/sathyam/media/media_files/2025/04/08/tRpfpQxLmTaIvzABfAqh.jpg)
മധുരയിൽ സമാപിച്ച സിപിഎം പാർട്ടി കോൺഗ്രസ്സിൽ എം എ ബേബി പാർട്ടി ജനറൽ സെകട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ഏറെക്കാലം അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ഉറ്റ സുഹൃത്തുമായിരുന്ന 'സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ' ബേബിക്ക് മുന്നിലുള്ള വെല്ലുവിളികളും വ്യക്‌തിപരവും രാഷ്ട്രീയപരവുമായ സവിശേഷതകളും സത്യം ഓൺലൈനുമായി പങ്കുവെക്കുന്നു
ചോദ്യം: ഒരു കാലത്ത് താങ്കളുടെയും നേതാവായിരുന്ന എം എ ബേബി സിപിഎം ജനറൽ സെക്രട്ടറി ആയിരിക്കുന്നു. സീതാറാം യെച്ചൂരിക്ക് ശേഷം ആ ചുമതലയിലെത്തുന്ന ബേബിക്കു മുന്നില്‍ ഇടതുപക്ഷത്തിനാകെയുമുള്ള രാഷ്ട്രീയ പശ്ചാത്തലം ഏതെങ്കിലും വിധത്തിൽ അനുകൂലമാവുന്നുണ്ടോ
സി പി ജോൺ: കമ്മ്യൂണിസ്റ്റ് ഭാഷയിൽ രാഷ്ട്രീയ സാഹചര്യം എന്നത് ഇന്ന് ലോകത്ത് വലതുപക്ഷത്തിന്റെ മുന്നേറ്റമാണ്. കാരണങ്ങൾ പലതാണെങ്കിലും യാഥാർഥ്യം അതാണ്. അമേരിക്ക, ഫ്രാൻസ്, റഷ്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ വലതുപക്ഷം ശക്തിപ്പെടുകയാണ്. അവർക്ക് ആക്കം കൂടുകയാണ്.
എന്തുകൊണ്ട് എന്നുള്ളത് പിന്നീട് പരിശോധിക്കാം. മുതലാളിത്തം അതിന്റെ പ്രതിസന്ധിയിലേക്ക് പോകുമ്പോൾ രാഷ്ട്രീയമായി തിരഞ്ഞെടുക്കുക തീവ്ര വലതുപക്ഷത്തെയാണ്. അടുത്ത വിഭാഗം മദ്ധ്യ പക്ഷമാണ് (centrist).
ഉദാഹരണത്തിന് ഇന്ത്യയിലെ കോൺഗ്രസ്, ബ്രിട്ടനിലെ ലേബർ പാർട്ടി, ഫ്രാൻസിലെ സോഷ്യൽ പാർട്ടികൾ തുടങ്ങിയവയാണ് മദ്ധ്യപക്ഷം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ് ലോകത്തിലെ ഏറ്റവും വലിയ മദ്ധ്യപക്ഷ പാർട്ടി.
അവർ പിടിച്ചു നിൽക്കാൻ പാടു പെടുകയാണ്. കോൺഗ്രസ്സിനെ പോലുള്ള മദ്ധ്യപക്ഷ പാർട്ടികളിൽ നിന്ന് പിടിച്ചു പറിക്കുകയാണ് തീവ്ര വലതുപക്ഷം. അവരാകട്ടെ നിലനിൽക്കാൻ പാടു പെടുകയുമാണ്.
ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ ഇടതുപക്ഷം എവിടെയാണ് ? ജനാധിപത്യ ലോകത്തെ ഇടതുപക്ഷം അത്യന്തം ദുർബലമായിക്കൊണ്ടിരിക്കുന്നു. എന്നാൽ ക്യൂബ, ചൈന, വടക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങൾ അവരുടെ ശക്തികേന്ദ്രങ്ങളായി ഉണ്ടെങ്കിലും അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങൾ ഇടതുപക്ഷത്തേക്ക് വരുവിൻ എന്ന് ജനാധിപത്യ രാജ്യങ്ങളിലെ ഇടതുപക്ഷക്കാർക്ക് പറയാൻ പറ്റാത്ത സാഹചര്യമാണ്.
