പോസ്റ്റർ അടിക്കാൻ പോലും നയാ പൈസയില്ലെന്ന് വിലപിച്ച് കോൺഗ്രസ്. ആദായ നികുതി വകുപ്പടക്കം ഏജൻസികളെ ഇറക്കി കേന്ദ്രത്തിന്റെ കളി. പ്രതിപക്ഷ കക്ഷികളെല്ലാം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. പ്രചാരണത്തിന് പണമില്ലാതെ വലഞ്ഞ് പ്രതിപക്ഷം. മുതലാളിമാർ പണം നൽകുന്നത് ഭരണപക്ഷ പാർട്ടികൾക്ക് മാത്രം. പാർട്ടിയെ തകർക്കാൻ മോഡിയുടെ ആസൂത്രിത ശ്രമമെന്ന് കോൺഗ്രസ്. ബോണ്ട് വഴി കോടികളെത്തിയ കോൺഗ്രസ് അക്കൗണ്ടുകൾ പൂട്ടിക്കെട്ടി കേന്ദ്രത്തിന്റെ സർജിക്കൽ സ്ട്രൈക്ക്

New Update
dh_pti_bjp_congress_1230104_1687413531.jpg

ഡൽഹി: ദീർഘമായ പ്രചാരണത്തിന് വഴിയൊരുക്കുമാറ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, പ്രതിപക്ഷ കക്ഷികൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇലക്ട്രൽ ബോണ്ടുകൾ വഴി കോടികൾ കിട്ടിയെങ്കിലും അതൊന്നും പ്രചാരണത്തിന് തികയില്ലെന്ന തിരിച്ചറിവിൽ വിലപിക്കുകയാണ് കോൺഗ്രസ് അടക്കമുള്ള ദേശീയ കക്ഷികൾ. ഇതിനു പുറമെയാണ് കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ കഴുത്ത് ഞെരിക്കുന്നത്. വൻ മുതലാളിമാരാവട്ടെ ഭരണപക്ഷത്തുള്ള കക്ഷികൾക്ക് മാത്രമാണ് പണം നൽകുന്നത്. ഇതും പ്രതിപക്ഷ കക്ഷികളെ പ്രതിസന്ധിയിലാക്കി.

Advertisment

പോസ്റ്ററിടിക്കാൻ പോലും പണമില്ലെന്ന് വിലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ആദായ നികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെയാണ് കോൺഗ്രസിന് വൻ പ്രതിസന്ധിയുണ്ടായത്.  പാർട്ടിയെ സാമ്പത്തികമായി തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആസൂത്രിതമായ ശ്രമം നടത്തിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.

അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവർ പത്രസമ്മേളനം നടത്തിയാണ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ചതെന്നത് അപൂർവ സംഭവമായി മാറി.

ജനാധിപത്യത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന പ്രശ്‌നമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ഫണ്ടുകൾ മരവിപ്പിക്കുന്നു. അക്കൗണ്ടുകളിൽ നിന്ന് നിർബന്ധിതമായി പണം തട്ടിയെടുക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ നടത്താൻ പാർട്ടി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് ബോണ്ട് വഴി വലിയ നേട്ടമുണ്ടാക്കിയ ബി.ജെ.പിയാണ് കോൺഗ്രസിന്റെ സാമ്പത്തിക സ്ഥിതി തകർക്കാനുള്ള മുൻപെങ്ങുമില്ലാത്ത നീക്കം നടത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നാഴ്ച മുൻപ് ആദായ നികുതി വകുപ്പ് തുടങ്ങിയ നടപടികൾ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്ന് ട്രഷററർ അജയ് മാക്കൻ ആരോപിച്ചു. പോസ്റ്റർ അടിക്കാനും പ്രചാരണം നടത്താനും പണമില്ല. പ്രധാന പ്രതിപക്ഷ പാർട്ടിയെ സാമ്പത്തികമായി തകർത്ത് എന്തിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

സീതാറാം കേസരി അദ്ധ്യക്ഷനായിരുന്ന 1993-94 സാമ്പത്തിക വർഷത്തെ നികുതി കുടിശ്ശിക അടയ‌്ക്കാനും ആവശ്യപ്പെട്ടിരിക്കുന്നു. ഇനി മഹാത്മാഗാന്ധിയുടെ കാലത്തെ കുടിശ്ശിക അടയ്‌ക്കാനും ആവശ്യപ്പെട്ടേക്കും. രാഷ്ട്രീയ പാർട്ടികൾ ആദായ നികുതിയുടെ പരിധിയിൽ വരില്ലെന്ന് മോദി സർക്കാരിന് അറിയാം. ബി.ജെ.പിയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയോ എപ്പോഴെങ്കിലും ആദായ നികുതി അടച്ചിട്ടുണ്ടോ. നികുതി റിട്ടേൺസ് വൈകിയതിന് ഈടാക്കേണ്ട പരമാവധി 10,000 രൂപയ്ക്ക് പകരം 210 കോടിയാണ് പിഴയിട്ടത്. കോടതി ഇടപെടൽ വരുമ്പോഴേക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും. അങ്ങനെ കോൺഗ്രസിന് തടയിടനാനാണ് നീക്കം.

ആദായ നികുതി വകുപ്പ് നടപടി കോൺഗ്രസിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തുന്ന ക്രിമിനൽ നടപടിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സാമ്പത്തിക ഇടപാടുകൾ തടഞ്ഞാൽ ഒരു സ്ഥാപനം എങ്ങനെ പ്രവർത്തിക്കും. തന്റെ 'ശക്തി' പരാമർശം വിവാദമായത് പരാമർശിക്കവെ തങ്ങൾ വിദ്വേഷം നിറഞ്ഞ 'അസുര-ശക്തി'ക്കെതിരെ പോരാടുകയാണെന്ന് രാഹുൽ പറഞ്ഞു.

Advertisment