മദ്യവില കുത്തനെ ഉയര്‍ത്തിയ കര്‍ണ്ണാടകയ്ക്കും ഡല്‍ഹിയ്ക്കും തിരിച്ചടി. കച്ചവടം 60 % കുറഞ്ഞു. ജനത്തിന്‍റെ കൈയ്യില്‍ പണമില്ല. ഉയര്‍ന്ന വില നല്‍കാനും തയ്യാറല്ല. മാറിയ പ്രവണത ഇങ്ങനെ ?

കൈതയ്ക്കന്‍
Thursday, May 21, 2020

ബാംഗ്ലൂര്‍ ∙ മദ്യവില കുത്തനെ ഉയര്‍ത്തി നികുതി വരുമാനം സ്വരൂപിക്കാമെന്ന് കരുതിയിരുന്ന സര്‍ക്കാരുകള്‍ക്ക് തിരിച്ചടി. കൂടിയ വിലയ്ക്ക് മദ്യം വാങ്ങാന്‍ നിര്‍വ്വാഹമില്ലെന്നു തെളിയിച്ചിരിക്കുകയാണ് കര്‍ണ്ണാടകയിലെയും ഡല്‍ഹിയിലെയുമൊക്കെ ജനങ്ങള്‍. ആദ്യ ദിനങ്ങളിലെ തിരക്ക് കഴിഞ്ഞപ്പോള്‍ മദ്യ ശാലകളില്‍ തിരക്കില്ലെന്നു മാത്രമല്ല കച്ചവടം ദയനീയമായി കുറഞ്ഞു.

വില കുത്തനെ കൂട്ടിയതിനു പിന്നാലെ കര്‍ണാടകത്തില്‍ മദ്യ വില്‍പനയില്‍ 60% ആണ് ഇടിവുണ്ടായത് . മദ്യവില്‍പന പുനരാരംഭിച്ചതിനു മുതല്‍ മൂന്നു ദിവസം റെക്കോർഡ് വില്‍പനയാണു നടന്നിരുന്നത്. മേയ് 6 ന് 232 കോടി രൂപയുടെ മദ്യമാണു വിറ്റഴിച്ചത്. എന്നാല്‍ മേയ് 20 ന് വില്‍പന 61 കോടിയായി കുറഞ്ഞു. മേയ് 6 ന് സര്‍ക്കാര്‍ മദ്യവിലയില്‍ 21 മുതല്‍ 31% വരെ വര്‍ധനവു വരുത്തിയിരുന്നു. ഇതോടെ കുപ്പിക്ക് 50 രൂപ മുതല്‍ 1000 രൂപ വരെയാണു വില കൂടിയത്.

മേയ് 6 ന് 38 ലക്ഷം ലീറ്റര്‍ ഇന്ത്യന്‍ നിര്‍മിത മദ്യമാണ് സംസ്ഥാനത്തു വിറ്റഴിച്ചത്. എന്നാല്‍ മേയ് 20ന് 25 ലക്ഷം ലിറ്റര്‍ മാത്രമായി ചുരുങ്ങി. മേയ് 5 മുതല്‍ ഏഴു വരെ 105 ലക്ഷം ലീറ്റര്‍ മദ്യം വിറ്റിരുന്നു. എന്നാല്‍ മേയ് 16 മുതല്‍ 20 വരെ അത് 55.6 ലക്ഷമായി ചുരുങ്ങി. ബീയറിന്റെ വില്‍പനയും ഇടിഞ്ഞു. മേയ് ആദ്യ വാരം 19.9 ലക്ഷം ലീറ്റര്‍ വിറ്റത് പിന്നീട് 14.6 ലക്ഷമായി ഇടിഞ്ഞു. രണ്ടും കൂടി ആദ്യ വാരം 594.6 കോടി രൂപയുടെ വില്‍പനയുണ്ടായിരുന്നത് പിന്നീട് 267.5 കോടിയായി കുറയുകയായിരുന്നു.

വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടുവെന്ന് മദ്യശാല ഉടമകള്‍ പറയുന്നു. മദ്യവില്‍പന കുറഞ്ഞത് നികുതി വരുമാനത്തെയും ബാധിച്ചു. സംസ്ഥാനത്ത് ആകെയുള്ള 10,050 മദ്യക്കടകളില്‍ 4,880 എണ്ണം മാത്രമേ തുറന്നിട്ടുള്ളു.

മദ്യത്തിന് 70 ശതമാനം വില വര്‍ദ്ധിപ്പിച്ച ഡല്‍ഹിയിലും സമാനമാണ് സാഹചര്യം. പ്രതിദിന വരുമാനത്തിലുണ്ടായ കുറവ് സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും കച്ചവടം പകുതിയിലേറെ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കടകള്‍ക്ക് മുന്‍പിലെ നീണ്ട ക്യൂ ഒരിടത്തും കാണാനില്ല.

ഡല്‍ഹിയില്‍ ഇപ്പോള്‍ കേരളത്തിലെ നിലവാരത്തിലാണ് മദ്യ വില. രണ്ടു മാസത്തോളമായി ലോക് ഡൌണില്‍ കഴിയുന്ന ജനത്തിനു വരുമാനം ഇല്ലാതായതോടെ മദ്യത്തിനായി ചിലവഴിക്കാന്‍ പണം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനൊപ്പം വില കൂടി ഉയര്‍ന്നതോടെ ജനം ഇത് വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകുന്നു എന്നതാണ് പ്രവണത.

×