/sathyam/media/media_files/2025/04/12/Xx6sFuic3JuVAMuzm6mO.jpg)
ബാംഗ്ലൂർ ആസ്ഥാനമായ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് റിലിജിയൺ ആന്റ് സൊസൈറ്റി (CISRS) എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് മാർത്തോമസഭാംഗമായ റവ. ഡോ. വൈ.ടി വിനയരാജ്. 20 വർഷത്തിലേറെയായി വിവിധ സെമിനാരിയിൽ പഠിപ്പിക്കുന്നു.
വിവിധ സഭകളുടെ സെമിനാരികളിൽ വിസിറ്റിങ്ങ് പ്രഫസറുമാണ്. അമേരിക്കയിലെ ലൂഥറൻ സ്‌കൂൾ ഓഫ് തിയോളജിയിൽ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1994ൽ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (WCC) എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗമായിരുന്നു.
ഇംഗ്ലീഷിലും മലയാളത്തിലുമായി 20ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ ലേഖനങ്ങളും, ഉപന്യാസങ്ങളും രചിച്ചിട്ടുണ്ട്. 2002 മുതൽ 2004 വരെ കേരള കൗൺസില്‍ ഓഫ് ചർച്ചസിന്റെ ഉപാദ്ധ്യക്ഷനായിരുന്ന റവ. ഡോ. വൈ.ടി വിനയരാജ്, വക്കഫ് ബില്ലിനെ തുടര്‍ന്നു കേരളത്തിലെ ക്രൈസ്തവ സഭകളിലുണ്ടായ ദ്രുവീകരണത്തെക്കുറിച്ച് സത്യം ഓണ്‍ലൈന്‍ പ്രതിനിധി അരവിന്ദ് ബാബുവുമായി മനസ് തുറക്കുകയാണ്.
ചോദ്യം: ക്രൈസ്തവ സമൂഹം സമീപകാലത്ത് ഏറ്റവും സന്തോഷത്തോടെ സ്വീകരിച്ചതാണ് വഖഫ് ബില്‍. ബില്ലിൽ ബി.ജെ.പി രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ്. ഇത് കേരളത്തിൽ ഒരു രാഷ്ട്രീയ ധ്രുവീകരണത്തിന് അരങ്ങാരുക്കുമെന്ന് അങ്ങ് കരുതുന്നുണ്ടോ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ അജൻഡയായി വഖഫ് ബില്ലിനെ ബി.ജെ.പി അവതരിപ്പിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയം പഠിക്കാൻ ശ്രമിക്കുന്ന എന്നെപോലെയുള്ള രാഷ്ട്രീയ വിദ്യാർത്ഥികളെ അദ്ഭുതപ്പെടുത്തുന്ന സംഭവമാണ് ദേശീയ തലത്തിൽ ബി.ജെ.പി കൊണ്ടുവന്ന വഖഫ് ബില്ല് സംബന്ധിച്ചുള്ള ചർച്ചയ്ക്ക് കേരളത്തിലെ പ്രദേശവുമായി ബന്ധമുണ്ടാകുന്നത് എന്നത്.
ബില്ലിലൂടെ ബി.ജെ.പി ഉദ്ദേശിക്കുന്നത് വഖഫ് ബോർഡിന്റെ അധീനതിയിലിരിക്കുന്ന സ്വത്ത് വകകൾ സമുദായത്തിൽ നിന്നും മാറ്റിയെടുത്ത് സർക്കാരും അമുസ്ലീങ്ങളും ഉൾക്കൊള്ളുന്ന ഭരണസമിതിക്ക് വിട്ട് കൊടുക്കുകയെന്നതാണ്.
ഇന്ത്യയിലെ സർക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂസ്വത്തിന് അവകാശമുള്ളത് വഖഫ് ബോർഡുകളാണ് എന്നുള്ള പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ അത് തിരിച്ചുപിടിക്കുക, രാജ്യത്തിന് പൊതുമുതൽക്കൂട്ടാക്കുക എന്നുള്ള പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് നിയമം പരിഷ്‌ക്കരിച്ച് വഖഫ് ബില്ലായി കൊണ്ടുവരുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം അത് മതവിശ്വാസികൾക്ക് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. അതുകൊണ്ട് വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും എതിരായ ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയായാണ് എന്നെ പോലെയുള്ളവർ കാണുന്നത്.
ഇന്ത്യൻ പാർലമെന്റിൽ വഖഫ് ബില്ലിനെ കുറിച്ചുള്ള റഫറൽ പോയിന്റെന്ന് പറയുന്നത് മുനമ്പം വിഷയമാണ്. വഖഫ് ബില്ലിൽ ചർച്ച വരുംമുമ്പേ രൂപപ്പെടുത്തിയെടുത്ത പ്രശ്നമല്ലേ മുനമ്പം വിഷയമെന്ന് ഞാൻ സംശയിക്കുന്നു. രാജ്യത്ത് വഖഫ് ബില്ലിനെ അനുകൂലിച്ച് ബി.ജെ.പിക്ക് സംസാരിക്കാൻ കേരളത്തിലെ മുനമ്പമല്ലാതെ വേറൊന്നുമില്ല.
ചോദ്യം: മുനമ്പത്തെ മുൻനിർത്തി കേരളത്തിലെ ഏറ്റവും വലിയ സഭയായ സീറോ മലബാർ സഭയും കത്തോലിക്ക വിഭാഗവും ബില്ലിന് അനുകൂലമാണ്. 600 കുടുംബങ്ങളെ ബാധിക്കുന്ന മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതല്ലേ
ഇതിൽ കുറെ തെറ്റിദ്ധാരണകളുണ്ട്. മുമ്പത്തെക്കുറിച്ചുള്ള കള്ളപ്രചാരണങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. അവിടെ 600 കുടുംബങ്ങൾ ഇല്ലെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നൂറിൽപ്പരം കുടുംബങ്ങളാണുള്ളത്. ബാക്കിയുള്ളവ റിസോർട്ടുകളാണ്.
