കേരളം

ബെംഗളൂരുവിൽ നിന്ന് മദ്യം തപാൽ വഴി പാഴ്സലായി അയപ്പിച്ചു, തൊട്ടുകൂട്ടാൻ അൽപം ‘മിക്സ്ചർ’ കൂടി ഒപ്പം അയച്ചു; പാഴ്സൽ ‘തുരന്നു’ കണ്ടുപിടിച്ചത് വന്ന വഴിയിലെവിടെയോ നുഴഞ്ഞുകയറിയൊരു തുരപ്പനെലി ! സംഭവം ഇങ്ങനെ

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Wednesday, June 16, 2021

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് മദ്യം തപാൽ വഴി പാഴ്സലായി അയപ്പിച്ച വിരുതനെതിരെ കേസ്‌. ‘ പാഴ്സൽ ‘തുരന്നു’ മദ്യം കണ്ടുപിടിച്ചത് വന്ന വഴിയിലെവിടെയോ നുഴഞ്ഞുകയറിയൊരു എലിയാണ്. ‌‍ ബെംഗളൂരുവിൽ നിന്ന് മദ്യം പാഴ്സൽ ചെയ്ത വ്യക്തി തൊട്ടുകൂട്ടാൻ ഒപ്പം അയച്ച മിക്സ്ചറിന്റെ മണമടിച്ച എലി പാക്കറ്റിന്റെ ഒരു ഭാഗം കരണ്ടു.

ഇന്നലെ പാഴ്സലുകൾ പരിശോധിക്കുമ്പോൾ തുറന്നിരുന്ന കവറിൽ മദ്യക്കുപ്പി കണ്ട് ഹെഡ് പോസ്റ്റ‌് ഓഫ‌ിസ് അധികൃതരാണ് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എ. അശോക് കുമാറിനെ വിവരമറിയച്ചത്.

തുടർന്ന് എക്സൈസ് സംഘം എത്തി മദ്യം കസ്റ്റഡിയിലെടുത്തു. എറണാകുളം ഹെഡ് പോസ്റ്റ‌് ഓഫ‌ിസിൽ പാഴ്സലായി എത്തിയ 3 കുപ്പി മദ്യമാണ് ഇന്നലെ എക്സൈസ് പിടിച്ചെടുത്തത്.

കർണാടകയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യമാണ് പാഴ്സലിൽ എത്തിയത്. അയച്ചയാളുടെയും സ്വീകർത്താവിന്റെയും വിലാസം പാഴ്സലിൽ ഉള്ളതിനാൽ എക്സൈസിന് പണി എളുപ്പമായി. ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു.

×