മൂന്നാർ: തേക്കടി ബോട്ട് ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വിദേശ വിനോദസഞ്ചാരികൾ മൂന്നാറിലെത്തി. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ദമ്പതിമാരായ ജാക്ക് ഹല്ലിഡേ (76), മെർലിൻ മേബിൾ എന്നിവരാണ് വെള്ളിയാഴ്ച മൂന്നാറിൽ എത്തിയത്. ജാക്ക് ബ്രിട്ടീഷ് നാവികസേനയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്.
2009 സെപ്റ്റംബർ 30-ന് ആണ് തേക്കടി ബോട്ട് ദുരന്തമുണ്ടായത്. 82 പേർ യാത്ര ചെയ്തിരുന്ന ഡബിൾ ഡെക്കർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 45 പേരാണ് മരിച്ചത്. രക്ഷപ്പെട്ട 37 പേരിൽ ഇവരുമുണ്ടായിരുന്നു.
ദുരന്തത്തിനുശേഷം ദമ്പതിമാർ നാലുതവണ കേരളം സന്ദർശിച്ചിരുന്നു. മൂന്നുതവണ തേക്കടി സന്ദർശിച്ച ഇവർ ഇത്തവണ സമയക്കുറവ് കൊണ്ട് തേക്കടിയിലേക്ക് പോയില്ല. തിങ്കളാഴ്ച ഇവർ മൂന്നാറിൽനിന്ന് നേര്യമംഗലത്തിന് മടങ്ങും. അവിടെ രണ്ടുദിവസം താമസിച്ചശേഷം ഫോർട്ട് കൊച്ചി സന്ദർശിച്ച് തിരികെ നാട്ടിലേക്ക് മടങ്ങും. ഇവർ ഇപ്പോൾ മാഞ്ചസ്റ്ററിൽ വിശ്രമജീവിതം നയിക്കുകയാണ്.