ചുരുക്കിപ്പറഞ്ഞാൽ ഒരു 'ഇടതുപക്ഷ മാന്ദ്യം' നിലനിൽക്കുന്നുണ്ട്. ചെറുതും വലുതുമായ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ മാന്ദ്യം ഉണ്ട് എന്നത് അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇതേ സംബന്ധിച്ച് തുറന്നു ചിന്തിക്കുക എന്നതാണ് എം എ ബേബിയുടെ മുമ്പിലെ ദൗത്യം. ഇതാണ് എന്റെ നേതാവായിരുന്ന ബേബിയോട് എനിക്ക് പറയാനുള്ളതും.
ചോദ്യം: ബേബിയുടെ ഉറ്റ സുഹൃത്തും സമകാലികരായ നേതൃ നിരയും ആയിരുന്നല്ലോ താങ്കളടക്കമുള്ളവർ. എന്തായിരുന്നു ആ കാലത്തെ പ്രത്യേകതകൾ ? വ്യക്തിപരമായ അനുഭവങ്ങൾ കൂടി ഉൾച്ചേർത്തുകൊണ്ട് എങ്ങനെ വിലയിരുത്തും
സി പി ജോൺ: ബേബി ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റുഡൻറ് ലീഡറായിരുന്നു. 70 വയസ്സിനു താഴെയുള്ളവരുടെ തലമുറയിലെ ഇന്ത്യ കണ്ട ഏറ്റവും വലിയ സംഘാടകനായിരുന്നു.
രണ്ടാം ക്ലാസ്സ് ട്രെയിനിൽ ഒരു ബാഗും ഒരു തോൾ സഞ്ചിയുമായി സഞ്ചരിച്ചിരുന്നയാൾ. ആ അർത്ഥത്തിൽ ഞങ്ങളുടെ ഒരു മോഡലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ചെന്നെത്താത്ത മുക്കും മൂലയും കേരളത്തിലില്ല. എന്നെയൊക്കെ അങ്ങനെ കണ്ടെത്തിയതാണ്.
കോടിയേരി ബാലകൃഷ്ണൻ ആ കാലത്ത് ജയിലിൽ കഴിയുമ്പോൾ വിദ്യാർത്ഥി ഫെഡറേഷനെ സ്വന്തം ചുമലിൽ വഹിച്ച നേതാവാണ്. ഇത്രയും വീടുകൾ സന്ദർശിച്ച വേറൊരാൾ അക്കാലത്ത് സംഘടനയിൽ ഇല്ല. തൃശൂരിൽ വന്നാൽ ബസ്സു കയറി കുന്നംകുളത്തേക്ക് എന്റെ വീട്ടിൽ വരും. ഞാനില്ലെങ്കിൽ പോലും അതാണ് പതിവ്. വീട്ടുകാരുമായി സംഭാഷണം നടത്തും.
അദ്ദേഹം ഒരു 'പൊളിറ്റിക്കൽ മിഷനറി' ആണ്. ഞാൻ വളരെ വേഗം ബേബിയുടെ സഹപ്രവർത്തകനും സംസ്ഥാന തലത്തിൽ ഭാരവാഹി ആയതും അങ്ങനെയാണ്. ഒരർത്ഥത്തിൽ ബേബിയുടെ പിൻഗാമി ആയിരുന്നു അന്ന് ഞാൻ.
ഇപ്പോൾ പാർട്ടി കോൺഗ്രസ് നടന്ന മധുരയിൽ 44 വർഷം മുൻപ് വിദ്യാർത്ഥി നേതാക്കളായ ജംബുവും സോമുവും കൊല ചെയ്യപ്പെട്ടപ്പോൾ ആ പ്രശ്നങ്ങളിലൊക്കെ ഇടപെട്ടിരുന്നു ബേബി. അങ്ങനെ ഗ്രൗണ്ടിൽ പ്രവർത്തിച്ച നേതാവാണ്. പിന്നീട് ഞങ്ങൾ അകന്നു പോയി. രണ്ടു പാർട്ടിയായി.വ്യക്തിപരമായും അകന്നു.