ഇനി സീറോ മലബാർ സഭയിലെ നേതൃത്വത്തിലുള്ള ഏതാനും പേരെടുക്കുന്ന തീരുമാനങ്ങളോട് സഭയിലെ വിശ്വാസികൾ അനുകൂലമാണെന്ന് ആര് പറഞ്ഞു. മുനമ്പത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളാണല്ലോ അവിടുത്തെ പ്രശ്‌നം. ഇതിൽ കേരളത്തിലെ ലത്തീൻ കത്തോലിക്ക സഭയുടെ നിലപാട് എന്താണെന്ന് ചോദിച്ചിട്ടുണ്ടോ. അവരെന്താണ് സമരമുഖത്ത് ഇല്ലാത്തത്.
തൃശ്ശൂരിലും എറണാകുളത്തും മാത്രമുള്ള സവർണ്ണ ക്രിസ്ത്യാനികൾക്ക് എന്താണ് ഇതിൽ താൽപര്യം. ബി.ജെ.പിക്ക് അനുകൂലമായി ചില നിലപാടുകൾ ചില പ്രത്യേക കാരണത്താൽ ചില മതനേതാക്കൾ എടുക്കുന്ന നിലപാടല്ല ഇന്ത്യയിലെയും കേരളത്തിലെയും കത്തോലിക്ക സഭയുടെ നിലപാട്.
സീറോ മലബാർ സഭയുടെ നിലപാടും ഇതല്ല. ഇന്ത്യൻ കത്തോലിക്ക സഭയുടെ നിലപാടും ഇതല്ല. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ നൂറു കണക്കിന് നേതാക്കൾ ഒപ്പിട്ട പ്രസ്താവന ഇവിടെ ഇറങ്ങിക്കഴിഞ്ഞു. രാജ്യത്തെ കത്തോലിക്ക സഭ ഒരു ന്യൂനപക്ഷ ക്രൈസ്തവ സഭയാണ്. കത്തോലിക്ക വിശ്വാസികൾ തന്നെ മുനമ്പവുമായി ബന്ധപ്പെട്ട് വഖഫ് ബില്ലിനെ അനുകൂലിക്കുന്നവരെ തള്ളിപ്പറയാൻ തുടങ്ങിയിട്ടുണ്ട്.
ക്രൈസ്തവ വിശ്വാസികൾ പലപ്പോഴും രാഷ്ട്രീയത്തിൽ അങ്ങനെ ഇടപെടുന്നവരല്ല. അതുകൊണ്ട് പത്രത്തിൽ വാർത്ത കൊടുക്കുന്ന ചില ബിഷപ്പുമാരുടെ നിലപാടുകൾ കത്തോലിക്ക സഭയുടെ നിലപാടുകളായി വ്യഖ്യാനിക്കപ്പെടുകയാണ്.
നാലഞ്ച് ബിഷപ്പുമാർ അവരുടെ ആഭ്യന്തര പ്രശ്‌നങ്ങൾ മറച്ചുപിടിക്കാൻ വേണ്ടി സംഘപരിവാറിന് താൽപര്യമുള്ള മുനമ്പം വിഷയം ചർച്ചയാക്കുകയാണ്. ഇപ്പോൾ അങ്ങനെ ചർച്ചയാക്കിയവർ പെട്ടുപോയിരിക്കുകയാണ്. വഖഫ് ബില്ല് പാസായാൽ ഉടൻ പിറ്റേദിവസം ഭൂമി കിട്ടുമെന്ന് അവർ വിചാരിച്ചു.
ചോദ്യം: ബി.ജെ.പിയോട് അടുക്കാൻ കത്തോലിക്ക സഭ വഖഫ് ബില്ലിനെ ആയുധമാക്കുന്നുണ്ടെന്നാണ് ആരോപണം. തൃശ്ശൂർ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ ഇതിന് മുമ്പ് തന്നെ ക്രിസ്ത്യൻ വോട്ടുകൾ സംഘപരിവാർ ക്യാമ്പിലേക്ക് പോയെന്ന് മനസിലാക്കാനാവില്ലേ
മുനമ്പം വിഷയത്തെ വഖഫ് ബില്ലുമായി ചേർത്തുവെയ്ക്കുന്നത് ബി.ജെ.പിയുടെ അജൻഡയാണ്. അതിൽ ചില കത്തോലിക്ക ബിഷപ്പുമാർ വീണുപോയിട്ടുണ്ട്. അതിന്റെ കാരണം അവരുടെ നിലനിൽപ്പാണ്.
ഇനി തൃശ്ശൂരിലേക്ക് വന്നാൽ ബി.ജെ.പിയുടെ വിജയത്തിന് പിന്നിൽ ഒരുപാട് ഘടകങ്ങളുണ്ട്. കത്തോലിക്ക സഭ മുഴുവനായി വോട്ട്‌ചെയ്ത് സുരേഷ് ഗോപി ജയിച്ചുവെന്ന് പറയുന്നത് കേരളത്തിലെ രാഷ്ട്രീയം പരിശോധിക്കുന്ന ഒരാൾക്കും വിശ്വസിക്കാനാവില്ല.
അവിടെ മുസ്ലീങ്ങൾ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ ചോർന്നിട്ടുണ്ട്. ആ പാർട്ടിയുടെ പൊളിറ്റിക്കൽ മെക്കാനിസം നന്നായി പ്രവർത്തിക്കാത്തതിന്റെ കുഴപ്പമുണ്ടായിട്ടുണ്ട്.
അവിടെ നിലവിലുണ്ടായിരുന്ന ടി.എൻ പ്രതാപൻ എം.പിയുമായി ബന്ധപ്പെട്ടുള്ള വിരുദ്ധവികാരം ഉണ്ടായിട്ടുണ്ട്. ഇതിലുപരിയായി ബി.ജെ.പി - ആർ.എസ്.എസ് സ്ഥാനാർത്ഥിയായാല്ല ഒരു സിനിമാ താരമായാണ് അദ്ദേഹം മത്സരിച്ചത്.
അത്തരത്തിലുള്ള ഒരുപാട് പ്രതിച്ഛായ നിർമ്മിതികളുടെ മധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തൃശ്ശൂരിൽ ഒരുപാട് ബി.ജെ.പി - ആർ.എസ്.എസ് നേതാക്കളൊന്നും പ്രചാരണത്തിന് വന്നിട്ടില്ല.
