ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതക്കുരുക്കിൽപെട്ടു ;  പൊലീസ് ആസ്ഥാനത്ത് അർദ്ധരാത്രി വരെ ട്രാഫിക് എ.സിമാർക്കും സി.ഐമാർക്കും നിൽപ്പ് ശിക്ഷ !! 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, November 19, 2019

തിരുവനന്തപുരം : ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗത കുരുക്കിൽപ്പെട്ടതിന് നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർക്കും രണ്ട് സി.ഐമാർക്കും പൊലീസ് ആസ്ഥാനത്ത് അർദ്ധരാത്രിവരെ നിൽപ്പ് ശിക്ഷ വിധിച്ചു .

ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയിൽ എച്ച്. ആർ വിഭാഗം മേധാവിയാണ് ഡി.ജി.പിയുടെ ഭാര്യ. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ഇവർ ബൈപ്പാസിൽ ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ആറേമുക്കാലോടെ ഗവർണർക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി പാളയം മുതൽ ചാക്ക ബൈപ്പാസ് വരെ പൊലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. വൈകുന്നേരം 6.40നാണ് ഗവർണർ രാജ്ഭവനിൽ നിന്ന് എയർപോർട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നത്.

ഗവർണറുടെ വാഹനം കടന്നുവരുന്നതനുസരിച്ച് ബൈപ്പാസിലും പാളയം- ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങൾ പൊലീസ് തടഞ്ഞു.ഈ നിയന്ത്രണത്തിനിടയിലാണ് സ്വകാര്യ വാഹനത്തിൽ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യ കുരുക്കിൽപ്പെട്ടത്. ഇത് പൊലീസ് ഓഫീസർമാരാരും അറിഞ്ഞിരുന്നില്ല.

വൈകുന്നേരത്തെ ഗതാഗത കുരുക്കിൽ അകപ്പെടാതെ ഗവർണറെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചതിന്റെ ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ട്രാഫിക് ചുമതലയുള്ള നാല് ഓഫീസർമാർക്കും അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താൻ മേലുദ്യോഗസ്ഥരുടെ സന്ദേശം ലഭിച്ചത്. കാര്യമെന്തെന്നറിയാതെ ഓഫീസർമാർ നാലുപേരും പൊലീസ് ആസ്ഥാനത്തേക്ക് പാഞ്ഞു.

ഡി.ജിപിയെ നേരിൽ കാണാനായിരുന്നു നാലുപേർക്കും ലഭിച്ച നിർദേശം. ഇതനുസരിച്ച് എത്തിയ നാലുപേരെയും ഡി.ജി.പി നിറുത്തിപ്പൊരിച്ചതായാണ് വിവരം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയില്ലെങ്കിൽ നിറുത്തിപൊയ്ക്കൊള്ളാനും ഗതാഗതകുരുക്ക് സൃഷ്ടിക്കാനായി നിങ്ങൾ നാലുപേരും ഇവിടെ ജോലിചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞായിരുന്നു ശാസനയത്രേ.

അരമണിക്കൂറോളം കണക്കിന് ശാസിച്ചശേഷം നാലുപേർക്കും പൊലീസ് ആസ്ഥാനത്ത് നിൽപ്പ് ശിക്ഷയായിരുന്നു. പൊലീസ് മേധാവി ഓഫീസ് വിട്ടശേഷവും തിരികെ പോകാൻ അനുമതിയില്ലാതെ പൊലീസ് ആസ്ഥാനത്ത് നിൽക്കേണ്ടിവന്ന ഇവരെ ഒടുവിൽ പൊലീസ് സംഘടനാ നേതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്ന് അർദ്ധരാത്രിയോടെയാണ് പോകാൻ അനുവദിച്ചത്

×