മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിലില്ലാത്ത കെകെ ഷൈലജ മത്സരത്തിനിറങ്ങുമോ? മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് അപ്രീതി നേടിയ കടകംപള്ളിയെ ആറ്റിങ്ങലില്‍ വെട്ടുമോ? ഏക സിറ്റിംഗ് എംപിയായ എഎം ആരിഫിനെ ഇത്തവണ മാറ്റിനിര്‍ത്തി പത്തനംതിട്ടയില്‍ നിന്നും തോമസ് ഐസക്കിനെ ആലപ്പുഴയില്‍ എത്തിക്കുന്നതും പരിഗണനയില്‍: ചാലക്കുടിയില്‍ ജനകീയ നേതാവ് ബിഡി ദേവസി, എറണാകുളത്ത് കെവി തോമസിന്റെ മകള്‍: സിപിഎമ്മില്‍ സീറ്റ് ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
eleUntitled

തിരുവനന്തപുരം: ലോകസഭാ  തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചർച്ചയ്ക്ക് സിപിഎമ്മില്‍ ഇന്ന് തുടക്കം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച  പ്രാഥമിക ചർച്ച നടക്കും.  

Advertisment

എം.എൽ.എമാരും മുതിർന്ന നേതാക്കളും വനിതാ യുവജന നേതാക്കളും അടങ്ങുന്ന സന്തുലിതമായ പട്ടികയ്ക്ക് രൂപം നൽകാനാണ്  നേതൃത്വത്തിലെ ധാരണ. മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയെ മത്സരിപ്പിക്കുമോ എന്നതാണ് സി.പി.എമ്മിൻെറ സ്ഥാനാർത്ഥി പട്ടികയെ ചുറ്റിപ്പറ്റി ഉയരുന്ന  ഏറ്റവും വലിയ ആകാംക്ഷ.


 കെ.കെ ശൈലജയെ കണ്ണൂർ വടകര മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ശൈലജ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് കളം മാറാൻ തയാറാകുമോ എന്നാണ് അറിയാനുള്ളത്.

kk shylaja women bill

പാർട്ടിക്ക് മുകളിലേക്ക് വളർന്ന പ്രതിഛായയുള്ള ശൈലജയോട് നേതൃത്വത്തിന് അത്ര താൽപര്യമില്ല. ശൈലജയടക്കം  ഒന്നോ രണ്ടോ  എം.എൽ.എ മാരെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ചേക്കും.ശൈലജയെ പരിഗണിക്കുന്ന കണ്ണൂ‍‍ർ , വടകര മണ്ഡലങ്ങൾക്ക് പുറമേ ആറ്റിങ്ങൽ മണ്ഡലത്തിലാണ് എം.എൽ. എമാരെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്. വർക്കല എം.എൽ.എ  വി.ജോയി, കഴക്കൂട്ടം എം.എൽ.എ കടകംപളളി സുരേന്ദ്രൻ എന്നിവരെയാണ് ആറ്റിങ്ങൽ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.

തലസ്ഥാന റോഡ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിൽ വികസന സമിതിയോഗത്തിൽ പൊതു മരാമത്ത് വകുപ്പിനെയും നഗരസഭ ഭരണ സമിതിയേയും വിമർശിച്ച് വിവാദത്തിൽപെട്ടതോടെ കടകംപള്ളിയുടെ സാധ്യത മങ്ങി. മന്ത്രി റിയാസിന് എതിരെ സംസ്ഥാന സെക്രട്ടേ റിയേറ്റിൽ വിമർശനം നടന്നുവെന്ന വാർത്ത വന്നതാണ്  കടകംപള്ളിയുടെ ചീട്ട് കീറിയത്.

കടകംപള്ളിയുടെ ചാൻസ്  വിവാദത്തിൽ പെട്ടതോടെ ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയിയെ തന്നെ ആറ്റിങ്ങലിൽ മത്സരിപ്പിച്ചേക്കും. ജോയിയെ  ലോകസഭയിലേക്ക്  മത്സരിപ്പിച്ചാൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാമെന്ന പാർട്ടി ജില്ലാ നേതൃത്വത്തിലെ  ചിലരുടെ ആഗ്രഹവും ഈ നീക്കത്തിന് പിന്നിലുണ്ട്.

