Advertisment

കർഷകർ സർക്കാരിനു നൽകിയ നെല്ല് ഈടുവച്ച് അവർക്കു തിരിച്ചു വായ്പ നൽകുന്നത് സർക്കാർ അവസാനിപ്പിച്ചേക്കും. പുനരാലോചന കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ. സപ്ലൈക്കോ വഴി ബാങ്കുകളിലൂടെ നേരിട്ട് പണം നൽകുന്നത് പരിഗണനയിൽ. കുടിശ്ശിക ബാങ്കുകൾ വഴി നൽകുന്നതു കർഷകർക്ക് കുരുക്കാവുമെന്ന് ഹൈക്കോടതിയും

അടുത്ത മന്ത്രിസഭാ യോഗം ഇതിന്റെ പ്രായോഗികത ചർച്ച ചെയ്യും. അതേസമയം, നെല്ലു സംഭരിച്ച് അരിയാക്കി വിതരണം ചെയ്തതിന്റെ കണക്കുകൾ നൽകിയശേഷം കേന്ദ്ര സർക്കാരിൽനിന്നു പണം ലഭിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നതാണ് പിആർഎസ് വായ്പ എടുക്കാനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. സപ്ലൈക്കോ വഴി ബാങ്കുകളിലൂടെ നേരിട്ട് പണം നൽകുന്നതാണ് പരിഗണനയിലുള്ളത്. 

New Update
paddy farmers

തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിന്റെ പണം നൽകാൻ  കർഷകരുടെ പേരിൽ പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) വായ്പയെടുക്കുന്നത് സർക്കാർ പുനപരിശോധിച്ചേക്കും.  കർഷക ആത്മഹത്യകളുണ്ടാവുന്ന സാഹചര്യത്തിൽ നെല്ലുസംഭരണത്തിന്റെ പണം കർഷകർക്ക് നേരിട്ട് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായേക്കുമെന്നാണ് സൂചന. 

Advertisment

അടുത്ത മന്ത്രിസഭാ യോഗം ഇതിന്റെ പ്രായോഗികത ചർച്ച ചെയ്യും. അതേസമയം, നെല്ലു സംഭരിച്ച് അരിയാക്കി വിതരണം ചെയ്തതിന്റെ കണക്കുകൾ നൽകിയശേഷം കേന്ദ്ര സർക്കാരിൽനിന്നു പണം ലഭിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നതാണ് പിആർഎസ് വായ്പ എടുക്കാനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. സപ്ലൈക്കോ വഴി ബാങ്കുകളിലൂടെ നേരിട്ട് പണം നൽകുന്നതാണ് പരിഗണനയിലുള്ളത്. 


നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കഴിഞ്ഞ 53 ദിവസത്തിനിടെ ആലപ്പുഴയിൽ ജീവനൊടുക്കിയത് രണ്ടു നെൽ കർഷകരാണ്. പുഞ്ചകൃഷിയുടെ നെല്ല് വിറ്റ പണം വൈകിയതിനെ തുടർന്നുണ്ടായ കടക്കെണിയും അർബുദരോഗിയായ മകന്റെ ചികിത്സാ ചെലവും താങ്ങാനാകാതെ വണ്ടാനം നീലുകാട്ചിറയിൽ കെ.ആർ രാജപ്പനാണ് (88) ആദ്യം ജീവനൊടുക്കിയത്. 

കഴിഞ്ഞ സെപ്തംബർ 17 നായിരുന്നു രാജപ്പന്റെ ആത്മഹത്യ.അമ്പലപ്പുഴ വടക്ക്‌ കൃഷിഭവനു കീഴിലെ നാലുപാടം പാടശേഖരത്തിൽ പുഞ്ചകൃഷിയിൽ രാജപ്പന്റെ പേരിൽ 3621 കിലോഗ്രാം നെല്ലും മകൻ പ്രകാശന്റെ പേരിൽ 1944 കിലോഗ്രാം നെല്ലും സപ്ലൈകോയ്ക്ക് നൽകിയിരുന്നു. രണ്ടു പേർക്കുമായി ഒരുലക്ഷത്തിലധികം രൂപ കിട്ടാനുണ്ടായിരുന്നു. 

