Advertisment

ഒറ്റവാക്കിൽ ഒതുങ്ങാത്ത വിയോഗകുറിപ്പ്

author-image
സത്യം ഡെസ്ക്
Updated On
New Update

ജീവിത യാത്രകളിൽ പണത്തിന് പ്രാധാന്യം കൊടുക്കാതെ പലതും ആഗ്രഹിക്കാൻ പോലും കഴിയാതെ ജീവിക്കുന്ന ഒരുപാടു പേരുള്ള കൊച്ചു ഗ്രാമത്തിലെ പച്ചയായ ജീവിതങ്ങളുടെ അനുഭവങ്ങൾ വെറും ഭംഗിവാക്കിൽ ഒതുങ്ങുന്നതല്ല .

Advertisment

publive-image

എവിടെ പോയാലും ഇടയ്ക്കിടയ്ക്ക് ഓർമ്മകളുടെ മച്ചിലേക്ക് ഓടിക്കയറി പുറമെ വസന്തത്തിന്റെ ഐശ്വര്യം പകർന്ന് ഉള്ളിൽ നീറുന്ന വേദനയുണ്ടാക്കി അവയെല്ലാം കടന്നുപോകും .ഒറ്റവാക്കിൽ ഒതുക്കാൻ കഴിയാത്ത ജീവിത കാഴ്ച .

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ആറിൽ ഡിഗ്രി ആദ്യവർഷം പകുതിയോടെ ഒരു ഷൂ മേടിക്കാൻ ആഗ്രഹം തോന്നി . വീട്ടിൽ പറഞ്ഞാൽ മറുപടി വാഴക്കായിരിക്കുമെന്നറിയാവുന്നത് കൊണ്ട് പറഞ്ഞില്ല . വീട്ടിലെ ആകെയുള്ള തൊണ്ണൂറ് റബ്ബറിന്റെ ചുവട്ടിലൂടെ നടന്നും , വെട്ടുമ്പോൾ കിട്ടുന്നതുമായ ഓട്ടുപാലൊക്കെ എടുത്ത് വെച്ച് എല്ലാ മാസവും കുറച്ച് പൈസ പോക്കറ്റ്റ് മണിയായി ആയി കിട്ടുമായിരുന്നു .

ഷൂവിന് അന്ന് എഴുന്നൂറ്റി അന്പത് രൂപയായിരുന്നു വില .നാട്ടിലെ അറിയുന്ന ചേട്ടൻ അന്ന് പുലക്കോട് സൊസൈറ്റിയിൽ ഭരണ സമിതിയിൽ ഉണ്ടായിരുന്നത്കൊണ്ട് ഓയിൽ ലോൺ ഉള്ള കാര്യം പറഞ്ഞു . കോളേജ് അല്ലെ കുറച്ച് പൈസ വണ്ടിക്കൂലിക്കും , ഇടയ്ക്കൊക്കെ പുറത്ത് ചായകുടിക്കാനൊക്കെയായി പൈസ സൂക്ഷിച്ച് വയ്ക്കാൻ കൂടി രണ്ടായിരം രൂപ ഓയിൽ ലോൺ എങ്ങിനെയെങ്കിലും എടുക്കാൻ തീരുമാനിച്ചു .

കുറെ മുഖങ്ങൾ തെളിഞ്ഞെങ്കിലും അവരോടൊന്നും ജാമ്യം നിൽക്കുമോ എന്ന് ചോദിയ്ക്കാൻ ആത്മാഭിമാനം അനുവദിച്ചില്ല .

ആരും അറിയാതെ ഫോം ഒക്കെ പൂരിപ്പിച്ച് അപേക്ഷകൊടുത്ത് അന്നത്തെ മീറ്റിങ്ങിൽ പാസ്സാക്കിച്ചു . ലോൺ പാസ്സായി എന്നറിഞ്ഞപ്പോൾ സെക്രട്ടറിയെ കണ്ടു . 'ജാമ്യം ആരാണ് നിൽക്കുക? ', അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോൾ ബാങ്കിലെ ബെഞ്ചിൽ ഇരിക്കുന്ന ആ മനുഷ്യൻ കണ്ണിൽ പെട്ടു.എല്ലാവരും ഉണ്ണിമോൻ എന്ന് വിളിക്കുന്ന കല്ലിങ്ങപറമ്പിൽ യൂസഫ് , ചേലക്കര സ്റ്റാൻഡിലെ ഒന്നുമില്ലാത്ത ജീപ്പ് ഡ്രൈവർ മാമന്റെ പേരകുട്ടിയായ എന്നെ കോളേജിൽ പോകുമ്പോൾ ബസ് കിട്ടാത്തപ്പോൾ അദ്ധേഹത്തിന്റെ ജീപ്പിൽ പോകുമ്പോൾ ഉണ്ടായ അടുപ്പം മാത്രമേ ഇക്കയ്ക്ക് ഉണ്ടായിരുന്നുള്ളു എങ്കിലും ചിരിച്ചുകൊണ്ട് അടുത്തേക്ക് പോയി

'ഇക്ക, ഒരു ഒപ്പ് വേണം ' .

അടുത്തേക്ക് ചെല്ലുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരുന്ന അദ്ദേഹം ഒട്ടും നിരാശപെടുത്താതെ

'ഹരി എവിടെയാ ഒപ്പിടേണ്ടത്?' ,

' ലോണിനാണോ ?',

'ശരിക്ക് അടയ്ക്കുമോ ?'.

ചോദ്യത്തോടെ എന്നെ എതിരേറ്റു .

എല്ലാത്തിനും ചിരിച്ചു കൊണ്ട് ,

'അടയ്ക്കും 'എന്ന് പറഞ് ഒപ്പിടേണ്ട സ്ഥലം കാണിച്ചതും ,ചിരിച്ച മുഖത്തോടെ ആ മനുഷ്യൻ ഒപ്പിട്ടു തന്നു .

ഒരു പക്ഷെ ജീവിതത്തിൽ ആദ്യമായി ഒരാളിലൂടെ ആവശ്യമോ അനാവശ്യമോ ഒന്നും അറിയാതെ വീട്ടുകാരുമാറിയാതെ ഒരു സഹായം കിട്ടിയതിലൂടെ ഒരാഗ്രഹം സഫലമായി .

നാട്ടിൽ ചെല്ലുമ്പോൾ വഴിയിൽ കാണുമ്പോൾ ഇന്നും ആ ചിരിയോടെ മുന്നിൽ നിൽക്കുന്നോർമ്മകൾ വിയോഗ വാർത്തകേട്ടതും മനസ്സിലേക്ക് ഓടിയെത്തി .

ഓരോ സഹായങ്ങൾക്ക് പലതും പ്രതീക്ഷിക്കുന്ന ഈ വ്യവസായ ലോകത്ത് ഞാൻ കണ്ട അപൂർവ്വം മനുഷ്യരിൽ ഒരാൾ .

ആ മനുഷ്യനെന്ന മഹനീയന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി...

ഹരിഹരൻ പങ്ങാരപ്പിള്ളി

life
Advertisment