ചോദ്യം: ഇപ്പോഴും നിങ്ങൾ തമ്മിൽ വ്യക്തിപരമായ അകൽച്ചയിൽ തന്നെയാണോ ?
സി പി ജോൺ: പണ്ട് ഉണ്ടായിരുന്നത്ര അടുപ്പവും പിന്നീട് ഉണ്ടായിരുന്നത്ര അകൽച്ചയും ഇല്ല എന്നു പറയാം.
ചോദ്യം: ഒരു കാലത്ത് ഹൃദയ ബന്ധമുണ്ടായിരുന്ന നേതാവ് സിപിഎം ജനറൽ സെക്രട്ടറി ആയപ്പോൾ അങ്ങോട്ട് വിളിച്ചോ ? വി ഡി സതീശനടക്കം ആശംസകൾ നേർന്നിരുന്നു
സി പി ജോൺ: ഫോൺ വിളിച്ചിട്ടു കിട്ടാത്തതിനാൽ ഞാൻ മെസേജ് അയച്ചിരുന്നു. എനിക്ക് വ്യക്തിപരമായി വളരെ സന്തോഷം തോന്നുന്നു എന്നാണ് മെസേജിൽ പറഞ്ഞത്. പിന്നീട് തിരിച്ചു വിളിച്ചു. പഴയ പോലെ കുശലം പറഞ്ഞു. ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന മാർക്സിന്റെ മൂലധന സംഗ്രഹം എവിടെ വരെയായി എന്നൊക്കെ ചോദിച്ചു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ ബേബി വന്നില്ലായിരുന്നെങ്കിൽ കേരളം സൃഷ്‌ടിച്ച ഒരു 'രാഷ്ട്രീയ ഉത്പന്നം' എന്നന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു . എഴുപതുകൾ മുതൽ രൂപപ്പെട്ടു വന്ന ആളാണ്.
രണ്ടു കൊല്ലം കഴിഞ്ഞാൽ 'യൂസ് ആൻഡ് ത്രോ' എന്ന അവസ്ഥയിലാകുമായിരുന്നു . സിപിഎമ്മിൽ ഇപ്പോൾ അതാണല്ലോ നടക്കുന്നത്. ബേബിയുടേയും നേതാവായിരുന്ന ജി സുധാകരന്റെയൊക്കെ അവസ്ഥ നാം കാണുന്നുണ്ടല്ലോ.
ചോദ്യം: ഇ എം എസ്സിന് ശേഷം കേരളത്തിൽ നിന്നൊരാൾ ജനറൽ സെക്രട്ടറി ആയി. പക്ഷെ നിലവിൽ കേരളത്തിലെ പാർട്ടിയിൽ പിണറായി വിജയനാണ് അവസാന വാക്ക് എന്നാണ് പറയപ്പെടുന്നത്. ബേബിയുടെ സാധ്യതകൾ എത്രമാത്രം ഉണ്ടാകും എന്നാണ് കരുതുന്നത് ?
സി പി ജോൺ : പ്രൂവ് ചെയ്യേണ്ടത് ബേബിയാണ്. പിണറായി വിജയൻ ഒരിക്കലും കേരളത്തിന് പുറത്ത് സംഘടന ചുമതലയിൽ ഉണ്ടായിരുന്നില്ല. ബേബിയൊക്കെ വളരെ ചെറുപ്പത്തിൽ ഇന്ത്യയിലാകെ അറിയപ്പെട്ട നേതാവാണ്. പക്ഷേ ബേബി പിന്നീട് രാഷ്ട്രീയമായി സ്തംഭിച്ചു നിന്നു പോയി. പിണറായി കേരളത്തിൽ ഒറ്റപ്പേരുകാരനായി വളർന്നു.
