/sathyam/media/media_files/j829dmNWfH2NTZfqlxrL.jpg)
ആലപ്പുഴ: സി.പി.എം സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയും ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ എസ്.എൻ.ഡി.പി യോഗം
ജനറൽ സെക്രട്ടറിയെ പ്രതിസ്ഥാനത്ത് നിർത്തി വിമർശിക്കുമ്പോൾ ജില്ലയിലെ പാർട്ടി എം.എൽ.എമാർക്ക് അടവുനയം. വോട്ടുചോർച്ചയിൽ വിമർശനം നേരിടുന്ന വെളളാപ്പളളിക്ക് വേണ്ടി പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ പ്രതിരോധം തീർത്തുകൊണ്ടാണ് എം.എൽ.എമാരായ എച്ച്. സലാമിൻെറയും പി.പി. ചിത്തരഞ്ജൻെറയും അടവുനയം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പി.പി. ചിത്തരഞ്ജനും എച്ച്. സലാമും സംസ്ഥാന നേതൃത്വത്തിൻെറ ലൈനിനെ തളളി രംഗത്ത് വന്നത്. ചിത്തരഞ്ജൻ പ്രതിനിധീകരിക്കുന്ന ആലപ്പുഴ നിയമസഭാ മണ്ഡലത്തിലും സലാം പ്രതിനിധീകരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലും ഈഴവ സമുദായം നിർണായക ശക്തിയാണ്. ഇത് മനസിലാക്കിയുളള ബുദ്ധിപൂർവമുളള നിലപാടാണ് ഇരുവരും സ്വീകരിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫിന് 18000ൽപരം വോട്ടിൻെറ ഭൂരിപക്ഷമാണ് ലഭിച്ചത്. അമ്പലപ്പുഴയിലും ലീഡ് പുലർത്തിയ യു.ഡി.എഫ് അവിടെ 11000 ൽപരം വോട്ടിൻെറ ഭൂരിപക്ഷമാണ് നേടിയത്.
എസ്.എൻ.ഡി.പിയെ കൂടുതൽ പ്രകോപിപ്പിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിലും വലിയ തിരിച്ചടി നേരിടുമെന്ന ഭയത്തിലാണ് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വെളളാപ്പളളിക്ക് വേണ്ടി ശബ്ദമയുർത്താൻ എം.എൽ.എമാർ കച്ചകെട്ടിയിറങ്ങിയത്.
ആലപ്പുഴയിലും സംസ്ഥാനത്തെ ഇതര മണ്ഡലങ്ങളിലും ഈഴവ വിഭാഗത്തിൻെറ വോട്ട് മാത്രമല്ല ചോർന്നതെന്ന് ചൂണ്ടിക്കാട്ടി അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമാണ് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വെളളാപ്പളളിക്ക് വേണ്ടി പ്രതിരോധത്തിൻെറ അണകെട്ടിയത്. വെളളാപ്പളളിക്കും എസ്.എൻ.ഡി.പിക്കും കാര്യമായ സ്വാധീനമില്ലാത്ത മലബാറിലെ മണ്ഡലങ്ങളിൽ വോട്ട് ചോർന്നത് വെളളാപ്പളളി മൂലമാണോയെന്ന ചോദ്യവും എച്ച്. സലാം യോഗത്തിൽ ഉന്നയിച്ചു.
ഈ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രത്യേക സമുദായത്തിൻെറ വോട്ട് മാത്രമല്ല, എല്ലാ സമുദായങ്ങളുടെയും വോട്ട് ചോർന്നിട്ടുണ്ടെന്നും സലാം വാദിച്ചു. സലാമിൻെറ വാദഗതികളെ ശക്തി യുക്തം പിന്തുണച്ചുകൊണ്ട് പി.പി. ചിത്തരഞ്ജനും രംഗത്തെത്തുകയായിരുന്നു. ചിത്തരഞ്ജനും സ്വന്തം മണ്ഡലത്തിലെ വോട്ടർ കൂടിയായ വെളളാപ്പളളിയെ ന്യയീകരിച്ചു.ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ കെ. പ്രസാദും ഈ വാദഗതികളെ പിന്തുണച്ചതോടെ എം.എൽ.എമാർ മാത്രം വെളളാപ്പളളിയെ പ്രതിരോധിച്ചെന്ന ആക്ഷേപം മാറിക്കിട്ടി.
തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിൽ സർക്കാരിന്
എതിരെ കടുത്ത വിമർശനമാണ് ഉണ്ടായത്. ധന-ആരോഗ്യ വകുപ്പുകളാണ് കൂടുതൽ വിമർശിക്കപ്പെട്ടത്. ധനവകുപ്പിൻെറ പിടിപ്പുകേടും വീഴ്ചകളുമാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ മുഖ്യകാരണമെന്ന് അംഗങ്ങൾ വിമർശിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാലിൻെറ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് മാവേലിക്കരയിൽ നിന്നുളള സെക്രട്ടേറിയേറ്റ് അംഗം ജി. ഹരിശങ്കർ ധനവകുപ്പിനെ വിമർശിച്ചത്. ക്ഷേമപെൻഷൻ കിട്ടാത്തത് പാർട്ടി അംഗങ്ങളിലും അനുഭാവികളിലും അത്യപ്തിക്ക് കാരണമായതായും ചൂണ്ടിക്കാണിക്കപ്പെട്ടു. സർക്കാരിനെതിരായ തെറ്റിദ്ധാരണകൾക്ക് യഥാസമയം മറുപടി പറയാനായില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ വിമർശിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേത് അടക്കമുളള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയും കടുത്ത വിമർശനമാണ് നടന്നത്. ആരോഗ്യ വകുപ്പിനെ പാർട്ടി നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളാകും ഉണ്ടാകാൻ പോകുന്നതെന്നാണ് കായംകുളത്ത് നിന്നുളള ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ. മഹേന്ദ്രൻ മുന്നറിയിപ്പ് നൽകിയത്. ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് അവശ്യ മരുന്ന് പോലും ലഭിക്കാത്ത സ്ഥിതിയാണുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയെന്ന് പുകഴ്ത്തിയ മുൻമന്ത്രി ജി. സുധാകരനെതിരെയും യോഗത്തിൽ കാര്യമായ വിമർശനം നടന്നു.
മുതിർന്ന നേതാവിൽ നിന്നുണ്ടാകേണ്ടുന്ന തരത്തിലുളള പ്രതികരണങ്ങളല്ല സുധാകരനിൽ നിന്നുണ്ടാകുന്നത്.ഈ പ്രതികരണങ്ങൾ പൊതു സമൂഹത്തിലും പാർട്ടി അണികളിലും തെറ്റിദ്ധാരണ പടർത്തുന്നുണ്ട്. കുറച്ചുകൂടി പക്വമായി പ്രതികരിക്കാൻ ജി. സുധാകരൻ തയാറാകണം എന്നും ജില്ലാ സെക്രട്ടേറിയേറ്റിൽ വിമർശനം ഉയർന്നു. ജി. സുധാകരന് പരസ്യമായി മറുപടി കൊടുത്ത എച്ച്. സലാമിനെതിരെയും വിമർശനമുണ്ടായി. പാർട്ടി നേതൃത്വത്തിൻെറ അനുമതിയില്ലാതെ ജി.സുധാകരന് മറുപടി നൽകിയത് തെറ്റായ നടപടിയാണെന്നായിരുന്നു വിമർശനം.