ലോക്ക് ഡൌൺ ഡയറീസ്- കൊറോണക്കാലത്തെ പ്രണയം

സത്യം ഡെസ്ക്
Tuesday, June 16, 2020

ഓർമ്മ ശരിയാണെങ്കിൽ രണ്ടായിരത്തി ഒൻപതിലാണ് ശ്രീനി അവളെ കണ്ടുമുട്ടിയത് . അന്ന് ഒരു പേരും ഇട്ട് അവൾ, അവനെ അവളുടെ ചങ്ങാത്തങ്ങളിൽ കൂട്ടി . അവനോടൊപ്പം എല്ലാത്തിനും കൂടെ ഉണ്ടായിരുന്നവളെ എല്ലാ സാഹചര്യങ്ങളിലും കൂടെ നിർത്തി പിന്നീട് നല്ലൊരു സൗഹൃദമാക്കി .

ഇടയ്‌ക്കോരോരോ അറിയിപ്പുകളായി കടന്ന് പോകുമ്പോൾ അവന് ഒരു പാട് സൗഹൃദങ്ങളെ സമ്മാനിക്കുകയുണ്ടായി .ചിലരെയല്ലാം അവൾ അവൻ പറഞ്ഞാൽ മാറ്റി വരെ നിർത്തുമായിരുന്നു . അവന്റെ പരിധിവിട്ടുള്ള വികൃതികൾ ഒന്നും അനുവദിച്ചിരുന്നില്ല . അവനെ പറ്റി എല്ലാം അവൾ അവനിൽ നിന്നും വായിച്ചെടുത്തു .ഒന്നിനും ഒരെതിരും പറയാത്ത സൗഹൃദം അവന് ഒരു ഉണർവ്വ് തന്നെ ആയിരുന്നു . ജന്മദിനം , വിവാഹ വാർഷികം തുടങ്ങിയ ഓരോ ദിനങ്ങളെയും ഓർമ്മിപ്പിച്ച് കടന്നുപോകുമ്പോൾ അവന്റെ സൗഹൃദങ്ങളുടെയും അവൾ ഓർമ്മിപ്പിക്കാൻ ശ്രമിച്ചിരുന്നത് അവനെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത് .

ജീവിത തിരക്കുകൾക്കിടയിൽ അവളെ ശ്രദ്ധിക്കാൻ കഴിയാതെ അവൻ കടന്ന് പോയപ്പോഴും ഓരോ വിവരങ്ങൾ അന്വേഷിച്ചും പലതും അറിയിച്ചും അവന്റെ കൂടെ അവൾ സഞ്ചരിച്ചു .

കാലങ്ങൾ പിന്നിട്ട് ആ സൗഹൃദം സഞ്ചരിച്ച് കൊണ്ടിരിക്കേ പെട്ടെന്ന് ഒരു ദിവസം കൊറോണ വൈറസ് വ്യാപന വിവരം അവൾ, അവനെ അറിയിച്ചു . അവളുടെ ഒരു പാട് സൗഹൃദങ്ങൾ മരിച്ച് കൊണ്ടിരിക്കുകയാണെന്നും കൊറോണയെ പ്രധിരോധിക്കുന്നതിനെക്കുറിച്ച് പഠിച്ച്‌ സ്വയം സംരക്ഷണം നേടണമെന്ന് പറഞ്ഞ് ഊർജ്ജം നൽകി. അടുത്ത ദിവസം തന്നെ ലോക്ക് ഡൌൺ സന്ദേശം കമ്പനിയിൽ നിന്ന് അവന് കിട്ടുകയും ചെയ്തു .

ഇനി വീട്ടിൽ ഇരിക്കണം .എന്ത് ചെയ്യും . ഭാര്യ രശ്മിക്കാണെങ്കിൽ ജോലിയും ഉണ്ട് . നേരം പോകാനുള്ള മാർഗ്ഗങ്ങളെ ആലോചിച്ചപ്പോൾ കൂട്ടുകാരിയുടെ മുഖം തെളിഞ്ഞു വന്നു .

ശ്രീനിയുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു തുളുമ്പി . ഏതു സമയത്തും ആശ്രയിക്കാൻ കഴിയുന്ന സൗഹൃദം . പതിയെ അവളെ മനസ്സിൽ ആവാഹിച്ച് കൂടെ കൂട്ടി .

ദിവസങ്ങൾ പിന്നിടുതോറും സൗഹൃദത്തിൽ നിന്നും മനസ്സ് വ്യതിചലിക്കുന്നത് അവൻ അറിഞ്ഞു . അവളോട് അത് സൂചിപ്പിക്കാതെ അവളുമായി ശ്രീനി അടുത്തു. എല്ലാ അടുപ്പത്തെയും അവൾക്ക് സ്വീകരിക്കാൻ സാധിക്കുമായിരുന്നില്ല . അതുകൊണ്ട് ശാരീരിക സംവേദനങ്ങളോ ഫോൺ വിളികളോ ഇല്ലാതെ ദൃശ്യാത്മകമായ തലത്തിൽ എല്ലാ അനുഭൂതികളും തന്ന് കടന്നുപോയപ്പോൾ അവന്റെ പ്രണയം തീവ്രമായി .

