കോട്ടയം : കോട്ടയത്ത് വെള്ളിയാഴ്ച രാത്രി പെയ്തത് പെരുമഴ. മീനച്ചിലാറ്റിൽ വൻ തോതിൽ വെള്ളമെത്തുന്നു. കോടിമതയിലും തിരുവാർപ്പിലും അപകടനിരപ്പിനു മുകളിൽ വെള്ളം.വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടുകൂടി ആരംഭിച്ച മഴ രാത്രി 10 മണിയോടുകൂടിയാണ് അവസാനിച്ചത്. വടവാതൂരിൽ മാത്രം 100 മില്ലിമീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
കോട്ടയം 99,പൂഞ്ഞാർ 82, വൈക്കം 45 , കുമരകം 41 എന്നിങ്ങനെയാണ് മഴ കണക്ക്. മഴ ശക്തമായതോടെ ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. പകൽ മഴ ഒഴിഞ്ഞതിനാൽ വെള്ളം ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. പിന്നീടാണ് അപ്രതീക്ഷിത മഴ എത്തിയത്. ഇന്നും മഴ തുടർന്നാൽ കൂടുൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരും. നിലവിൽ ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 155 കുടുംബങ്ങളിലെ 501 പേരാണ് സുരക്ഷിതകേന്ദ്രങ്ങളിലുള്ളത്. 189 പുരുഷൻമാരും 217 സ്ത്രീകളും 92 കുട്ടികളുമാണ് ക്യാമ്പിൽ കഴിയുന്നത്. 29 ക്യാമ്പുകളും പ്രവർത്തിക്കുന്നത് കോട്ടയം താലൂക്കിലാണ്.
അതേസമയം, കാലവർഷം എത്തുന്നതിനു മുൻപ് റെക്കോര്‍ഡ് മഴയാണ് ജില്ലയിൽ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ 59 ശതമാനം അധിക മഴയാണു ലഭിച്ചത്. 388.8 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് 617.3 മില്ലീമീറ്റര്‍ മഴ പെയ്തെന്നാണ് കണക്ക്.