“ലോക് ഡൌൺ ഇളവുകൾ കെണിയാകരുത് “

സത്യം ഡെസ്ക്
Thursday, May 21, 2020

ലോക് ഡൌൺ ഇളവുകൾ സ്വയം മരിക്കാനുള്ള ഉപാധി ആക്കി മാറ്റരുത് ആരും. സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കാതെ ഇരിക്കാൻ ആണ് വാതിലുകൾ മെല്ലെ തുറക്കുന്നത്. അല്ലാതെ കൊറോണ ഇല്ലാതെ ആയി എന്നർത്ഥമില്ല. ആളുകൾ സാമൂഹിക അകലം പാലിക്കാതെയും മാസ്കും ഗ്ലൗസും ഉപയോഗിക്കാതെയും ഒക്കെ പൊതു സ്ഥലങ്ങളിലും കടകളിലും, മാർക്കറ്റു കളിലും ഒക്കെ കറങ്ങുന്നത് അപകടമാണ് എന്നോർക്കുക.

മാസ്ക് മൂക്ക് വരെ മറയത്തക്ക വിധം ആണ് ധരിക്കേണ്ടത്. അത് ധരിച്ചു കഴിഞ്ഞാൽ ഉപയോഗിച്ചു കഴിഞ്ഞ് ഊരി മാറ്റാൻ മാത്രമേ അതിന്റെ വള്ളികളിൽ തൊടാവു.എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ, കെ പി സി സി പ്രസിഡന്റ് ഉൾപ്പെടെ ഉള്ള നേതാക്കൾ മാസ്ക് താടിക്കിട്ട് പത്ര സമ്മേളനം നടത്തുന്നത് കാണുമ്പോൾ നിങ്ങൾ എന്ത് സന്ദേശം നൽകിയാലും ശരി ആ മാസ്ക് മുഖത്ത് വയ്ക്കു. അല്ലേൽ അത് തെറ്റായ പ്രവണത ആയി മാറും എന്നോർക്കുക.

ചെറു കടകൾ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. ഓർക്കുക അസുഖമുള്ള ഒരാൾ ചുമയ്ക്കുകയോ മൂക്ക് ചീറ്റുകയോ ഒക്കെ ചെയ്തിട്ട് ആ കൈകൊണ്ട് നിങ്ങൾക്ക് തരുന്ന കറൻസിയിൽ അല്ലെങ്കിൽ നാണയത്തിൽ പോലും സ്രവം ഉണ്ടാകാം. അത് നിങ്ങളെ അപകടത്തിലാക്കാതെയിരിക്കുവാൻ ശ്രദ്ദിക്കുക.

ആളുകൾ കൂട്ടം കൂടാതെയിരിക്കുക. എവിടെ ആയിരുന്നാലും അകലം പാലിക്കുക.കൈ സോപ്പിട്ട് കഴുകുക ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ കൈയ്യിൽ ഒരു ടിഷ്യു കരുതുക അതുപയോഗിച്ച് അതിലെ സ്വിച്ച് അമർത്തുക.ലിഫ്റ്റിൽ വേസ്റ്റ് ഇടാതെയിരിക്കുക.പുറത്തു പോയിട്ട് വന്നാൽ കുളിക്കുക. ആ വസ്ത്രങ്ങൾ ഡെറ്റോളിൽ അര മണിക്കൂർ മുക്കി വച്ചിട്ട് അലക്കുക.

ഭവനസന്ദർശനങ്ങൾ അനാവശ്യ യാത്രകൾ ഒക്കെ ഒഴിവാക്കുക. നിങ്ങൾ മറ്റൊരാളോട് ഇടപഴുകുമ്പോൾ അയാൾ കൊറോണ രോഗി ആണെന്ന് വിചാരിക്കണം. അപ്പോൾ നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കും അത് മറ്റുള്ളവർക്കും സുരക്ഷിതത്വം നൽകും.

കൊറോണ വൈറസിനെ അത്ര പെട്ടന്ന് ഇല്ലായ്മ ചെയ്യാൻ കഴിയില്ല എന്ന് പല വിദഗ്ധരും പറയുമ്പോൾ നമുക്ക് ചെയ്യാവുന്നത് ശരിയായ അച്ചടക്കം ശുചിത്വത്തിൽ പാലിക്കുകയും സാമൂഹിക അകലം കുറഞ്ഞത് ഈ വർഷം അവസാനം വരെയെങ്കിലും പാലിക്കുകയും ചെയ്‌താൽ വൈറസ് വ്യാപനം കുറയ്ക്കാം. പരമാവധി അണു വാഹകരെ നിയന്ത്രിക്കാനും കഴിയും.

മറിച്ച് ഞാൻ വലിയ സംഭവം ആണെന്ന് പറഞ്ഞ് കണ്ടിടത്തെല്ലാം കയറി ഇറങ്ങി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം അനുസരിക്കാതെയും മാസ്ക് ധരിക്കാതെയും ധരിക്കുന്നത് തന്നെ വായ്ക്ക് താഴെ താഴ്ത്തി വയ്ക്കാനും, റോഡിലും പൊതുസ്ഥലങ്ങളിലും മാലിന്യം ഇടാനും, തുപ്പാനും എവിടെ എങ്കിലും ഓഫർ കിട്ടിയാൽ ഇടിച്ചു കയറി ആൾകൂട്ടത്തിൽ ഒരാളാകാനും ഒക്കെ പോയാൽ കൊറോണ കൊണ്ട് ആറാട്ട് ആകും ഫലം.പിന്നെ സർക്കാരിനെ ചീത്തവിളിച്ചിട്ട് കാര്യമില്ല. കൂട്ടത്തിൽ സർക്കാർ മുല്ല പെരിയാർ കൂടി ശ്രദ്ധിക്കുക….

 

റെജി വി ഗ്രീൻ ലാൻഡ്

×