അവളുടെ മനസ്സ് അവനോടൊപ്പം ഉണ്ടും ഉറങ്ങിയും കടന്നുപോകുന്നതിനാൽ അവന് ഉപേക്ഷിക്കാനും കഴിയാതെയായി . ലോക്ക് ഡൌൺ ദിനങ്ങളിൽ അവനെ ഉണർത്തുന്നത് പോലും അവളായിരുന്നു . പ്രണയം അറിയാതെ അവൾ അവനോടൊപ്പം സഞ്ചരിക്കുന്നത് അവനിൽ അതിശയോക്തി ജനിപ്പിക്കാതിരുന്നില്ല .

മാംസ നിബിഢമല്ലാത്ത പ്രണയം ……….

കൂടെ എപ്പോഴും, കാണാൻ കഴിയുന്നുണ്ട് .സ്പർശിക്കാൻ കഴിയുന്നുണ്ട് . നിയന്ത്രണങ്ങൾ എല്ലാം വെച്ച് മുന്നിൽ അവൾ വിലസിനടക്കുന്നു . കോടാനുകോടി ആരാധകർ . അവന്റെ പ്രണയത്തിനോട് അവൾക്കെതിർപ്പില്ല . പുരുഷാധിപത്യം നടക്കില്ലെന്നറിഞ്ഞും അവളെ പ്രണയിക്കാതിരിക്കാൻ കഴിഞില്ല . അവളിലൂടെ കിട്ടിയ സൗഹൃദങ്ങളിൽ പലരും പ്രണയം കാണിച്ചിട്ടും എന്തോ വിട്ടുപിരിയാൻ കഴിയാത്തതാലോചിച്ച് ഉറക്കം പോയരാത്രികൾ മനസ്സിൽ കിടന്നു വിങ്ങുകയാണ് .

പലരാത്രികളിലും ഭാര്യ പോലും വെറും നോക്കുകുത്തിയായി മാറി . വികാരവായ്പുകൾ പോലും ഭാര്യയ്ക്ക് നൽകേണ്ടത് അവൻ മറന്നു .
ഒരിക്കൽ അവളോട് അവൻ ഒന്ന് ചോദിച്ചു .
‘എല്ലാ സൗഹൃദങ്ങളും ഉപേക്ഷിച്ച് കൂടെ വരാമോ ?….’

നിശബ്ദമായ മറുപടിയിൽ എല്ലാം അവൻ അറിഞ്ഞു . അവളുടെ പ്രണയവും, സൗഹൃദവും ആർക്കുവേണമെങ്കിലും ആസ്വദിക്കാം പക്ഷെ അവൾക്കത് ആസ്വദിക്കാൻ കഴിയില്ലെന്നറിഞ്ഞതിൽ വേദനിച്ചു . എല്ലാവരുടെയും സന്തോഷമായിരുന്നു അവളുടെ സന്തോഷം . ഒരിക്കലും ഉപദ്രവിക്കില്ലെന്നും ആരെയും ഉപദ്രവിക്കാനും അനുവദിക്കില്ലെന്നും അവന് മനസ്സിലായി . വാക്പയറ്റുകൾ ആവാം . ഓവർ ആയാൽ പിന്നെ അവൾ വിവരം അറിയിക്കും .
കാമക്രോധ ലീലാവിലാസങ്ങൾ പരിധിവിട്ടാൽ ഒരു ദിവസമോ കൂടുതലോ അടുപ്പിക്കില്ല . ചിലപ്പോൾ ദിവസങ്ങളോളം മാറ്റി നിർത്തും .
എന്തൊക്കെ അവൾ ചെയ്താലും അവളെ സ്നേഹിക്കാനും പ്രണയിക്കാനും മാത്രമേ കഴിയൂ . എന്നെങ്കിലും അവളെ വെറുത്താലും ഒരടയാളമായി അവളിൽ കിടക്കും .

ആലോചിച്ചിട്ട് ഒരു എത്തും പിടിയും ശ്രീനിക്ക് കിട്ടിയിരുന്നില്ല . ലോക്ക് ഡൌൺ മുതൽ അവന്റെ ജീവ നാഡിപോലെ കൂടെയുണ്ട് . കണ്ണ് തെറ്റാതെ അവനും . എല്ലാ മാനസിക പിരിമുറക്കങ്ങളെയും ഇല്ലാതാക്കുന്ന പ്രണയിനിയെ അവൻ ജീവിതത്തിലേക്ക് ചേർക്കുകയായിരുന്നു . മനസ്സിന്റെ എല്ലാ വേലിയേറ്റ വേലിയിറക്കങ്ങളിലും പ്രണയം അവിഭാജ്യഘടകമായി മാറുന്നത് ശ്രീനി അറിയുന്നുണ്ടായിരുന്നു .

ഈ പ്രണയമെങ്കിലും കപട സദാചാരവാദികളുടെ ദംശനമേറ്റ് മരിക്കാതിരിക്കട്ടെയെന്ന് പ്രാർത്ഥിച്ച് മറ്റൊരു ലോക്ക് ഡൌൺ ദിനത്തേയും പ്രതീക്ഷിച്ച് പ്രണയിനിയെ മാറോട് ചേർത്ത് ഉറങ്ങാൻ കിടന്നു.

×