മലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന്. പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയിൽ രക്തക്കറ കണ്ടെത്തി. മരിച്ച താമിർ ജിഫ്രിയെ കിടത്തിയിരുന്ന സ്റ്റേഷനുമുകളിലാണ് വിശ്രമമുറി. കേസ് അന്വേഷിക്കുന്ന കൈബ്രാംഞ്ച് സംഘത്തിനാണ് നിർണായക തെളിവ് ലഭിച്ചത്. രക്തക്കറ ശാസ്ത്രീയ പരിശോധനക്ക് അയക്കും.
കസ്റ്റഡി മരണത്തിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. എസ് ഐ കൃഷ്ണലാൽ, പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റേഞ്ച് ഡിഐജിയുടേതായിരുന്നു നടപടി.
ലഹരിമരുന്ന് കേസിൽ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയാണ് മരിച്ചത്. പിന്നാലെ കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ താമിര്‍ ജിഫ്രി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.