ചോദ്യം: പിണറായി വിജയനാണ് പാർട്ടിയിൽ കരുത്തനായി മാറിയതും ഇപ്പോൾ രണ്ടാം തവണയും മുഖ്യമന്ത്രി ആയതും. അതെങ്ങനെ കാണുന്നു
സി പി ജോൺ: അതിന് പല കാരണങ്ങളുമുണ്ട്. സിപിഎം ചെന്നുപെട്ട ഗുരുതരമായ രാഷ്ട്രീയ സംഘടനാ പ്രശ്നങ്ങളുടെ ഭാഗമായാണ് പിണറായി വിജയൻ ഒരു ഘട്ടത്തിൽ ലീഡർഷിപ്പിലേക്ക് കുതിച്ചുയർന്നത്.
ബദൽരേഖ പ്രശ്നങ്ങളെ തുടർന്ന് എം വി ആറിനെ പുറത്താക്കിയ കാലവും സി ഐ ടി യു അച്യുതാനന്ദൻ ഗ്രൂപ്പ് സംഘർഷവും പിണറായിയെ സിപിഎം സംഘടന രാഷ്ട്രീയത്തിൽ ഒരു അനിവാര്യതയാക്കി മാറ്റി.
പിന്നീട് വി എസ്സിനെതിരെ പട നയിച്ചത് പിണറായിയായിരുന്നു. ഇന്ന് പിണറായിയെ ചെറുക്കുന്ന ഏതെങ്കിലും ഘടകങ്ങൾ ഉണ്ടെങ്കിൽ പോലും അതെല്ലാം നിസ്സാരങ്ങളാണ്. പക്ഷേ എൺപതുകളിൽ തുടങ്ങിയ ഈ പ്രക്രിയയുടെ ആകെ തുക സിപിഎമ്മിന്റെ ആന്തരിക ജീർണ്ണതയാണ്.
ബേബിയാകട്ടെ ഈ സംഘടനാസംഘർഷ രാഷ്ട്രീയത്തിന്റെ വണ്ടിയിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോയി വഴിയരികിൽ നിൽക്കുകയായിരുന്നു. ഇക്കഴിഞ്ഞ കൊല്ലം സമ്മേളനത്തിന്റെ പ്രകടനം നയിക്കുമ്പോൾ ഒന്നാമത്തെ ജീപ്പിൽ ബേബിക്ക് ഇടമുണ്ടായിരുന്നില്ല. വിജയരാഘവനും ബേബിയും രണ്ടാമത്തെ ജീപ്പിൽ കയറേണ്ടി വന്നു. ആ ബേബി ഇപ്പോൾ പാർട്ടിയിലെ ഒന്നാമനായിരിക്കുന്നു.
ചോദ്യം: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സംഘടനാ തലത്തിലും സിപിഎം അടക്കമുള്ള പാർട്ടികൾക്കും ഇടതുപക്ഷത്തിന് പൊതുവെയും തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തിൽ പുതിയ ജനറൽ സെക്രട്ടറിക്ക് എന്തു ചെയ്യാൻ സാധിക്കും
സി പി ജോൺ: ഒന്നാമത്തേത് പ്രധാനമായും ലെഫ്റ്റിന്റെ ദൗർബല്യം തിരിച്ചറിയുക എന്നതാണ്. ലെഫ്റ്റിനെ തന്നെ തമ്മിലടിപ്പിക്കുകയും അവരെ വെട്ടിക്കൊല്ലുകയും ചെയ്യുന്ന പൊളിറ്റിക്സ് ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
പുതു തലമുറയിലേക്ക് മാർക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും സന്ദേശം എത്തിക്കുന്നതിൽ ബേബിക്കൊരു ദൗത്യമുണ്ട്. അദ്ദേഹത്തിന്റെ ഇന്റർനാഷണൽ ബന്ധങ്ങൾ വളരെ വലുതാണ്. ലോകത്തെവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടികളുണ്ടോ അവിടെയെല്ലാം അറിയപ്പെടുന്ന ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവുമാണ് ബേബി എന്നത് ചെറിയ കാര്യമല്ല.
