കോഴിക്കോട്: ഹണിട്രാപ്പിലൂടെ മധ്യവയസ്‌കനെ കുടുക്കുകയും, പിന്നാലെ പൊലീസാണെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും ചെയ്ത 16കാരനെതിരെ അന്വേഷണം. സഹപാഠികളായ വിദ്യാര്‍ഥിനികളുടെ വോയിസ് മെസേജും അശ്ലീലദൃശ്യങ്ങളും ഉപയോഗിച്ചാണ് 16കാരന്‍ മധ്യവയസ്‌കനെ വലയിലാക്കിയത്.
പിന്നാലെ കോഴിക്കോട് റൂറല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ഇന്‍സ്‌പെക്ടറുടെ ഫോട്ടോ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി. ഈ പ്രൊഫൈലിലൂടെ പൊലീസാണെന്ന വ്യാജേന മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ലക്ഷ്യം.
മധ്യവയസ്‌കനെ പൊലീസാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം, പണം നല്‍കിയാല്‍ കേസ് ഒതുക്കാമെന്ന് പറഞ്ഞു. ഈ രീതിയില്‍ 45,000 രൂപയാണ് തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. തുടര്‍ന്ന് മധ്യവയസ്‌കന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
16കാരന്റെ സഹായിയായി പ്രവര്‍ത്തിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി പെരുങ്കര മുഹമ്മദ് ഹാരിഫി(19)നെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.