പുന്നെല്ലുകണ്ട എലിയെ പോലെ.

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, May 20, 2020

ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുവാനും, വിദേശ മദ്യത്തിന് പത്ത് ശതമാനം മുതല്‍ മുപ്പത്തിയഞ്ച് ശതമാനം വരെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ പറ്റി ധനമന്ത്രിയോട് പത്രലേഖകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ‘പുന്നെല്ലു കണ്ട എലിയെ പോലെ’!. എത്ര അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ധനമന്ത്രി നല്‍കിയ മറുപടിയും ശ്രദ്ധിക്കേണ്ടതുണ്ട്. ‘വരുമാനം ഉപഭോഗത്തെ ആശ്രയിച്ചിരിക്കും. കഴിഞ്ഞ വര്‍ഷത്തെ തോതിലാണെങ്കില്‍ ഒരു രണ്ടായിരം കോടി’.

മനുഷ്യ ജീവന് ഹാനികരമായ മദ്യം വിറ്റ് ലാഭം കൊയ്യുന്നതിലുള്ള സന്തോഷത്താല്‍ തുള്ളി ചാടുന്ന സംസ്ഥാന സര്‍ക്കാരിന്റെ മനസിലിരുപ്പ് വെളിച്ചത്തു വന്നിരിക്കുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മദ്യഷാപ്പുകള്‍ അടഞ്ഞു കിടക്കുന്നതിനെ പറ്റിയുള്ള വേവലാതിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്. മദ്യം വിറ്റില്ലെങ്കില്‍ നിത്യ ചിലവിന് വകയില്ലെന്നു വരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. മദ്യം വിറ്റും ലോട്ടറി കച്ചവടം നടത്തിയും കിട്ടുന്ന വരുമാനം കൊണ്ടു മാത്രം ഭരിക്കാനായി ഒരു സര്‍ക്കാര്‍ ആവശ്യമേയില്ല. ഉത്പാദനവും വിതരണവും കയറ്റുമതിയും പ്രോത്സാഹിപ്പിച്ച് പണത്തിന്റെ വിനിമയം സുഗമമാക്കിയാല്‍ സംസ്ഥാനത്തിന്റെ വരുമാനം താനേ ഉയരും.

മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചത് ഉപഭോഗം നിരുത്സാഹപ്പെടുത്താനാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ ന്യായീകരണം ആരും വിശ്വസിക്കില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ മദ്യത്തിന്റെ വില എത്രയോ പ്രാവശ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മദ്യപാനികളുടെ എണ്ണം വര്‍ഷാ വര്‍ഷം ഉയരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
സര്‍ക്കാരിന്റെ മുഖ്യ വരുമാന സ്രോതസായ മദ്യ മേഖലയെ വിലവര്‍ദ്ധന സങ്കീര്‍ണമാക്കും. കോടികള്‍ മുടക്കി സ്റ്റാര്‍ സൗകര്യത്തില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചാണ് എല്ലാവരും ബാര്‍ ലൈസന്‍സ് സമ്പാദിച്ചിട്ടുള്ളത്. സമയാ സമയങ്ങളില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത മുന്തിയ ലൈസന്‍സ് ഫീയും കെട്ടി വയ്ക്കണം. വില വര്‍ദ്ധന അതിജീവിക്കാനായി വ്യാജ വിദേശമദ്യ നിര്‍മ്മാണവും വ്യാപകമാകും. വ്യാജ വാറ്റ് തടയാനായി മദ്യശാലകള്‍ തുറക്കേണ്ടത് അനിവാര്യമാണെന്ന മട്ടിലായിരുന്നു സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും. മദ്യത്തിന് ക്രമാതീതമായി വില വര്‍ദ്ധിപ്പിച്ചതിനാല്‍ മദ്യപാനികളും കൂടുതലായി വ്യാജ വാറ്റിലേക്ക് തിരിയും. സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് ഇപ്പോള്‍ തന്നെ താളം തെറ്റിയിരിക്കുന്നു. മദ്യവില വര്‍ദ്ധിപ്പിച്ചതോടെ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന് താളം തന്നെ ഇല്ലാതാകും. സത്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പണത്തിനോടും ധൂര്‍ത്തിനോടും അല്ലാതെ മറ്റൊന്നിനോടും യാതൊരു പ്രതിബദ്ധതയുമില്ല.

