വിവാദങ്ങൾ ഒഴിയാതെ ആലപ്പുഴയിലെ സിപിഎം; തോക്കു ചൂണ്ടി അക്രമം നടത്തിയ കേസൊതുക്കാൻ ഏരിയാ സെക്രട്ടറി ഇടപെട്ടത്‌ പുതിയ വിവാദം; ഏരിയാ സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം ഉയരുന്നു; സംസ്ഥാന നേതൃത്വത്തിനും പരാതി; ഏരിയാ സെക്രട്ടറിയുടെ സ്വാധീനത്തിൽ ഒതുക്കി വെച്ചിരുന്ന കേസ് സജീവമായത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് ! ഏരിയാ സെക്രട്ടറിക്കെതിരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പരാതികൾ

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നശേഷം ഏരിയാ സെക്രട്ടറിക്ക് എതിരായ പരാതികൾ സിപിഎം നേതൃത്വം പരിഗണിച്ചേക്കും. അനൂപിന്റെ അറസ്റ്റിനുശേഷം അന്വേഷണം ഏരിയാ സെക്രട്ടറിയിലേക്ക്‌ സ്വഭാവികമായി എത്തേണ്ടതാണെങ്കിലും ഇതുവരെ ആ ദിശയിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല

New Update
cpm flag

ആലപ്പുഴ: ബിസിനസ് തർക്കത്തെ തുടർന്ന് തോക്ക് ചൂണ്ടി ഭീഷണിപെടുത്തുകയും അക്രമം കാട്ടുകയും ചെയ്ത കേസ് ഒതുക്കാൻ ഇടപെട്ടതിനെ ചൊല്ലി ജില്ലയിലെ സി.പി.എമ്മിൽ പുതിയ വിവാദം. ജില്ലാ സെക്രട്ടറി ആർ. നാസറിൻ്റെ വിശ്വസ്ത പങ്കാളിയായ ഏരിയാ സെക്രട്ടറിക്കെതിരെയാണ്  കേസിലെ പ്രതിയെ സംരക്ഷിച്ചെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്. സംശയ നിഴലിലായതോടെ ഏരിയാ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയേയും പരാതിക്കാരനെയും നേതാവ് ഫോണിൽ ബന്ധപ്പെട്ടതിൻെറ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Advertisment

എന്നാൽ രാഷ്ട്രീയ വിവാദമായി പരിണമിക്കാൻ സാധ്യതയുള്ളതിനാൽ എരിയാ സെക്രട്ടറിയെ രക്ഷിച്ചെടുക്കാനുള്ള ഇടപെടൽ ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ എരിയാ സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക്  നിരവധി പരാതികൾ പോയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപെട്ടും ഈ ഏരിയ സെക്രട്ടറിക്ക് എതിരെ ആക്ഷേപങ്ങൾ ഉള്ളതിനാൽ ഫലപ്രഖ്യാപനത്തിന് ശേഷം നീക്കം ശക്തിപ്പെടാനാണ് സാധ്യത.


 ലോക്‌സഭ സ്ഥാനാർത്ഥി എ.എം. ആരിഫിന് വേണ്ടി സജീവമായി പ്രവർത്തിച്ചില്ല എന്നതാണ് തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട ആക്ഷേപം. ഇത് സ്ഥാനാർത്ഥിയുടെ മുന്നിലും എത്തിയിട്ടുണ്ട്. സ്ഥാനാർത്ഥി എ.എം. ആരിഫ് ഏരിയ സെക്രട്ടറിക്ക് എതിരെ പരാതി നൽകിയേക്കുമെന്നും സൂചനയുണ്ട്.


ഈമാസം 11ന്  കണിച്ചുകുളങ്ങര ജങ്ങ്ഷനിൽ വെച്ച് കണ്ണൂർ സ്വദേശി അഭിഷേകിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാർ അടിച്ച് തകർക്കുകയും ചെയ്ത സംഭവമാണ് ജില്ലയിലെ സി.പി.എമ്മിൽ പുതിയ വിവാദമായിരിക്കുന്നത്. ദേശീയ പാതയുമായി ബന്ധപെട്ട ജോലികളുടെ ഉപകരാർ പ്രവർത്തികൾ ഏറ്റെടുക്കുന്ന  കരാറുകാരനാണ് അക്രമത്തിന് ഇരയായ അഭിഷേക്. അഭിഷേകുമായി ബിസിനസ്  പങ്കാളിത്തം ഉണ്ടായിരുന്ന അനൂപ് ആണ് തോക്ക് ചൂണ്ടി അക്രമം നടത്തിയത്. സംഭവത്തിന് തൊട്ടു പിന്നാലെ തന്നെ അഭിഷേക് മാരാരിക്കുളം പൊലീസിൽ പരാതി അറിയിച്ചു. എന്നാൽ മാരാരിക്കുളം പൊലീസ് നടപടി എടുക്കാൻ കൂട്ടാക്കിയില്ല.

