Health

ലിംബ് ഈസ്കീമിയ; കൈയിലേക്കോ കാലിലേക്കോ ഉള്ള രക്തയോട്ടം പെട്ടെന്ന് നില്‍ക്കുമ്പോഴുണ്ടാകുന്ന അവസ്ഥ; ഇത് ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാതം പോലെ സമാനം, ഒഴിവാക്കാന്‍ ചെയ്യേണ്ടത്..

ഹെല്‍ത്ത് ഡസ്ക്
Sunday, September 12, 2021

ക്രിട്ടിക്കൽ ലിംബ് ഇസ്കെമിയ (CLI) എന്നത് താഴ്ന്ന അവയവങ്ങളുടെ ധമനികളിൽ ഉണ്ടാകുന്ന ഗുരുതരമായ തടസ്സമാണ്, ഇത് രക്തപ്രവാഹത്തെ ഗണ്യമായി കുറയ്ക്കുന്നു. കോവിഡ് വൈറസിന് നമ്മുടെ ശരീരത്തിലെ രക്തം കട്ടപിടിപ്പിക്കാനാകും. രോഗത്തിന്‍റെ തീവ്രത വര്‍ധിക്കുന്തോറും രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കൂടും. ഇന്ത്യയിലും യുകെയിലും ബ്രസീലിലും നാശം വിതച്ച ഡെല്‍റ്റ വകഭേദം ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

കൈയിലേക്കോ കാലിലേക്കോ ഉള്ള രക്തയോട്ടം പെട്ടെന്ന് നില്‍ക്കുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് limb ischemia/ലിംബ് ഈസ്കീമിയ. യഥാര്‍ഥത്തില്‍ ഇത് ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാതം പോലെ സമാനമാണ്.

ഈ അവസ്ഥയില്‍ എല്ലാ അവയവത്തിലേക്കുള്ള രക്തയോട്ടം പൊടുന്നനെ നിന്നുപോകുന്നു. സാധാരണയായി ഹൃദയത്തില്‍ ഉണ്ടാകുന്ന രക്തക്കട്ട, പ്രമേഹം, രക്താതിസമ്മര്‍ദം, പുകവലി, റോഡപകടങ്ങള്‍, സ്വതവേ രക്തത്തിനു കട്ടപിടിക്കാനുള്ള പ്രവണത എന്നിവയാണ് രക്തയോട്ടം കുറയുവാനുള്ള കാരണം.

എന്ത് തന്നെയായാലും ഇത് ഒരു അത്യാഹിതമാണ്. രോഗിക്ക് എത്രയുംവേഗം ചികിത്സ ലഭ്യമാക്കി കാലുകളിലേക്ക് രക്തയോട്ടം പുന:സ്ഥാപിക്കാത്ത പക്ഷം രോഗിക്ക് കാലോ അല്ലെങ്കില്‍ ജീവന്‍ തന്നെയോ നഷ്ടമായേക്കാം.

സാധാരണയായി ഇത്തരം സാഹചര്യങ്ങളില്‍ വാസ്കുലാര്‍ സര്‍ജന്‍ ശസ്ത്രക്രിയയിലൂടെയോ ചില പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയോ അടഞ്ഞ രക്തക്കുഴല്‍ തുറക്കുകയും രക്തയോട്ടം സാധാരണ ഗതിയിലാക്കുകയും ചെയ്യുന്നു.

തീവ്രമായ കോവിഡ് കാരണം ഏകദേശം അഞ്ച് ശതമാനം രോഗികളിലാണ് രക്തക്കട്ട കാണപ്പെടുന്നത്. ഒരുലക്ഷത്തില്‍ അയ്യായിരത്തോളം പേരില്‍ രക്തക്കട്ട കാരണമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നാണ് കണക്കുകളും പഠനങ്ങളും വ്യക്തമാക്കുന്നത്.

കൂടുതലും കാലുകളിലെ അശുദ്ധ രക്തക്കുഴലുകളായ ഞരമ്പുകളിലാണ് രക്തം കട്ടപിടിക്കുന്നതെങ്കിലും (ഡീപ് വെയ്ന്‍ ത്രോംബോസിസ്/deep vein thrombosis-DVT) ശുദ്ധ രക്തക്കുഴലുകളിലും തടസ്സം ഉണ്ടാകുകയും രക്തയോട്ടം നിലയ്ക്കുകയും ചെയ്യുന്നു.