മന്ത്രി വി.ശിവൻ കുട്ടി, സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആനാവൂർ നാഗപ്പൻ എന്നിവരുടെ ഗ്രൂപ്പിന് അനഭിമതനാണ് വി. ജോയി. ജോയിക്ക് പകരം ഡി.കെ. മുരളി എം.എൽ.എയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തിക്കാനാണ് ശിവൻ കുട്ടിക്കും ആനാവൂരിനും താൽപര്യം.

ആലപ്പുഴയിൽ സിറ്റിങ്ങ് എം.പി  എ.എം.ആരിഫിന് വീണ്ടും സീറ്റ് ലഭിക്കുന്നതിലും  സംസ്ഥാന സെക്രട്ടേറിയേറ്റിലെ ച‍ർച്ച നി‍‍‍ർണായകമാണ്. സംസ്ഥാനത്തെ ഏക എം.പി ആണെങ്കിലും ആരിഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തിന് താൽപര്യമില്ല.

ജില്ലാ സെക്രട്ടറി ആർ. നാസറിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ നേതാക്കൾ ആരിഫിന് സീറ്റ് നൽകിയാൽ വിജയസാധ്യത ഇല്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.  ആരിഫിന് പകരം ഡോ. ടി.എം. തോമസ് ഐസക്കിന്റെ പേരാണ് ജില്ലാ നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്. ഐസക് അല്ലെങ്കിൽ സി.എസ്. സുജാതയെ മത്സരിപ്പിക്കാമെന്ന് ആവശ്യപ്പെടുന്ന ആലപ്പുഴ ജില്ലാ നേതൃത്വത്തിന് ആരിഫിനോട് മാത്രമാണ് എതിർപ്പ്.


പത്തനംതിട്ട സീറ്റിൽ  രാജു എബ്രഹാമിന് ഒപ്പവും ടി.എം. തോമസ് ഐസക്കിന്റെ പേര് സജീവമായി പരിഗണിക്കുന്നുണ്ട്.ജില്ലയുടെ സംഘടനയുടെ ചുമതലയുമായി പത്തനംതിട്ടയിലുളള ഐസക് സീറ്റ് മോഹിച്ചാണ് പ്രവാസി കോൺക്ളേവും മറ്റും സംഘടിപ്പിച്ചതെന്ന് അടക്കം പറച്ചിലുണ്ട്. കൊല്ലത്ത് മുൻ എം.എൽ.എ ഐഷാ പോറ്റി , ചിന്താ ജെറോം എന്നിവരുടെ പേരുകളിൽ തട്ടി നിൽക്കുകയാണ് നേതൃത്വം.


എൻ.കെ. പ്രേമചന്ദ്രന്റെ വ്യക്തി പ്രഭാവത്തെ മറികടക്കാൻ കെൽപ്പുളള സ്ഥാനാർത്ഥി വേണമെന്ന്  ബോധ്യമുണ്ടെങ്കിലും അനുയോജ്യരായവരെ കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പാലക്കാട്ട് എം.സ്വരാജ്, എ. വിജയരാഘവൻ, വേണു രാജാമണി എന്നിവരാണ് പരിഗണനയിലുള്ളത്.

ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനെ  കളത്തിലിറക്കാൻ സമ്മർദ്ദമുണ്ട്. രാധാകൃഷ്ണനെ കൂടാതെ എ.കെ. ബാലൻ്റെ ഭാര്യ പി.കെ. ജമീല , യുവ നേതാവ് ടി.കെ. വാസു എന്നിവരെയും പരിഗണിക്കുന്നു . കോഴിക്കോട് സീറ്റിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ്  വി.വസീഫ്, രാജ്യസഭയിലെ കക്ഷി നേതാവ് എളമരം കരിം എന്നിവരുടെ പേരുകളാണ് ചർച്ചയിൽ ഉള്ളത്.