സിനിമാ നടനെന്നുള്ള പ്രതിച്ഛായയിൽ വീണ ക്രൈസ്തവരും മുസ്ലീങ്ങളും കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും വോട്ട് ചെയ്തിട്ടുണ്ട്. അതൊരു രാഷ്ട്രീയമാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ല.
അത് കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്തുണ്ടായ ഒരു വ്യത്യസ്ത തിരഞ്ഞെടുപ്പ് അനുഭവമായി കണ്ടാൽ മതിയാവും. തിരഞ്ഞെടുപ്പ് ഫലം ക്രിസ്ത്യാനികളും ബി.ജെ.പിയുമായുള്ള ബാന്ധവത്തിന് തെളിവാണെന്ന് പറയുന്നത് രാഷ്ട്രീയത്തെ കുറിച്ച് ബോധമില്ലാതെ പറഞ്ഞു പരത്തുന്ന തെറ്റായ ധാരണകളാണ്. പക്ഷേ ബി.ജെ.പി ആഞ്ഞ് ശ്രമിക്കുന്നുണ്ട്.
മന്ത്രി ജോർജ്ജ് കുര്യനെ ഇറക്കി കത്തോലിക്കസഭയെ അങ്ങ് പിടിച്ച് കളയാമെന്നാണ് വിചാരം. അതെങ്ങനെയാണ് ജോർജ്ജ് കുര്യൻ ക്രിസ്ത്യാനിയാകുന്നത്.
അദ്ദേഹം 19-ാം വയസിൽ ക്രിസ്തുമതം തള്ളിപ്പറഞ്ഞ് ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം പേറിയ ആളാണ്. ജോർജ്ജ് കുര്യൻ എന്ന പേരുള്ളത് കൊണ്ട് ഇന്ത്യയിലെയും കേരളത്തിലെയും ക്രിസ്ത്യാനികൾ അദ്ദേഹത്തെ വിശ്വസിക്കുമെന്നാണോ വിചാരിക്കുന്നത്.
ക്രിസ്തുവിൽ അയാൾ വിശ്വസിക്കുന്നുണ്ടോ ? ക്രിസ്തുവിന്റെ സഭയിൽ വിശ്വസിക്കുന്നുണ്ടോ ? അയാൾ ആർ.എസ്.എസിന്റെ ആളല്ലേ ? അയാൾ ആരാണ് ക്രിസ്ത്യാനികളുടെ പ്രതിനിധിയാകാൻ. ജോർജ്ജ് കുര്യനൊന്നും ഒരു സംഭവമല്ല.
ബി.ജെ.പി മുനമ്പം വിഷയത്തിന്റെ പേരിൽ നാല് കത്തോലിക്ക പുരോഹിതരെ അവിടെ കൊണ്ട് വന്ന് ഇരുത്തിയെന്ന് വിചാരിച്ച് കത്തോലിക്ക സഭ ബി.ജെ.പിക്കൊപ്പമാണെന്നോ ക്രൈസ്തവർ ബി.ജെ.പിക്കൊപ്പം പോയെന്നോ അർത്ഥമാക്കേണ്ടതില്ല. അതൊക്കെ പ്രത്യേക രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ ഉണ്ടായ ചില വ്യതിയാനങ്ങൾ മാത്രമായി കണ്ടാൽ മതി.
ചോദ്യം: ബില്ലിലൂടെ ക്രൈസ്തവ - മുസ്ലീം ഭിന്നിപ്പാണ് സംഘപരിവാർ ലക്ഷ്യം വെയ്ക്കുന്നതെന്ന് പറയാനുള്ള കാരണമെന്താണ്
ആർ.എസ്.എസ് രൂപീകരിച്ച 1920 മുതൽ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കീഴാള സമൂഹങ്ങളെയും അപാരവത്ക്കരിച്ചു കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുന്ന ഒരു പ്രത്യയശാസ്ത രീതി പണ്ട് മുതലേയുണ്ട്.
ആർ.എസ്.എസ് രൂപീകരിക്കുമ്പോൾ അവരുടെ മുമ്പിലുണ്ടായിരുന്ന പ്രധാന ശത്രു ദളിതരും ആദിവാസികളുമായിരുന്നു. അവരെ തകർക്കുന്നതിന് വേണ്ടിയായിരുന്നു സംഘപരിവാർ രൂപീകരിച്ചത്.
പിന്നിട് വിഭജനകാലത്ത് മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായി ശത്രുപക്ഷത്ത്. ക്രിസ്ത്യാനികൾ എണ്ണത്തിൽ കുറവായത് കൊണ്ടും അവരങ്ങനെ സംഘടിതമായി പ്രതിരോധിക്കാൻ തയ്യാറാകാത്തത് കൊണ്ടും അന്നൊക്കെ അവരെ ഒഴിവാക്കി. ഇനി പിടിക്കുമെന്ന് ഉറപ്പാണ്.
മുസ്ലീങ്ങൾ മുഖ്യ ന്യൂനപക്ഷമായതു കൊണ്ടും അവർ പ്രതിരോധിക്കുന്നത് കൊണ്ടും അവരെ ലക്ഷ്യം വെയ്ക്കാൻ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി.
ബാബ്‌റി മസ്ജിദിന്റെ തകർക്കപ്പെടലിലും പൗരത്വ വിഷയത്തിന്റെ കാര്യത്തിലും ഗുജറാത്ത് കലാപത്തിലും വിദ്വേഷ പ്രചാരണങ്ങളിലും ബീഫ് കൈവശം വെച്ചുവെന്ന കാര്യത്തിലുമുള്ള കൊലപാതകങ്ങളും ഒക്കെ തുടരുകയല്ലേ. അങ്ങനെ ഒരു നൂറ്റാണ്ട് പിന്തുടർന്ന ഭിന്നിപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും അവസാനത്തേതാണ് വഖഫ് ബില്ല്.