പ്രകാശൻ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതോടെ രാജപ്പൻ മാനസിക പ്രയാസത്തിലായി. നെല്ല് വില ലഭ്യമാക്കുന്നതിൽ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകാതിരുന്നതാണ് ബാങ്ക് ലോൺ നിഷേധത്തിന്റെ പേരിൽ പ്രസാദെന്ന കർഷകനും ആത്മഹത്യയിൽ അഭയം തേടിയത്.

പി.ആർ.എസ് പദ്ധതി പ്രകാരം നെല്ല് സംഭരണത്തുക വായ്പയായി നൽകിയതാണ് തന്റെ സിബിൽ സ്കോറിനെ ബാധിച്ചതെന്നും, തുടർ വായ്പകൾ നിഷേധിക്കാൻ കാരണമായതെന്നുമാണ് മരണക്കുറിപ്പിൽ തകഴി കുന്നുമ്മ അംബേദ്ക്കർ കോളനി കാട്ടിൽപ്പറമ്പിൽ കെ.ജി.പ്രസാദ് (55) രേഖപ്പെടുത്തിയിരിക്കുന്നത്. 

ഇതേ കത്തിൽ തന്നെ 2011ൽ എടുത്തിരുന്ന കാർഷിക വായ്പയുടെ കുടിശ്ശിക മുടങ്ങിയിരുന്നതായും, 2021ൽ ഒറ്റത്തവണ തീർപ്പാക്കലിലൂടെ ബാധ്യത തീർത്തുവെന്നും പ്രസാദ് എഴുതിയിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കലിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് പല കർഷകർക്കും അറിവില്ല. 


ഭൂരിഭാഗം കർഷകരും പലപ്പോഴും ഒറ്റത്തവണ തീർപ്പാക്കൽ പ്രക്രിയ വഴി ബാധ്യതകളിൽ നിന്ന് കരകയറിയവാണ്. പിന്നീട് ഒരു വായ്പയ്ക്ക് വേണ്ടി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോഴാണ് സിബിൽ സ്കോർ നഷ്ടപ്പെട്ടതായും ഏഴ് വർഷം വരെ വായ്പ ലഭിക്കില്ലെന്നും മനസ്സിലാക്കുന്നത്. 


ഒറ്റത്തവണ തീർപ്പാക്കലിലൂടെ വായ്പാ കുടിശ്ശിക തീർക്കുമ്പോൾ 'സെറ്റിൽഡ്' എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തുന്നത്. ഈ പദം വായ്പയെടുക്കുന്ന ആൾക്ക് തിരിച്ചടവ് ശേഷിയില്ല എന്ന തരത്തിൽ കണക്കാക്കും. ഇതോടെ നൂറ് പോയിന്റ് വരെ സിബിൽ സ്കോർ കുറയും. 

ഏഴ് വർഷം വരെ രേഖകളിൽ സെറ്റിൽഡ് എന്ന് രേഖപ്പെടുത്തും. ഇക്കാലയളവിൽ വായ്പ ലഭിക്കില്ല. നെല്ലുവില സമയബന്ധിതമായി ലഭിക്കാത്തത് കൂടാതെ കൈകാര്യ ചെലവ്, പമ്പിങ്ങ് സബ്സിഡി, പ്രൊഡക്ഷൻ ബോണസ്, മടവീഴ്ച്ച നഷ്ടപരിഹാരം, വിളനാശ നഷ്ടപരിഹാരം തുടങ്ങി വിവിധ ആവശ്യങ്ങളാണ് സ്ഥിരമായി കർഷകർ ഉന്നയിക്കുന്നത്. ഇതിനൊപ്പം ഈർപ്പത്തിന്റെ പേരിൽ കിഴിവ് കൊള്ളയും കർഷകർ നേരിടുന്നു. 

മുഴുവൻ പണവും കൈയിൽ കരുതിയല്ല കർഷകൻ കൃഷിയിറക്കുന്നത്. വായ്പയ്ക്ക് വേണ്ടി ധാനകാര്യസ്ഥാപനങ്ങളിൽ വേണ്ടിവരുന്ന നടപടിക്രമങ്ങളും പ്രോസസ്സിങ്ങ് ചാർജുകളും കർഷകരെ കൂടുതൽ വലയ്ക്കുന്നു. കടമായാണ് സർക്കാർ കർഷകന്റെ അക്കൗണ്ടിലേക്ക് നെല്ലിന്റെ പണമിടുന്നത്. ഇതോടെ ഓരോ കർഷകനും കടക്കാരനാകും. സ്വാഭാവികമായും സിബിൽ സ്കോറിനെ ബാധിക്കുകയും ചെയ്യുന്നു. 


