/sathyam/media/media_files/A5BT7qLRxlCoBpqXPOCn.jpeg)
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണം അഞ്ചു വർഷത്തേക്ക് റിസർവ് ബാങ്കിൽ നിക്ഷേപിക്കുകയാണ്. ക്ഷേത്രങ്ങളിൽ വെറുതേ സൂക്ഷിക്കുന്ന സ്വർണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്നതു വഴി ദേവസ്വം ബോർഡിന് പ്രതിവർഷം ആറ് കോടി രൂപ പലിശയായി ലഭിക്കും. ഇത് ബോർഡിന്റെ ചെലവുകൾക്ക് ഉപയോഗിക്കാനാവും. സ്വർണ വിലയ്‌ക്ക് ആനുപാതികമായി രണ്ടേകാൽ ശതമാനം പലിശയാണ് സ്വർണ നിക്ഷേപത്തിന് കിട്ടുക. എസ്.ബി.ഐയുടെ മുംബയ് ശാഖയാണ് സ്വർണ നിക്ഷേപത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
ക്ഷേത്രങ്ങളിലെ ആഭരണങ്ങൾ ദൈനംദിന ഉപയോഗത്തിനുള്ളവ, പൗരാണിക ആഭരണങ്ങൾ, ആട്ട വിശേഷത്തിന് ഉപയോഗിക്കുന്നവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
ഇവയൊഴികെ സ്ട്രോംഗ്റൂമിൽ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങളാണ് നിക്ഷേപിക്കുന്നത്. സ്വർണത്തിന്റെ തൂക്കം ഉറപ്പുവരുത്തുന്നതിന് ദേവസ്വം കമ്മിഷണർ, തിരുവാഭരണം കമ്മിഷണർ, വിജിലൻസ് എസ്.പി, സ്റ്റേറ്ര് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്‌ടർ എന്നിവരെ ചുമതലപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണിത്. ക്ഷേത്രങ്ങളിൽ കാണിക്കയായി ഭക്തർ സമർപ്പിച്ച സ്വർണം കട്ടികളാക്കിയാണ് ബാങ്കിൽ നിക്ഷേപിക്കുക.
ദേവസ്വം ക്ഷേത്രങ്ങളിലെ കാണിക്ക സ്വർണമാണ് റിസർവ് ബാങ്കിലേക്ക് പോവുക. ചെറിയ അളവിലുള്ളവ ഉരുക്കി സ്വർണക്കട്ടികളാക്കി ബാങ്കിന് നൽകണം. സ്വർണ ശുദ്ധീകരണം ആർ.ബി.ഐയുടെ ഹരിയാനയിലെ മൈനിംഗ് കേന്ദ്രത്തിലായിരിക്കും. അതിനാൽ യാതൊരു കൃത്രിമത്തിനും ഇടയുണ്ടാവില്ല. ബോർഡ് സ്വർണ നിക്ഷേപം എപ്പോൾ പിൻവലിച്ചാലും സ്വർണമായോ പണമായോ തിരികെ ലഭിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us