Advertisment

കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ജെയ്‌സണ്‍ ജോസഫിന്; നീക്കം പ്രിന്‍സ് ലൂക്കോസ് ഉള്‍പ്പടെയുള്ള പ്രമുഖരെ തഴഞ്ഞ്; അവശിഷ്ട മാണി ഗ്രൂപ്പുകാരെ ഇക്കുറിയും 'അതിഥി തൊഴിലാളികളാക്കി' അകറ്റി നിര്‍ത്തി മോന്‍സ് ജോസഫ്; പി.ജെ. ജോസഫിന്റെ നോമിനിയെയും തഴഞ്ഞു; ഏറ്റുമാനൂരില്‍  മത്സരിക്കാന്‍ ജെയ്‌സണ്‍ എത്തുമോ ?

അവഗണനകള്‍ സഹിച്ചു മാണി ഗ്രൂപ്പ് വിട്ടു വന്നവര്‍ അവശിഷ്ട മാണിഗ്രൂപ്പായി കേരളാ കോണ്‍ഗ്രസില്‍ തുടരുമോയെന്നു കാത്തിരുന്നു കാണേണ്ടതാണ്

New Update
jaison joseph prince lukose monce joseph

കോട്ടയം: കോട്ടയത്തു ചേര്‍ന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന പുനസംഘടനാ സമ്മേളത്തിനിടെ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി  പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം ജെയ്‌സണ്‍ ജോസഫ് ഒഴുകയില്‍ എത്തിയപ്പോള്‍ തകര്‍ന്നതു പലരുടെയും മോഹം. കലഹിച്ചു പിരിഞ്ഞ സജി മഞ്ഞക്കടമ്പിലിനു പകരം ഇക്കുറി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവെച്ചവര്‍ നിരവധിയായിരുന്നു. എന്നാല്‍, ഇക്കുറി അന്തിമ തീരുമാനം പാര്‍ട്ടിയില്‍ പിടിമുറുക്കിയ മോന്‍സ് ജോസഫിന്റേതായിരുന്നു. പി.ജെ. ജോസഫിന്റെ മനസ് ഇക്കുറി മൈക്കിള്‍ ജെയിംസിനൊപ്പമായിരുന്നെങ്കിലും ജോസഫിനെ തഴഞ്ഞ് മോന്‍സ് ജെയ്‌സണ്‍ ജോസഫിനെ പിന്തുണച്ചു.

Advertisment

ഇതോടെ മോഹഭംഗം വന്നവരുടെ കൂട്ടത്തില്‍ മാണി ഗ്രൂപ്പില്‍ നിന്ന് എത്തിയ പ്രിന്‍സ് ലൂക്കോസ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കുര്യാക്കോസ് പടവന്‍ തുടങ്ങിയവും ഉണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന പഴയ മാണി വിഭാഗക്കാരെ പാടെ അവഗണിക്കുന്ന നിലപാടാണു പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫും എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫും കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചത്.

ഇതിനിടെ ജോസഫിനെ മറികടന്ന് പാര്‍ട്ടിയില്‍ അധികാരമുറപ്പിക്കാന്‍ മോന്‍സ് ശ്രമം നടത്തിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായിരുന്നു. മോന്‍സിന്റെ തീരുമാന പ്രകാരമാണ് പ്രചാരണം പോലും നടന്നത്. ഇതേ നിലപാട് ജില്ലാ പ്രസിഡന്റിന്റെ കാര്യത്തിലും മോന്‍സ് ആവര്‍ത്തിച്ചതോടെ ഇക്കുറി നറുക്കു വീണതു ജെയ്‌സണും.

1986 ല്‍ കേരള വിദ്യാര്‍ഥി കോണ്‍ഗ്രസില്‍ അംഗമായി പ്രവര്‍ത്തിച്ചു കൊണ്ടു രാഷ്ട്രീയത്തിലേക്കു കടന്നു വന്ന ജെയ്‌സണ്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, കേരള യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് , യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് ,കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ ജനറല്‍ സെക്രട്ടറി, അതിരമ്പുഴ പഞ്ചായത്തംഗം, കോട്ടയം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


ജെയ്‌സണെ തെരഞ്ഞെടുത്തോടെ വെട്ടിലായത് ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നു കഴിഞ്ഞ തവണ മത്സരിച്ച പ്രിന്‍സ് ലൂക്കോസാണ്.


 ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിന്‍സ് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി സ്ഥാനാര്‍ഥിത്വം കെ. ഫ്രാന്‍സിസ് ജോര്‍ജിനു നല്‍കി. ഇതിനിടെ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടി എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫിന്റെ ധാര്‍ഷ്ട്യനിലപാടുകളില്‍ പ്രതിഷേധിച്ചു യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. ഇതോടെ സ്ഥാനാര്‍ഥിയാകാന്‍ പറ്റിയില്ലെങ്കിലും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കും പ്രിന്‍സ് താല്‍പര്യമറിയിച്ചു. ഇതിനു മോന്‍സ് ജോസഫിന്റെ പരോക്ഷ പിന്തുണയും ലഭിച്ചിരുന്നു എന്നാണ് അന്ന് പുറത്തു വന്ന വാർത്തകൾ.

എന്നാല്‍, പ്രിന്‍സിനു പകരം മുന്‍പ് 25 വര്‍ഷം യു.ഡി.എഫ്. ചെയര്‍മാനായിരുന്ന ഇ.ജെ. ആഗസ്തിയെ പി.ജെ. ജോസഫിന്റെ താല്‍പര്യപ്രകാരം തെരഞ്ഞെടുത്തു. പിന്നാലെ കടുത്ത അതൃപ്തിലായിരുന്ന പ്രിന്‍സ് ലൂക്കോസിന്റെ ഏക പ്രതീക്ഷയായിരുന്നു ജില്ലാ പ്രസിഡന്റ് സ്ഥാനം. എന്നാല്‍, അതും പല മോഹന വാഗ്ധാനങ്ങള്‍ പ്രിൻസിനു നല്‍കിയ മോന്‍സ്  തന്നെ ഇടപെട്ട് ജെയ്‌സണ്‍ ജോസഫിനു നല്‍കുകയായിരുന്നു.

യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് ഇ.ജെ ആഗസ്തി തന്നെ തുടരാനും തീരുമാനമായി. പ്രിന്‍സിനൊപ്പം താല്‍പര്യം പ്രകടിപ്പിച്ച ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെയും കുര്യാക്കോസ് പടവന്റെയും പേരും പാര്‍ട്ടി പരിഗണിച്ചില്ല. ഇതോടെ സുപ്രധാന സ്ഥാനങ്ങള്‍ തങ്ങള്‍ക്കു നല്‍കുന്നില്ലെന്നും തങ്ങളെ വെറും അതിഥി തൊഴിലാളികളായി മാത്രമാണ് കാണുന്നത് എന്നുമുള്ള ആക്ഷേപം പാര്‍ട്ടിയില്‍ മാണി വിഭാഗത്തില്‍ നിന്നു വിട്ടു വന്നവര്‍ക്കുണ്ട്.


അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സീറ്റായ ഏറ്റുമാനൂരില്‍ നിന്നു കഴിഞ്ഞ തവണ മത്സരിച്ച പ്രിന്‍സ് ലൂക്കോസിനു പകരം ജെയ്‌സണ്‍ മത്സരിക്കുമെന്നാണു ലഭിക്കുന്ന സൂചനകള്‍.


 കഴിഞ്ഞ തവണ ജെയ്‌സണ്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പ്രിന്‍സിനാണു നറുക്കു വീണത്. കേരളാ കോണ്‍ഗ്രസിനു സ്വാധീനമുണ്ടെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്ന മണ്ഡലത്തില്‍ 14,303 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വി.എന്‍. വാസവന്‍ ജയിച്ചു കയറിയത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ നിന്നു രണ്ടാം അങ്കത്തിനു തയാറെടുക്കുന്ന വാസവനെതിരെ ജെയ്‌സണ്‍ ജോസഫാണ് ഉചിതമായ സ്ഥാനാര്‍ഥിയെന്നാണു പാര്‍ട്ടിക്കുള്ളിലെ മോൻസ് അനുകൂല ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം. ഇതോടെ അവഗണനകള്‍ സഹിച്ചു മാണി ഗ്രൂപ്പ് വിട്ടു വന്നവര്‍ അവശിഷ്ട മാണിഗ്രൂപ്പായി കേരളാ കോണ്‍ഗ്രസില്‍ തുടരുമോയെന്നു കാത്തിരുന്നു കാണേണ്ടതാണ്.

Advertisment