മധ്യപ്രദേശില്‍ ലോക്ക്ഡൗണിനിടെ നടുറോഡില്‍ തുടരെ വെടിയുതിര്‍ത്ത് ബൈക്കില്‍ എത്തിയ സംഘം; ചികിത്സയ്ക്കായി ഡോക്ടറെ കാണാന്‍ പോയ സ്ത്രീക്ക് വെടിയേറ്റു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, May 9, 2021

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ, ബൈക്കില്‍ എത്തിയ സായുധ സംഘം പട്ടാപ്പകല്‍ നടുറോഡില്‍ തുടരെ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചികിത്സയ്ക്കായി ഡോക്ടറെ കാണാന്‍ പോയ സ്ത്രീക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

മൊറീന ജില്ലയില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.ബൈക്കിലെത്തിയ 25 അംഗ അക്രമി സംഘം നൂറിലധികം വെടിയാണ് ഉതിര്‍ത്തത്. ക്ലിനിക്കില്‍ പോകുന്നതിനിടെ വെടിയേറ്റ സ്ത്രീയുടെ ആരോഗ്യനില ഗുരുതരമാണ്. നിരവധി ബസുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്രൂപ്പുകള്‍ തമ്മിലുള്ള വൈരമാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വെടിയുതിര്‍ത്ത സംഘത്തിലെ ഒരംഗത്തെ മറ്റൊരു ഗ്രൂപ്പിലെ അംഗങ്ങള്‍ മര്‍ദ്ദിച്ചിരുന്നു. സ്ത്രീകള്‍ക്ക് എതിരെയുള്ള വിവാദ സോഷ്യല്‍മീഡിയ പോസ്റ്റിന്റെ പേരിലായിരുന്നു മര്‍ദ്ദനം.

×