ചോദ്യം: ഏത് ഭൂമിയെയും വഖഫ് സ്വത്തായി നിയോഗിക്കാനുള്ള അധികാരം ഇല്ലാതാക്കാനും വഖഫ് ട്രിബ്യൂണൽ വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാമെന്ന വ്യവസ്ഥയെ അനുകൂലിക്കണമെന്നുമല്ലേ സി.ബി.സി.ഐ രാഷ്ട്രീയപ്പാർട്ടികളോട് ആവശ്യപ്പെട്ടത്. അതിൽ തെറ്റുണ്ടെന്ന് പറയാനാവുമോ
ഏറെക്കാലം സി.ബി.സി.ഐയുടെ വക്താവായിരുന്ന ഫാ. പോൾ തേലേക്കാട്ട് പറഞ്ഞ ഒരു മറുപടിയാണ് എനിക്ക് ഓർമ്മ വരുന്നത്. കാര്യമായ രാഷ്ട്രീയബോധവും സാമൂഹിക ബോധവും അറിവും പരിജ്ഞാനവും ഉള്ളവരല്ല പലപ്പോഴും നേതൃത്വത്തിലേക്ക് വരുന്നത്. അത് സഭയിലായാലും രാഷ്ട്രീയത്തിലായാലും.
ഇതില്‍ അജ്ഞതയുടെ ഒരു പ്രശ്നവുമുണ്ട്. വഖഫ് ബില്ല് എന്താണെന്ന് മൂന്നാല് ബിഷപ്പുമാർക്ക് മനസിലായില്ല. കത്തോലിക്ക സഭയിൽ നിയമം പഠിച്ചിട്ടുള്ളവർ അവരെ പറഞ്ഞ് മനസിലാക്കണം. വഖഫ് നിയമം ഇന്ത്യൻ ഭരണഘടന നൽകിയ ഒരു മതന്യൂനപക്ഷ അവകാശമാണെന്ന് നിയമ പരിജ്ഞാനമില്ലാത്ത ബിഷപ്പുമാർ മനസിലാക്കണം.
ഇന്ത്യൻ ഭരണഘടനയ്ക്കും ജുഡീഷ്യറിക്കും വിധേയമായി ഉണ്ടാക്കിയ ഒരു സംവിധാനമാണത്. വഖഫ് ട്രിബ്യൂണൽ എന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് അതീതമല്ലെന്ന് എല്ലാവരും മനസിലാക്കണം. ഇത് പ്രാഥമികമായ അറിവാണ്. വഖഫ് ട്രിബ്യൂണലെടുക്കുന്ന നിലപാട് സ്വയം പ്രതിരോധമാണ്.
ഒരു സമൂഹത്തികനത്തെ അവരുടെ വസ്തുവകകൾ സൂക്ഷിക്കുന്നതിനും അത് വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടുന്നതിനും മറ്റുള്ളവർ തട്ടിയെടുക്കാതിരിക്കാനും ഇന്ത്യൻ ഭരണഘടന മുസ്ലീമുകൾക്ക് നൽകിയ അവകാശം അതിലുണ്ട്. ഇത് ക്രിസ്ത്യാനികൾക്കും മറ്റ് മത പ്രസ്ഥാനങ്ങൾക്കുമുണ്ട്.
20 വർഷത്തിലേറെയായി വൈദിക സെമിനാരിയിൽ പഠിപ്പിക്കുന്നയാളാണ് ഞാൻ. ക്രിസ്തീയ മതന്യൂനപക്ഷങ്ങൾക്ക് ഒരു സർവ്വകലാശാല ഉണ്ടാക്കാനുള്ള അനുവാദം ഭരണഘടന നൽകിയിട്ടുണ്ട്. സെമിനാരികളിൽ ഞങ്ങൾ ക്രൈസ്തവ വിശ്വാസം പഠിപ്പിക്കുകയും ബിരുദം നൽകുകയും ചെയ്യുന്നുണ്ട്.
അവിടെ ജ്യോതിഷം കൂടി പഠിപ്പിക്കണം എന്ന് ആരെങ്കിലും പുറത്തു നിന്നുള്ളവർ പറഞ്ഞാൽ സൗകര്യമില്ലെന്ന് തന്നെ പറയും. കാരണം അത് തീരുമാനിക്കേണ്ടത് ഞങ്ങളാണ്. അവിടെ എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഞങ്ങൾക്ക് നൽകിയിട്ടുണ്ട്.
അതുപോലെ വഖഫ് നിയമപ്രകാരം നിലവിലിരിക്കുന്ന ഭൂമിയിൽ തർക്കമുണ്ടായാൽ അത് വിശ്വാസത്തിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ടതാണ് എന്ന് അവകാശപ്പെടാൻ ഇന്ത്യൻ ജുഡീഷ്യറി അവർക്ക് അനുവാദം നൽകിയിട്ടുണ്ട്.
ഏതെങ്കിലും ഭൂമി വഖഫ് ഭൂമിയായി അവർക്ക് അവകാശപ്പെടാമെന്ന് സംഘപരിവാർ നമ്മളെ പറഞ്ഞ് പറ്റിക്കുകയാണ്. ഇത് വെള്ളരിക്കാപ്പട്ടണമാണോ. ഇത്രയും നിയമപരിജ്ഞാനമില്ലായ്മയിൽ നിന്നാണോ ഇവർ സഭാ നേതൃത്വത്തിലേക്ക് വരുന്നത്. വഖഫ് ബില്ല് പഠിച്ചാൽ മാത്രം മതി. ഇത് ഏറ്റുമധികം ബാധിക്കാൻ പോകുന്നത് ക്രൈസ്തവ സഭയെയാണ്.
കാരണം മതവിശ്വാസത്തിന്റെ പേരിൽ സഭയ്‌ക്കോ മതത്തിനോ നൽകുന്ന വിഭവങ്ങൾക്ക് ഏറ്റവുമധികം ഉപയോഗിക്കുന്നത് ക്രിസ്ത്യാനികളാണ്. ഞങ്ങളുടെ മാതാപിതാക്കളൊക്കെ ഒരുപാട് പണവും വസ്തുവകകളും നൽകിയാണ് ഞങ്ങളുടെ സ്ഥാപനങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തുന്നത്. അതൊക്കെ ഭരണഘടന അനുവദിക്കുന്നതാണ്.
ഇതൊക്കെ ചെയ്യാൻ പ്രത്യേകമായ ചർച്ച് ആക്ടോ വഖഫ് ബില്ലോ ഒന്നുമില്ല. നാളെ ഒരു സമയത്ത് അക്രൈസ്തവ ബോഡി അതേറ്റെടുക്കുക എന്ന് പറയുന്നത് ഞങ്ങളുടെ മതവിശ്വാസത്തിനെതിരാണ്.
