ഇടുക്കി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനു പുതിയ ദൗത്യസംഘത്തെ സർക്കാർ നിയോഗിച്ചതിനു പിന്നാലെ സിപിഎം-സിപിഐ നേതാക്കൾ തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. ജില്ലാ കളക്ടർ ഷീബ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കൈയേറ്റം ഒഴിപ്പിക്കലിനായി നിയോഗിച്ചിട്ടുള്ളത്.
നാളുകളായി ഇവിടെ കഴിയുന്നവരുടെ മേൽ കുതിരകയറാനാണ് തീരുമാനമെങ്കിൽ ഏതു ദൗത്യസംഘമാണെങ്കിലും തുറന്ന് എതിർക്കുമെന്നു സിപിഎം നേതാവ് എം.എം.മണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ സിപിഐ സംസ്ഥാന സമിതിയംഗവും എൽഡിഎഫ് ജില്ലാ കണ്വീനറുമായ കെ.കെ.ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹാസവുമായി രംഗത്തെത്തിയതോടെയാണ് ഇരുകക്ഷികളും തമ്മിലുള്ള പോര് മുറുകിയത്.
മണിയും ശിവരാമനും നേർക്കുനേർ
സർക്കാർ ഭൂമി കൈയേറിയ എല്ലാ വന്പൻമാരേയും പിടികൂടി ജയിലിൽ അടയ്ക്കണമെന്നായിരുന്നു ശിവരാമന്റെ ഫേസ്ബുക്കിലെ പരാമർശം. കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന നിലപാടാണ് സിപിഐക്കുള്ളത്. എന്നാൽ, കൈയേറ്റം ശിവരാമൻ കാണിച്ചുകൊടുക്കട്ടെ എന്നായിരുന്നു എം.എം. മണിയുടെ നിലപാട്. ഈ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നു ശിവരാമൻ തിരിച്ചടിച്ചതോടെ ആരോപണ-പ്രത്യാരോപണങ്ങൾ പുതിയ തലത്തിലെത്തി.
ശിവരാമൻ ബന്ധപ്പെട്ടവരോട് പറഞ്ഞ് റവന്യുവകുപ്പ് തന്നെ ഏൽപ്പിക്കാനും അങ്ങനെ ചെയ്താൽ ഞാൻ ശരിയാക്കി തരാമെന്നുമായിരുന്നു എം.എം. മണി ഇന്നലെ വ്യക്തമാക്കിയത്. ശിവരാമന്റെ മറുപടി ആവശ്യപ്പെടുന്നില്ല, അയാൾക്ക് എന്താണ് പ്രശ്നമെന്ന് അറിയില്ലെന്നും മണി പറഞ്ഞു.
ശിവരാമന് സിപിഐ പിന്തുണ
ഏറ്റവും ഒടുവിൽ ശിവരാമന് പിന്തുണയുമായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും രംഗത്തെത്തി. ശിവരാമന്റേത് പാർട്ടിയുടെ നിലപാടാണെന്നു അദ്ദേഹം പറഞ്ഞു. റവന്യു വകുപ്പ് സിപിഐയിൽനിന്നു മാറ്റണമെങ്കിൽ അതു മുഖ്യമന്ത്രിയോടാണ് മണി പറയേണ്ടത്, തങ്ങളോടല്ലെന്നും സലിംകുമാർ പറഞ്ഞു. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നുതന്നെയാണ് പാർട്ടിയുടെ തീരുമാനം. മണിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. പരിഹസിക്കുന്ന രീതി ഒഴിവാക്കണോയെന്നത് അദ്ദേഹം ആലോചിക്കണമെന്നും സലിംകുമാർ വ്യക്തമാക്കി.
പ്രശ്നം ദൗത്യസംഘം
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നേരത്തെ ദൗത്യസംഘം നടപടി ആരംഭിച്ചപ്പോഴും സിപിഎം-സിപിഐ നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ വരുന്നവരുടെ കൈയും കാലും വെട്ടുമെന്നായിരുന്നു അന്ന് എം.എം. മണി പറഞ്ഞത്. വീണ്ടും ദൗത്യസംഘം നടപടികൾ ആരംഭിക്കുന്നതോടെ നേതാക്കൾ തമ്മിലുള്ള വാക്പോര് സർക്കാരിനും മുന്നണിക്കും കടുത്ത തലവേദനയായി മാറിയേക്കും.