എല്ലാം കോവിഡിന്റെ പേരിലായതു കൊണ്ട് സര്‍ക്കാരിന് കൈകഴുകാന്‍ സൗകര്യമായിരിക്കുന്നു. കോവിഡ് പ്രതിരോധവും, രോഗികളുടെ ചികിത്സയും മൂലം സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. സത്യമാണോ എന്ന് പരിശോധിക്കാം. കോവിഡിന് പ്രതിരോധ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്തതിനാല്‍ ആ വകയില്‍ ചില്ലി കാശു പോലും ചിലവായിട്ടില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ് കണക്കു പ്രകാരം ഇതിനോടകം കേരളത്തില്‍ ആകെ ചികിത്സിക്കേണ്ടി വന്നത് 560 കോവിഡ് രോഗികളെയാണ്.

എല്ലാവരേയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ മുറി വാടക ഇനത്തില്‍ ചിലവില്ല. കോവിഡ് ചികിത്സക്കും മരുന്നുകള്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ആശ്യാസ്യ ചികിത്സ എന്ന നിലയില്‍ Hydroxy Chloroquine (ദിവസേന രണ്ട് ഗുളികള്‍ വീതം അഞ്ച് ദിവസം) Azithromycin) (ദിവസേന ഒരു ഗുളികള്‍ വീതം അഞ്ച് ദിവസം) Oseltamivir (ദിവസേന രണ്ട് ഗുളികള്‍ വീതം അഞ്ച് മുതല്‍ ഏഴ് ദിവസം വരെ) എന്നീ മരുന്നുകളാണ് പൊതുവില്‍ നല്‍കുന്നത്. മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവര്‍ക്ക് അതിനുള്ള മരുന്നുകളും നല്‍കേണ്ടി വരും. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഓരോ ആശുപത്രിയിലും 650 മുതല്‍ 850 രൂപ വരെ വിലയുള്ള പത്ത് ജോഡി പി പി ഇ കിറ്റുകളും 200 രൂപ വീതം വിലയുള്ള നാലഞ്ച് എന്‍-95 മാസ്‌ക്കുകളും ഉപയോഗിക്കേണ്ടി വരും. സാധാരണ ഗതിയില്‍ 5 മുതല്‍ 7 വരെ ദിവസങ്ങള്‍ക്ക് ശേഷം രോഗികളെ ഡിസ്ചാര്‍ജ് ചെയ്യും.

മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവര്‍ മാത്രമാണ് കൂടുതല്‍ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുന്നത്.
കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ എല്ലാം നിസാര വിലക്ക് ലഭ്യമാണ്. ഒരു ദിവസം മരുന്നിനും ഭക്ഷണത്തിനും മറ്റുമായി പരമാവതി നാലായിരം രൂപയില്‍ കൂടുതല്‍ ചിലവ് വരില്ല. പല ആശുപത്രികളിലും നല്ല ഭക്ഷണം പോലും നല്‍കിയിട്ടില്ല എന്നാണ് കേള്‍വി. ഭക്ഷണ ബില്ലില്‍ തട്ടിപ്പ് നടത്തിയുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. രോഗികളെ കൊണ്ടു വരുന്നതിനും തിരിച്ച് വീട്ടില്‍ എത്തിക്കുന്നതിനും സര്‍ക്കാര്‍ വക ആംബുലന്‍സുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. എല്ലാ വകയിലും കൂടി ഇരുപത്തി അയ്യായിരം രൂപയില്‍ താഴെയാണ് ഒരു രോഗിക്ക് വന്നിട്ടുള്ള പരമാവധി ചികിത്സാ ചിലവ്. കേരളത്തില്‍ ഇതു വരെ ചികിത്സിച്ച 560 രോഗികള്‍ക്കും കൂടി ആകെ ചിലവായത് ഒരു കോടി നാല്‍പ്പത് ലക്ഷത്തേളം രൂപ മാത്രമാണ്.

