Advertisment

ആവേശ തിമിര്‍പ്പില്‍ കോട്ടയത്തെ കൊട്ടിക്കലാശം; കൊട്ടും പാട്ടും ഒരുക്കി ആവേശത്തില്‍ പങ്കുചേര്‍ന്നു സ്ഥാനാര്‍ഥികളും; കലാശക്കൊട്ടില്‍ പങ്കെടുത്തത് ആയിരങ്ങള്‍

വാഹന പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമായി മൂന്നു മുന്നണികളുടെയും യുവ പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നരോടെ പൂര നഗരിക്കു സമാനമായി കോട്ടയം പട്ടണം. പ്രവര്‍ത്തകരെ ആവേശത്തിലാക്കി ചെണ്ട മേളവും പാട്ടുമെല്ലാം കലാശക്കൊട്ടിനു കൊഴുപ്പേകി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
chazhikadan1

കോട്ടയം: കൊട്ടും പാട്ടും ഡി.ജെയുമൊക്കെയായി ആവേശ തിമിര്‍പ്പില്‍ കോട്ടയത്തെ കൊട്ടിക്കലാശം. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകള്‍ ഉച്ചയ്ക്കു രണ്ടു മണിയോടെ തന്നെ കനത്ത ചൂടിനെ അവഗണിച്ചു ചെറു സംഘങ്ങളായി കൊട്ടിക്കലാശം നടക്കുന്ന കോട്ടയം നഗരത്തിലേക്കു ഒഴുകിയെത്തി തുടങ്ങിയിരുന്നു. വാഹന പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമായി മൂന്നു മുന്നണികളുടെയും യുവ പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നരോടെ പൂര നഗരിക്കു സമാനമായി കോട്ടയം പട്ടണം. പ്രവര്‍ത്തകരെ ആവേശത്തിലാക്കി ചെണ്ട മേളവും പാട്ടുമെല്ലാം കലാശക്കൊട്ടിനു കൊഴുപ്പേകി.

Advertisment

വടവാതൂരില്‍ നിന്നും തുടങ്ങുന്ന റോഡ്‌ഷോയോടെയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ കോട്ടയം നഗരത്തിലേക്കെത്തിയത്.  കെ.കെ. റോഡ് വഴി സ്വീകരണങ്ങള്‍ എറ്റുവാങ്ങി കൊട്ടിക്കലാശം നടക്കുന്ന അമ്പലം റോഡിലേക്ക് എത്തിച്ചേർന്നു.  എല്‍.ഡി.എഫ് നേതാക്കളും കലാശക്കൊട്ടിനു സ്ഥാനാര്‍ഥിക്കൊപ്പം ചേര്‍ന്നു ആവേശം പകര്‍ന്നു. സി.പി.എം നേതാവ് കെ. അനില്‍കുമാര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, എന്‍.സി.പി. നേതാവ് ലതികാ സുഭാഷ് ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

chazhikadan2

യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനു തുടക്കമായതു കെ.കെ റോഡില്‍ മനോരമ ജങ്ഷനില്‍ നിന്നും ആരംഭിച്ച റോഡ് ഷോയോടെയാണ്. നൂറുകണക്കിനു പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായി കൊട്ടിക്കലാശം നടക്കുന്ന ഗാന്ധിസ്‌ക്വയറിലേക്കു എത്തിച്ചേര്‍ന്നു. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, മോന്‍സ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

തിരുനക്കര മൈതാനിയില്‍ ഡി.ജെ. സംഗീതം ഒരുക്കിയാണ് ഇന്നു പിറന്നാള്‍ കൂടി ആഘോഷിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി കൊട്ടിക്കലാശം ആവേശം പകര്‍ന്നത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉള്‍പ്പടെയുള്ള നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പം കൊട്ടിക്കലാശത്തില്‍ പങ്കുചേര്‍ന്നു. കൃത്യം ആറുമണിക്കുതന്നെ മൂന്നു മുന്നണി സ്ഥാനാര്‍ഥികളും കൊട്ടിക്കലാശം അവസാനിപ്പിച്ചു മടങ്ങി.

Advertisment