ആനമുടി ചോലയിലെ പഴത്തോട്ടത്തിൽ വിജയിച്ച ഹരിത വസന്തം വിസ്തൃതമാക്കാനൊരുങ്ങി വനംവകുപ്പ്: വനവാസികളും പ്രദേശവാസികളുമായ ഇഡിസി അംഗങ്ങള്‍ പുല്‍മേടാക്കുന്ന പദ്ധതിക്കു നേതൃത്വം നല്‍കി; കത്തിപ്പോയ ബാറ്റില്‍ മരത്തിന്റെ കുറ്റികള്‍ പിഴുതുമാറ്റിയ ശേഷമാണ് പുല്ല് വച്ചുപിടിപ്പിച്ചത്

ആദ്യ വര്‍ഷം 15 ഹെക്ടറും തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ 20 ഹെക്ടര്‍ വീതവും പുല്‍മേടാക്കി മാറ്റാനായി.

New Update
പഴത്തോട്ടത്തിൽ വിജയിച്ച ഹരിത വസന്തം വിസ്തൃതമാക്കാനൊരുങ്ങി വനംവകുപ്പ്

പഴത്തോട്ടത്തിൽ വിജയിച്ച ഹരിത വസന്തം വിസ്തൃതമാക്കാനൊരുങ്ങി വനംവകുപ്പ്

ഇടുക്കി: ആനമുടി ചോലയിലെ പഴത്തോട്ടത്ത് പുല്‍മേടുകള്‍ നിര്‍മിച്ച പദ്ധതി വന്‍വിജയമായതോടെ കൂടുതല്‍ സ്ഥലത്തേയ്ക്ക് വ്യാപിപ്പിക്കാൻ വനംവകുപ്പ്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴില്‍ ആനമുടി ചോലയിലെ പഴത്തോട്ടത്ത് അധിനിവേശ വൃക്ഷങ്ങളും സസ്യങ്ങളും ഒഴിവാക്കിയാണ് മലഞ്ചെരുവില്‍ പുല്ലുകള്‍ നട്ടുപ്പിടിപ്പിച്ചത്.

Advertisment

2019ലെ കാട്ടുതീയില്‍ പഴത്തോട്ടത്ത് 50 ഹെക്ടറോളം സ്ഥലം കത്തി നശിച്ചിരുന്നു. ഈ സ്ഥലം യുഎന്‍ഡിപി ഫണ്ട് ഉപയോഗിച്ച് പുല്‍മേടാക്കി മാറ്റുകയായിരുന്നു. ഇതിനായി ഹരിത വസന്തം എന്ന പേരില്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം.

മൃഗങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം

വനവാസികളും പ്രദേശവാസികളുമായ ഇഡിസി അംഗങ്ങളാണ് പുല്‍മേടാക്കുന്ന പദ്ധതിക്കു നേതൃത്വം നല്‍കിയത്. കത്തിപ്പോയ ബാറ്റില്‍ മരത്തിന്റെ കുറ്റികള്‍ പിഴുതുമാറ്റിയ ശേഷമാണ് പുല്ല് വച്ചുപിടിപ്പിച്ചത്. ആദ്യ വര്‍ഷം 15 ഹെക്ടറും തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ 20 ഹെക്ടര്‍ വീതവും പുല്‍മേടാക്കി മാറ്റാനായി. പ്രദേശം സ്വാഭാവിക പുല്‍മേടായി മാറിയതോടെ കാട്ടുപോത്തും മാനും ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ പുല്‍മേടുകളിലെ നിത്യസന്ദര്‍ശകരായി മാറിയിട്ടുണ്ടെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി. വിനോദ് പറഞ്ഞു.

അരുവികള്‍ പുനരുജ്ജീവിപ്പിച്ചു

പ്രദേശത്തെ അരുവികള്‍ പുനരുജ്ജീവിച്ചതോടെ ചിലന്തിയാറില്‍ ഉള്‍പ്പടെ കടുത്ത വേനലില്‍പോലും ജലലഭ്യത ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആനമുടി ചോലയില്‍ അധിനിവേശ സസ്യങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്ന 350 ഹെക്ടറോളം സ്ഥലം കൂടിയുണ്ട്. ഏതെങ്കിലും കോര്‍പ്പറേറ്റ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് പ്രകാരമുള്ള പങ്കാളിത്തം ലഭിച്ചാല്‍ ബാക്കി പ്രദേശങ്ങളും പുല്‍മേടുകളാക്കി മാറ്റാനാണ് ആലോചിക്കുന്നതെന്നും അധികൃതര്‍.

ഇക്കോടൂറിസം പദ്ധതിയും തുടങ്ങി

നിലവില്‍ പുല്‍മേടുകളാക്കി മാറ്റിയ സ്ഥലത്ത് ഇക്കോടൂറിസം പദ്ധതിയും തുടങ്ങിയിട്ടുണ്ട്. പൂര്‍ണമായും പ്രകൃതിദത്ത രീതിയില്‍ നിര്‍മിച്ച ഇവിടെ നാല് കുടുംബത്തിന് താമസിക്കാനാവും. ഇതോടൊപ്പം പുല്‍മേടുകളിലൂടെ മൂന്ന് മണിക്കൂര്‍ നീളുന്ന പ്രത്യേക ട്രക്കിംഗ് പരിപാടിയും വനംവകുപ്പ് നടത്തുന്നുണ്ട്. നിലവിലുള്ള പുല്‍മേടുകളില്‍ പലഭാഗത്തും അധിനിവേശ സസ്യങ്ങള്‍ മുളച്ചുവരുന്നുണ്ടെന്നും ഇതുമാറ്റി പുല്‍മേട് അതേപടി നിലനില്‍ത്തുന്ന ജോലികളിലാണ് ഇഡിസി അംഗങ്ങള്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ഇക്കോ ടൂറിസത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം പുല്‍മേടിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

ചിന്നക്കനാലിലും പദ്ധതി നടപ്പാക്കണമെന്നാവശ്യം

മുന്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി പ്രസാദിന്റെ നേതൃത്വത്തില്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിലെ പട്ടിയാങ്കലില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പുല്‍മേടാക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഈ പദ്ധതിയുടെ മാതൃക പിന്തുടര്‍ന്നാണ് പഴത്തോട്ടത്തും പദ്ധതി വനംവകുപ്പ് നടപ്പാക്കിയത്. കാട്ടാന ശല്യം രൂക്ഷമായ ചിന്നക്കനാലില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്ത് യൂക്കാലി വളര്‍ന്ന് നില്‍ക്കുകയാണ്. ഇതുമാറ്റി ഇവിടങ്ങളില്‍ വട്ടവട മോഡലില്‍ പുല്‍മേടുകളാക്കണമെന്ന് കാലങ്ങളായി നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. ഭക്ഷ്യ ലഭ്യത കുറഞ്ഞതോടെയാണ് ആനകള്‍ നാട്ടിലിറങ്ങുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

anamudi munnar idukki
Advertisment