/sathyam/media/media_files/sBXLE34At6blTHT7LPP9.jpg)
shajan scaria and kerala high court
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂറായി നോട്ടീസ് നല്‍കി വിളിപ്പിക്കണം. ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പൊലീസ് പത്ത് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നും പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നുവെന്നും നോട്ടീസ് നല്‍കാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഷാജന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
അകാരണമായി അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് പൊലീസിനോട് എതിര്‍സത്യവാങ്മൂലം നല്‍കാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സമയം അനുവദിച്ചു. ഇതുവരെ ഉള്ള കേസുകള്‍ക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. തുടര്‍ന്നു രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ അപ്പോള്‍ പരിശോധിക്കാമെന്ന് കോടതി പൊലീസിനെ അറിയിച്ചു.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ ഷാജന്‍ സ്‌കറിയയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ക്രൈം നമ്പര്‍ ചുമത്തിയ വകുപ്പുകളുമാണ് അറിയിക്കേണ്ടത്. കേസിന്റെ വിവരങ്ങള്‍ അറിയിക്കാന്‍ ഷാജന്‍ സ്‌കറിയ ഇ മെയില്‍ ഐഡി ഉള്‍പ്പടെയുള്ള മേല്‍വിലാസം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഷാജന്‍ സ്‌കറിയ ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ പ്രൊസിക്യൂഷനും വ്യക്തതയില്ലായിരുന്നു. എന്നാല്‍ ഓരോ കേസിലും 10 ദിവസത്തെ നോട്ടീസ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് കേസിന്റെ നടപടിക്രമങ്ങള്‍ നീളാന്‍ ഇടയാക്കും. അതിനാല്‍ ഉത്തരവില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ഡിജിപിയുടെ ആവശ്യം. ഇത് അംഗീകരിച്ച കോടതി 10 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തത വരുത്തി.