/sathyam/media/media_files/2025/07/10/joseph-benny-1-2025-07-10-19-42-52.jpg)
വഖഫ് ബിൽ പാസായിട്ട് ഇന്ന് (11-07-2025, വെള്ളി) നൂറുദിവസം തികയുകയാണ്. 600ൽപ്പരം കുടുംബങ്ങളുള്ള മുനമ്പത്തെ ഭൂമി സംബന്ധിച്ച പ്രശ്‌നത്തിന് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല.
നിലവിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിട്ടും വിഷയം എങ്ങുമെത്തിയിട്ടില്ല. ഇതേപ്പറ്റി മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പുശ്ശേരിൽ സത്യം ഓൺലൈനിനോട് മനസ് തുറന്നു.
കേരളകോൺഗ്രസ് എം ചെയർമാൻ ജോസ്.കെ മാണി മുനമ്പം നിവാസികൾക്ക് വേണ്ടി മുഖ്യമരന്തി പിണറായി വിജയനുമായി വിഷയം ചർച്ച ചെയ്ത് ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഏറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
അഭിമുഖത്തിന്റെ പൂർണ്ണ രൂപം ചുവടെ...
?. വഖഫ് ബിൽ പാസായിട്ട് നൂറുദിവസമായി. മുനമ്പം നിവാസികൾക്ക് ഇതിലൂടെ നീതി ലഭിച്ചില്ല. വിശ്വസിച്ചവർ സഹായിച്ചില്ലെന്ന് തോന്നലുണ്ടോ
ഉത്തരം: ഞങ്ങൾ ആകെ പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ഇവിടെ ആകെ 112 ഏക്കർ സ്ഥലം മാത്രമാണുള്ളത്. അതിന് പകരം 404 ഏക്കർ ഭൂമിയുണ്ടെന്നാണ് വഖഫ് ബോർഡ് രജിസ്റ്ററിൽ എഴുതി വെച്ചിരിക്കുന്നത്.
ഈ വസ്തുത ഇപ്പോൾ കൃത്യമായി മനസിലായി. സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ ഇത് പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ഈ ഭൂമിയിൽ റവന്യൂ അവകാശം സ്ഥാപിച്ച് തരണമെന്നുണ്ടെങ്കിൽ കേരള സർക്കാർ തന്നെ വിചാരിക്കണം.
കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നാലും അത് നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
വഖഫ് ബോർഡിന്റെ കണക്ക് പ്രകാരമുള്ള 404 ഏക്കർ ഭൂമി ഇവിടെ ഇല്ലെന്നും 112 ഏക്കർ മാത്രമാണുള്ളതെന്നും 60 ഏക്കർ ചിറയാണെന്നും അത് ഇവിടുത്തെ താമസക്കാർക്ക് 1988ൽ പറവൂർ സബ്ബ് കോടതിയുടെ അനുവാദത്തോട് കൂടി വിറ്റതാണ് എന്നും കാട്ടി ഇപ്പോൾ നടക്കുന്ന കേസിൽ സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ ഞങ്ങളുടെ പ്രശ്‌നം തീരും.
വഖഫ് ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. അത് വന്നു. ഇത് വരെ ബില്ലിന്റെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല.
?. വഖഫ് ബിൽ കാട്ടി കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തുകാർക്ക് നൽകിയ വാഗ്ദാനം പാഴായി എന്ന തോന്നലുണ്ടോ
ഉത്തരം: ഇപ്പോൾ ഞങ്ങൾക്കങ്ങനെ പറയാൻ പറ്റില്ല. അതിന് വേണ്ടി ഒരുപറ്റം ആളുകൾ പരിശ്രമിക്കുന്നുണ്ട്. പരിമിതികളുണ്ട്. മുൻകാലപ്രാബല്യമുണ്ട് എന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ബില്ലിന് മുൻകാലപ്രാബല്യമുണ്ടാവില്ല എന്ന് മുമ്പ് തന്നെ രാജീവ് ചന്ദ്രശേഖർ ഞങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ ഞങ്ങൾ, 2013 മുതൽ ഈ ഭൂമിവഖഫ് സെക്ഷൻ 40 അനുസരിച്ച് എടുത്തിട്ടുണ്ടെങ്കിൽ അത് പുന: പരിശോധിക്കണം എന്ന് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ബില്ലിൽ വന്നില്ല. ഇപ്പോൾ ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ സെക്ഷൻ 2എ വെച്ച് പരിഹരിക്കാം എന്നാണ് പറയുന്നത്.
?. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കം നിരവധി പേർ വഖഫ് ബിൽ പാസായതിനെ തുടർന്ന് മുനമ്പത്ത് വന്നിരുന്നു. എന്താണ് നിലവിൽ അവരുടെ നിലപാട്
ഉത്തരം: കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഇവിടെ നിന്നുള്ളയാളുകൾ സന്ദർശിച്ചിരുന്നു.
ബില്ലിന്റെ ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ മുനമ്പത്ത്കാർക്ക് കൂടി പ്രയോജനകരമാവുന്ന വിധത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഏഴ് സിറ്റിംഗുകൾ നടത്തണമെന്നും അത് മുനമ്പത്തുകാരെ കൂടി കേട്ട ശേഷമാകുമെന്നാണ് മന്ത്രി കിരൺ റിജിജു രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞിരിക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
?. മുനമ്പം ഒരു ഭൂസമരമാണ്. സമരത്തിൽ വർഗീയ, രാഷ്ട്രീയം കലർന്നുവെന്ന് സമരസമിതി കരുതുന്നുണ്ടോ
ഉത്തരം: വർഗീയ ചേരിതിരിവുണ്ടാക്കാൻ പരിശ്രമിക്കുന്നവരുണ്ട്. പക്ഷേ നിലവിൽ അങ്ങനൊരു സംഗതി ഇല്ല. ഞങ്ങൾ അതിലൊന്നും വീണിട്ടുമില്ല. ഇവിടെ പല പള്ളികളിൽ നിന്നും മഹല്ലുകളിൽ നിന്നുമൊക്കെ മുസ്ലീം മതപണ്ഡിതർ വന്നിരുന്നു. അവർ ഞങ്ങളോട് സംസാരിച്ചിരുന്നു.
ഭൂമിയിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവരുടെ സ്ഥലം പരിഗണിക്കണം എന്ന് തന്നെയാണ് പറഞ്ഞത്. പക്ഷേ ഇപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ആകെ 112 ഏക്കർ സ്ഥലം മാത്രമാണ് ഇവിടെയുള്ളത്. അത് താമസക്കാർക്ക് വിറ്റതാണ്.
?. മുനമ്പത്ത് കുടിയൊഴിപ്പിക്കൽ പ്രായോഗികമല്ലെന്ന വാദമാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഉയർത്തുന്നത്. എന്നിട്ടും എന്താണ് ശാശ്വതമായ പരിഹാരത്തിന് കാലതാമസമുണ്ടാകുന്നത്
ഉത്തരം: അതാണ് ഞങ്ങൾക്കും മനസിലാകാത്തത്. കേരള സർക്കാർ വിചാരിച്ചാൽ ഈ പ്രശ്‌നം എളുപ്പത്തിൽ പരിഹരിക്കാനാവും. എന്നാൽ അത് പരിഹരിക്കുന്നില്ല.
404 ഏക്കർ ഭൂമിയാണ് ഇവിടെ ഉണ്ടായിരുന്നതെന്നും അത് ഇപ്പോഴുമുണ്ടെന്ന വിശ്വാസമായിരുന്നു നേരത്തെ വരെ സർക്കാരിന് ഉണ്ടായിരുന്നത്. ഇപ്പോൾ 112 ഏക്കർ ഭൂമിയേ ഇവിടെ ഉള്ളൂ എന്ന് ജുഡീഷ്യൽ കമ്മീഷൻ പറയുമ്പോൾ ഇത് നിസാരമായി പരിഹരിക്കാവുന്നതേ ഉള്ളൂ.
?. മുനമ്പത്തെ ജനങ്ങളുടെ നിലവിലെ അവസ്ഥ എന്താണ്
ഉത്തരം: ഞങ്ങൾ നിത്യ ദാരിദ്രത്തിലാണ്. കടലിൽ പോയിട്ടും കാര്യമായി ഒന്നും കിട്ടാനില്ല. കാലവർഷം വന്നതോടെ കടലാക്രമണം രൂക്ഷമായി. കൂടുതൽ ശക്തിയായി കടൽ കയറുകയാണ്. കടൽഭിത്തികൾ ഇടിഞ്ഞ് നാശമായി.
കരപ്രദേശം ഇല്ലാതായതോടെ ഇത്തിൾ വാരി ജീവിക്കുന്നവരെല്ലാം വഴിയാധാരമായി. പല സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളും മുനമ്പം നിവാസികളെ ഞെക്കിപ്പിഴിയുകയാണ്.
