തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ആദ്യ ലോക്ഡൗണ്‍ സൃഷ്ടിച്ച ആഘാതം മാറും മുമ്പേയാണ് രണ്ടാമത്തെ ലോക്ഡൗണ്‍ കഴിഞ്ഞ മെയ് 8ന് പ്രഖ്യാപിച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തെ ഭരണാധികാരികള്‍ ഗൗരവത്തോടെ കാണാതിരുന്നതാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. രണ്ടാം തരംഗം എന്നു തുടങ്ങി എന്നുവരെയുണ്ടാകുമെന്ന വിദഗ്ദരുടെ മുന്നറിയിപ്പ് പോലും അവഗണിച്ചതാണ് സര്‍ക്കാരിനുണ്ടായ വീഴ്ച.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ വളരെ ആഘോഷത്തോടെ പ്രചാരണം നടന്നപ്പോള്‍ കോവിഡ് മാനദണ്ഡങ്ങളൊക്കെ കാറ്റില്‍ പറന്നു. മുതിര്‍ന്ന ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ പോലും സാമൂഹിക അകലവും മാസ്‌കുമൊക്കെ മറന്നു. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും സാധിച്ചില്ല.
അതിനിടെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദരടക്കം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏപ്രില്‍ രണ്ടാം ആഴ്ച മുതല്‍ മെയ് പകുതി വരെ കോവിഡിന്റെ വ്യാപനം അതി തീവ്രമാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് വിജയാഘോഷം വരെ അടച്ചിടല്‍ ഒഴിവാക്കി.
ഫലമോ തെരഞ്ഞെടുപ്പ് ആഘോഷമൊക്കെ കഴിഞ്ഞതോടെ സാധാരണക്കാരന്‍ തടങ്കലിലായി. ഒരുമാസത്തിലേറെ കേരളം മുഴുവന്‍ അടച്ചതോടെ സാധാരണക്കാര്‍ ഏറെ പ്രതിസന്ധിയിലായി. എന്നാല്‍ അശാസ്ത്രീയമായ ഈ പൂട്ടിയിടല്‍ ആര്‍ക്ക് പ്രയോജനം ചെയ്തു എന്ന ചോദ്യം ഇനിയും ബാക്കിയാണ്.
കോവിഡിന്റെ അതിവ്യാപനം രൂക്ഷമായത് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു. ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 30 ശതമാനം വരെ ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ നിയന്ത്രണം ആവശ്യമായി വന്നു.
എന്നാല്‍ ഈ കാലത്തും 10 ശതമാനത്തിന് താഴെ പോസിറ്റിവിറ്റി റേറ്റ് ഉണ്ടായിരുന്ന ജില്ലകളും അടച്ചിടലിന് വിധേയരായി. ഈ അശാസ്ത്രീയ സമീപനമാണ് ലോക്ഡൗണ്‍ ഇത്രയും ദുരിതമാകാനും കാരണമായത്. ഇടുക്കിയിലും വയനാട്ടിലുമൊക്കെ പല ദിവസങ്ങളിലും 10 താഴെ പോസിറ്റിവിറ്റി റേറ്റ് ആയിരുന്നു.
എന്നാല്‍ ഈ ജില്ലകളും അടച്ചിട്ടതോടെ ഇവിടെയുള്ളവരുടെ ജീവിതവും പ്രതിസന്ധിയിലായി. രണ്ടു വാക്‌സിന്‍ എടുത്തവരും വീട്ടില്‍ തന്നെ ഇരുന്നു. പിന്നെയെന്തിന് വാക്‌സിന്‍ എടുക്കുന്നു എന്നുള്ള ചോദ്യം വരെ ഉയര്‍ന്നിരുന്നു.
ഒടുവില്‍ എല്ലാ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നതോടെ സര്‍ക്കാര്‍ തിരുത്താന്‍ തുടങ്ങി. പക്ഷേ അതുകൊണ്ട് എന്തു പ്രയോജനമെന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. പഞ്ചായത്തുതലത്തില്‍ അടച്ചിടലാണ് ഇനിയുള്ള ഫലപ്രദമായ മാര്‍ഗ്ഗമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.