നെല്ല് സംഭരിച്ച വകയിൽ സർക്കാർ നൽകാനുള്ള കുടിശ്ശിക ബാങ്കുകൾ വഴി നൽകുന്നതു കർഷകർക്കു കുരുക്കാവുമോയെന്ന് നേരത്തേ ഹൈക്കോടതി ആശങ്കപ്പെട്ടിരുന്നതാണ്. നെല്ലിന്റെ പണം ബാങ്കു വായ്‌പയായി കർഷകർക്ക് കുരുക്കാവരുതെന്നും ബാങ്കുകളെ സമീപിക്കാൻ ബുദ്ധിമുട്ടുള്ള കർഷകർക്ക് പണം ലഭിക്കുന്നുണ്ടെന്ന് സപ്ളൈകോ ഉറപ്പാക്കണമെന്നും ഒന്നര മാസം മുമ്പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുപാലിക്കപ്പെട്ടില്ല. 


നെൽ കർഷകർക്കു നൽകാൻ സപ്ളൈകോയുടെ പക്കൽ പണമില്ലാത്തതാണ് ബാങ്ക് വായ്‌പയെന്ന ആശയത്തിനു വഴിയൊരുക്കിയത്. പണം ബാങ്കു നൽകുമെങ്കിലും ഇതിന്റെ ബാദ്ധ്യത സർക്കാരിനാണെന്നും പറഞ്ഞിരുന്നു. സർക്കാരും സപ്ളൈകോയും ഇക്കാര്യം കോടതിയിൽ ഉറപ്പും നൽകി. 

എന്നിട്ടും കർഷകരിൽ നിന്ന് ചില രേഖകൾ ഒപ്പിട്ടു വാങ്ങിയാണ് ബാങ്കുകൾ പണം നൽകിയത്. വായ്പാ ബാദ്ധ്യത കർഷകർക്കാണെന്ന രേഖകളാണ് ഇങ്ങനെ വാങ്ങുന്നതെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയ കർഷകരുടെ അഭിഭാഷകർ പറയുന്നു. 

കർഷകർക്കു നൽകാനുള്ള പണം മുഴുവനും ഒരുമാസത്തിനകം കൊടുക്കണമെന്ന് ഹൈക്കേടതി സെപ്തംബർ 20 നു ഉത്തരവിട്ടിരുന്നു. ഇതുനടപ്പാക്കി സപ്ളൈകോ ഒക്ടോബർ 31 നു നടപടി റിപ്പോർട്ടു നൽകാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും കുടിശ്ശിക മുഴുവൻ നൽകാനായില്ലെന്നാണ് കഴിഞ്ഞയാഴ്ച സർക്കാർ അറിയിച്ചത്.

ബാങ്കിൽ നിന്ന് പണം ലഭിക്കാനുള്ള ബുദ്ധിമുട്ട് കർഷകരുടെ അഭിഭാഷകർ അന്ന് കോടതിയിൽ വിശദീകരിച്ചു. സപ്ളൈകോ നൽകുന്ന പാഡി രസീത് സ്ളിപ്പ് (പി.ആർ.എസ്) ബാങ്കിൽ നൽകുമ്പോഴാണ് പി.ആർ.എസ് ലോൺ അനുവദിക്കുന്നത്. ഇത് തിരിച്ചടയ്ക്കുന്നതിൽ സർക്കാർ കുടിശ്ശിക വരുത്തിയാൽ കർഷകരുടെ സിബിൽ സ്കോർ കുറയും.


തങ്ങളുടെ സിബിൽ സ്കോറിനെ പി.ആർ.എസ് വായ്പ ബാധിക്കുന്നുണ്ടെന്നും കർഷകർ പരാതി പറഞ്ഞു. തുടർന്ന് പി.ആർ.എസ് വായ്പയുടെ കുടിശ്ശിക കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു.


 ഒരു സാമ്പത്തികവർഷം ഏകദേശം 2200 കോടിയിലേറെ രൂപയാണു നെല്ലു സംഭരണത്തിനായി സർക്കാർ ചെലവഴിക്കേണ്ടി വരുന്നത്. സംഭരണ വിലയിൽ ഭൂരിഭാഗവും കേന്ദ്രം തരുന്നുണ്ട്. എന്നാൽ സംസ്ഥാന വിഹിതത്തിനായി ബജറ്റിൽ നീക്കിവയ്ക്കുന്ന തുക കുറയുന്നു. ഇതിൽതന്നെ നല്ലൊരു ഭാഗം ധനവകുപ്പ് അനുവദിക്കുന്നുമില്ല.