അതുകൊണ്ട് ഇന്ത്യയിൽ അവസാനത്തെ ക്രൈസ്തവ വിശ്വാസി നിലനിൽക്കുന്നിടത്തോളം കാലം ഈ വഖഫ് ബില്ല് പോലെ മതവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇടപെടലിനെ വിശ്വാസികൾ എതിർക്കും. ക്രൈസ്തവർ ശക്തമായ എതിർപ്പുമായി മുന്നോട്ട് വരും. അവർക്ക് അതിനെ കുറിച്ച് നല്ല ധാരണയുണ്ട്.
ചോദ്യം: മർത്തോമസഭയിലെ ഒരു വൈദികൻ കൂടിയാണ് അങ്ങ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിനെ മുൻ നിർത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമമെന്ന് അങ്ങ് തുറന്നെഴുതുന്നു. എന്തുകൊണ്ടാണ് അങ്ങയുടെ സഭയടക്കം വഖഫ് ബില്ലിൽ നിലപാട് പറയാതെ മൗനം പാലിക്കുന്നത്. ബില്ലിൽ ഒരു നിലപാട് പറഞ്ഞതിന് സി.ബി.സി.ഐയെ കുറ്റപ്പെടുത്തുന്നതെങ്ങനെയാണ്
എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് സഭകൾ മൗനം പാലിക്കുന്നതെന്നും സഭകൾക്ക് നിലപാടില്ല എന്നും നിങ്ങൾ പറയുന്നത്. പ്രമുഖ പത്രങ്ങളിൽ വാർത്ത വരാത്തത് കൊണ്ടാണോ. ചാനലിൽ വന്ന് പറയാത്ത് കൊണ്ടാണോ. ഇതരസഭകളിലെ നേതൃത്വങ്ങളോട് മാദ്ധ്യമങ്ങൾ ഇക്കാര്യം ചോദിക്കണമെന്നാണ് എന്റെ പക്ഷം.
ഞങ്ങളൊന്നും വ്യക്തികളായി ഒറ്റപ്പെട്ട് ജീവിക്കുന്ന മനുഷ്യരല്ല. ഞങ്ങൾ കൂട്ടായ ചർച്ചകളും പഠനങ്ങളുമെല്ലാം നടത്തി ഒരുമിച്ച് തീരുമാനങ്ങളെടുക്കുന്നവരാണ്. വഖഫ് ബില്ലിനെ പറ്റി സമഗ്രമായ ചർച്ചകൾ നടത്തുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആ ചർച്ചകളുടെ ഭാഗമായി സഭകളോ ബിഷപ്പുമാരോ പ്രത്യേകമായി നിലപാട് പ്രഖ്യാപിക്കണമെന്നില്ല. വളരെ ഉന്നതമായ ദർശനങ്ങളുള്ള സഭകളാണ് ഇവിടെയുള്ളത്. വഖഫ് ബില്ലിനെതിരെ വലിയ നിലപാടുകൾ എല്ലാ ക്രൈസ്തവ സഭകളിലുമുണ്ട് എന്നത് സഭയ്ക്കുള്ളിൽ ജീവിക്കുന്ന ഞങ്ങൾക്കെല്ലാം വ്യക്തതയുണ്ട്.
ചോദ്യം: രാജ്യം ഭരിക്കുന്ന കക്ഷിയായ ബി.ജെ.പിയോട് രാജ്യത്തെയും കേരളത്തിലെ സഭകൾ തൊട്ടുകൂടായ്മ തുടരണമെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ
എന്ത് തൊട്ടുകൂടായ്മയെക്കുറിച്ചാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ഭരണക്രമം നീതിപൂർവ്വമായി പ്രവർത്തിക്കുമ്പോൾ അതിനെ അഭിനന്ദിക്കുകയും അത് ചൂഷണത്തിന്റെ ക്രമമായി മാറുമ്പോൾ എതിർക്കുകയും ചെയ്യുന്നത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണമാണ്.
റോമൻ സാമ്രാജ്യത്വത്തിനെ ചെറുത്തു നിന്നതിന് അവർ കുരിശിലേറ്റിയ മനുഷ്യനാണ് യേശുക്രിസ്തു. അതിനപ്പുറം ഭരണകൂടത്തോടുള്ള സഭകളുടെ നിലപാടിനെ എങ്ങനെയാണ് മനസിലാക്കാനാവുക.
മതമായാലും ഭരണകൂടമായാലും സംസ്‌ക്കാരമായാലും മാധ്യമങ്ങളായാലും ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒപ്പം നിൽക്കുകയും നീതിപൂർവ്വമായി പ്രവർത്തിക്കുകയും ചെയ്യുന്ന സമയത്ത് അതിനോടൊപ്പം സഞ്ചരിക്കും.
അത് അനീതിയുടെ ഘടനയായി മാറുമ്പോൾ അതിനെ എതിർക്കുന്ന ധാരയുടെ പേരാണ് ക്രൈസ്തവ വിശ്വാസം. ഇവിടെ തൊട്ടുകൂടായ്മയുടെയോ തീണ്ടിക്കൂടായ്മയുടെയോ പ്രശ്‌നമല്ല. ഇവിടെ പ്രശ്‌നം നീതിയാണ്. നീതിയുടെ പ്രശ്‌നത്തെ വിശകലനം ചെയ്തു കൊണ്ട് സാംസ്‌ക്കാരിക രൂപമെന്ന നിലയിൽ വിശ്വാസ- മതപ്രസ്ഥാനമെന്ന നിലയിൽ നിലപാടുകളെടുക്കും.
നരേന്ദ്രമോദി സർക്കാർ ജനവിരുദ്ധ നയങ്ങൾ കൊണ്ടുവരുമ്പോൾ അതിനെ എതിർക്കും. ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ചില സഭകൾ അവരുടെ വികസന പ്രവർത്തനത്തെ അംഗീകരിച്ചു. ചിലർ അടിയന്തിരാവസ്ഥയെ എതിർത്തു. വിശ്വാസം എന്ന് പറയുന്ന ക്രൈസ്തവ സമൂഹത്തിൽ നീതിയുടെ പ്രശ്‌നമാണ്. നീതിക്ക് വേണ്ടിയുള്ള നിലപാടുകൾ എപ്പോഴും സ്വീകരിക്കും.
