തിരുവനന്തപുരം: രാജ്യത്തിന്റെ യശസ് ഉയർത്തിയ ബഹിരാകാശ ദൗത്യത്തിന് അറുപത് വയസ്. തിരുവനന്തപുരം തുമ്പയിൽ ക്രൈസ്തവ സഭ നൽകിയ സ്ഥലത്തു നിന്നാണ് ബഹിരാകാശ ദൗത്യത്തിന് തുടക്കമായത്.
1963 നവംബർ 21നാണ് മത്സ്യത്തൊഴിലാളി ഗ്രാമമായ തുമ്പയിലെ മേരി മഗ്ദലനമറിയം കത്തോലിക്കാ പള്ളിക്ക് മുന്നിൽ നിന്ന് രാജ്യത്തെ ആദ്യ സൗണ്ടിംഗ് റോക്കറ്റ് കുതിച്ചുയർന്നത്.
ചന്ദ്രനിലും സൂര്യനിലും ഗവേഷണം നടത്തുന്ന ഐ.എസ്.ആർ.ഒ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനും ചന്ദ്രനിൽ ആളെയിറക്കാനും വരെയുള്ള തയ്യാറെടുപ്പിലാണിപ്പോൾ. എല്ലാറ്റിനും തുടക്കമായത് തിരുവനന്തപുരത്തു നിന്നാണെന്നത് മലയാളികൾക്കെല്ലാം അഭിമാനകരമാണ്.
അമേരിക്കൻ നിർമ്മിതമായ 'നൈക്ക്അപാഷെ ' റോക്കറ്റാണ് തുമ്പയിലെ റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് ഉയർന്നുപൊങ്ങിയത്. പള്ളിയിലെ അൾത്താരയ്‌ക്ക് മുമ്പിൽ വച്ചാണ് ആദ്യ റോക്കറ്റ് കൂട്ടിയോജിപ്പിച്ചത്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി.
പള്ളിക്ക് മുന്നിലെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്‌കൂൾ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും പിന്നീട് ടെക്‌നിക്കൽ ലൈബ്രറിയായും രൂപം മാറി.
അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് ഇന്ത്യയിലെ ആദ്യ സ്‌പേസ് ലാബായി. പിൽക്കാലത്ത് രാഷ്ട്രപതിയായി സ്ഥാനമേറ്റ എ.പി.ജെ അബ്ദുൾ കലാമാണ് സുരക്ഷാചുമതല വഹിച്ചത്.
ഭൂമിയുടെ കാന്തിക ബലരേഖ കടന്നുപോകുന്ന സ്ഥലമെന്നതാണ് ആ സ്ഥലത്തെ സവിശേഷമാക്കിയത്. അത് പിന്നീട് 'തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷൻ' എന്നറിയപ്പെട്ടു. തുമ്പ പിന്നീട് വിക്രം സാരാഭായ് സ്‌പേസ് സെന്ററായി മാറി.
ഐ.എസ്.ആർ.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ ഇവിടെ നിന്നാണ് ഇന്നും റോക്കറ്റുണ്ടാക്കുന്നത്. സൗണ്ടിംഗ് റോക്കറ്റുകളുപയോഗിച്ച് അന്തരീക്ഷത്തിന്റെ മേൽഭാഗത്തെക്കുറിച്ച് പഠിക്കുകയാണ് അക്കാലത്ത് ചെയ്‌തിരുന്നത്.
പിന്നീട് തുമ്പ ഗ്രാമം കേന്ദ്രസർക്കാർ ഏറ്റെടുത്ത ശേഷം അവിടെ ബഹിരാകാശ കേന്ദ്രം പണിതു. ഗ്രാമവാസികളെ കടലോരത്തെ മറ്റൊരിടത്തേക്ക് മാറ്റി പാർപ്പിച്ചു. ക്രിസ്‌ത്യൻ മത നേതാക്കൾ അന്ന് എല്ലാവിധ പിന്തുണയും നൽകി. ഇന്ന് ലോകത്തെ വിസ്‌മയിപ്പിക്കുന്ന ഇന്ത്യൻ ബഹിരാകാശ കുതിപ്പിന്റെ തുടക്കത്തിന് അങ്ങനെ ആറ് പതിറ്റാണ്ട് തികയുന്നു.
ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ച് 17 വർഷം കഴിഞ്ഞ് 1980 ജൂലായ് 18ന് ഇന്ത്യൻ നിർമ്മിത റോക്കറ്റായ എസ്.എൽ.വി 3 ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഇതോടെ ഉപഗ്രഹ വിക്ഷേപണ ശേഷി കൈവരിച്ച ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.
