ഇടുക്കി: നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസ് പരാധീനതകളുടെ നടുവില്‍. കഞ്ചാവ് ഉള്‍പ്പെടെ ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന ജില്ലയിലെ ഏക ഓഫിസാണ് അടിമാലിയിലേത്. തകർന്ന് വീഴാറായ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പരിമിതികള്‍ക്ക് നടുവിലാണ്. കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ പ്രതി കടന്നുകളയാൻ കാരണവും കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലമാണ്. മഴക്കാലത്ത് നനഞ്ഞൊലിക്കുന്ന കെട്ടിടത്തില്‍ ഫയലുകള്‍ സൂക്ഷിക്കാനും തൊണ്ടിമുതലുകള്‍ കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനും സൗകര്യമില്ല.
കെട്ടിടത്തിന് വേണ്ടത്ര ഉറപ്പും അടച്ചുപൂട്ടുമില്ലാത്തതുമൂലം പ്രതികളെ ഓഫിസില്‍ സൂക്ഷിക്കാൻ ജീവനക്കാര്‍ പാടുപെടുകയാണ്. അടിമാലി പഴയ കോടതിപ്പടിയിലാണ് ഓഫിസ്. കഞ്ചാവ്, ലഹരിവസ്തുക്കള്‍, ലഹരിമരുന്ന് എന്നിവയുടെ വ്യാപനം കൂടുതലായി നടക്കുന്ന ജില്ലയെന്ന നിലയിലാണ് ഇവിടെ ഓഫിസ് തുറന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ജീവനക്കാര്‍ക്കു ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നു.
തൊണ്ടിമുതലായി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇല്ല. ജില്ലയില്‍നിന്ന് കഞ്ചാവുകൃഷി തുടച്ചുനീക്കുന്നതിനും ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനുമായാണ് സര്‍ക്കാര്‍ 1988ല്‍ നാര്‍കോട്ടിക്സ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് രൂപം നല്‍കിയത്.
നെടുങ്കണ്ടത്തുണ്ടായിരുന്ന ഈ ഓഫിസ് 1990ലാണ് അടിമാലിയിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത്. എക്സൈസ് കോംപ്ലക്സിനായി അടിമാലി പഞ്ചായത്ത് മച്ചിപ്ലാവില്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കിയിട്ട് വര്‍ഷങ്ങളായെങ്കിലും കെട്ടിട നിർമാണം ആരംഭിച്ചിട്ടില്ല. ഇതിന് സമീപത്തായി എക്സൈസ് റേഞ്ച് ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ ജനമൈത്രി എക്സൈസ് ഓഫിസും അടിമാലിയിലുണ്ട്. ഇവയും വാടകക്കെട്ടിടത്തിലാണ്. ഇവയെല്ലാം ഒരു കുടക്കീഴിലാക്കാനാണ് എക്സൈസ് സമുച്ചയത്തിന് ഭൂമി വിട്ട് നല്‍കിയത്. അടിമാലി സ്ക്വാഡിന് 22 ജീവനക്കാരുണ്ട്. സ്ക്വാഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കണമെങ്കില്‍ 40ഓളം ജീവനക്കാരെങ്കിലും വേണം. വര്‍ഷം ശരാശരി 50 മുതല്‍ 80 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നു. ഈ വര്‍ഷം 50ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.