തുടര്‍ച്ചയായ പ്രതിസന്ധികള്‍ പിണറായി - കോടിയേരി - ഇ പി ജയരാജന്‍ കൂട്ടുകെട്ടിനെതിരെ ബൂമറാങ്ങായി ഉപയോഗിക്കാനൊരുങ്ങി വി എസ് ! എം എ ബേബി - ഐസക് - എ കെ ബാലന്‍ ടീമിനെ അണിനിരത്തി മലബാര്‍ ലോബിയെ വെട്ടിനിരത്താന്‍ വി എസ് പടയൊരുക്കത്തിന് !

മന്ത്രി മുഹമ്മദ് റിയാസിൻ്റെ തട്ടകത്തിൽ , അദ്ദേഹത്തിൻ്റെ താൽപര്യമാകും നടപ്പിലാകുക. അങ്ങനെ വന്നാൽ വി. വസീഫിന് നറുക്ക് വീഴും. കാസർഗോഡ് ടി.വി രാജേഷ്, ഡോ.വി.പി.പി മുസ്തഫ, ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്.ജില്ലാ സെക്രട്ടറിയായ ബാലകൃഷ്ണൻ മാസ്റ്റ‍ർ മത്സരിക്കണമെങ്കിൽ സംസ്ഥാന നേതൃത്വത്തിൻെറ അനുമതി വേണം.

കെ.കെ.ശൈലജയെ മത്സരിപ്പിക്കുന്നില്ലെങ്കിൽ കണ്ണൂർ മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ പേരും പരിഗണനയിലുണ്ട്.വടകര സീറ്റിൽ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ ടി.പി.ബിനീഷിൻെറ പേരും പറയുന്നുണ്ട്.

ചാലക്കുടിയിൽ  ബി.ഡി.ദേവസി  എന്ന ഒറ്റപ്പേ‍ർ മാത്രമാണ് ച‍ർച്ചയിലുളളത്. എറണാകുളം മണ്ഡലത്തിൽ കെ.വി.തോമസ് , അദ്ദേഹത്തിൻെറ മകൾ രേഖാ തോമസ് എന്നിവരുടെ പേരുകൾക്കൊപ്പം ലത്തീൻ കത്തോലിക്ക ഇതര വിഭാഗത്തിൽ നിന്നുളള പാ‍ര്‍ട്ടി നേതാക്കളെയോ പരിഗണിക്കാനാണ് സാധ്യത.

മകൾ രേഖാ തോമസിൻെറ ഗുണഗണങ്ങൾ വ‍ർ‍ണിച്ചുകൊണ്ട് തോമസ് തന്നെ വിവിധ മാധ്യമങ്ങളെ കാണുന്നുണ്ട്. മലപ്പുറം സീറ്റുകളിൽ പൊതുസ്വതന്ത്രർ വേണോ പാ‍‍ർട്ടി സ്ഥാനാർത്ഥികൾ വേണോ എന്ന ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. മലപ്പുറത്ത് പാ‍ർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കിയത്. സമസ്ത-ലീഗ് ബന്ധം ഉലഞ്ഞ പശ്ചാത്തലത്തിൽ സമസ്തക്ക് കൂടി സ്വീകാര്യനായ ഒരാളെ കണ്ടെത്താനായിരുന്നു ആദ്യശ്രമം. പൊന്നാനിയിലാണ് ഇപ്പോഴും പൊതു സമ്മതനെ തേടുന്നത്.

kv thomas new
                                      
സംസ്ഥാന സെക്രട്ടേറിയേറ്റ് ച‍ർച്ചക്ക് ശേഷം രൂപം കൊടുക്കുന്ന പട്ടിക ജില്ലാ കമ്മിറ്റികളിലും പാർലമെന്റ് മണ്ഡലം കമ്മിറ്റികളിലും ചർച്ച ചെയ്യും.

ജില്ലകളിലെയും മണ്ഡലം കമ്മിറ്റികളിലെയും അഭിപ്രായം അറിഞ്ഞ ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് പട്ടിക അന്തിമമാക്കും . സംസ്ഥാന കമ്മിറ്റിയിൽ കൂടി ചർച്ച ചെയ്ത് ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിൻ്റെ നിലവിലുളള രീതി.

Advertisment