മലപ്പുറം: പൊന്നാനിയില്‍ ആളുമാറി യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്കല്‍ അബൂബക്കറിനെയാണ് പൊലീസ് ആളുമാറി അറസ്റ്റുചെയ്തത്. ഭര്‍ത്താവിനെതിരായ യുവതിയുടെ പരാതിയിലാണ് വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങല്‍ അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ഗള്‍ഫിലാണ് വടക്കേപ്പുറത്ത് അബൂബക്കര്‍.
ഭാര്യയുടെ പരാതിയിൽ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനാണ് തിരൂർ കുടുംബ കോടതി ആവശ്യപ്പെട്ടത്. നാല് ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ റിമാൻഡ് ചെയ്യാനായിരുന്നു കോടതി നിർദേശം.
മെയ് 20-നാണ് വെളിയംകോട് സ്വദേശിയായ ആലുങ്കല്‍ അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അബൂബക്കറും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അതിനാല്‍ ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതെന്നാണ് യുവാവ് കരുതിയത്.
ഉടന്‍തന്നെ പൊലീസ് അബൂബക്കറിനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ ആളല്ല യഥാര്‍ത്ഥ പ്രതി എന്നുകാണിച്ച് ബന്ധുക്കള്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയതോടെയാണ് കോടതി അബൂബക്കറിനെ വിട്ടയച്ചത്. നാലു ദിവസം ആലുങ്ങല്‍ അബൂബക്കറിന് ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്തു.
പിതാവിന്റെ പേര് ഒരുപോലെയാണെങ്കിലും വീട്ടുപേരില്‍ വ്യത്യാസമുണ്ടെന്ന് താന്‍ പൊലീസിനോട് പറഞ്ഞിരുന്നെന്ന് അറസ്റ്റിലായ യുവാവ് പറഞ്ഞു.