താമരശ്ശേരി ചുരത്തിൽ വിള്ളൽ; ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കലുങ്കിനടിയിലൂടെ നീർച്ചാൽ ഒഴുകുന്ന ഭാഗത്തിന് സമീപത്തായാണ് ദേശീയപാതയിൽ വിള്ളൽ കണ്ടത്.

author-image
shafeek cm
New Update
thamarassery churam block

താമരശ്ശേരി: താമരശ്ശേരി ചുരം പാതയിൽ രണ്ടാം വളവിന് താഴെ റോഡിൽ പത്ത് മീറ്ററിലധികം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഭാരവാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവിൽ റോഡിന്റെ ഇടതുവശത്തോട് ചേർന്നാണ് നീളത്തിൽ വിള്ളൽ പ്രകടമായത്.

Advertisment

കലുങ്കിനടിയിലൂടെ നീർച്ചാൽ ഒഴുകുന്ന ഭാഗത്തിന് സമീപത്തായാണ് ദേശീയപാതയിൽ വിള്ളൽ കണ്ടത്. തുടർന്ന് റോഡ് ഇടിയുന്ന സാഹചര്യമൊഴിവാക്കാൻ പോലീസ് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു. പിന്നീട് വലതുവശത്ത് കൂടി ഒറ്റവരിയായാണ് രാത്രി വാഹനങ്ങൾ കടത്തിവിട്ടത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഹായമെത്തിക്കുന്നതിനും ഗതാഗതത്തിനുമുള്ള പ്രധാനപാതയായതിനാൽ ചുരമിടിച്ചിൽ സാധ്യത ഒഴിവാക്കാൻ ചൊവ്വാഴ്ച രാത്രി എട്ടു മണി മുതൽ ചുരംകയറുന്ന ഭാരവാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും നിരോധനമേർപ്പെടുത്തി.

നേരത്തെ ഈങ്ങാപ്പുഴയിൽ തമ്പടിച്ച ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ലോഡ് കയറ്റി വന്ന ലോറികൾ അടിവാരത്ത് ഉൾപ്പെടെ നിലവിൽ പിടിച്ചിട്ടിരിക്കുകയാണ്.