയായിരുന്നു. എനിക്ക് ആവുന്നത് പോലെ ഞാൻ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ടായിരുന്നു. 

കഞ്ചാവ് കൃഷി ചെയ്യരുതെന്നും ലഹരിയുടെ ദോഷങ്ങളെപ്പറ്റിയും ഇതുപയോഗിച്ചാൽ ചെറുപ്പക്കാരുടെയും കുട്ടികളുടെയും ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാകുമെന്നും പള്ളികളിൽ പ്രസംഗത്തിനിടെയിലും അല്ലാതെയുള്ള ബോധവത്ക്കരണത്തിലും ഞങ്ങൾ പറയാറുണ്ടെന്നും പൊലീസിനോട് പറഞ്ഞു. അതൊന്നും അവർ മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായിരുന്നില്ല.

 ?. ഇതിന് മുമ്പ് ഇത്തരത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോ 

ഇല്ല. ഇതാദ്യമായാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഇത്രയും നിഷ്ഠൂരമായ നീക്കമുണ്ടാവുന്നത്. ഞങ്ങളെ ഗ്രാമത്തിലേക്ക് കൊണ്ടുപോയ ശേഷം പള്ളിയിലും ഞങ്ങളുടെ താമസസ്ഥലത്തും പൊലീസ് മണിക്കൂറുകളോളം പരിശോധന നടത്തി. എന്റെ അലമാരിയിൽ ഉണ്ടായിരുന്ന 40000 രൂപയും അവർ എടുത്തുകൊണ്ട് പോയി. പിടിച്ചെടുത്ത എന്റെ ഫോണും ഇതുവരെ തിരികെ തന്നിട്ടില്ല.

?. ജോഷി അച്ചൻ ഏത് സഭയെയാണ് പ്രതിനിധീകരിക്കുന്നത് ? എവിടെയാണ് ജോലി ചെയ്യുന്നത്

ഞാൻ ലത്തീൻ സഭാംഗമാണ്. ഒറീസയിലെ ബെർഹാംപൂർ രൂപതിയിലാണ് ഞാൻ വൈദികനായി ജോലി ചെയ്യുന്നത്. കേരളത്തിൽ കുറവിലങ്ങാട് തോട്ടുവ സ്വദേശിയാണ്.

?. എത്രനാളായി ഒറീസയിൽ പ്രേഷിത ജോലി ചെയ്യാൻ തുടങ്ങിയിട്ട് ? പള്ളിക്ക് പുറമേ സഭയ്ക്ക് അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ മറ്റ് സ്ഥാപനങ്ങളോ നിലവിലുണ്ടോ 


ഇവിടെ സേവനം ചെയ്യാൻ തുടങ്ങിയിട്ട 28 വർഷമായി. 1996 ലാണ് ഞങ്ങളുടെ നാട്ടിലെ ഇടവകയിൽ നിന്നും വൈദികപട്ടം ലഭിക്കുന്നത്. അതിനു ശേഷം ഒറീസയിലാണ് പ്രവർത്തനമേഖല. ഇവിടെ ഇടവക പള്ളിക്ക് പുറമേ സിസ്റ്ററുമാരുടെ ഒരു ഡിസ്‌പെൻസറി പ്രവർത്തിക്കുന്നുണ്ട്.


ഒരു ചെറിയ നഴ്‌സറി സ്‌കൂളുണ്ട്. സാമൂഹ്യപ്രവർത്തനമാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. ആരോഗ്യകാര്യങ്ങളിൽ നാട്ടുകാരെ ബോധവത്ക്കരിക്കൽ, സ്ത്രീശാക്തീകരണം, സ്വയം സഹായസംഘങ്ങളിലൂടെ ഗ്രാമീണ ജനതയുടെ ഉന്നമനം എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്.

?. കേരളത്തിലെ സഭാ നേതൃത്വത്തെ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നോ

ഇല്ല. അങ്ങനെ അറിയിക്കേണ്ട കാര്യമില്ല. അങ്ങനെ ഒരു പതിവുമില്ല. ഇവിടെ നടന്ന സംഭവങ്ങൾ ഞങ്ങളുടെ രൂപതാ ബിഷപ്പിനോട് പറഞ്ഞിട്ടുണ്ട്.

?. പൊലീസിനെതിരെ പരാതി നൽകിയിരുന്നോ ? എന്തെങ്കിലും നടപടിയുണ്ടായോ 

ഞങ്ങൾ ബിഷപ്പിനെ അറിയിക്കുകയാണ് ചെയ്തത്. അദ്ദേഹമാണ് ഇതിനെ കുറിച്ച് തീരുമാനമെടുക്കേണ്ടത്. എന്നാൽ ഗ്രാമവാസികൾ അവരുടെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അവരുടെ ഭവനങ്ങളിലെ സ്ത്രീകളെയടക്കം ഉപദ്രവിച്ചിരുന്നു.

നടപടിയൊന്നും ഇതുവരെ ഉണ്ടായെന്ന് തോന്നുന്നില്ല. പൊലീസ് മടങ്ങിപ്പോയപ്പോൾ ഇവിടെ നിന്നും ചിലരെ പിടിച്ചുകൊണ്ട് പോയിരുന്നു. അതിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ടായിരുന്നു. 


അവിടെ ചെന്ന് ഇവരെ ജയിലിലടച്ച ശേഷം അവർ ഇവരുടെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ഹിന്ദുക്കളാണെന്ന് പറഞ്ഞവരെ അവർ വിട്ടയച്ചു. ക്രിസ്ത്യാനകളാണെന്ന് പറഞ്ഞവരെ അവർ ജയിലിലിടുകയും അസഭ്യം വിളിക്കുകയും ചെയ്തു. 


?. 1999ൽ ഗ്രഹാം സ്‌റ്റെയിൻസിനെ മക്കളെയും ഭീകരമായി കൊലപ്പെടുത്തിയ പൂർവ്വകാല ചരിത്രമാണ് ഒറീസയ്ക്കുള്ളത്. ഇപ്പോൾ അവിടെ പ്രവർത്തിക്കാൻ പേടിയുണ്ടോ 

സംഭവത്തിന് ശേഷം ഇതുവരെ ഭീഷണികളുണ്ടായിട്ടില്ല. അങ്ങനെ പേടിച്ചിരുന്നിട്ട് കാര്യമില്ലല്ലോ. ഞങ്ങൾ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവരാണ്. ഞങ്ങളുടെ പ്രവർത്തനങ്ങൾക്കു അവരുടെ മുഴുവൻ പിന്തുണയുമുണ്ട്. 

ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഞങ്ങൾ ഇവിടെ നടത്തുന്നത്. അതിന് ജനങ്ങളുടെ അഭിനന്ദവും ലഭിക്കാറുണ്ട്. ഈ സംഭവം ഇവിടെ ചില ടി.വി ചാനലുകളിലും വന്നിരുന്നു. ഇതൊരു ഉൾഗ്രാമമാണ്. പ്രധാന റോഡിൽ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. എന്തായാലും ഞങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.