ഇടുക്കി: 2007 സെപ്റ്റംബര്‍17, സമയം വൈകുന്നേരം നാലര...മുതിരപ്പുഴയാറിലെ വെള്ളത്തിന്റെ മൃദുതാളത്തിനൊപ്പം ഉച്ചമയക്കത്തിലായിരുന്നു വെള്ളത്തൂവല്‍എന്ന കൊച്ചു ഗ്രാമം. പൊടുന്നനെയുണ്ടായ വലിയൊരു ശബ്ദം കേട്ട് ഉറവിടം തേടി ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് ഭീതീജനകമായ കാഴ്ചയാണ്.
'ഉരുള്‍പൊട്ടിയതാണ്; അല്ല ഭൂമികുലുക്കമാണ്' എന്ന് ചിലര്‍. 'പവര്‍ഹൗസിന്റെ ആനപൈപ്പ് പൊട്ടിയതാ!' എന്ന് മറ്റു ചിലര്‍ പറഞ്ഞപ്പോഴാണ് എല്ലാവരും അത് ഞെട്ടലോടെ മനസ്സിലാക്കിയത്.
പന്നിയാര്‍വൈദ്യുതി നിലയത്തിലെ പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിത്തകര്‍ന്ന്, പൊന്‍മുടി അണക്കെട്ടിലെ വെള്ളം മലവെള്ളപ്പാച്ചിലായി ഗ്രാമത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു! നിമിഷങ്ങള്‍ക്കകം ആ വെള്ളപാച്ചില്‍ മലകളിടിച്ചുകൊണ്ട് താഴേ മുതിരപ്പുഴയാറ്റിലേക്ക് പതിച്ചു തുടങ്ങി. ആറുമണിയായിട്ടും വെള്ളത്തിനെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. പന്നിയാര്‍പവര്‍ഹൗസിന്റെ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന , ചെങ്കുളം പവര്‍ഹൗസിലെ ചില ജീവനക്കാര്‍മലകയറി എത്തി, വെള്ളത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ വാല്‍വുഹൗസില്‍ നടത്തിക്കൊണ്ടിരുന്നു. അല്‍പസമയം വെള്ളം നിന്നപ്പോള്‍ എല്ലാവരും ആശ്വാസപെട്ടു.
പക്ഷേ വലിയൊരു ശബ്ദത്തോടെ വെള്ളം ഗതിമാറിയൊഴുകി, ഇരുഭാഗങ്ങളില്‍നിന്നുമായി വലിയ അളവില്‍ പ്രവഹിയ്ക്കാന്‍ തുടങ്ങി. വന്‍മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും കണ്ട് ജീവന്‍രക്ഷിക്കാനായി നെട്ടോട്ടമോടിയ ആളുകളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റപ്പെട്ടു. പള്ളികളില്‍നിന്നും അപകട സൂചന നല്‍കി മണിമുഴക്കം കേട്ടത് സ്ഥലനിവാസികള്‍ ഇന്നും ദുഖത്തോടെ ഓര്‍ക്കുന്നു.
അപകടകാരണം
അണക്കെട്ടില്‍ നിന്നുള്ള വെള്ളം പെന്‍സ്റ്റോക്ക് പൈപ്പുകളിലേക്കു കടത്തിവിടുന്ന ജലവിതരണ സംവിധാനം 'ഇന്റ്റേക്ക് ഷട്ടര്‍' അടക്കാനുള്ള ജീവനക്കാരുടെ ശ്രമം പാളുകയാണുണ്ടായത്. ഇതോടെ ഇന്റ്റേക്കിനും, ജലവൈദ്യുത നിലയത്തിനും ഇടയിലായുള്ള വാല്‍വ് ഹൗസില്‍ ചില ജീവനക്കാര്‍ എത്തി ബട്ടര്‍ഫ്‌ലൈ വാല്‍വ് അടക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മര്‍ദ്ദം താങ്ങാന്‍കഴിയാതെ ബട്ടര്‍ഫ്ളൈ വാല്‍വും തകരുകയായിരുന്നു. ആ എട്ടു ജീവനക്കാരും വാല്‍വുഹൗസില്‍കുടുങ്ങി, അവരെയും കറക്കിയെടുത്താണ് വെള്ളം കുതിച്ചുചാടിയത്. സംഘത്തിനൊപ്പം ഉണ്ടായിരുന്ന ജോര്‍ജ് ജോസഫ് എന്ന ജീവനക്കാരനാണ് സഹപ്രവര്‍ത്തകര്‍വാല്‍വു ഹൗസില്‍അകപ്പെട്ട വിവരം പുറംലോകത്തോട് പറഞ്ഞത്. പനി കാരണം തക്കനേരത്ത് എത്താന്‍ സാധിക്കാതെ വന്ന ജോസഫ് മാത്രം ആ വലിയ അപകടത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപെടുകയായിരുന്നു.