സംസ്ഥാന വിഹിതത്തിലെ 11 വർഷത്തെ കുടിശികയായി ആയിരം കോടിയോളം രൂപ ഭക്ഷ്യ പൊതുവിതരണ വകുപ്പിനു ധനവകുപ്പ് നൽകാനുണ്ട്. ഇതു മുഴുവൻ നൽകിയിരുന്നെങ്കിൽ ഇത്തവണത്തെ പിആർഎസ് വായ്പയെങ്കിലും ഒഴിവാക്കാമായിരുന്നുവെന്നു കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 380 കോടി രൂപ മാത്രമാണ് ഇത്തവണ ഏറെ സമ്മർദങ്ങൾക്കു ശേഷം അനുവദിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബാങ്കിങ് കൺസോർഷ്യത്തിൽനിന്ന് 2500 കോടി രൂപയാണു നെല്ലു സംഭരണത്തിനായി സപ്ലൈകോ കടമെടുത്തതെങ്കിലും അതിൽ 1800 കോടി രൂപ മുൻകാല പിആർഎസ് വായ്പക്കുടിശിക അടയ്ക്കാൻ ചെലവിട്ടു. 

ഒരേ പദ്ധതിക്ക് ഒരേ ഈടിന്മേൽ രണ്ടു തരം വായ്പകൾ അനുവദനീയമല്ല എന്നതാണ് ഇതിനു കാരണമായി പറഞ്ഞത്. കൂടാതെ കാനറ, ഫെഡറൽ ബാങ്കുകളിൽനിന്നു നേരത്തേ ലഭിച്ച 600 കോടി രൂപയുടെ വർക്കിങ് ക്യാപിറ്റൽ ഡിമാൻഡ് വായ്പകളും ഇങ്ങനെ തിരിച്ചടച്ചു. 100 കോടി രൂപ മാത്രമാണു ബാക്കിയുണ്ടായിരുന്നത്. ഇതാണു കഴിഞ്ഞ സീസണിലെ പ്രതിസന്ധിക്കു കാരണം. 

കർഷകർക്കു വിലയായി നൽകുന്നത് പാഡി റെസീറ്റ് ഷീറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പയാണെന്നു സർക്കാർ വാദിക്കുന്നുണ്ടെങ്കിലും കർഷകർ സർക്കാരിനു നൽകിയ നെല്ലിനെ ഈടുവച്ച് അവർക്കു തിരിച്ചു വായ്പ നൽകുന്നതിനു തുല്യമാണ് പിആർഎസ് വായ്പ. വ്യക്തിഗത വായ്പയ്ക്കു തുല്യമായ നടപടിക്രമങ്ങൾക്കു ശേഷമാണ് ഇതു നൽകുന്നത്. 


വായ്പയുടെ തിരിച്ചടവ് കൃത്യമായി നടത്തുന്നതിനാൽ കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കില്ലെന്നാണു സർക്കാരിന്റെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും വാദം. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കേരളത്തിന് ഒരുരൂപാപോലും നൽകാനില്ലെന്ന് കേന്ദ്രകൃഷിമന്ത്രി അറിയിച്ചിട്ടുണ്ട്. നെല്ലുസംഭരണത്തിന്റെ വില സംസ്ഥാനം കുറയ്ക്കുകയാണ് ചെയ്തതെന്ന് കേന്ദ്രം ആരോപിക്കുന്നു. 


2014ൽ കേന്ദ്രം 16 രൂപയാണ് കിലോ നെല്ലിന് നൽകിയിരുന്നത്. അന്ന് അതിന്റെ പകുതിയായ 8 രൂപ സംസ്ഥാനവും നൽകിയിരുന്നു. എന്നാൽ പിന്നീട് കേന്ദ്രം വില ഉയർത്തി 22രൂപയാക്കി. പക്ഷേ സംസ്ഥാനം കൂട്ടിയില്ല.സംസ്ഥാനവും കൂട്ടിയിരുന്നെങ്കിൽ കർഷകർക്ക് 33രൂപ കിട്ടുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

Advertisment