കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു, കെനിയയില്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, May 3, 2021

നയ്റോബി: കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് കെനിയയില്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതായി പ്രസിഡന്റ് ഉഹുറു കെന്യാട്ട അറിയിച്ചു. സ്കൂള്‍, ആരാധനാലയങ്ങള്‍, ബാര്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

അയല്‍രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്കും നീക്കി. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. നിയന്ത്രണങ്ങള്‍ പാലിച്ചുവേണം ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍. രാഷ്ട്രീയമായ കൂടിച്ചേരലുകള്‍ വിലക്കിയിരിക്കുകയാണ്. രാത്രി പത്തുമുതല്‍ കര്‍ഫ്യു നടപ്പാക്കുമെന്നും കെന്യാട്ട പറഞ്ഞു.

കിഴക്കന്‍ ആഫ്രിക്കയിലെ സമ്പന്നരാജ്യമായ കെനിയയില്‍ കഴിഞ്ഞ മാസം കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. നിലവില്‍ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അഞ്ച് രാജ്യങ്ങളിലൊന്നാണ് കെനിയ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 497 പേര്‍ക്കാണ് കെനിയയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 17 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,59,000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2700 പേര്‍ കോവിഡ് ബാധിതരായി മരിച്ചു.

×