രോഗതീവ്രത വര്‍ധിക്കുകയും രോഗി വെന്‍റിലേറ്ററിലാകുകയും ചെയ്യുന്നതോടെ കൈകാലുകളിലേക്കും തലച്ചോറിലേക്കും മറ്റു ആന്തരിക അവയവങ്ങളിലേക്കുമുളള രക്തയോട്ടം നിലയ്ക്കുന്നു. ഇത്തരം രോഗികള്‍ക്ക് വിരലുകളോ, കാല്‍ പാദമോ, കാല്‍ മുഴുവനായോ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായേക്കാം.

മറ്റേതൊരു അവസ്ഥയിലും ചെയ്യുന്ന പോലെ തന്നെ രക്തയോട്ടം പുനഃസ്ഥാപിക്കാനുള്ള രീതികളാണ് ഇവിടെ അവലംബിക്കുന്നത്. എന്നാല്‍ ഈ മഹാമാരിയുടെ തീക്ഷ്ണത, രോഗം പടരാനുള്ള സാധ്യത, ഒരിക്കല്‍ മാറ്റിയാലും വീണ്ടും രക്തം കട്ടപിടിക്കാനുള്ള സാധ്യത തുടങ്ങിയവ വെല്ലുവിളിയാണ്.

ശസ്ത്രക്രിയ നടത്തുന്ന സര്‍ജന് പിപിഇ കിറ്റ്, മുഖാവരണം മുതലായവ ധരിച്ചു ശസ്ത്രക്രിയ ചെയ്യുക എന്നത് മറ്റൊരു വെല്ലുവിളിയാണ്. നേരത്തെ സൂചിപ്പിച്ചപോലെ രക്തക്കുഴല്‍ തുറന്നോ അല്ലെങ്കില്‍ രക്തക്കട്ടകള്‍ അലിയിക്കാനുള്ള മരുന്നുകള്‍ വഴിയോ രക്തക്കട്ടകള്‍ നീക്കം ചെയ്യാന്‍ വാസ്കുലാര്‍ സര്‍ജന് കഴിയും.

രക്തം വീണ്ടും കട്ടപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗി കൂടുതല്‍ കാലം രക്തം അലിയാനുള്ള മരുന്ന് കഴിക്കേണ്ടതുണ്ട്. അതിനാലാണ് കോവിഡ് തീവ്രമാകുമ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്ന എല്ലാ രോഗികള്‍ക്കും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കി മുന്‍കരുതല്‍ സ്വീകരിക്കുന്നത്.

മിഥ്യാധാരണകളും വസ്തുതകളും

1) കോവിഡ് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത പതിൻമടങ്ങ് വര്‍ധിപ്പിക്കുന്നു.

2) ഒരിക്കല്‍ മാറ്റിയാലും വീണ്ടും രക്തം കട്ടപിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ടും ഈ മഹാമാരിയെപ്പറ്റി ഇപ്പോഴും വ്യക്തമായി അറിയാത്തതുകൊണ്ടും രോഗി തുടര്‍ന്നും ഇതിനായുള്ള മരുന്ന് കഴിക്കേണ്ടതുണ്ട്.

3) പ്രായ, ലിംഗ ഭേദമന്യേ രോഗം തീവ്രമാകുന്ന ഏതൊരാള്‍ക്കും ഇത് സംഭവിക്കാം.

4) രക്തയോട്ടം നിലയ്ക്കുന്നതരത്തിലുള്ള രക്തക്കട്ടകള്‍ ശരീരത്തില്‍ ഉണ്ടാകുന്നതിന് വാക്സീന്‍ ഒരിക്കലും കാരണമാകില്ല. വാക്സീന്‍ സ്വീകരിക്കുന്നത് രോഗതീവ്രത കുറയ്ക്കും.

5) ഓക്സ്ഫഡ് /ആസ്ട്രസെനക്ക വാക്സീന്‍ കാരണം വളരെ അപൂര്‍വമായി വെയ്നുകളില്‍ ചെറിയ രക്തകട്ടക്കുള്ള സാധ്യത കാണാറുണ്ടെങ്കിലും അതിലും കൂടുതല്‍ മടങ്ങ് ആപത്ക്കരമാണ് ഈ രോഗത്തിന്‍റെ ഭീകരതയും സങ്കീര്‍ണതയും.

×