ചോദ്യം: വഖഫിന് ശേഷം കേന്ദ്രം ചർച്ച് ബിൽ കൊണ്ടുവരുമെന്നതിന്റെ ഭാഗമായാണ് ഓർഗനൈസറിൽ കത്തോലിക്ക സഭയുടെ സ്വത്ത് സംബന്ധിച്ച ലേഖനം വന്നതെന്ന് പറയുന്നു. അതിൽ കഴമ്പുണ്ടോ
മുഖ്യ ന്യൂനപക്ഷമെന്ന് പറയുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ജനിതക ശത്രുക്കളെന്ന് സംഘപരിവാറിന്റെ ആചാര്യൻമാർ എഴുതിവെച്ചിട്ടുണ്ട്. വിചാരധാരയിൽ അത് പഠിപ്പിച്ചിട്ടുണ്ട്.
ഫ്രെഡറിക് ഗുസ്താവ് എമിൽ മാർട്ടിൻ നീമൊളെറുടെ പ്രസ്താവന ലോക്‌സഭയിൽ കെ.രാധാകൃഷ്ണൻ പരാമർശിക്കുകയുണ്ടായി. മുസ്ലീങ്ങളെയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.
ക്രിസ്ത്യാനികൾക്കും എതിരാണ് ഈ ആശയലോകം എന്നതിന് തെളിവല്ലേ എല്ലാ ദിവസവും നടക്കുന്ന മതപീഡനങ്ങൾ. വൈദികരെയും കന്യാസ്ത്രീകളെയും മാത്രമല്ല ബൈബിൾ കൈയ്യിൽ വെച്ചിരിക്കുന്നതിന്റെ പേരിൽ തല്ലുന്ന ഏർപ്പാർടുമുണ്ട്.
ഉത്തരേന്ത്യയിൽ ഇവർ എടുക്കുന്ന നിലപാടുകൾ എല്ലാവർക്കുമറിയാം. അതുകൊണ്ട് ക്രൈസ്തവർക്കെതിരെ ഇത് തിരിഞ്ഞുവരുമെന്ന കാര്യത്തിൽ വലിയ ദീർഘവീക്ഷണമില്ലാതെ തന്നെ മനസിലാകും. അത് പാഴൂർപടിപ്പുരയിൽ പോയി അന്വേഷിക്കേണ്ടതില്ല.
നീതിക്ക് വേണ്ടിയും ദരിദ്രർക്ക് വേണ്ടിയും എഴുത്തുകാരെയും സിനിമാ പ്രവർത്തകരെയും ഉന്മൂലം ചെയ്യുന്നവർ ക്രിസ്തുവിന്റെ സഭയിലെ ആളുകളെ വെറുതെ വിടുമെന്ന് ഞങ്ങളാരും ചിന്തിക്കുന്നില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മതപരിവർത്തന നിയമങ്ങൾ കൊണ്ടുവന്ന് എല്ലാ മതനേതാക്കളെയും അകത്തിടാനുള്ള നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
ക്രൈസ്തവ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനങ്ങൾ അവർ തുടങ്ങിക്കഴിഞ്ഞു. അവർ അത്തരം നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോഴും ഞങ്ങൾ ഭരണഘടനയിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നുവെന്നാണ് പറയാനുള്ളത്.
ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനതയും ഇത്തരം രാഷ്ട്രീയ കുത്സിത പ്രചാരണങ്ങളെയും പദ്ധതികളെയും എതിർക്കുമെന്നും ഇതിന് മറുപടിയായി ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ജനാധിപത്യം വീണ്ടും അതിന്റെ പൂർണ്ണ അർത്ഥത്തിൽ നിലനിൽക്കുമെന്നും ചൂഷണത്തിന്റെ ക്രമങ്ങൾ ഇല്ലാതാകുമെന്നും മത ശത്രുതയുടെയും വൈരാഗ്യത്തിന്റെയും എല്ലാ പ്രത്യയ ശാസ്ത്രങ്ങളും തകരുമെന്നും മനുഷ്യൻ മനുഷ്യനെ ആശ്ലേഷിക്കുന്ന മനുഷ്യത്വത്തിന്റെ പുതിയ കാലം ഉയരുമെന്നുമാണ് ഞങ്ങളുടെ ഈസ്റ്റർ പ്രതീക്ഷകൾ
ചോദ്യം: വഖഫ് ബില്ലിന് ശേഷം ക്രൈസ്തവ- മുസ്ലീം സമുദായങ്ങൾക്കിടയിൽ ഒരു ഭിന്നത ദൃശ്യമാകുന്നുണ്ടോ
ഒരിക്കലുമില്ല. നമ്മളൊക്ക ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന ആളുകളാണ്. മാധ്യമങ്ങളുടെ സൃഷ്ടിയല്ലല്ലോ സാമൂഹ്യ ജീവിതത്തിന്റെ യാഥാർത്ഥ്യം. മാധ്യമപ്രവർത്തനം എന്ന് പറയുന്നത് ഇപ്പോൾ ചില പ്രതീതികൾ സൃഷ്ടിക്കലുകൾ മാത്രമാണ്.
കേരളത്തിലോ ഇന്ത്യയിലോ ക്രിസ്ത്യൻ - മുസ്ലീം ഭിന്നതയുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ സംഘപരിവാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും അങ്ങനെ ഭിന്നതയില്ല എന്നുള്ളതാണ് വാസ്തവം.
ഒരു ആധിപത്യ സംസ്‌ക്കാരത്തിനിടയിൽ ഇരകളാക്കപ്പെടുന്ന സമൂഹങ്ങൾ തമ്മിൽ ഒരു തുടർച്ചയും ബാന്ധവവുമുണ്ട്. അത് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെന്ന നിലയിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുണ്ട്.
കേരളത്തിൽ പ്രത്യേകിച്ചും കൊടുക്കൽ വാങ്ങലുകളുടെ സംസ്‌ക്കാരമുണ്ടായിരുന്ന സ്ഥലമാണ്. അത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിൽ മാത്രമല്ല ഹിന്ദുക്കളും അതിൽ ഭാഗഭാക്കാണ്.