ഓരോ ജില്ലയിലും 6 മുതല്‍ 8 വരെ ശ്രവം ശേഖരിക്കുന്ന കളക്ഷന്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 2 മുതല്‍ 4 വരെ പി പി ഇ കിറ്റുകള്‍ ഓരോ കളക്ഷന്‍ കേന്ദ്രങ്ങളിലും ഉപയോഗിക്കേണ്ടി വരും. രോഗ നിര്‍ണ്ണയ കിറ്റുകള്‍, ലോക്കഡൗണ്‍ പരിപാലനത്തിനു വേണ്ടി പോലീസ് സേന വിന്യാസം, തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ഒരുക്കിയ ക്വാറന്റേന്‍ കേന്ദ്രങ്ങള്‍ എന്നീ വകയിലും ചിലവുകള്‍ വന്നിട്ടുണ്ട്. എല്ലാ വകയിലുമായി ഏതാനും കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ആകെ ചിലവാക്കേണ്ടി വന്നിട്ടുള്ളത്. പ്രവാസികളെ തിരിച്ചു കൊണ്ടു വരുവാനുള്ള വിമാന വാടകയോ, അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ തിരിച്ചു കൊണ്ടു വരുന്നതിന് ട്രെയിന്‍ വാടകയോ, ബസ് വാടകയോ ഒന്നും കൊടുക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടു പോലുമില്ലാത്തതിനാല്‍ ആ വകയിലും ചിലവൊന്നും വന്നിട്ടില്ല. മേല്‍ ഉദ്ധരിച്ച കണക്കുകള്‍ എല്ലാം ഉദ്ദേശമാണ്. യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തട്ടെ. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഒത്തിരി കോടികള്‍ ഒന്നും ആയിട്ടില്ല.

പിടിപ്പുകേടും, അഴിമതിയും, ധൂര്‍ത്തും മൂലം ഉണ്ടായ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഏതാനും കോടി രൂപ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമായി ചിലവോഴിച്ചതിന്റെ പേരില്‍ കോവിഡിന്റെ തലയില്‍ കെട്ടി വയ്ക്കുന്നത് അപലപനീയമാണ്. സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയതാണ്. ബസ് ചാര്‍ജും ഭീമമായി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ ആകെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.

ജീവിത ചിലവുകള്‍ താങ്ങാനാവത്ത വിധം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ സാധാരണക്കാരന്‍ ദുരിതക്കയത്തിലാവും.സംസ്ഥാന സര്‍ക്കാര്‍ ചുരുങ്ങിയ പക്ഷം ഒരു നല്ല കാര്യമെങ്കിലും ചെയ്യണം. മദ്യക്കുപ്പികളുടെ പുറത്തൊട്ടിക്കുന്ന ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് നല്‍കുന്ന സ്റ്റിക്കര്‍ ഇനി മേലില്‍ ഒട്ടിക്കരുത്. എതെങ്കിലും ഒരു സ്റ്റിക്കര്‍ നിര്‍ബന്ധമാണെങ്കില്‍ ‘സംസ്ഥാന സര്‍ക്കാരിന്റെ വരുമാന മാര്‍ഗ്ഗം’ എന്ന് അച്ചടിച്ച സ്റ്റിക്കര്‍ ഒട്ടിക്കുക.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മദ്യശാലകള്‍ ഉപാധികളോടെ തുറക്കാന്‍ അനുവദിച്ചിട്ടും കേരളത്തില്‍ മദ്യശാലകള്‍ തുറക്കേണ്ട എന്നാണ് സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. അതിശയകരമെന്നോണം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി മദ്യശാലകള്‍ തുറക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചിരിക്കുന്നു. പാര്‍ട്ടി നയത്തിന് വിരുദ്ധമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയേയും മന്ത്രിസഭാംഗങ്ങളേയും തിരുത്താനോ ശാസിക്കാനോ സി പി എം സംസ്ഥാന കമ്മിറ്റിയോ കേന്ദ്ര കമ്മിറ്റിയോ തയ്യാറാകാത്തത് വന്‍ അഴിമതി നടന്നിരിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്.

മദ്യപാന ആസക്തിക്ക് മനുഷ്യ രാശിയോളം പഴക്കമുണ്ട്. അതു കൊണ്ടു തന്നെ മദ്യ നിരോധനം അപ്രായോഗികമാണ്. മദ്യത്തിന്റെ ലഭ്യത കുറക്കുകയാണ് ഏക പോം വഴി. ആരെന്തു പറഞ്ഞാലും ലോക്ക്ഡൗണ്‍ കാലത്ത് ഒത്തിരി മദ്യപാനികളുടെ കുടി നിന്നിട്ടുണ്ട്. അതൊരു നല്ല കാര്യം തന്നെയാണ്. മദ്യശാലകള്‍ പൂട്ടുന്നതും തുറക്കുന്നതും അഴിമതിയുടെ ചാകരക്കാലമായിരിക്കുന്നു. യു ഡി എഫ് സര്‍ക്കാര്‍ പൂട്ടിയ മദ്യശാലകള്‍ പിണറായി സര്‍ക്കാര്‍ തുറന്നു കൊടുത്തപ്പോഴും നേട്ടം സി പി എമ്മിനു സ്വന്തം. അതാണ് പുതിയ പാര്‍ട്ടി നയം.

 

അഡ്വ. എസ് അശോകന്‍

×