ഞാനടക്കമുള്ളവർക്ക് ഒരു ഇരുചക്രവാഹനം വാങ്ങണമെങ്കിൽ പോലും കരമടച്ച രസീത് നൽകാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നാല് ആത്മഹത്യശ്രമങ്ങൾ നടന്നതായാണ് പള്ളി വികാരി പറഞ്ഞത്.
?. മുനമ്പം നിവാസികൾ ഭൂമി വിഷയത്തിൽ നിയമപരിഹാരത്തിനായി കോടതിയെ സമീപിക്കുമോ
ഉത്തരം: ഞങ്ങൾ സമീപിച്ചു കഴിഞ്ഞു. ഫാറൂഖ് കോളേജ് കൊടുത്തിരിക്കുന്ന കേസുകളിൽ കക്ഷിചേർന്നിട്ടുണ്ട്.
?. സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷനിൽ മുനമ്പം നിവാസികൾക്ക് വിശ്വാസമുണ്ടോ
ഉത്തരം: ആദ്യം ഞങ്ങൾ വിശ്വസിച്ചിരുന്നില്ല. പിന്നീട് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി വീണ്ടെടുക്കാനാവുമെന്ന് വിശ്വസിക്കുന്നു. നിലവിൽ ഇതിന് കാലതാമസമുണ്ടാകുന്നതിനാൽ 16ന് കളക്‌ട്രേറ്റിൽ ധർണ്ണ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
?. ലത്തീൻ സഭയടക്കം വിവിധ സഭകൾ മുനമ്പം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഭാ നേതൃത്വങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടോ
ഉത്തരം: നന്നായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. അവർ ഞങ്ങൾക്കൊപ്പം തന്നെയുണ്ട്. അവരുടെ ഇടപെടലിൽ കഴിഞ്ഞ ദിവസം ജോസ് കെ മാണിയുടെ അടുത്ത് പോയിരുന്നു. മുഴുവൻ വിവരങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
?. പ്രശ്‌നത്തിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണിയുടെ ഇടപെടലിലാണ് ഇനി പ്രതീക്ഷയെന്ന് സമരസമിതി ഭാരവാഹികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്ത് തോന്നുന്നു
ഉത്തരം: മുനമ്പത്ത് നിലവിൽ 112 ഏക്കർ ഭൂമിയും 60 ഏക്കർ ചിറയും താമസക്കാരായ ആളുകൾ വാങ്ങിയിട്ടുള്ളതാണെന്നും അതിൽ നിന്നും കിട്ടിയ പണമുപയോഗിച്ച് ഫാറൂഖ് കോളേജ് മറ്റ് ഭൂമി വാങ്ങുകയും അവിടെ ടി.ടി.സി കോഴ്‌സ് പഠിപ്പിക്കുന്നതിനുള്ള കോളേജ് നിർമ്മിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്നും, അതുവഴി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നടക്കുന്ന കേസിൽ അഡ്വക്കേറ്റ് ജനറലിനെ ഇടപെടുത്താമെന്നും ജോസ് കെ മാണി ഉറപ്പ് നൽകിയിട്ടുണ്ട്.
അങ്ങനെ ഇടപെട്ടാൽ താമസക്കാരുടെ റവന്യു അവകാശം പുന:സ്ഥാപിച്ച് കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അങ്ങനെ കിട്ടിയാൽ വഖഫ് ട്രൈബ്യൂണലിൽ നിന്നും ഞങ്ങൾക്ക് അനുകൂല വിധി ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
?. സമരസമിതിയുടെ തുടർ പരിപാടികൾ എങ്ങനെയാണ്. വഖഫ് ബോർഡുമായും ഫാറൂഖ് കോളേജ് അധികൃതരുമായും ചർച്ചകൾ പരിഗണനയിലുണ്ടോ
ഉത്തരം: ഫാറൂഖ് കോളേജ് അധികൃതരുടെ അഭിഭാഷകനുമായി കോടതിയിൽ വെച്ച് നിരന്തര ആശയവിനിമയത്തിലാണുള്ളത്. ആശയങ്ങൾ ഒരേ പോലെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.
വഖഫ് ബോർഡുമായുള്ള ആശയവിനിമയത്തിന് മീഡിയേറ്റർ ആകാൻ കൂടിയാണ് ജോസ് കെ മാണിയുടെ സഹായം തേടിയിട്ടുള്ളത്.