വിദേശ വ്യവസായവും വ്യവസായികളും ഇവിടെ വരുന്ന സമയത്ത് അവരെ സ്വീകരിച്ച കൊച്ചി സാമൂതിരിമാരുടെ ദേശമാണ് കേരളം. പേർച്ചുഗീസുകാർ വരുമ്പോൾ ദേശം വളരണം എന്ന കാഴ്ച്ചപ്പാടിൽ എല്ലാ സൗകര്യവും അന്നത്തെ ഭരണാധികാരികൾ ഒരുക്കി നൽകി.
മിഷണറിമാർ വന്നപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശാലകളും തുടങ്ങാൻ അന്നത്തെ രാജാക്കൻമാർ സൗകര്യം ചെയ്തു. ഇന്ന് ക്രിസ്ത്യാനികളുടെ കൈയ്യിലിരിക്കുന്ന പല സ്ഥലങ്ങളും സ്ഥാപനങ്ങളുമെല്ലാം മിഷണറിമാരുടെ കാലഘട്ടത്തിൽ ഇവിടുത്തെ ഹിന്ദു ഭരണകൂടം നൽകിയതാണ്.
ദേശം വളരണമെന്ന കാഴ്ച്ചപ്പാടിനോട് ചേർന്ന് നിന്ന് അങ്ങോട്ടുമിങ്ങോട്ടും കൊടുക്കൽ വാങ്ങലുകൾ നടത്തിയ മതമൈത്രിയുടെയും മതസഹിഷ്ണുതയുടെയും വലിയ നവോത്ഥാന ചരിത്രങ്ങളുള്ള മണ്ണാണ് കേരളം.
അവിടെ കുത്തിത്തിരുപ്പുകൾ നടത്താമെന്നൊന്നും ആരും വിചാരിക്കേണ്ട. പ്രായോഗിക ജീവിതതലത്തിൽ അങ്ങനെയൊരു ഭിന്നത ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാലും അതുണ്ടാവില്ലെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരാണ് ഞങ്ങളെല്ലാവരും.
ചോദ്യം: മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ചയുണ്ടായെന്ന് അങ്ങ് കരുതുന്നുണ്ടോ
ഞാൻ ഒരു നിയമവദഗ്ദ്ധനല്ല. ഒരു ബൈബിൾ ടീച്ചറാണ്. എന്റെ സാമാന്യ നിയമബോധത്തിൽ എനിക്ക് മനസിലാക്കാൻ സാധിക്കുന്നത് ഇത് എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയമല്ലെന്നാണ്.
കാരണം അത് സങ്കീർണ്ണമാണ്. അവിടെ താമസിക്കുന്നവർക്ക് ഭൂമി നൽകാൻ ഒരു ഒത്തുതീർപ്പ് വ്യവസ്ഥ സർക്കാരും രാഷ്ട്രീയ കക്ഷികളും ഇടപെട്ട് ഉണ്ടാക്കേണ്ടതാണ്. അതിന് നിയമവ്യവഹാര മേഖലകളെ ബോധ്യപ്പെടുത്തി കുടിയൊഴുപ്പിക്കൽ ഇല്ലാതാക്കണം. സർക്കാരിന് വിഷയം പരിഹരിക്കാൻ സമയവും സാവകാശവും കൊടുക്കേണ്ടതുണ്ട്.
എന്നാൽ ബി.ജെ.പി സംഘപരിവാർ കക്ഷികൾ രാഷ്ട്രീയ അജൻഡയുടെ ഭാഗമായി അങ്ങനെ ഒരു സാവകാശവും അതിനുള്ള രാഷ്ട്രീയ സാഹചര്യവും ഒരുക്കാൻ തയ്യാറല്ല. ഇതിൽ വളരെ പെട്ടെന്നുള്ള രാഷ്ട്രീയ നിർമ്മിതികളുമായി മുന്നോട്ട് പോകുകയാണ് അവര്‍. ഇത്തരം പ്രശ്‌നങ്ങളിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ആലോചിച്ച് തീരുമാനമെടുക്കുന്ന മനുഷ്യ സൗഹാർദ്ദത്തിന്റെ ഒരു നാടായിരുന്നു കേരളം.
ഇതിലും വലിയ പ്രശ്‌നങ്ങൾ അങ്ങനെ പരിഹരിച്ചിട്ടുണ്ട്. അയ്യങ്കാളിയും മന്നത്തു പദ്മനാഭനും വക്കം മൗലവിയും ശ്രീനാരായണ ഗുരുവുമൊക്കെ ഉണ്ടായിരുന്ന നാടാണിത്. ഇതുപോലെ പാവപ്പെട്ടവന് ഒരു പ്രശ്‌നം വന്നാൽ ജാതിക്കും മതത്തിനും അതീതമായി നിലനിന്നിരുന്ന സംസ്‌ക്കാരത്തിൽ വിഷം കലർത്തി സംഘപരിവാർ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയപ്പെടും.
വഖഫ് ബില്ലിനെ അനുകൂലിച്ച് മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ നേതാക്കൾ തന്നെ അത് തിരിച്ചു പറയാൻ തുടങ്ങി. അവർ വിചാരിച്ചു ബിൽ പാർലമെന്റിൽ പാസായി കഴിയുമ്പോൾ മുനമ്പത്ത് രാവിലെയും വൈകിട്ടുമായി ഭൂമി വിതരണം ചെയ്യുമെന്നാണ് വിചാരിച്ചത്. അവർക്ക് രാഷ്ട്രീയ - നിയമ പരിജ്ഞാനമില്ലാത്തതിന്റെ പ്രശ്‌നമാണ്.
ഇത് കോടതി വ്യവഹാരമാണ്. ഞാൻ ഇപ്പോഴും വളരെ പോസീറ്റീവാണ്. അവിടെ താമസിക്കുന്ന പാവപ്പെട്ട മനുഷ്യർക്ക് ഭൂമി ലഭ്യമാക്കാൻ കഴിയുമെന്നാണ് വിശ്വാസം. സംഘപരിവാറിനോട് ഒരു ക്രിസ്തീയ വിശ്വാസിയെന്ന നിലയിൽ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കരുതെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.