മാർക്സിസവും സോഷ്യലിസവും അംഗീകരിക്കുന്ന മുഴുവനാളുകളെയും യോജിപ്പിക്കുന്ന ഘടകമായി മാറുകയും ഫാസിസത്തിനെതിരായി മതേതര ശക്തികളുടെ ശക്തമായ ഐക്യനിര കെട്ടിപ്പടുക്കുകയും ചെയ്യാനുള്ള സുപ്രധാന റോൾ അദ്ദേഹത്തിന് വഹിക്കാൻ കഴിഞ്ഞേക്കാം, ഒരുപക്ഷെ യെച്ചൂരിയെക്കാൾ നന്നായി.
ചോദ്യം: കേരളത്തിലെ സിപിഎം രാഷ്ട്രീയത്തിലടക്കം ബേബി നേരിടാൻ പോകുന്നത് എന്തൊക്കെയാവും എന്നാണ് താങ്കൾ നിരീക്ഷിക്കുന്നത്
സി പി ജോൺ: ബേബിയുടെ മുന്നിൽ വെല്ലുവിളികളാണ് കൂടുതൽ. എന്നാൽ അവസരങ്ങളുമുണ്ട്. പിണറായിയുടെ ഏജന്റായി മാറരുത്. ഇവിടെ കേരളത്തിൽ ഒരു പണാധിപത്യ രാഷ്ട്രീയം ഉണ്ടായിട്ടുണ്ട്. അതെങ്ങനെ സംഭവിച്ചു എന്നറിയില്ല.
കണ്ണൂരിലെ സിപിഎം നേതാക്കളുടെ മക്കളിൽ മിക്കവരും (എം വി ആറിന്റെ അടക്കം) പണഭ്രാന്തിന്റെ പിറകെയാണ്. അങ്ങനെ പണം ഉണ്ടാക്കിയത് ശരിയോ തെറ്റോ എന്നതാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്.
ബേബിയുടെ വീട്ടിൽ ഇത്തരം സംഭവങ്ങളില്ല. ഇഡി, എസ്എഫ്ഐഓ തുടങ്ങിയവയെ പേടിക്കേണ്ടതില്ല. അത്തരം ഏജൻസികളെ കാണിച്ച് ബിജെപിക്ക് ബേബിയെ പേടിപ്പിക്കാനുമാവില്ല. അതൊരു ചെറിയ കാര്യമല്ല.
സ്വയം ബൂർഷ്വാസിയായി മാറുക എന്നുള്ള നിലയിലാണ് ഇപ്പോഴത്തെ തൊഴിലാളി വർഗ നേതൃത്വം മക്കളെ വളർത്തുന്നത്. എന്തിനിങ്ങനെ വില കളയുന്നു ? ബേബി ഇത് അവരെ ബോധ്യപ്പെടുത്തുമോ, അതോ മറ്റൊരു സിറ്റുവേഷൻ മാനേജർ ആയി മാറുമോ എന്നതാണ് ചോദ്യം.
ജനറൽ സെക്രട്ടറിയായി പിറ്റേന്നു തന്നെ അദ്ദേഹം പറഞ്ഞ പല നിലപാടുകളും പോസിറ്റീവ് അല്ല. ആശാ സമരത്തെ തള്ളിപ്പറയരുതായിരുന്നു. ബേബി ജനറൽ സെക്രട്ടറി ആകുമോ പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി ആകുമോ എന്നത് കാത്തിരുന്ന് കാണാം.
പണ ഭ്രാന്തിൽ നിന്ന് കേരളത്തിലെ പാർട്ടി നേതൃത്വത്തെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ വളരെ സന്തോഷം. മക്കളെക്കൊണ്ട് പണമുണ്ടാക്കുക എന്നത് ഒരു അഴകാണ് എന്നു കരുതുന്ന സാഹചര്യം പല നേതാക്കൾക്കും ഉണ്ടായിരിക്കുന്നു എന്നതാണ് അവസ്ഥ.