പ്രതി അനൂപ് ആണെന്ന് അറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും കേസ് ഒഴിവാക്കി പൊയ്‌ക്കോളൂ എന്നായിരുന്നു മാരാരിക്കുളം പൊലീസ് നൽകിയ മറുപടി. ആലപ്പുഴയിലെ പൊലീസിൽ നിന്ന് നടപടി ഉണ്ടാകാതെ വന്നതോടെ അഭിഷേക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ സമീപിച്ചു. 

സംഭവത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് കർശന നടപടിക്ക് ആലപ്പുഴ ജില്ല പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. തുടർന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി വിവരങ്ങൾ ശേഖരിച്ചു. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സാഹചര്യത്തിൽ അന്വേഷണ ചുമതല ജില്ലാ പൊലീസ് മേധാവി ഇടപെട്ട് പട്ടണക്കാട് പൊലീസിന് കൈമാറി. അങ്ങനെയാണ് സംഭവം നടന്ന്  രണ്ടാഴ്ചക്ക് ശേഷം പ്രതി അനൂപിനെ അറസ്റ്റ് ചെയ്യുന്നത്.


 അനൂപിന്റെ കൂട്ടാളിയെ ഇനിയും പിടികൂടാൻ ആയിട്ടില്ല. സംഭവത്തിന് തൊട്ടുപിന്നാലെ പരാതിയിൽ ലഭിച്ചിട്ടും മാരാരിക്കുളം പൊലീസ് നിഷ്ക്രിയത്വം കാട്ടിയത് ഏരിയാ സെക്രട്ടറിയുടെ സ്വാധീനത്തിനു വഴങ്ങിയാണെന്ന് ആക്ഷേപമുണ്ട്.


പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്യുന്നതുവരെ അനൂപം കൂട്ടാളികളും സി.പി.എം ഏരിയാ സെക്രട്ടറിയുടെ സംരക്ഷണത്തിലായിരുന്നു എന്നും  ആക്ഷേപമുണ്ട്. സംഭവം നടന്നതിനു ശേഷം കേസ് ഒത്തുതീർപ്പാക്കുന്നതിനായി പരാതിക്കാരനായ അഭിഷേകിനെ ഏരിയാ സെക്രട്ടറി പല തവണ വിളിച്ചിരുന്നു. എങ്ങനെയെങ്കിലും കേസ് ഒഴിവാക്കണം എന്നായിരുന്നു ഏരിയാ സെക്രട്ടറി പരാതിക്കാരനോട് ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിനുശേഷം ഏരിയാ സെക്രട്ടറി പരാതിക്കാരനെയും പ്രതികളെയും ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുമുണ്ട്.

 ക്രിമിനൽ കേസ് ഒതുക്കാൻ ഏരിയാ സെക്രട്ടറി ഇടപെട്ടത് പാർട്ടിയിൽ വലിയ ചർച്ച ആയിട്ടുണ്ട്. ഏരിയാ സെക്രട്ടറിയ്ക്കെതിരെ  അന്വേഷണവും നടപടിയും വേണമെന്ന ആവശ്യവും ഇതിനൊപ്പം ഉയരുന്നുണ്ട്. പരാതിക്കാരനും ഏരിയ നേതാവും പരിചയക്കാരായത് കൊണ്ടാണ് ഫോണിൽ വിളിച്ചിട്ടുണ്ടാവുക എന്നാണ് ഇതേപ്പറ്റി ചോദിക്കുമ്പോഴുളള സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

അനൂപിന്റെ അറസ്റ്റിനുശേഷം അന്വേഷണം ഏരിയാ സെക്രട്ടറിയിലേക്ക്‌ സ്വഭാവികമായി എത്തേണ്ടതാണെങ്കിലും ഇതുവരെ ആ ദിശയിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസിന്മേലുള്ള രാഷ്ട്രീയ സമ്മർദ്ദമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നശേഷം ഏരിയാ സെക്രട്ടറിക്ക് എതിരായ പരാതികൾ സിപിഎം നേതൃത്വം പരിഗണിച്ചേക്കും.

Advertisment