ബി.ജെ.പി ഇതര രാഷ്ട്രീയപ്പാർട്ടികളും കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവ സഭകളും എടുത്തിരിക്കുന്ന നിലപാടുകൾ സ്വാഗതാർഹമാണ്. വിഷയം പരിഹരിക്കാൻ ഉതകുന്നതാണ്.
ചോദ്യം: സംഘപരിവാർ വിഷയത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ക്രൈസ്തവരുടെ ഇടയിൽ പ്രവർത്തിക്കുന്ന 'കാസ' വഖഫ് ബില്ലിനെ അനുകൂലിക്കുകയും കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും നിലപാടുകളെ അംഗീകരിക്കുന്ന പ്രചാരണങ്ങൾ നടത്തുന്നുമുണ്ട്. ഇത് ക്രൈസ്തവർക്കിടയിൽ സംഘപരിവാറിനോടുള്ള അടുപ്പം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് അങ്ങ് കരുതുന്നുണ്ടോ ?
എനിക്ക് രണ്ട് മൂന്ന് ചോദ്യങ്ങളുണ്ട്. കാസയുടെ ഓഫീസ് എവിടെയാണ്. ആരാണ് ഇതിന്റെ ഉത്തരവാദിത്വപ്പെട്ടവർ ? ഈ സംഘടന എവിടെയാണ് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. സീറോ മലബാർ സഭ എന്ന് പറയുമ്പോൾ അതിനൊരു നേതൃത്വമുണ്ട്. അല്ലെങ്കിൽ മർത്തോമസഭ എന്ന് പറയുമ്പോൾ കൗൺസിൽ അടക്കമുള്ള സംവിധാനങ്ങളുണ്ട്.
പിറക്കാത്ത ചില പ്രസ്ഥാനങ്ങളുടെ പേര് പറഞ്ഞ് ചില ആശയങ്ങൾക്ക് നിയമസാധുത നൽകാൻ മാധ്യമങ്ങൾ ശ്രമിക്കരുത്. ഊരും പേരുമില്ലാത്ത ഉപജാപക വൃന്ദങ്ങൾക്ക് നിയമസാധുത നൽകരുത്. നീതിവൽക്കരിക്കരുത്. അതേസമയം സംഘപരിവാർ പ്രസ്ഥാനങ്ങൾ ക്രിസ്തീയ വിശ്വാസികളിലേക്ക് കടന്നുകയറി അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് ഇതുപോലെയുള്ള കടലാസ് പുലികളെ ഉപയോഗിക്കാറുണ്ട്.
കാസയിലുള്ളവർ ഏത് ക്രിസ്ത്യാനിയാണ്, ക്രിസ്തീയ വിശ്വാസങ്ങളിൽ നിങ്ങൾ എവിടെ നിൽക്കുന്നു, ക്രിസ്തുവിനെക്കുറിച്ചും ബൈബിളിനെ കുറിച്ചുമുള്ള അഭിപ്രായമെന്താണ്, ഇന്ത്യൻ ക്രൈസ്തവികതയെക്കുറിച്ചുള്ള (Indian Christianity) ധാരണയെന്താണ്. ഇക്കാര്യങ്ങളിലൊക്കെ ഒരു സംവാദത്തിന് തയ്യാറാണോ എന്നാണ് എന്നെ പോലെയുള്ളവർക്ക് ചോദിക്കാനുള്ളത്.
ഒരു വ്യാജ പൊയ്മുഖം വെച്ചിട്ട് എന്തൊക്കെയോ പറയുകയാണ്. ചാനൽ ചർച്ചയിലും ഒരു സുഹൃത്തിനോട് എനിക്ക് ഇത് പറയേണ്ടി വന്നു. ഒളിഞ്ഞിരുന്നു യുദ്ധം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്ക് നമ്മൾ എന്ത് മറുപടിയാണ് പറയേണ്ടത്.
ഈ പ്രസ്ഥാനത്തിന്റെ പേരിൽ ലഘുലേഖാ വിതരണമോ വാട്‌സാപ്പ് ഗ്രൂപ്പുകളോ ഒക്കെ ഉണ്ടാക്കാൻ ശ്രമിക്കുമായിരിക്കും. ചില ദുർബല വിശ്വാസികൾ അതിലൊക്കെ വീണുപോകാനും സാധ്യതയുണ്ട്.
പക്ഷേ അങ്ങനെയുള്ള ദുഷ്പ്രചാരണം കൊണ്ടെന്നും അട്ടിമറിക്കാൻ പറ്റുന്നതല്ല ക്രിസ്തീയ വിശ്വാസവും വേദപുസ്തക പരിജ്ഞാനവും ലോകബോധവുമെന്ന് വ്യക്തമാക്കാൻ ഉദ്ദേശിക്കുകയാണ്. 2000 വർഷങ്ങളായി ദേശാന്തരങളിൽ നിലനിൽക്കുന്ന ഒരു വിശ്വാസത്തിന്റെ ചരിത്രബോധത്തിന്റെ അടിസ്ഥാനത്തിൽ വളരെ ലളിതമായി പറയാൻ പറ്റുന്ന കാര്യമാണിത്.
ഇതുപോലെ എത്രയോ കുത്തിത്തിരുപ്പുകളെ 2000 വർഷമായി അതിജീവിച്ച ഒരു സഭയാണ് ക്രിസ്തുവിന്റെ സഭ. അകത്തു നിന്നും പുറത്തു നിന്നുമുള്ള വിഷലിപ്തമായ പ്രവർത്തനങ്ങളെ അതിനകത്ത് തന്നെ നുള്ളിക്കളയാനുള്ള കഴിവും പ്രാപ്തിയും മൂല്യബോധവും മതബോധവും ദൈവശാസ്ത്ര ദർശനങ്ങളുമടക്കം ഉന്നതമായ ദാർശിനിക ബോധമുള്ളവരാണ് കേരളത്തിലെയും ഇന്ത്യയിലെയും ക്രിസ്ത്യാനികൾ.
അതുകൊണ്ട് സ്വാഭാവികമായ അന്ത്യമാണ് കാസയെയും കാത്തിരിക്കുന്നത്. കുറച്ച് കാലം കുറച്ച് പേരെ പറ്റിക്കാൻ ശ്രമിക്കും. എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാനാവില്ല.