1992 മേയ് 20ന് പി.എസ്.എൽ.വിയുടെ വിജയകരമായ ആദ്യ വിക്ഷേപണം നടന്നു. 2001 ഏപ്രിൽ 18നായിരുന്നു ജി.എസ്.എൽ.വിയുടെ ആദ്യ വിക്ഷേപണം. ഇപ്പോൾ നൂറിലേറെ ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കാനും ചന്ദ്രനിലും ചൊവ്വയിലും എന്തിന് സൂര്യനെ ലക്ഷ്യമിട്ട് വരെ പറക്കാനും ഇന്ത്യ പര്യാപ്‌തമായി.
ആദ്യ വിക്ഷേപണത്തിന്റെ വാർഷികം ഇന്നാണെങ്കിലും ആഘോഷം 25നാണ്. കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥും തുമ്പയിലെത്തും. ആദ്യകാലത്തെ 300 ശാസ്ത്രഞ്ജരെയും പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.
റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ നിലവിൽ വന്ന് നാലുവർഷം പിന്നിട്ടപ്പോൾ തന്നെ ഇന്ത്യൻ നിർമിത റോക്കറ്റ് ആദ്യമായി തുമ്പയിൽ നിന്ന് വീണ്ടും പറന്നു. ഒരു മീറ്റർ നീളവും ഏഴു കിലോയിൽ താഴെ ഭാരവുമുള്ള രോഹിണി 75, 1967 ലാണ് വിക്ഷേപിച്ചത്.
പിന്നീട് 1971ൽ ശ്രീഹരിക്കോട്ടയിലെ പുതിയ ബഹിരാകാശ ഗവേഷണകേന്ദ്രവും വിക്ഷേപണ കേന്ദ്രവും നിലവിൽ വന്നതോടെ ഉപഗ്രഹ വിക്ഷേപണമുൾപ്പെടെ സുപ്രധാന വിക്ഷേപണങ്ങൾ അവിടേക്കു മാറി.
1980ൽ ഇന്ത്യയുടെ അഭിമാന വിക്ഷേപണ വാഹനമായ എസ്.എൽ.വി 3, 35 കിലോ ഭാരമുള്ള ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹവുമായ രോഹിണിയുമായി ആകാശത്തേക്കു കുതിച്ചതു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ്.
പിന്നീട് ബഹിരാഹാശരംഗത്ത് ഉണ്ടായ രാജ്യത്തിന്റെ വളർച്ച ചരിത്രമാണങ്കിലും 60 വർഷം മുമ്പ് നൈക് അപ്പാഷെയുടെ കുതിപ്പിന് ഇന്ത്യൻ വിക്ഷേപണ ചരിത്രത്തിലുള്ള പ്രാധാന്യം ചെറുതല്ല.
1962 ലാണ് തുമ്പ എന്ന മത്സ്യഗ്രാമത്തിൽ തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഇന്ത്യൻ നാഷനൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് തീരുമാനിച്ചത്.
ഭൂമിയുടെ കാന്തിക രേഖയോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്നെന്ന കാരണത്താൽ ഈ പ്രദേശം അനുയോജ്യമാണെന്ന് അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ഡോ. ചിറ്റ്നിസ് കണ്ടത്തെി.
സ്ഥലം ഏറ്റെടുക്കാൻ ഏറെ കടമ്പകളുണ്ടായിരുന്നു. എങ്കിലും നാടിന്റെ വികസനം സ്വപ്നം കണ്ട ഒരു ഗ്രാമം പൂർണ മനസ്സോടെ സ്ഥലം വിട്ടുനൽകി ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു.
അന്നത്തെ ജില്ല കലക്ടർ കെ. മാധവൻ നായർ സ്ഥലം ഏറ്റെടുക്കുന്ന ചുമതല വേഗത്തിൽ പൂർത്തിയാക്കി. തുടർന്ന് കേന്ദ്രപൊതുമരാമത്ത് ചീഫ് എൻജീനിയർ ആർ.ഡി. ജോൺ പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറ്റിയെടുത്തു.
ബഹിരാകാശ ഗവേഷണത്തിനും വിക്ഷേപണത്തിനുമായി സ്ഥലം വിട്ടുകൊടുത്തവർ അധികൃതർക്ക് മുന്നിൽ ഒരാവശ്യം മുന്നോട്ടുവച്ചു. സ്ഥലത്തെ സെന്റ് മേരി മഗ്ദലന പള്ളിയുടെ അൾത്താര പൊളിക്കരുതെന്ന്.
സ്ഥലം ഏറ്റെടുത്ത അധികൃതർ പള്ളി അങ്ങനെതന്നെ നിലനിർത്തി. ഏറെക്കാലം തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്റെ ഓഫിസായിരുന്നു ഈ പള്ളി. ഇപ്പോൾ ഇത് സ്പേസ് മ്യൂസിയമാണ്.