മണിക്കൂറുകള്‍നീണ്ട ശ്രമത്തിനൊടുവില്‍നാട്ടുകാരുടെ സഹായത്തോടെ ഏറെ കഷ്ടപ്പെട്ടാണ് പൊന്മുടി അണക്കെട്ടില്‍ നിന്നുള്ള ഇന്റ്റേക്ക് ഷട്ടര്‍ അടച്ച്, ജലവിതരണ സംവിധാനങ്ങള്‍നിശ്ചലമാക്കി, ജീവനക്കാര്‍ വെള്ളത്തിന്റെ ഒഴുക്ക് കുറച്ചത്. വെള്ളം നിലച്ചതോടെ വാല്‍വുഹൗസില്‍അകപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായുള്ള തിരച്ചില്‍ആരംഭിച്ചു, പക്ഷേ ജീവന്‍ രക്ഷിക്കാന്‍ ഒരു വഴിയുമില്ലായിരുന്നു. പന്നിയാര്‍, ചെങ്കുളം, നേര്യമംഗലം പവര്‍ ഹൗസുകളില്‍ ജോലി നോക്കിയിരുന്ന സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ (കെ.എസ്.ഇ.ബി) എട്ട് ജീവനക്കാരാണ് മരിച്ചത്.
1. നേര്യമംഗലം പവര്‍ഹൗസിലെ അസി: എന്‍ജിനീയര്‍ കൊരട്ടി കരയാംപറമ്പില്‍ എ.എല്‍. ജോസ്
2. വെള്ളത്തൂവല്‍ പുത്തന്‍ പുരക്കല്‍ റെജി
3. തോക്കുപാറ സ്വദേശി മാക്കല്‍ ജോബി
4. ശല്യാംപാറ തൊണ്ടിനേത്ത് ഷിബു
5. പന്നിയാര്‍കുട്ടി കാനത്തില്‍ സണ്ണി
6. നെടിയശാല വാഴപ്പിള്ളി സ്വദേശി ജോമറ്റ് ജോണ്‍
7. കുറുപ്പുംതറ സ്വദേശി ജിയോ സേവ്യര്‍
8. നാരകക്കാനം സ്വദേശി കൂട്ടുങ്കല്‍ ജെയ്സണ്‍
നാശനഷ്ടങ്ങള്‍
ആഴ്ചകള്‍ നീണ്ടുനിന്ന തിരച്ചിലിലാണ് പലരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ഇതില്‍ ജെയ്സണ്‍ന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. 150 എക്കറോളം കൃഷിയും 15 ലേറെ പേരുടെ വീടുകളും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നാമാവശേഷമായി. മുപ്പത്തിരണ്ട് വീടുകള്‍ഭാഗീകമായും തകര്‍ന്നു. റോഡുകള്‍ക്കും നാശമുണ്ടായി. വൈദ്യുതി വിതരണവും ടെലിഫോണ്‍ കണക്ഷനും തടസ്സപ്പെട്ടു. പൊന്‍മുടി-രാജാക്കാട് റൂട്ടിലെ വാഹന ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത പ്രഭാതത്തില്‍പന്നിയാര്‍വൈദ്യുതി നിലയവും ആ പ്രദേശവും മുഴുവനായി ചെളിയില്‍മൂടപ്പെട്ടിരുന്നു. ഇതോടെ തകരാറിലായ പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം 2 വര്‍ഷത്തിന് ശേഷമാണ് പുനരാരംഭിക്കാനായത്.